Image

മാറ്റാത്തി പെണ്ണ് (കവിത:ലിഷ ജയൻ)

Published on 14 November, 2020
മാറ്റാത്തി  പെണ്ണ് (കവിത:ലിഷ ജയൻ)
 കർക്കിടകത്തിലെ കറുത്ത വാവ് രാത്രിയാണ്
കരിങ്കാളി പോലെത്തെ പെണ്ണ്
അയ്യോ കരിഞ്ചോര എന്ന് നിലവിളിച്ചു തിരണ്ടത് !
തിരണ്ടതിന്റെ നാലാം കൊല്ലം
രക്തം വാർന്നു ചത്തുപോകുമെന്ന് തോന്നിയപ്പോ
ചെമ്പരത്തി മൊട്ട് അരച്ച് കുടിക്കാൻ
ത്രിസന്ധ്യക്കു തീണ്ടാരി പെരയിറങ്ങിയ നേരത്താണ്
പെണ്ണിന് ഗന്ധർവ്വൻ കൂടിയത് !
നീല വെളിച്ചം പോലെ എന്തോ പറന്ന്
വന്ന് തൊട്ടെന്നു പെണ്ണ് പറയുമ്പോൾ
കറുത്തു കരിവീട്ടി പോലെത്തെ
മാറ്റാത്തിപെണ്ണാണ് ..
ഇവളെ
ഏതു ഗന്ധർവ്വൻ മോഹിക്കാനാണെന്ന്
പെണ്ണുങ്ങള് അടക്കം പറയും!
പിന്നെ പിന്നെ ഏതോ ലഹരിയിൽ പെണ്ണ്
 പ്രാഞ്ചി പ്രാഞ്ചി നടക്കും ...
ഉടലാകെ തുടുത്ത് തുടുത്ത്
പെണ്ണ് അങ്ങ് പൂക്കും ..
കൊഴുത്ത ഉടലാകെ അരളി മണക്കും ...
അഴിച്ചിട്ട മുടിയിൽ പാല പൂക്കും ...
പെണ്ണ് തനിച്ചിരുന്നു നാണിക്കും ,ചിരിക്കും ..
തീച്ചാമുണ്ഡി കണക്ക് ചെമ്പട്ട് ചുറ്റും ...
നിലാവത്തിറങ്ങി നടക്കും ...
ഉറക്കെ ചിരിക്കും ,
ആണുങ്ങൾ കൊതിയോടെ നോക്കുമ്പോ
മുറുക്കി ചുവപ്പിക്കും ,നീട്ടി തുപ്പും ..
കൂസലില്ലാതെ നടക്കും ..
അസ്സല് കെട്ട പെണ്ണെന്ന്‌
കുടുംബത്തിന് നാണക്കേടായപ്പോ
വടക്കുന്നും ,തെക്കുന്നും
രാത്രി ഓളുടെ മടിയിൽ ഉറങ്ങുന്ന
ഗന്ധർവനെ
ഒഴിപ്പിക്കാൻ വന്നൊരൊക്കെ
ഭദ്രപോൽ തുള്ളി ഉറയുന്ന
 പെണ്ണിന്റെ  പൂരപ്പാട്ടിൽ വശം കെട്ടു മടങ്ങും ...
എന്റെ ഉടലാണ് ,
എന്റെ സൗകര്യമാണെന്ന്
നിങ്ങക്കെന്നാ ചേതമെന്ന്
പെണ്ണ് ഉച്ചത്തിൽ ആട്ടും !
പൂച്ച പോലും കേറി ചെല്ലാൻ
ഭയക്കുന്ന വീട്ടിൽ പെണ്ണ് തനിച്ചാകും
രാത്രി അവൾക്കു ദംഷ്ട്ര മുളക്കുന്നുണ്ടെന്ന്  ..
ഒരു ഗന്ധർവനല്ലെന്ന്  ,
ആൺപ്രേതങ്ങളാണ് കൂട്ടിനെന്ന്
ആളുകൾ അടക്കം പറയും ....
തുടു യൗവ്വനംപൂണ്ടയക്ഷിയെന്നു വിളിക്കും
പിന്നെ എപ്പോഴോ  ചേല്  കൊഴിഞ്ഞു
പെണ്ണ് ചുക്കി ചുളിഞ്ഞപ്പോ
ആരുമവളെ ഓർക്കതായി ...
പിന്നെ ഒറ്റവീട്ടിൽ ചാവാൻ കിടന്നപ്പോ
പേടിയില്ലാതെ  ചെല്ലുന്ന
അനന്തിരവൾ അമ്മിണി പെണ്ണിനോടാണവള്
ആ രഹസ്യം പറഞ്ഞത് ...
എനിക്കൊരു ഗന്ധർവനും കൂടിയിട്ടില്ല പെണ്ണേ !
ആണൊരുത്തന് അടിയറ വയ്ക്കാതെ
ഞാനെന്റെ ഇഷ്ടത്തിന് ജീവിച്ചു ...
എന്റെ ഉടലിൽ
എനിക്ക് ബോധിച്ചവനെ  മാത്രം തൊടീച്ചു !
എനിക്ക് മടുത്തപ്പോ അവനേം കളഞ്ഞു ..
എന്റെ തള്ളയെപ്പോലെ ,നിന്റെ തള്ളയെപ്പോലെ
 ആണൊരുത്തന്റെ അടിയും ചവിട്ടും കൊണ്ട്
വേണുമ്പഴും ,വേണ്ടാത്തപ്പോളും
 പ്രേമം തോന്നാത്തവനെ
ഉടല് കൊണ്ട് രസിപ്പിച്ച് ,
സ്വന്തം ഉടലിനെ അറിയാതെ ,
പെറ്റുകൂട്ടി ...
ഹൊ  !എന്തൊരു ഇടപാട്
എനിക്ക്സൗകര്യമില്ലാരുന്ന്  ...
ചെകിട് പൊട്ടുന്ന തെറി ചേർത്ത്
അവരത്  പറയുമ്പോ ...
അമ്മിണി കണ്ണ്‌ മിഴിച്ച് ...
അവര് ചത്തെന്റെ പുല കുളി കഴിഞ്ഞ
അന്ന് പാതി രാത്രിയാണ് ..
അമ്മിണി ചെമ്പട്ടുടുക്കുന്നതും
അവൾക്കു ഗന്ധർവ്വൻ കൂടുന്നതും
അവളുടെ ഉടലാകെ ചെമ്പകം പൂത്തതും
Join WhatsApp News
വേണുനമ്പ്യാർ 2020-11-15 01:37:30
മിത്തിൽ നിന്നും സ്ത്രീപക്ഷ ചിന്തകളിൽ നിന്നും ഉയിരെടുത്ത ജീവനുള്ള രചന. കവയിത്രിക്ക് അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക