Image

പുതുവത്സരത്തെ വരവേല്‍ക്കാന്‍ ബുര്‍ജ് ഖലീഫ ഒരുങ്ങുന്നു

Published on 19 November, 2020
പുതുവത്സരത്തെ വരവേല്‍ക്കാന്‍ ബുര്‍ജ് ഖലീഫ ഒരുങ്ങുന്നു

ദുബായ് : ലോകത്തിലെ തന്നെ വിസ്മയമായ ദുബായ് ബുര്‍ജ് ഖലീഫയില്‍ ഇത്തവണ പുതുവത്സരാഘോഷം കെങ്കേമമാക്കും . ലൈറ്റ് , ലേസര്‍ ഷോകളും വെടിക്കെട്ടിന്റെ വര്‍ണ്ണപ്രപഞ്ചവും ഒരുക്കിയാകും പുതുവത്സരദിനത്തിലേക്ക് പ്രവേശിക്കുക.

കോവിഡ് പ്രതിരോധ യജ്ഞങ്ങള്‍ തുടരുമ്പോഴും ദുബായിലെ പുതുവത്സരാഘോഷങ്ങള്‍ക്കു മാറ്റ് കുറയില്ലെന്നാണ് എമ്മാര്‍ ഡെവലപ്പേഴ്സ് നടത്തിയ പ്രഖ്യാപനം തെളിയിക്കുന്നത് .

പുതുവര്‍ഷ രാത്രിയില്‍ ലോകം കാത്തിരിക്കുന്ന അത്യാകര്‍ഷകമായ ലൈറ്റ് - ലേസര്‍ ഷോയും സമാനതകളില്ലാത്ത വെടിക്കെട്ടും കോവിഡ് സാഹചര്യത്തിലും മാറ്റമില്ലാതെ നടക്കുമെന്നാണ് ഇത്തവണത്തെ പ്രത്യേകത. ദുബായ് സര്‍ക്കാര്‍ നല്‍കുന്ന എല്ലാ കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുമെന്നും എമ്മാര്‍ വൃത്തങ്ങള്‍ കൂട്ടിചേര്‍ത്തു. രാത്രി 8.30 മുതല്‍ പരിപാടികളുടെ ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ വേദികളിലും തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കും . സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ബുര്‍ജ് ഖലീഫക്കും ദുബായ് മാളിനും ചുറ്റുമുള്ള എല്ലാ റസ്റ്ററന്റുകളും പ്രവര്‍ത്തിക്കും. ബുര്‍ജ് പാര്‍ക്കില്‍ കുടുംബങ്ങള്‍ക്കാണ് അനുമതി നല്‍കുക.പാര്‍ക്കില്‍ ഫുഡ് കൗണ്ടറുകളും വമ്പന്‍ എല്‍ ഇ ഡി സ്‌ക്രീനുകളും സ്ഥാപിക്കും. ഏതു പ്രതികൂല സാഹചര്യങ്ങളിലും ലോകോത്തര സൗകര്യങ്ങളും ഉല്ലാസ പരിപാടികളും നടത്താനുള്ള ദുബായ് നഗരത്തിന്റെ കഴിവും കരുത്തും ലോകത്തിനു മുന്പില്‍ കാഴ്ചവയ്ക്കുക എന്നതാണ് പുതുവത്സരാഘോഷത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നു എമ്മാര്‍ സ്ഥാപകന്‍ മുഹമ്മദ് അല്‍ അബ്ബാര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക