Image

അന്താരാഷ്ട്ര നൃത്തോത്സവത്തിന് ലണ്ടനില്‍ തിരശീല ഉയര്‍ന്നു

Published on 19 November, 2020
അന്താരാഷ്ട്ര നൃത്തോത്സവത്തിന് ലണ്ടനില്‍ തിരശീല ഉയര്‍ന്നു

ലണ്ടന്‍ : കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന ഓണ്‍ലൈന്‍ രാജ്യാന്തര നൃത്തോത്സവത്തിന് ലണ്ടനില്‍ തിരശീല ഉയര്‍ന്നു. നവംബര്‍ 15 ന് പ്രശസ്ത ചലച്ചിത്ര താരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച നൃത്ത പ്രദര്‍ശനവും നടന്നു. നൃത്തോത്സവത്തിന്റെ ആദ്യ ദിനത്തില്‍ പ്രശസ്ത നര്‍ത്തകി ജയപ്രഭ മേനോന്റെ മോഹിനിയാട്ടം അരങ്ങേറി.

കലാഭവന്‍ ലണ്ടന്‍ വീ ഷാല്‍ ഓവര്‍ കം കോഓര്‍ഡിനേറ്റര്‍മാരായ ദീപ നായരും റെയ്മോള്‍ നിധിരിയും ചേര്‍ന്നാണ് ഉദ്ഘാടന ദിവസത്തെ പരിപാടികള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളിലും യുകെസമയം ഉച്ചകഴിഞ്ഞ് മൂന്നിന് (ഇന്ത്യന്‍ സമയം 8.30) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നര്‍ത്തകര്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം' എന്ന ഫേസ്ബുക് പേജിലൂടെ ലൈവ് ആയി നൃത്ത പരിപാടികള്‍ അവതരിപ്പിക്കും.

മൂന്ന് വിഭാഗങ്ങളായാണ് നൃത്തോത്സവം അരങ്ങേറുന്നത്, നൃത്തോത്സവത്തിന്റെ ആദ്യ വിഭാഗത്തില്‍ പ്രഫഷണല്‍ നര്‍ത്തകരുടെ പെര്‍ഫോമന്‍സ് ആയിരിക്കും. വളര്‍ന്നു വരുന്ന നര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ളതായിരിക്കും രണ്ടാമത്തെ വിഭാഗം. സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയ പെര്‍മന്‍സുകളായിരിക്കും മൂന്നാമത്തെ വിഭാഗത്തില്‍ അവതരിപ്പിക്കപ്പെടുക.

നവംബര്‍ 22 നു (ഞായര്‍) യുകെ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് നൃത്ത്യ സ്‌കൂള്‍ ഓഫ് ആര്‍ട്ട് ബാംഗ്ലൂര്‍ ഡയറക്ടറും പ്രശസ്ത നര്‍ത്തകിയുമായ ഗായത്രി ചന്ദ്രശേഖറും സംഘവും അവതരിപ്പിക്കുന്ന വിവിധ നൃത്ത പരിപാടികളായിരിക്കും അരങ്ങേറുന്നത്.

നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രഫഷണല്‍ / വളര്‍ന്നുവരുന്ന നര്‍ത്തകര്‍ കലാഭവന്‍ ലണ്ടന്‍ വീ ഷാല്‍ ഓവര്‍ കം ടീം അംഗങ്ങളുമായി ബന്ധപ്പെടുക.

കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്‌സണ്‍ ജോര്‍ജ്, കലാഭവന്‍ ലണ്ടന്‍ വീ ഷാല്‍ ഓവര്‍ കം ഓര്‍ഗനൈസിംഗ് ടീം അംഗങ്ങങളായ റെയ്മോള്‍ നിധിരി, ദീപ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യ നായര്‍ തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

യുകെയിലെ പ്രമുഖ എഡ്യൂക്കേഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്‌സ് അലൈഡ് മോര്‍ട്ടഗേജ് സര്‍വീസസ് , രാജു പൂക്കോട്ടില്‍ തുടങ്ങിയവരാണ് നൃത്തോത്സവത്തിന്റെ സ്‌പോണ്‍സര്‍മാര്‍.

വിവരങ്ങള്‍ക്ക്: www.kalabhavanlondon.com

ലൈവ് നൃത്തോത്സവം കാണുന്നതിനായി www.facebook.com/We-Shall-Overcome-100390318290703എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക