Image

പാമ്പും കോണിയും - നിർമ്മല - നോവൽ -20

Published on 14 November, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ -20
അപ്പന്റെ ചവർക്കുന്ന എഴുത്തുകൾ അവൾ സൂക്ഷിച്ചുവെച്ചിരുന്നില്ല. കണ്ടം വാങ്ങുകയും വീടു പണിയുകയും ചെയ്യേണ്ട ആവശ്യങ്ങൾ ചുവയ്ക്കുന്ന എഴുത്തുകളൊന്നും അവൾ സൂക്ഷിച്ചില്ല.
കാനഡയിൽനിന്നും അവധിക്ക് എത്തിയപ്പോൾ അപ്പന്റെ വീട്ടിൽ സാലി അകൽച്ചയോടെ ഇരുന്നു. അപ്പനെ കാണാൻ ആളുകൾ വന്നുകൊണ്ടിരുന്നു. സാലി അവർക്കൊക്കെ കാപ്പി കൊടുത്തു. അവർക്കെല്ലാം പണം കൊടുക്കണമെന്നും അപ്പൻ പറഞ്ഞു.
അപ്പൻ അവളെ നിർബന്ധിച്ചു നെൽപ്പാടത്തേക്കു കൊണ്ടുപോയി.
കാനഡ മരത്തിൽ 
ഡോളർ പറിക്കാൻ പോയവരുടെ കഥ
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു.
           .....            .....    .....      
സാലി കടയിലെ സ്കിപ്പിങ് റോപ്പുകൾ നോക്കി നിന്നു. എത്രതരമാണ്. പിങ്കിൽ പച്ച വരകളുള്ള ഒരെണ്ണം അവൾ ഷാരനു വേണ്ടി തിരഞ്ഞെടുത്തു. ഷാരൻ സന്തോഷത്തോടെ സ്കിപ്പു ചെയ്തു പഠിച്ചു പിന്നെ റോപ്പിൽ മനുവിന്റെ ട്രക്ക് കെട്ടി വലിച്ചുകളിച്ചു. ഷാരന്റെ ചരടെടുത്ത് സാലി പതിയെ ചാടി നോക്കി. എത്ര വർഷമായി ചാട്ടം കളിച്ചിട്ട് ! ഷാരൻ ചിരിയിൽ മറിഞ്ഞു വീണു. അവൾ മമ്മിയെ കെട്ടിപ്പിടിച്ചുചാടിക്കൊണ്ടാണ് അനുമോദനം അറിയിച്ചത്. ഷാരൻ സാലിയെ സ്കിപ്പു ചെയ്യാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.
- മമ്മീ, പ്ലീസ് ...പ്ലീസ് ..പ്ലീസ് ... കമോൺ പ്രെറ്റി, പ്ലീസ് .
പിന്നത്തെയാഴ്ച സാലി വീണ്ടുമൊരു സ്കിപ്പിങ് റോപ്പ് വാങ്ങിയപ്പോൾ ജോയി അരിശപ്പെട്ടു.
- കാശുമുഴവൻ കൊണ്ടു പോയി റ്റോയിക്കു കൊടുക്ക് !
എന്നാലും മമ്മി ഒപ്പം സ്കിപ്പു ചെയ്തപ്പോൾ ഷാരനു സന്തോഷം സഹിക്കാനായില്ല. മമ്മി എന്തൊരു ഫാസ്റ്റാണെന്നവൾ അൽഭുതപ്പെട്ടു. മകളുടെ കണ്ണിലെ നായികയായതിൽ സ്വർഗ്ഗത്തിന്റെ തുണ്ടിലിരുന്ന് സാലി ചിരിച്ചു. ഊറിയൂറി ചിരിച്ചു. പെട്ടെന്നവൾ ശാന്തി എന്ന പഴയ പശുക്കുട്ടിയെ ഓർത്തു. ശാന്തിയെ വിറ്റതോർത്തപ്പോൾ സാലിയുടെ കണ്ണുകൾ നിറഞ്ഞു. ഷാരൻ അവളെ ചുറ്റിപ്പിടിച്ചു ചോദിച്ചു:
ഡാഡി വഴക്കു പറഞ്ഞതിനാണോ മമ്മി കരയുന്നത്. ഡോൺഡ് ക്രൈ മമ്മാ . വെൻ ഐ ഗെറ്റ് എ ജോബ് ഐ വിൽ ബൈ ഫൈവ് സ്കിപ്പിങ് റോപ്പ്സ് . വീ ക്യാൻ സ്കിപ്പ് ഓൾ ഡേ മമ്മീ.
ഷാരന്റെ ശബ്ദത്തിന്റെ മധുരം കരച്ചിൽ കൂട്ടിവെച്ചു.
മമ്മി ചെറുതായിരുന്നപ്പോ മമ്മിക്കൊരു പശുക്കുട്ടി കൂട്ടുണ്ടായിരുന്നു. അതിന്റെ പേര് ശാന്തി എന്നായിരുന്നു. മമ്മി സ്കിപ്പു ചെയ്യുമ്പോ ശാന്തി നോക്കിയിരിക്കും.
ഷാരൻ ആ അൽഭുത ലോകത്തേക്ക് ചോദ്യങ്ങളും പിന്നെയും പിന്നെയും ചോദ്യങ്ങളുമായി കടന്നു കയറി. സാലി കഥകൾ പറഞ്ഞു കൊണ്ടിരുന്നു അങ്ങു ദൂരെദൂരെ മഞ്ഞിനും സമുദത്തിനും ഹിമാലയത്തിനും അപ്പുറത്തൊരു രാജ്യത്ത് പണ്ടുപണ്ടുണ്ടായ കഥകൾ. പസിൽ പീസുപോലെ കുഞ്ഞുചോദ്യങ്ങൾ ചിതറി വീണുകൊണ്ടിരുന്നു. പശുക്കുട്ടിയെ കൂട്ടായി കിട്ടുന്ന ബാല്യമോർത്ത് ഷാരൻ അസൂയപ്പെട്ടു. കാനഡയിലെ കോൺക്രീറ്റ് സൈഡ് വോക്കിനെക്കാൾ എന്തു രസമാണു പശുക്കുട്ടി കൂട്ടുള്ള , മരത്തിൽ കയറി ഫ്രൂട്ടു പറിച്ചു തിന്നാൻ പറ്റുന്ന കാട്ടുജീവിതം എന്നവൾ സ്വപ്നം കണ്ടു.
സാലിയുടെ മനസ്സിൽ അമ്മാമ്മച്ചിയുടെ വീട്ടിലെ നനവുള്ള രാത്രികളും വല്ലാതെ വരണ്ട പകലുകളും നിറഞ്ഞൊഴുകി. പാമ്പുകളിഞ്ഞു നടക്കുന്ന പറമ്പ്. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് അമ്മാളമ്മച്ചി പറഞ്ഞു:
- കൊടഞ്ഞു വിരിച്ചേച്ചു കെടക്കണം. വല്ല എഴജാതീം ഒണ്ടോന്നറിയത്തില്ല.
സാലി ആദ്യം മാമന്റെ , പിന്നെ അമ്മാളമ്മച്ചിയുടെ മെത്തയും വിരികളും കുടഞ്ഞു വിരിച്ചു. പിന്നെ സാലിയുടെ പായയും തലയിണയും. മെത്തയും ഷീറ്റും കുടയുമ്പോൾ അതിനിടയിൽനിന്നും വളപുളന്നൊരു പാമ്പ് മുന്നിലേക്കു വീഴുമെന്ന് അവൾ എന്നും ഭയപ്പെട്ടിരുന്നു. അതുകൊണ്ട് വേഗത്തിൽ പുറത്തേക്കോടാൻ തയ്യാറെടുത്ത് ഉറയ്ക്കാത്ത കാലടികളുമായിട്ടാണ് അവൾ കിടക്ക വിരിയ്ക്കുന്നത്. രാത്രിയിൽ അവളുടെ പായയ്ക്കടിയിലും തലയിണയ്ക്കകത്തും പുതപ്പിനുള്ളിലും ഒളിച്ചിരുന്നു പാമ്പുകൾ. ചില രാത്രികളിൽ ഉറക്കംഞെട്ടി അവൾ കട്ടിലിനടിയിലേക്കു നോക്കാൻ ഭയപ്പെട്ടു കിടന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു:
- കർത്താവേ ഈ വീട്ടിലെ പാമ്പിനെയെല്ലാം നീ കൊല്ലണേ!
ഉറക്കം വരണേ, എങ്ങനെയെങ്കിലും നേരം വെളുക്കണേ   സാലിയുടെ പ്രാർത്ഥനകൾ നീണ്ടുനീണ്ടു പോയി. അറിയാവുന്ന വാക്കുകളെല്ലാമെടുത്തവൾ ദൈവത്തിനോടു കെഞ്ചി. അന്നെല്ലാം വെളുക്കാൻ ഒരുപാടൊരുപാടു നേരമെടുത്തു.
സാലിയുടെ സ്കൂളിലെ കുട്ടികളുടെ നഖത്തിലെ ക്യൂട്ടെക്സും മുടിയിലെ തിളങ്ങുന്ന റിബ്ബണുകളും അമ്പലത്തിലെ ഉൽസവത്തിനും പള്ളിപ്പെരുന്നാളിനും പോയ കഥകൾ പറഞ്ഞു. പലരുടെയും അനിയത്തിമാരും ചേട്ടൻമാരും കരുണയില്ലാത്ത അന്യായക്കാരായിരുന്നു. അവർ വഴക്കു പിടിക്കുന്ന കഥകൾക്കു ശബ്ദമുണ്ടായിരുന്നു. ചില കഥകൾക്ക് പുട്ടിന്റെയും ദോശയുടെയും മുന്തിരിക്കൊത്തിന്റെയും അവിലോസുപൊടിയുടെയും മണമുണ്ടായിരുന്നു. സാലി അമ്മാളമ്മച്ചിയുടെ വീട്ടിലെ പശുവിനോട് വർത്തമാനം പറഞ്ഞു..
- ശാന്തി നിനക്കു കച്ചി വേണ്ടെങ്കിൽ ഞാൻ കൊഴുക്കട്ട ഉണ്ടാക്കിത്തരാം കേട്ടോ .
നെറ്റിയിൽ ചുട്ടിയുള്ള പശുക്കിടാവിന് അവൾ ശാന്തി എന്നു പേരിട്ടു. അവളുടെ ക്ളാസ്സിലെ സതിയുടെ അനിയത്തിയുടെ പേര്. സാലി മൈലാഞ്ചി നഖത്തിൽ തേച്ച് ഉണങ്ങാനിരുന്നപ്പോൾ ശാന്തിയോടു പറഞ്ഞു.
- അടുത്ത ഉൽസവത്തിനു നിനക്കു ഞാൻ റോസ് ക്യൂട്ടക്സു വാങ്ങിച്ചു തരാം കേട്ടോടീ.
ആട്ടിൻകുട്ടി അവളുടെ നഖം മണപ്പിച്ച് മൈലാഞ്ചി പടർത്തിയപ്പോൾ അവൾ വഴക്കു പറഞ്ഞു:
- നല്ല അടി കൊള്ളും പെണ്ണിന് . നോക്കിക്കേ ചേച്ച്യേടെ മൈലാഞ്ചി പടർന്നതു കണ്ടില്ലേ ?
ആട്ടിൻകുട്ടി അവൾ പറയുന്നത് ശ്രദ്ധിക്കാതെ പോയി. സ്കൂളിൽ പോകാൻ പടിയിറങ്ങുമ്പോൾ അവൾ പശുക്കിടാവിനോടു യാത്ര പറഞ്ഞു.
- എടീ ചേച്ചി സ്കൂളിൽ പോയിട്ടു വരുമ്പം വാളമ്പുളി കൊണ്ടുവരാം കേട്ടോ :
സ്കൂളിൽ നീളൻ പാവാടയിടുന്ന സതിയും മറിയാമ്മയും അവൾക്കു കൂട്ടുണ്ടായിരുന്നു. മറിയാമ്മയുടെ വീട്ടിൽ വാളമ്പുളിമരമുണ്ട്. വളഞ്ഞു പഴുത്ത പുളികൾ മറിയാമ്മ കൂട്ടുകാർക്കു സമ്മാനമായി കൊടുത്തു. പകരം സാലി അമ്പഴങ്ങ കൊടുത്തു. സ്കൂളിൽ വെച്ചു തിന്ന വാളമ്പുളിയുടെ കുരു അവൾ അമ്മാളമ്മച്ചി കാണാതെ ചുട്ടെടുത്തു. അമ്പഴത്തിന്റെ ചുവട്ടിലിരുന്ന് ചുട്ട പുളിങ്കുരു അവൾ സ്നേഹത്തോടെ പങ്കു വെച്ചു തിന്നു.
- കരിഞ്ഞു പോയി അല്യോടി.
അവൾ അമ്പഴത്തിനോട് ഏറ്റുപറഞ്ഞു.
- നീ ആരോടാ പെണ്ണേ വർത്തമാനം പറയുന്നത് ?
അമ്മാളമ്മച്ചിയുടെ ഉച്ചത്തിലുള്ള ചോദ്യത്തിന് ഞാനൊരു പാട്ടു പാടിയതാണെന്ന് പേടിയോടെ നുണ പറഞ്ഞു. അമ്മാളമ്മച്ചിയെ അവൾക്കെന്നും പേടിയായിരുന്നു. എപ്പോൾ എന്തിനാണു വഴക്കു പറയുന്നതെന്ന് അവൾക്കറിയില്ല.
- ഗതികിട്ടാത്ത സാത്താൻ ! മരത്തേക്കേറിയിരുന്ന് എന്നാ കാണിക്കുവാ. വന്നീ പാത്രം കഴുകി വെക്കടീ!
അമ്മാളമ്മച്ചി തലയിൽ കൈവെച്ചു പ്രാകി.
- നാശം പിടിച്ചതിനോട് എത്ര പ്രാവശ്യം പറയണം കരീല തൂത്തിടാൻ!
അമ്മാളമ്മച്ചീടെ വീടിനുചുറ്റും മാവ് , പ്ലാവ് , ഒതളം , അമ്പഴം, ഇരുമ്പൻ പുളി എന്നൊക്കെ പേരുള്ള കൂട്ടുകാർ സാലിക്കു കാവലിരുന്നു.
സാലിക്ക് ഏറ്റവും ഇഷ്ടമില്ലാതിരുന്നത് രണ്ടു മാസം നീണ്ട സ്കൂളവധി ആയിരുന്നു. ആ ദിവസങ്ങൾ തീരാതെ ചുട്ടുപഴുത്തു കിടക്കും. ചക്ക വെട്ടിയും മാങ്ങ പെറുക്കിയും അവൾക്കു മടുത്തു. ഉച്ചയൂണു കഴിഞ്ഞ് അമ്മാളമ്മച്ചി ഉറങ്ങാൻ കിടക്കുമ്പോൾ സാലി അടുത്തുള്ള പറമ്പുകളിൽ മാങ്ങ പെറുക്കാൻ പോകും. ഒരു മണിക്കൂറിനകം മാങ്ങയോ തേങ്ങയോ ഓലമടലോ ഒക്കെയായി തിരിച്ചെത്തിയാൽ അമ്മാളമ്മച്ചിക്കു സന്തോഷമാണ്. അവർ ചിരിക്കുകയില്ല. പക്ഷേ, ഉച്ചത്തിലുള്ള ശാസനം കുറവായിരിക്കും.
മേടമഴപോലെ ഒപ്പം പഠിച്ച കുട്ടികളെ വഴിയിൽ കണ്ടപ്പോൾ സാലി സന്തോഷത്തോടെ വർത്തമാനം പറഞ്ഞു. കിന്നാരം പറഞ്ഞതു മതി എന്ന് അമ്മാളമ്മച്ചി പറയുന്നതു വരെ അവൾ അവരുടെ കൂടെ തൊങ്ങിക്കളിച്ചു. തൊങ്ങിക്കളിക്കുമ്പോൾ എത്ര ദൂരെയുള്ള അക്കും സാലിയുടെ പാദത്തിനടിയിലായി. കൂട്ടുകാർ അസൂയപ്പെട്ടു.
- ഓ ഈ സാലി തൊടങ്ങിക്കഴിഞ്ഞാ ഇനി ആ കളംമുഴുവൻ ചേന വരച്ചിട്ടേ നമുക്കു കിട്ടൂ.
അവർ പരാതി പറഞ്ഞു.
- എടീ ശാന്തി അവളുമാർക്കു കുശുമ്പാടി നമ്മളു ജയിക്കുന്നതു കാണുമ്പം.
പശുക്കുട്ടിയുടെ വലിയ വട്ടക്കണ്ണുകളിൽ അഭിമാനം നിറയുന്നത് സാലിക്കു കാണാമായിരുന്നു. സാലി പശുക്കുട്ടിയെ കെട്ടിപ്പിടിക്കുമ്പോൾ അമ്മാളമ്മച്ചി വഴക്കു പറഞ്ഞു.
- ഉയ്യോ വൃത്തികെട്ടത്. ആ ക്ടാവിന്റെ മേത്തേ ചെള്ളെല്ലാം ദേഹത്തു കേറിക്കാണും. കുളിച്ചേച്ചിങ്ങോട്ടു കേറിയാ മതി!
കുളി നീണ്ടു പോയാലും അമ്മാളമ്മച്ചിക്കു ദേഷ്യം വരും. നീരാട്ട് എത്ര മണിക്കൂറാണെന്ന് അവർ അരിശപ്പെടുമ്പോൾ സാലി ഒന്നും മിണ്ടാതെ നിൽക്കും. അവൾക്ക് കല്ലുകൊത്തിക്കളിക്കാൻ ഇഷ്ടമായിരുന്നു. സാലിയുടെ വിരലുകൾ എത്രയകലെയുള്ള കല്ലുകളെയും തപ്പിയെടുത്തു. അവൾ ഉയരത്തിലേക്കു കല്ലെറിഞ്ഞു നിലത്തുള്ളതെല്ലാം തൂത്തെടുക്കുന്നത് കൂട്ടുകാർ അസൂയയോടെ നോക്കി നിന്നു.
പക്ഷേ , അമ്മാളമ്മച്ചിക്കു കലിയിളകി.
- കല്ലാടും വീട്ടിൽ നെല്ലാടില്ല . മുടിപ്പിക്കാനായിട്ട് എറങ്ങിക്കോളും ഓരോന്ന്.
അമ്മാമ്മച്ചി കുളിക്കാൻ കയറിയപ്പോൾ അവൾ തൊഴുത്തിനു പുറകിലൊളിപ്പിച്ച ഉരുളൻ കല്ലുകൾ വരാന്തയിൽ ചിതറി പ്രാക്ടീസു ചെയ്തു.
സ്കൂളു തുറന്നു കഴിയുമ്പോൾ അഞ്ചാംകല്ലും ഏഴുകല്ലും കളിക്കുന്നതവൾ സ്വപ്നം കണ്ടു.
- സ്കൂളൊന്നു തുറക്കട്ടെ ശാന്തി! നമ്മക്കു കാണിച്ചു കൊടുക്കണം. എല്ലാരേം .
പശുക്കുട്ടി ഒന്നും മിണ്ടാതെ പുല്ലു തിന്നുകൊണ്ടിരുന്നു.
രണ്ടു പച്ച ഓലയെടുത്ത് ഈർക്കിലിയുടെ തുമ്പുകൾ കൂട്ടിക്കെട്ടിയാൽ സ്കിപ്പിങ് റോപ്പാകുമെന്ന് കൂട്ടുകാരികൾ അവളെ കാണിച്ചു കൊടുത്തു.
പ്രധാന പണികൾ കഴിഞ്ഞയുടനെ സാലി പറമ്പിലേക്കോടി. മുൻവശത്തെ തൈത്തെങ്ങിൽനിന്നും ഓലക്കാലുകൾ ഉരിഞ്ഞെടുത്ത് കത്തികൊണ്ട് ഓല മാറ്റിയെടുത്തപ്പോൾ ഈർക്കിലിയും മുറിഞ്ഞു പോയി. സാലിക്ക് അരിശം വന്നു. അവൾ ആട്ടിൻകുട്ടിക്ക് ഓലകൊടുത്തു.
- നിന്റെ കൊതിയാ പെണ്ണേ, ഓലക്കൊതിച്ചി!
അവൾ കുറെയേറെ ശ്രമിച്ചിട്ടാണ് ഈർക്കിലികളുടെ നേർത്ത തുമ്പുകൾ കൂട്ടിക്കെട്ടി സ്കിപ്പിങ് റോപ്പുണ്ടായത്. സാലി അതിൽ നിർത്താതെ ചാടി.
- വാടീ ശാന്തി, ഇനി നീ ചാടിക്കോ.
എന്നു പറഞ്ഞ് അവൾ പശുക്കിടാവിനെ പരിഹസിച്ചു.
തൈത്തെങ്ങിലെ ഓല മുഴുവൻ ഉരിഞ്ഞെടുത്തതിന് അമ്മാളമ്മച്ചി അവളെ മാസങ്ങളോളം വഴക്കു പറഞ്ഞു. അതുകൊണ്ട് സ്കിപ്പു ചെയ്യുന്നതും അമ്മാളമ്മച്ചി കാണാത്തപ്പോൾ മാത്രമായി.
മാമൻ ഒന്നും കണ്ടില്ല. ഒന്നും അറിഞ്ഞില്ല. മുൻ വരാന്തയിൽ കുറച്ചു സമയം കസേരയിട്ടിരിക്കും. ബാക്കി സമയം ഉറങ്ങും. അമ്മാളമ്മച്ചി ദേഷ്യപ്പെടുന്നതിലും പ്രാകുന്നതിലും ആദ്യം സാലിക്കു വല്ലാത്ത അപമാനവും സങ്കടവും തോന്നിയിരുന്നു. അവൾ മാമനെ ഒളികണ്ണിട്ടു നോക്കി. പക്ഷേ, അയാൾ വേറേതോ ലോകത്താണെന്ന് അവൾക്കു പതുക്കെ മനസ്സിലായി. അയാൾ ഒന്നും കേൾക്കുന്നും അറിയുന്നുമില്ല. നിർബന്ധിച്ചു പറയുമ്പോൾ ഭക്ഷണം കഴിക്കുകയും കുളിക്കുകയും ചെയ്യുന്ന ഒരു ശരീരം.
നേഴ്സിങ് സ്കൂളിലെ അവധിക്ക് അവൾക്ക് അമ്മാളമ്മച്ചിയെ കാണാൻ പോകാൻ തോന്നിയില്ല. അവൾ ഹോസ്റ്റലിൽതന്നെ ചടഞ്ഞു കൂടി. പോരെങ്കിൽ ടിക്കറ്റിന്റെ വില ചെലവാക്കാതെയിരിക്കാം,
അപ്പന്റെ ചവർക്കുന്ന എഴുത്തുകൾ അവൾ സൂക്ഷിച്ചുവെച്ചിരുന്നില്ല. കണ്ടം വാങ്ങുകയും വീടു പണിയുകയും ചെയ്യേണ്ട ആവശ്യങ്ങൾ ചുവയ്ക്കുന്ന എഴുത്തുകളൊന്നും അവൾ സൂക്ഷിച്ചില്ല.
കാനഡയിൽനിന്നും അവധിക്ക് എത്തിയപ്പോൾ അപ്പന്റെ വീട്ടിൽ സാലി അകൽച്ചയോടെ ഇരുന്നു. അപ്പനെ കാണാൻ ആളുകൾ വന്നുകൊണ്ടിരുന്നു. സാലി അവർക്കൊക്കെ കാപ്പി കൊടുത്തു. അവർക്കെല്ലാം പണം കൊടുക്കണമെന്നും അപ്പൻ പറഞ്ഞു.
അപ്പൻ അവളെ നിർബന്ധിച്ചു നെൽപ്പാടത്തേക്കു കൊണ്ടുപോയി. പരന്നുകിടന്ന പാടത്ത് കതിരുകൾ വണങ്ങി നിന്നു. നീലവാറുള്ള ചെരിപ്പിനു മുകളിൽ അപ്പന്റെ ചുവന്ന കാലുകൾ കണ്ട് അവൾ അൽഭുതപ്പെട്ടു. ചെളിപിടിച്ചു വീണ്ട കാലുകൾക്ക് ഒപ്പമെത്താൻ പാടുപെട്ടോട്ടിയ കുട്ടി അവർക്കിടയിൽ തിക്കിക്കയറി. സാലിക്ക് എങ്ങനെയെങ്കിലും തിരികെ വീടിനുള്ളിൽ കയറിയാൽ മതിയെന്നു തോന്നി.
                                           തുടരും ...
പാമ്പും കോണിയും - നിർമ്മല - നോവൽ -20
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക