Image

നെഹ്‌റുവിയന്‍ ചിന്തകളെ തമസ്‌കരിച്ചു കൊണ്ട് ഇന്ത്യക്ക് മുന്നോട്ട് പോകാനാകില്ല'

Published on 19 November, 2020
 നെഹ്‌റുവിയന്‍ ചിന്തകളെ തമസ്‌കരിച്ചു കൊണ്ട് ഇന്ത്യക്ക് മുന്നോട്ട് പോകാനാകില്ല'


റിയാദ്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലുകള്‍ നെഹ്‌റുവിയന്‍ ചിന്തകളാണെന്നും വിശാല കാഴ്ചപ്പാടോടുകൂടി അദ്ദേഹം രൂപപ്പെടുത്തിയ ജനാധിപത്യ ഭരണ വ്യവസ്ഥിതിയാണ് രാജ്യത്തിന് എക്കാലവും അഭികാമ്യമെന്നും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അഡ്വ. വി.ആര്‍. അനൂപ് . ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നും നെഹ്‌റുവിനെയും അദ്ദേഹത്തിന്റെ ചിന്തകളെയും മായ്ച്ചു കളയാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാര്‍ നേതൃത്വം നല്‍കി ഇപ്പോള്‍ നടപ്പാക്കി വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ നടപ്പാക്കി വരുന്ന ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്ര ശില്‍പ്പിയോട് കാണിക്കുന്ന നിന്ദയാണ്. പൊതുജനം അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. ഒഐസിസി പോലുള്ള സംഘടനകളും പ്രവര്‍ത്തകരും പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയങ്ങള്‍ പുതുതലമുറകളിലേക്ക് പകര്‍ന്നു നല്‍കാനായി പ്രവര്‍ത്തിക്കണം - അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ വ്യവസ്ഥ ദീര്‍ഘവീക്ഷണത്തോടെയാണ് നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയത്. അതൊന്നു കൊണ്ട് മാത്രമാണ് രാജ്യം ഇന്നും കെട്ടുറപ്പോടെ നിലനില്‍ക്കുന്നത്. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റി ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തി ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ബ്രിട്ടീഷ് തന്ത്രമാണ് സംഘ്പരിവാറും ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നതെന്നും ശത്രുക്കളെ പോലും കൂടെ നിര്‍ത്തി ഭരണം നടത്തിയ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാണ് നമുക്ക് ഈ അവസരത്തില്‍ മാതൃകയാകേണ്ടതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് പി.എം. നജീബ് പറഞ്ഞു.

സത്താര്‍ കായംകുളം ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികളും പഞ്ചവത്സര പദ്ധതികളടക്കമുള്ള വികസന പദ്ധതികളുമാണ് ഇന്ത്യയെ ഇന്നും മുന്നോട്ട് നയിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച കെപിസിസി സെക്രട്ടറി അഡ്വ. ഇ. ഷമീര്‍ അഭിപ്രായപ്പെട്ടു. വെര്‍ച്വല്‍ സംവിധാനത്തില്‍ നടന്ന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള ഒഐസിസി നേതാക്കളും കോണ്‍ഗ്രസ് അനുഭാവികളും പ്രവര്‍ത്തകരും പങ്കെടുത്തു. അബ്ദുറഹ്മാന്‍ കാവുങ്ങല്‍, ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തൂര്‍, അബ്ദുല്‍ മജീദ് നഹ, ബെന്നി വാടാനപ്പള്ളി, ജയരാജന്‍ കൊയിലാണ്ടി, അഡ്വ.എല്‍.കെ.അജിത്, ഷാജി സോണ, പി എം ഫസല്‍, അഷ്‌റഫ് വടക്കേവിള, മാത്യു ജോസഫ്, സിദ്ദീഖ് കല്ലുപറമ്പന്‍, മാള മുഹിയുദ്ദീന്‍, ജെ സി മേനോന്‍, റഷീദ് വാലേത്ത്, കെ. എം കൊടശേരി, നസറുദ്ദീന്‍ റാവുത്തര്‍, സക്കീര്‍ പത്തറക്കല്‍, വിനീഷ് അരുമാനൂര്‍, കെ.പി. അലി തുടങ്ങിയവര്‍ പണ്ഡിറ്റ്ജി സ്മരണ അയവിറക്കി. നിഷാദ് ആലംകോട് സൂം മീറ്റിംഗ് കോഓര്‍ഡിനേറ്റര്‍ ആയിരുന്നു. ചടങ്ങില്‍ ഫൈസല്‍ ശരീഫ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക