Image

പാട്ടിന്റെ നിറവിൽ ഒരു സാന്ത്വന സംഗീതം!

അനിൽ പെണ്ണുക്കര Published on 28 November, 2020
പാട്ടിന്റെ നിറവിൽ ഒരു സാന്ത്വന സംഗീതം!

മനുഷ്യ മനസിനെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് സംഗീതം. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ പലപ്പോഴും സംഗീതത്തേക്കാൾ വലിയൊരു മറുമരുന്നില്ല. തനിച്ചുള്ള ദീർഘദൂര യാത്രയിൽ മറ്റെന്തിനെക്കാളും പാട്ടുകൾ കേട്ടിരിക്കാനാണ് നമ്മൾ ആഗ്രഹിക്കുക. ജോലി ഭാരം കൊണ്ട് മനസും ശരീരവും ആസ്വസ്ഥമായിരിക്കുമ്പോൾ സ്വയം തണുപ്പിക്കാൻ ഇഷ്ടമുള്ള പാട്ടുകൾ തിരഞ്ഞെടുത്ത് കേൾക്കുന്നവരാണ് ഏറെയും. റോഡരികിലെ വീട്ടിൽ നിന്നും നമ്മുടെ പ്രിയപ്പെട്ട പാട്ടുകൾ കേൾക്കുമ്പോൾ എത്ര വലിയ തിരക്കിനിടയിലും നമ്മൾ വേഗത കുറച്ച് നടന്നു പോകും. എന്തിനേറെ പറയുന്നു, മുന്നിലൂടെ ഒരു അപരിചിതൻ കടന്നു പോയാൽ പോലും അയാൾ മൂളിയ പാട്ടിന്റെ വരികൾ മനസിലെങ്കിലും ഏറ്റുപാടാത്തവരുണ്ടോ? മനുഷ്യന്റെ വികാരങ്ങളുമായി ഇത്രമേൽ കോർത്തിണങ്ങിയ മറ്റൊന്നും ഈ ഭൂമിയിൽ ഇല്ലെന്ന് തന്നെ പറയാം. വികാരങ്ങളുടെ ചുരുക്കെഴുത്താണ് സംഗീതം എന്ന് ലിയോ ടോൾസ്റ്റോയ് പറഞ്ഞത് കേട്ടിട്ടില്ലേ? എങ്കിൽ പാട്ടിനെ പ്രണയിക്കുന്നവർക്കായുള്ള ഒരു വലിയ സംഗീത വേദിയെക്കുറിച്ച് അറിയാം- അതാണ് സാന്ത്വന സംഗീതം!

കോവിഡ് 19 എന്ന വലിയ വിപത്തിന്റെ പശ്ചാത്തലത്തിൽ സാന്ത്വനമായി വന്നതാണിവർ. നമുക്കറിയാം, മനുഷ്യവംശത്തിന് നാശം വിതച്ച കോവിഡ് ഓരോ ദിവസവും ലക്ഷങ്ങളെയാണ് റാഞ്ചിയെടുക്കുന്നത്. കോവിഡ് മഹാമാരിക്കെതിരെ ഗവണ്മെന്റ് കൊണ്ടു വന്ന കർശന നിയന്ത്രണങ്ങളാൽ ലോകം മുഴുവൻ സ്വന്തം വീടുകളിലേക്ക് ചുരുങ്ങി. വിദേശത്ത് നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും എത്തിയവർ സ്വന്തബന്ധങ്ങൾ മാറ്റി വെച്ച് വികാരങ്ങൾക്ക് ഇടം കൊടുക്കാതെ രോഗം പടരുന്നത് തടയാനായി പരിശ്രമിച്ചു. പിന്നീട് ജോലി ചെയ്യാനാവാതെ, ഭക്ഷണത്തിനു പോലും മാർഗം കണ്ടെത്താനാവാതെ ജനങ്ങൾ വലഞ്ഞ സാഹചര്യത്തിൽ അമേരിക്കൻ മലയാളികൾക്കായി  "മലയാളി ഹെൽപ്‌ലൈൻ" എന്ന വാട്സ് ആപ് കൂട്ടായ്മ രുപീകരിച്ചു .ദിലീപ് വർഗീസിന്റെയും ഫോമ പ്രസിഡൻ്റ് അനിയൻ അനിയൻ ജോർജിന്റെയും  നേതൃത്വത്തിലായിരുന്നു ഹെൽപ്പ് ലൈൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെട്ടത്.

അവിടെ നിന്നുമാണ്  ദിവസങ്ങൾ കൊണ്ട് "സാന്ത്വന സംഗീതം" എന്ന പാട്ടിന്റെ ലോകം തീർക്കാൻ തികഞ്ഞ സംഗീത പ്രേമിയും കലാ സാംസ്‌കാരിക പ്രവർത്തകനുമായ  സിബി ഡേവിഡിന്റെ നേതൃത്വത്തിൽ ഒരു ടീം ഉണ്ടാവുകയായിരുന്നു.ചില സിനിമകളിലും ഹൃസ്വ ചിത്രങ്ങളിലും, നാടകങ്ങളിലും അഭിനയിച്ചിട്ടുളള പശ്ചാത്തലം  സിബി ഡേവിഡിനുള്ളതിനാൽ ഈ പ്രോഗ്രാമിന് ഒരു സിനിമാറ്റിക് ടച്ച് കൂടി ഉണ്ടായി .അങ്ങനെ സൂം പ്ലാറ്റ്ഫോമിൽ സാന്ത്വന സംഗീതം നിറഞ്ഞൊഴുകി.ഒരു എപ്പിസോഡ് മാത്രമായി അവതരിപ്പിച്ച സാന്ത്വന സംഗീതം, അവതരണമികവ് കൊണ്ടും ഗായകരുടെ ആലാപന നൈപുണ്യം കൊണ്ടും കൂടുതൽ ശ്രദ്ധേയമായി. പ്രേക്ഷകർ തങ്ങളുടെ ഹൃദയം കൊണ്ട് അതേറ്റെടുത്തു. 

ഇപ്പോൾ മുപ്പത്തി മൂന്നാം എപ്പിസോഡിലേക്ക്  കടക്കുന്നു. അമേരിക്കയിൽ ഇത്രയധികം മികച്ച മലയാളി ഗായകർ ഉണ്ടെന്നുള്ളത് ഒരു വിസ്മയം ആയി പ്രേക്ഷകർ കാണുന്നു. പ്രേത്യകിച്ചു യുവ തലമുറയിൽപ്പെട്ട  കുട്ടികളിൽ ഇത്രയധികം പേർക്ക് ഇന്ത്യൻ സംഗീതത്തിൽ അഭിരുചിയുണ്ടെന്നുള്ളത് പുതിയ അനുഭവമായി പ്രേക്ഷകരും സംഘാടകരും കാണുന്നു.

 32 ന്റെ നിറവിൽ ഇരട്ടി മധുരം പകർന്നു കൊണ്ട് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ പുതിയ കമ്മിറ്റി സാന്ത്വന സംഗീതത്തിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തു. സിബി ഡേവിഡ്, ഷൈനി അബൂബക്കർ,മിനി നായർ , ബോബി ബാൽ എന്നിവർ അവതാരക വേഷമിട്ട് സാന്ത്വന സംഗീതം അതിന്റെ  മുപ്പത്തിരണ്ടാം എപ്പിസോഡ് പിന്നിട്ടിരിക്കുകയാണിപ്പോൾ. ഗിരീഷ് അയ്യർ, രശ്മി നായർ, അലക്സ്‌ ജോർജ് തുടങ്ങി പ്രഗത്ഭരായ ഒട്ടനേകം  ഗായകരെ കൂട്ടിയിണക്കിയ ആ സംഗീത വിരുന്നിനു നൂറുകണക്കിന് സംഗീത പ്രേമികൾ സാക്ഷ്യം വഹിച്ചു .സാന്ത്വന സംഗീതം അത്രമേൽ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചു .

ബൈജു വർഗീസ്‌, സിറിയക് മാളികയിൽ, സിജി ആനന്ദ്, ജെയിൻ മാത്യൂസ്, സാജൻ മൂലേപ്ലാക്കൽ , ബിജു തോണിക്കടവിൽ (കോർഡിനേറ്റർ), റോഷിൻ മാമൻ കൂടാതെ ഫോമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് തുടങ്ങിയവർ ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ പരിപാടി ഫേസ് ബുക്കിൽ ലൈവ് ആയി മഹേഷ് മുണ്ടയാട് സംപ്രേഷണം ചെയ്യുന്നു.

ഇതിന്റെ മറ്റൊരു ഹൈലൈറ്റ് ട്രിവിയ പരിപാടി ആണ്. പ്രശസ്ത സംഗീത സംവിധായകൻ ബിജി ബാലിന്റെ സഹോദരൻ ബോബി ബാലാണ് ഇതിൽ ട്രിവിയ കൈകാര്യം ചെയ്യുന്നത്. സിബി ഡേവിഡിനോടൊപ്പം സഹ അവതാരകരായി ഇതിനോടകം പല എപ്പിസോഡുകളിലായി  15 ലധികം കലാകാരികൾ  പങ്കെടുത്തിട്ടുണ്ട്.

പുറംലോകങ്ങളിൽ സന്തോഷം കണ്ടെത്തിയിരുന്ന പലരും ഇന്ന് വീട്ടിലെ ബോറിങ് ദിവസങ്ങളെ വളരെ പ്രയാസത്തോടെയാണ് തള്ളി നീക്കുന്നത്. അത്തരക്കാരെ സജീവമാക്കാൻ സാന്ത്വന സംഗീതം പോലുള്ള വേദികൾക്ക് കഴിയുമെന്നതിൽ ഒരു സംശയവുമില്ല. അപരിചിതനെ സഹായിക്കുന്നവൻ നന്മയുള്ളവനാണ്, ആയിരങ്ങളെ സന്തോഷിപ്പിക്കുന്നവനെ  ദൈവതുല്യനായി കണക്കാക്കുന്നു. സാന്ത്വന സംഗീതം അത്തരത്തിൽ വാഴ്ത്തപ്പെടുകയാണിപ്പോൾ. പ്രതിസന്ധികളെ തരണം ചെയ്യാൻ മുഖം നോക്കാതെ ഒരുമിച്ച് കൈകോർക്കണമെന്ന് നമ്മെ ഓർമ്മിപ്പിക്കുക കൂടിയാണ് അമേരിക്കൻ മലയാളികളുടെ ഈ കൂട്ടായ്മ. 

വയറുനിറക്കാൻ ഭക്ഷണത്തിനോടൊപ്പം മനസ്സു നിറക്കാൻ പാട്ടിന്റെ ലോകം കൂടി തുറന്നു കൊടുത്ത ഈ കൂട്ടായ്മക്ക് ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയും തുണയായുണ്ടാകും, തീർച്ച !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക