Image

മറഡോണ (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 27 November, 2020
 മറഡോണ   (കവിത:  വേണുനമ്പ്യാര്‍)
കണ്ണൂരിലങ്ങ്   വന്നപ്പോഴുമൊരു നോക്ക്    
നേരിട്ട് കാണാന്‍ കഴിഞ്ഞില്ല!

കണ്ടിട്ടുണ്ടുറക്കമൊഴിഞ്ഞെണ്ണിയാല്‍ തീരാത്ത  രാവില്‍  
കളിത്തിരശ്ശീലയിലങ്ങയുടെ        
കുറുക്കലും വിസ്താരവും കാല്പന്തിന്‍
മാസ്മരികമാം അമ്മാനവും.

സ്വര്‍ണക്കപ്പിന് മുത്തമേകാന്‍ പിറന്നവന്‍  നീ
ദൈവം തൊട്ടതാം  പാദങ്ങളാല്‍ കീഴടക്കി ലോകത്തെ;
കാല്‍പ്പന്തു  വാങ്ങാന്‍  കാശില്ലാത്ത  ബാല്യത്തില്‍
തുണിപ്പന്തു കെട്ടി കളിച്ചത്രെ  നീ നഗരത്തെരുവില്‍.  

കളിപ്പന്തിന്‍  കുറുംതെയ്യം  നീ
വായ്മൊഴിക്കതീതം നിന്റെ കാല്‍പ്പന്തടിയുടെ  
സ്വരവ്യഞ്ജനാഘോഷങ്ങള്‍!
 
ചിലപ്പോള്‍  മെരുങ്ങാത്ത  ചുരുളന്‍ മുടിയുടെ സട    കൊണ്ടും
ആവനാഴിയെ ഓര്‍മിപ്പിക്കുന്ന കാലു കൊണ്ട് ചിലപ്പോള്‍
പതുക്കെപ്പതുക്കെ തട്ടിനീക്കിയും
ചിലപ്പോള്‍ നീട്ടിച്ചവിട്ടിയും  ചുഴലിക്കാറ്റിന്റെ വേഗത്തില്‍  
ഗോളടിക്കുന്നു നീ   വലയ്ക്കുള്ളില്‍   ഗോളിയെ  
വെറുമൊരു കോമാളിയാക്കി!

കളിപ്പന്ത്   നിന്റെ ആറാമിന്ദ്രിയം  
ആര്‍ക്കൊക്കും അത് നിന്നില്‍നിന്നും വെട്ടിച്ചെടുക്കാന്‍!  
പുഴമത്സ്യത്തിന്റെ വഴക്കത്തോടെ,  
ജലസര്‍പ്പത്തിന്റെ   ഊര്‍ജ്ജസ്വലതയോടെ
വളഞ്ഞും പുളഞ്ഞുമോടി ശത്രുനിര ഭേദിച്ചു
കാട്ടുകുറുക്കന്റെ കൗശലത്തില്‍ വര്‍ഷിക്കുന്നു
നീ    പൊട്ടിത്തെറിക്കുന്ന വെടിഗുണ്ടിന്റെ ശബ്ദത്തില്‍
തുരു തുരാ ഗോളുകള്‍!
 
നേപ്പിള്‍സില്‍, ബ്യുണസ് അയേഴ്സില്‍ മാത്രമല്ല ലോകമെങ്ങും നിന്റെ
ആരാധകര്‍ നിനക്ക് വേണ്ടി കൂട്ടമണിയടിക്കുന്നു, വിലപിക്കുന്നു,
മെഴുകുതിരികള്‍ കത്തിക്കുന്നു,ദുഖത്തിന്റെ    സ്പന്ദനങ്ങള്‍
ആത്മാവില്‍ ആവാഹിച്ചു പ്രാര്‍ത്ഥിക്കുന്നു.  കണ്ണൂരിന്റെയും
കണ്ണീര്‍പ്രണാമം അങ്ങേയ്ക്ക്!

കാല്‍പുണ്യത്തിന്റെ   പൊന്‍ചുണക്കുട്ടാ,
മറഡോണാ, ഇനിയങ്ങോട്ട്  മീതെയുമില്ല താഴെയുമില്ല
എങ്കിലും  നിന്നെയറിയുന്നവര്‍ക്ക് അറിയാം :  
വേറൊരു  കളിക്കളത്തില്‍
വേറൊരു  കളിയച്ഛനായി നീ ബൂട്ടണിയും
പത്താം നമ്പര്‍ ജഴ്‌സിയും!

മറഡോണാ, കാല്‍പ്പന്തിന്റെ രാജകുമാരാ,  
പിന്‍വാങ്ങല്‍ വിറയേതുമില്ലാതെ സ്വര്‍ഗ്ഗത്തിലും
ചന്തമുള്ള പന്തടക്കത്താല്‍  രചിക്കേണമിനിയും   നീ
ഛന്ദോബദ്ധമല്ലാത്ത ഫുട്‌ബോള്‍ കവിതകള്‍!

 മറഡോണ   (കവിത:  വേണുനമ്പ്യാര്‍)
Join WhatsApp News
P R SREEKUMAR 2020-11-29 15:49:34
കാൽപ്പന്തിന്റെ രാജകുമാരന് ഉചിതമായ സ്മരണാഞ്ജലി...🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക