Image

ബയോ മെട്രിക് (കവിത: വേണുനമ്പ്യാർ)

Published on 18 November, 2020
ബയോ മെട്രിക് (കവിത: വേണുനമ്പ്യാർ)
1

ഒരു വേള അന്നാശയമുണ്ടായത്
അന്നത്തോടുള്ള ആശയിൽ നിന്നാകാം

അന്നാശയത്തിനും കീഴെ
മൂത്രാശയമുണ്ടായത്
പറയാൻ കൊള്ളാത്ത മറ്റൊരു
ആശയിൽ നിന്നാകാം

ആ ആശ വഴി നിന്നെ കെട്ടിയതു കൊണ്ടാകാം
നമുക്കിടയിൽ അബോർഷനെയും  
അതിജീവിച്ച ഒരു മഹാശയൻ പൊട്ടിമുളച്ചത്

വർഷങ്ങൾക്ക് ശേഷം ആ മഹാശയൻ  
അന്നെന്നെ കൊന്നൂടായിരുന്നോ എന്നലറിക്കൊണ്ട്
ആമാശയത്തിൽ അൾസർ വന്ന എന്റെ കൊങ്ങയ്ക്ക് പിടിച്ചപ്പഴാ
ആശാപാശത്തിനൊക്കെ  ശാശ്വതമായ  ഒരറുതി വന്നത്!  

 2

എന്നേക്കാൾ  പൊക്കത്തിൽ   വീട്
വീടിനേക്കാൾ    പൊക്കത്തിൽ  മരം
മരത്തേക്കാൾ  പൊക്കത്തിൽ  മേഘം  

നടപ്പു  ജീവിതശൈലിയിൽ
വേണമെങ്കിൽ ദേഹഹത്യ  നടത്തി
പൊക്കക്കുറവിനു  ഒരു  പ്രായശ്ചിത്തം   ആകാം

ആത്മാവിന്റെ  വെള്ള പ്പുകച്ചുരുളുകൾ
വീടിനെയും  മരത്തെയും മേഘത്തെയും വിട്ടുയർന്നു
നക്ഷത്രങ്ങളെ തഴുകുന്നത്  കണ്ടു നിൽക്കാനും
ഒരു സെല്ഫിയെടുക്കാനും ഞാനുണ്ടാവില്ലല്ലോ  
എന്നതാണ് അപ്പോൾ  മറ്റൊരു സമസ്യ!

3

പക്ഷമെന്തിന്?
ഭൂമിക്ക്  
പക്ഷാഘാതം ഉണ്ടാക്കാനൊ!

പരമമായ സ്കാനിങ്ങിൽ
പക്ഷങ്ങളുടെ അടയാളം
തിരസ്കരിക്കപ്പെടും

ആകയാൽ ഇപ്പഴേ അവയരിഞ്ഞു തള്ളി  
പക്ഷവാതം പിടിക്കാതെ
ആകാശത്തിൽ കമിഴ്ന്നു നീന്താം  
കൃഷ്ണപ്പരുന്തിന്റെ  ഷെഹ്‌നായിവിസ്താരം    
അലസമായി  ശ്രവിച്ചും കൊണ്ട്!

 4

അല്പത്തെക്കുറിച്ചു
അനല്പമായി ചിന്തിച്ച
അൽപ്പൻ  ഞാൻ  
അന്തസ്സാരശൂന്യങ്ങൾ
എന്റെ ജൽപ്പനങ്ങൾ  
ഞെരിഞ്ഞിലിൽ
മുന്തിരി വിളയുമെന്ന
പ്രതീക്ഷ എനിക്കില്ല!


5

വിവരപ്പായസമുണ്ട്  മനം നിറച്ചു
വിവരക്കേടിനൊട്ടു  കുറവുമില്ല    
അത് ഒരു ദഹനക്കേടോളം പോന്ന അസ്കിതയായപ്പോൾ
ഞാൻ നഗരത്തിലെ വിവരോളജിസ്റ്റിനെ   ചെന്നു  കണ്ടു.  

എന്റെ മൂർദ്ധ്വാവിൽ സ്റ്റെതസ്കോപ്പിന്റെ ഡയഫ്രം  അമർത്തിപ്പിടിച്ചിട്ട്    അദ്ദേഹം അനുനാസികാ സ്വരത്തിൽ ഉപദേശിച്ചു :

സ്റ്റോപ്പ് ഇൻ ടേക്ക്  ഓഫ് അൺവാണ്ടഡ്‌   ഇൻഫർമേഷൻ;
ഇമ്പ്രെഷൻസ് ഔട്ട് വെയ്‌ എക്സ്പ്രെഷൻ!
Join WhatsApp News
രാജു തോമസ് 2020-11-21 14:26:09
'ബയോമെട്രിക്ക്' എന്ന ലേബലിൽ ഈമലയാളിയിൽ വരുന്ന ആദ്യത്തെ കവിതകളാണിവ. കവിക്ക്‌ അഭിനന്ദനം! ഒരു രീതിയിൽ നോക്കിയാൽ , ഓരോ കവിതയും--എന്തിന്, ഓരോ കലാസൃഷ്ടിയും-- അനുകരണമില്ലാതെയാണെങ്കിൽ, നമുടെ പോലെയാണ്--അതിൽ വലയങ്ങളുണ്ട്, ചുഴികളുണ്ട് ,വരകളുണ്ട് --മുറി ഞ്ഞുനിൽകുന്ന വരകളുൾപ്പെടെ. കവിതയിലാകുമ്പോൾ, പ്രാസം ഉണ്ടാകാം, ഇല്ലാതെയുമാകാം; അതുപോലെതന്നെ വൃത്തവും അലങ്കാരങ്ങളും. പിന്നെ, അതിന്റെ ഒരു കുറവ് ഇതാണ്--സർവ്വതന്ത്രസ്വതന്ത്രം. ആയതിനാൽ, കാവ്യ, ബലേഭേഷ്! കൊട് കൈfingerprint പോലെയാണ്--അതിൽ വലയങ്ങളുണ്ട്, ചുഴികളുണ്ട് ,വരകളുണ്ട് --മുറിഞ്ഞുനിൽകുന്ന വരകളുൾപ്പെടെ. കവിതയിലാകുമ്പോൾ, പ്രാസം ഉണ്ടാകാം, ഇല്ലാതെയുമാകാം; അതുപോലെതന്നെ വൃത്തവും അലങ്കാരങ്ങളും. പിന്നെ, അതിന്റെ ഒരു കുറവ് ഇതാണ്--സർവ്വതന്ത്രസ്വതന്ത്രം. ആയതിനാൽ, കാവ്യ, ബലേഭേഷ്! കൊട് കൈ!
RAJU THOMAS 2020-11-21 15:43:32
Sorry. Overpasting to repetition of the whole! The word 'fingerprint' was meant for the fourth line. Each person's fingerprint is unique. So is it with poetry, especially as a genre. കവേ, sincere congratulations!
വേണുനമ്പ്യാർ 2020-11-22 02:55:29
ശ്രീ രാജു തോമസ് എന്ന അജ്ഞാതസുഹൃത്തേ, ബയോ മെട്രിക് എന്ന കവിത വായിക്കാനും പ്രതികരിക്കാനും സമയം കണ്ടെത്തിയതിൽ ഞാൻ അങ്ങയോടു കടപ്പെട്ടിരിക്കുന്നു. അങ്ങയെപ്പോലെ നല്ല ഒരു വായനക്കാരനെ കിട്ടുന്നതാണ് കവിതക്കുള്ള മികച്ച പ്രതിഫലം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക