Image

ടി.പി.വധത്തില്‍ മാധ്യമങ്ങള്‍ വേട്ടക്കാരോ ?

ജി.കെ. Published on 10 June, 2012
ടി.പി.വധത്തില്‍ മാധ്യമങ്ങള്‍ വേട്ടക്കാരോ ?
ടി.പി.ചന്ദ്രശേഖരന്‍ വധം സമൂഹമനസിലുണ്ടാക്കിയ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ഏതു കൊടിയ ശത്രുവും മാന്യമായ മരണം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ടി.പി.ചന്ദ്രശേഖരനെ ശത്രുവായി കണ്ടവര്‍ അവര്‍ ആരായലും ആ മാന്യത പോലും അദ്ദേഹത്തിന് നിഷേധിച്ചു കെ.ജി.ശങ്കരപ്പിള്ള വെട്ടുവഴിയെന്ന കവിതയില്‍ എഴുതിയതുപോലെ ഒറ്റവെട്ടിനു തീരുമായിരുന്നിട്ടും 51 വെട്ടുകള്‍ കൊണ്ട് ടി.പി.ചന്ദ്രശേഖരന്റെ മുഖം വികൃതമാക്കിയര്‍ ആരായാലും അവര്‍ക്ക് കേരളമനസാക്ഷി മാപ്പു കൊടുക്കുകയുമില്ല. എന്നാല്‍ ബ്രേക്കിംഗ് ന്യൂസുകളുടെ പ്രളയകാലത്ത് ചന്ദ്രശേഖരന്‍ വധം മാധ്യമങ്ങള്‍ ആഘോഷമാക്കുന്നുണ്‌ടോ എന്ന സംശയം ഇപ്പോള്‍ നിഷ്പക്ഷ മനസില്‍ ഉയരുന്നുണ്‌ടെങ്കില്‍ അവരെ കുറ്റം പറയാനും കഴിയില്ല.

മെയ് നാലിന് ടി.പി.ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടശേഷം വധത്തിന്റെ പിന്നാമ്പുറങ്ങള്‍ എന്ന രീതിയില്‍ മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ നിരത്തുന്ന കഥകളാണ് ഇപ്പോള്‍ ഇങ്ങനെയൊരു സംശയത്തിന് അടിസ്ഥാനം. പിടിയിലായ പ്രതികളുടെ മൊഴികളെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ സിപിഎമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യമുണ്‌ടെന്ന സിപിഎം നേതാക്കളുടെ വാദത്തെ അപ്പാടെ സാധൂകരിക്കാനാവില്ലെങ്കിലും ചില കാര്യങ്ങളിലെങ്കിലും മാധ്യമങ്ങള്‍ വേട്ടക്കാരുടെ വേഷം അണിയുന്നുണ്‌ടോ എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ലെന്ന് പറയേണ്ടി വരും.

ടി.പിയെ വധിച്ച് ഒരു മാസം കഴിഞ്ഞിട്ടും കേസിലെ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാന്‍ ഇതുവരെ പോലീസിനായിട്ടില്ല. സി.എച്ച്.അശോകനെയും കെ.കെ.കൃഷ്ണനെയും പോലുളള ഏരിയാ നേതാക്കളെ അറസ്റ്റു ചെയ്തതിനുശേഷം കേസിലെ പ്രധാനിയെന്ന് കരുതുന്ന ടി.കെ.രജീഷിനെ അറസ്റ്റു ചെയ്യാനായി എന്നതുമാത്രമാണ് ഇതുവരെയുള്ള പ്രധാന മുന്നേറ്റം. പിടിയിലാകുന്നതുവരെ ടി.കെ.രജീഷിനെയും വായപ്പടച്ചി റഫീഖിനെയുക്കുറിച്ച് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളും പിടിയിലായ ശേഷം അവര്‍ നല്‍കുന്ന വാര്‍ത്തകളും ഈ വിഷയത്തിലെ അവരുടെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

റഫീഖിനെ ഭീകരനായി ആദ്യം ചിത്രീകരിച്ച മാധ്യമങ്ങള്‍ പിന്നീട് അയാള്‍ കീഴടങ്ങിയപ്പോള്‍ പാവം ക്രൂരനാക്കി മാറ്റി എന്നതാണ് വിരോധാഭാസം. റഫീഖ് സിപിഎം നേതാക്കളുടെ ഗുണ്ടയാമെന്നും സിപിഎമ്മിനുവേണ്ടി ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കാളിയായിട്ടുണ്‌ടെന്നും ഒരു വ്യവസായിയില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയാണെന്നുമെല്ലാം അടിച്ചുവിട്ട മാധ്യമങ്ങള്‍ ഇയാള്‍ കീഴടങ്ങിയശേഷം പിന്നെ അതേക്കുറിച്ച് അന്വേഷിച്ചില്ലെന്നതാണ് വസ്തുത. ഇയാളെ മാപ്പുസാക്ഷിയാക്കുമെന്ന് പോലീസ് പറഞ്ഞ വിവരം മാത്രമാണ് മാധ്യമങ്ങളും ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്‌ടോ, ചോദ്യം ചെയ്‌തോ എന്ന കാര്യങ്ങളെക്കുറിച്ചൊക്കെ അറസ്റ്റിലായ പ്രതികള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ നല്‍കിയ മൊഴികള്‍ വള്ളിപുള്ളി വിസര്‍ഗം വിടാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന മാധ്യമ കേമന്‍മാര്‍ അജ്ഞരാണ്.

ടി.കെ.രജീഷിന്റെ കാര്യത്തിലും സംഭവിച്ചത് ഇതു തന്നെയാണ്. അറസ്റ്റിലാവുന്നതുവരെ ടി.കെ.രജീഷിനെ കൊടുംഭീകരനായി ചിത്രീകരിക്കുകയും മുഖ്യപ്രതിയെന്ന് വിശേഷിപ്പിക്കുകയും ചെയ്ത മാധ്യമങ്ങള്‍ അയാളുടെ മുന്‍കാല കൊലപാതക ചരിത്രവും സിപിഎം നേതാക്കളുമായുള്ള ബന്ധവുമെല്ലാം വിശദീകരിക്കാന്‍ പേജുകളും മണിക്കൂറുകളും മാറ്റിവച്ചു. ടി.കെ.രജീഷ് പിടിയിലാകുന്നതോടെ വധത്തിനും പിന്നിലെ ഉന്നത ബന്ധങ്ങള്‍ വെളിച്ചത്തുവരുമെന്നും ഏരിയാ കമ്മിറ്റിയുടെ പരിധി ലംഘിച്ച് അറസ്റ്റ് ജില്ലാ നേതാക്കളിലെത്തുമെന്നും മാധ്യമങ്ങള്‍ വിശദീകരിച്ചിരുന്നു. പിടിയിലായ അന്നുമുതല്‍ രജീഷ് നല്‍കിയ മൊഴി എന്ന നിലയില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളുടെ ആധികാരികതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കാരണം വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കേണ്ട ബാധ്യത ഇല്ലെങ്കില്‍ പോലും ചില പോലീസുകാരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ ഇരയാക്കപ്പെടുന്നുണ്‌ടോ എന്ന് അവരും ആത്മപരിശോധന നടത്തണം. കാരണം കസ്റ്റഡിയിലെടുത്തശേഷം കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ രജീഷിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല എന്നത് അന്വേഷണസംഘത്തിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ച് സംശയങ്ങള്‍ ഉയരാന്‍ ഇടയാക്കുന്നതാണ്.

സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയായ സി.എച്ച്.അശോകനെയും കെ.കെ.കൃഷ്ണനെയുംപോലും അന്വേഷണസംഘം 14 ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നുവെന്നത് കൂടി കണക്കിലെടുക്കുമ്പോഴാണ് രജീഷിന്റെ കാര്യം കൂടുതല്‍ ദുരൂഹമാകുന്നത്. കേസില്‍ ഇനി പിടിയിലാവാനുള്ള കൊടി സുനിക്കും കിര്‍മാണി മനോജിനുമെല്ലാം മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഭീകരപരിവേഷം നല്‍കുന്നുണ്‌ടെന്നതും വിസ്മരിക്കാനാവില്ല.

ഇത്രയും പറഞ്ഞത് കേസില്‍ സിപിഎമ്മിനുളള പങ്കു മറച്ചുവെക്കാനോ സിപഎമ്മിനെ മഹത്വവത്കരിക്കാനോ ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമങ്ങളുടെ പങ്ക് കുറച്ചു കാണാനോ അല്ല. ദൃശ്യമാധ്യമങ്ങളുടെ വരവോടെ കഴിഞ്ഞ ഒരു ദശകമായി ജനാഭിപ്രായം രൂപീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്‌ടെന്നത് ഒരു വസ്തുതയാണ്. തെറ്റായി നല്‍കിയ ഒരു വാര്‍ത്ത കൊണ്ട് മാത്രം ഭീകരവാദിയെന്നോ ദേശദ്രോഹിയെന്നോയൊക്കെ മുദ്രകുത്തി എത്രയോ കുടുംബങ്ങള്‍ ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കിഴിയാത്ത രീതിയില്‍ തകര്‍ന്നുപോയ അനുഭവങ്ങള്‍ എത്ര എണ്ണം വേണമെങ്കിലും നമുക്ക് മുന്നിലുണ്ട്. അതുകൊണ്ടു തന്നെ ക്രിമിനല്‍കുറ്റങ്ങളെ കുറിച്ച് വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ സ്വയം വേട്ടക്കാരാവുകയല്ല വെറും സാക്ഷികളാവുക മാത്രമാണ് ചെയ്യേണ്ടത്.

കോടതി തന്നെ വിചാരണ നടത്തി തള്ളിക്കളഞ്ഞ നിരവധി കേസുളില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ യഥാര്‍ഥ സത്യം പുറത്തുകൊണ്ടുവരികയും കേസ് പുനരുജ്ജീവിപ്പിച്ച് കുറ്റവാളികളെ പുനര്‍വിചാരണയക്ക് വിധേയരാക്കുകയും ചെയ്തിട്ടുള്ള നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ തന്നെയുണ്ട്. ജസീക്കാലാല്‍ കേസും ഗുജറാത്തിലെ സയ്യിദ് ജാഫ്രി കേസും ബെസ്റ്റ് ബേക്കറി കേസുല്ലൊം ഇതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് രേഖപ്പെടുത്തി കുറ്റാന്വേഷണത്തിന്റെ പ്രാരംഭദിശയില്‍ മാത്രമായിട്ടുള്ള ഒരു കേസില്‍ അന്വേഷണത്തിന്റെ ഓരോ ചലനങ്ങളും കൂലംകഷമായി പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്ത് കുറ്റവാളികളെ കണെ്ടത്താനുള്ള മാധ്യമ പ്രവണത എത്രകണ്ട് ആശാസ്യമാണ് എന്നത് നമ്മുടെ മാധ്യമപ്രവര്‍ത്തകരും അവരെ ബ്രേക്കിംഗ് ന്യൂസിനായി പ്രേരിപ്പിക്കുന്ന മാധ്യമ മുതലാളിമാരും ചിന്തിക്കേണ്ടതല്ലെ. തെറ്റായതോ ഉത്തരവാദിത്വമില്ലാത്തതോ ആയ വാര്‍ത്തകള്‍ നല്‍കില്ലെന്ന ലക്ഷ്മണ രേഖ പാലിക്കാന്‍ മാധ്യമങ്ങള്‍ സ്വയം തയാറായില്ലെങ്കില്‍ അത് സമൂഹത്തിനുതന്നെയാണ്് ഹാനികരമാകുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക