Image

'രാജ്യത്തെ ഏറ്റവും മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ' കേരളത്തിൽ

Published on 21 November, 2020
'രാജ്യത്തെ ഏറ്റവും മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ' കേരളത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേര്‍ഡ് (എൻക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.

 രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കേരളത്തിലാണെന്നും ഈ നേട്ടം കേരളം നിലനിര്‍ത്തുകയാണെന്നും കെ കെ ശൈലജ അറിയിച്ചു.

95.8 ശതമാനം സ്കോറോടെ കണ്ണൂര്‍ മാട്ടൂൽ പ്രാഥമികാരോഗ്യകേന്ദ്രമാണ് ആറ് ആശുപത്രികളിൽ മുന്നിൽ. ഇതിനു പുറമെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം (95.3 ശതമാനം), കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം (93.5 ശതമാനം), കോട്ടയം വാഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92.9 ശതമാനം), കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം (83.3 ശതമാനം), മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം (83.3 ശതമാനം) എന്നീ ആശുപത്രികള്‍ക്കാണ് പുതുതായി അംഗീകാരം ലഭിച്ചത്. ദേശീയ ആരോഗ്യ ഗുണനിലവാര അംഗീകാരമാണ് എൻക്യൂഎഎസ്.

കൊവിഡ് 19നിടയിലും സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങള്‍ രാജ്യത്തെ മികച്ച ആശുപത്രികളെന്ന പദവി നിലനിര്‍ത്തുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ നേട്ടം ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി.

ഇതുവരെ സംസ്ഥാനത്തെ 80 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എൻക്യൂഎഎസ് അംഗീകാരം നേടാനായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക