Image

കടങ്കഥകളാകുന്നവർ ( കവിത: ഡോ.എസ്.രമ)

Published on 18 November, 2020
കടങ്കഥകളാകുന്നവർ ( കവിത: ഡോ.എസ്.രമ)
കടങ്കഥകൾ..
പണ്ടൊക്കെ മുത്തശ്ശിമാരത്
പേരക്കുട്ടികളോട്
ചോദിച്ചിരുന്നു..
"ഞെട്ടില്ലാ വട്ടയില"
"പപ്പടം "മെന്നൊരുത്തരം..
പൈതങ്ങൾ ചിരിക്കും..
മുത്തശ്ശി പുഞ്ചിരിക്കും..

കാലം മാറി.
കടങ്കഥ മാറി..
വാക്കുകളും  ദൃശ്യങ്ങളും
കടങ്കഥകൾ മെനയും
സമയമിത്..

കടങ്കഥക്കുത്തരമറിയുന്നവർക്കൊരു
ഗൂഢ സ്മിതമുണ്ട്.,..
നിഗമനങ്ങളുടെ
ചൂടൻ  ചർച്ചകളുണ്ടാകും...
കടങ്കഥ താൻ തന്നെയെന്നു നിനച്ചൊരു
കടങ്കഥയപ്പോൾ ഓടിയെത്തും..
"ഉത്തരം നീയെന്നാർ പറഞ്ഞു?"
പരിഹാസച്ചിരിയോടവർ ചൊല്ലും...
ഉത്തരം നീ തന്നെയെന്നാത്മഗതം പറയും...
തിളക്കുമെണ്ണയിലൊരു..
പർപ്പിടകമപ്പോഴൊന്നു
പൊള്ളിയമരും..
പിന്നെയാണത്
രുചിക്കൂട്ടുകളിലതീവ  
ഹൃദ്യമായി പരിണമിക്കുന്നത്..
പ്രിയതരമാകുന്നത്...

ജീവനോടെ കുഴിച്ചിട്ട
കടങ്കഥകൾ..
കൊല്ലപ്പെടുമെന്നത് വ്യാമോഹമാണ്..
അവ ഉയിർത്തെഴുനേൽക്കും...
കഥ മെനഞ്ഞവർ കഥാവശേഷരായാലും
മരണമില്ലാതെ തുടരും..

ഇടക്കൊക്കെ
കടങ്കഥകളാകണം..
ഉത്തരമാണെന്നറിഞ്ഞാലും
അറിഞ്ഞില്ലെന്നു നടിക്കണം..
സ്വപ്‌നങ്ങളെ പുണർന്നു  പ്രതീക്ഷകളുടെ
താഴ്‌വരകളിലേക്ക് യാത്ര പോകണം..
പൂക്കളുടെ വർണ്ണങ്ങളവിടെ
കാത്തിരിക്കുന്നുണ്ടാകും..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക