Image

യു.എസില്‍ ഓരോ സെക്കന്‍ഡിലും രണ്ട് പേര്‍ക്ക് കോവിഡ് പകരുന്നതായി റിപ്പോര്‍ട്ട് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 26 November, 2020
യു.എസില്‍ ഓരോ സെക്കന്‍ഡിലും രണ്ട് പേര്‍ക്ക് കോവിഡ് പകരുന്നതായി റിപ്പോര്‍ട്ട് (ഏബ്രഹാം തോമസ്)
യു.എസില്‍ ദിനംപ്രതി ശരാശരി 1,70,000 പേര്‍ക്ക് കോവിഡ്-19 പകരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. അതായത്, ഒരു സെക്കന്‍ഡില്‍ രണ്ടു പേര്‍ക്കു വീതം രോഗം പിടിപ്പെടുന്നു. ഒരു ദിവസം 85000 പേരെ ഹോസ്പിറ്റലൈസ് ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് തുടുരുന്നു.

രാഷ്ട്രീയധ്രുവീകരണം മൂര്‍ധന്യത്തില്‍ എത്തിയിരിക്കുന്നതിനാല്‍ മഹാമാരിയും ആരോപണ പ്രത്യാരോപണ ആയുധമായി മാറിയിരിക്കുകയാണ്. ശിശിരത്തില്‍ രോഗപ്രതിരോധത്തിന് ആവശ്യമായ ചെലവുകള്‍ ഫെഡറല്‍, സംസ്ഥാന, തദ്ദേശ ബജറ്റുകള്‍ക്ക് വലിയക്ഷതം ഉണ്ടാക്കരുതെന്നാണ് അധികാരികള്‍ ആഗ്രഹിക്കുന്നത്.
ന്യൂജേഴ്‌സിയിലെ ന്യൂവാര്‍ക്ക് നഗരത്തിലെ ഡെമോക്രാറ്റിക് മേയര്‍ റാസ് ബരാക്ക പത്തു ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതൊരു അഭ്യര്‍ത്ഥനയാണ്, ഓര്‍ഡറല്ല എന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

ഡെന്‍വറില്‍ ഡെമോക്രാറ്റിക് മേയര്‍ മൈക്കല്‍ ഹാന്‍കോക്ക് നിവാസികളോട് ഒരു മാസത്തേയ്ക്ക് വീട്ടിനുള്ളില്‍ കഴിയാന്‍ അഭ്യര്‍ത്ഥിച്ചു. എനിക്കറിയാം, ഇത് വിഷമകരമാണെന്ന്. നിങ്ങള്‍ വെറുക്കുമെന്ന്, ഹാന്‍കോക്ക് പറഞ്ഞു.
ഒഹായോവില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ മൈക്ക് ഡിവൈന്‍ സംസ്ഥാനം ഒട്ടാകെ മാസ്‌ക് ധരിക്കുവാന്‍ നിര്‍ബന്ധിക്കുമെന്നറിയിച്ചു. വെര്‍മോണ്ട് ഗവര്‍ണ്ണര്‍(റിപ്പബ്ലിക്കന്‍) ഫില്‍സ്‌കോട്ട് എത്രപേര്‍ക്ക് ഒരു ചടങ്ങില്‍ സംബന്ധിക്കുവാന്‍ പരിധി ഉണ്ടെന്നറിയിച്ചു- 'പൂജ്യം'.

എന്നാല്‍ രാജ്യം ഒട്ടാകെ കഴിഞ്ഞ കുറെ ആഴ്ചകളായി നിര്‍ബന്ധമാക്കിയ നിയമങ്ങള്‍  കര്‍ശനമാണോ സമയോചിതമാണോ ഇവ ശിശിരത്തില്‍ പടരുന്ന കൊറോണ വൈറസ് രോഗബാധയെ കാര്യക്ഷമമായി നിയന്ത്രിക്കുമോ എന്ന് കണ്ടു തന്നെ അറിയണം. അശുഭലക്ഷണത്തില്‍ നിന്ന് അത്യാഹിതമായി മാറിയിരിക്കുകയാണ്.
താങ്ക്‌സ് ഗിവിംഗിന് ആരംഭിക്കുന്ന ഒഴിവുദിനങ്ങളില്‍ മില്യന്‍ കണക്കിനാളുകള്‍ മൈലുകള്‍ താണ്ടി ഒന്നുചേരാന്‍ എത്തുകയാണ്. ഇവരില്‍ എത്രപേര്‍ രോഗനിദാനമാനമായ വൈറസ് ഒപ്പം കൂട്ടുന്നുണ്ടാവും എന്ന് പറയാനാവില്ല.
ഒരു ഗാര്‍ഡന്‍ ഹോസ് ഉപയോഗിച്ച് മഹാമാരിയുടെ കാട്ടുതീ കെട്ടടയ്ക്കാന്‍ ശ്രമിക്കുക, അതും, കൃത്യമായ ലക്ഷ്യത്തിലേയ്‌ക്കോ സമയത്തോ ചെയ്യാതിരിക്കുക അതാണ് ഇപ്പോള്‍ ഗവര്‍ണ്ണര്‍മാര്‍ ചെയ്യുന്നത്. ഡാര്‍ട്ട് മൗത്ത് കോളേജ് സെന്റര്‍ ഗ്ലോബല്‍ ഹെല്‍ത്ത് എക്വിറ്റിയുടെ പ്രോഗ്രാം ഡയറക്ടര്‍ ആന്‍ സോസിന്‍ പറഞ്ഞു.
ഇപ്പോള്‍ സമയം അതിക്രമിച്ചിരിക്കുകയാണ്. ഇത്തരം വിലക്കുകള്‍ കൃത്യ സമയത്ത് ഉണ്ടായിരുന്നുവെങ്കില്‍ ഫലപ്രദമായേനെ, ഓക്‌സ്‌ഫോര്‍ഡ് കോവിഡ്-19 ഗവണ്‍മെന്റ് റെസ്‌പോണ്‍സ്‌ട്രോക്കര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടോബി ഫിലിപ്‌സ് പറഞ്ഞു. ഒരു രാജ്യത്തിന്റെ ജനസംഖ്യയുടെ  ഒരു മില്യന്‍ ജനങ്ങളില്‍ 40 പുതിയ കേസുകള്‍ പ്രതിദിനം ഉണ്ടാകുമ്പോള്‍ പ്രതിവിധി ഉണ്ടാകുന്നതാണ് സമയോചിതമായി  സ്ഥാപനം കരുതുന്നത്. ഒരു മില്യണില്‍ 200 കേസുകളില്‍ കൂടുതല്‍ ഉണ്ടാകുന്നത് മാക്‌സിമം റിസ്‌കായാണ് കണക്കാക്കുന്നത്. ഗവണ്‍മെന്റ് റെസ്‌പോണ്‍സ് ട്രാക്കര്‍ 190 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു.

തെയ് വാന്‍, വിയറ്റ്‌നാം, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പെട്ടെന്നുള്ള നടപടികള്‍-വിലക്കുകളും, ആശയവിനിമയവും പ്രയോജനകരമായി. തെയ് വാനില്‍ ഒരു സമ്പൂര്‍ണ്ണ ഷട്ട്ഡൗണ്‍ ഉണ്ടായില്ല. പ്രധാന കാരണം ജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുന്നു. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കുറച്ചു. എന്നാല്‍ ഫിലിപ്‌സിന്റെ സ്വന്തം രാജ്യമായ യുണൈറ്റഡ് കിംഗ്ഡമില്‍ ആഴ്ചകളോളം നീണ്ടുനിന്ന കര്‍ഫ്യൂ കേസുകള്‍ വര്‍ധിക്കുന്നത് തടഞ്ഞില്ല.
മഹാരോഗത്തിന്റെ പരിക്ഷീണത, വ്യക്തിപരമായ കഷ്ടപ്പാടുകള്‍, ആവശ്യമായ സാമ്പത്തിക സ്രോതസ് ഇല്ലായ്മ, ഗവണ്‍മെന്റ് വിരുദ്ധ വികാരം, ശാസ്ത്രത്തോടുള്ള നിഷേധാത്മക നിലപാട്  എന്നിവ പൊതുജനാരോഗ്യപ്രവര്‍ത്തകര്‍ പറയുന്നതും ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതും തമ്മില്‍ വലിയ അന്തരം സൃഷ്ടിച്ചു. മാത്രമല്ല രോഗനിദാനമായ അണുക്കളെകുറിച്ചും അവയ്ക്ക് പകരാന്‍ കഴിയുന്ന വേഗത്തെകുറിച്ചും ബോധവാന്മാരാകാന്‍ ജനങ്ങള്‍ തയ്യാറായില്ല. രോഗം പകരുന്നത് തടയാന്‍ വ്യാപാരത്തില്‍, സ്‌ക്കൂളിംഗില്‍, സ്‌പോര്‍ട്‌സ് പരിപാടികളില്‍, സാംസ്‌കാരിക കൂടിചേരലുകൡ വ്യാപകമായ പരിമിതികള്‍ ഏര്‍പ്പെടുത്തണം എന്ന നിര്‍ദ്ദേശം സ്വീകരിക്കുവാന്‍ ജനങ്ങള്‍ തയ്യാറായില്ല. ഈ വൈറസ് ആരോഗ്യ വിദഗ്ധര്‍ പറയുന്ന അത്രയും അപകടകാരിയല്ല എന്നവര്‍ വിശ്വസിച്ചില്ല.

രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഷട്ട്ഡൗണുകള്‍ മഹാമാരിയുടെ തരംഗം ശക്തമായ വസന്തകാലത്ത് ഏര്‍പ്പെടുത്തുന്നതിന് എതിരായിരുന്നു. എന്നാല്‍ ഇത് മാത്രമായിരുന്നു മുന്നിലുള്ള ഏക മാര്‍ഗം. ഇത് സ്വീകരിക്കാഞ്ഞതിനാല്‍ രോഗികളുടെ ഒഴുക്ക് സ്വീകരിക്കുവാന്‍ നിര്‍വാഹമില്ലാതെ ഗൗരവമായ രോഗമുള്ളവരെപോലും ആശുപത്രികള്‍ക്ക് തിരിച്ചയയ്‌ക്കേണ്ടി വന്നു. കാരണം സ്റ്റാഫിന്റെയും യന്ത്രസാമഗ്രികളുടെയും ദൗര്‍ലഭ്യമായിരുന്നു.

കഷ്ടനഷ്ടങ്ങളുടെ മാര്‍ഗം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. വിലക്കുകള്‍ പ്രതിഷേധങ്ങളും പരിഹാസങ്ങളും ക്ഷണിച്ചു വരുത്തി. സംസ്ഥാന, തദ്ദേശ അധികാരികള്‍ വളരെ കുറച്ചു മാത്രമേ നടപടി സ്വീകരിച്ചുള്ളൂ എന്നോ വളരെ കടുത്ത നടപടികള്‍ സ്വീകരിച്ചു എന്നോ ആരോപണങ്ങള്‍ക്ക് വിധേയരായി.
ന്യൂയോര്‍ക്ക് നഗരത്തില്‍ ഇന്‍ സ്‌ക്കൂള്‍ ലേണിംഗ് പബ്ലിക് സ്‌ക്കൂളുകളില്‍ നിര്‍ത്തുകയും റെസ്റ്റോറന്റുകളില്‍ ഡൈന്‍ ഇന്‍ അനുവദിക്കുകയും ചെയ്തത് മാതാപിതാക്കളെ രോഷാകുലരാക്കി.

യു.എസില്‍ ഓരോ സെക്കന്‍ഡിലും രണ്ട് പേര്‍ക്ക് കോവിഡ് പകരുന്നതായി റിപ്പോര്‍ട്ട് (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക