Image

അവധി ( കവിത: അനിൽ ബാബു കോടന്നൂര്‍)

ബാബു കോടന്നൂര്‍ Published on 02 December, 2020
അവധി ( കവിത:  അനിൽ  ബാബു  കോടന്നൂര്‍)
അവധിക്കപേക്ഷിക്കുമ്പോള്‍
കാരണങ്ങള്‍ കണ്ടെത്തേണ്ടുന്നത്
ന്യായമായ കീഴ്വഴക്കങ്ങളാണ്...
ഒരിക്കലും പാലിക്കപ്പെടാതെ
പോയത്, നീ എന്നില്‍നിന്ന്
അവധിയെടുക്കുമ്പോഴായിരുന്നു...
ഇഷ്ടങ്ങള്‍ക്ക് എതിരുപറയാതെ
അപേക്ഷകള്‍ പലപ്പോഴും നിശബ്ദം,
അംഗീകരിക്കപ്പെടുകയായിരുന്നു...
രണ്ടു ദിവസം കഴിയുമ്പോള്‍
ഒരു ചെറുചിരിയോടെ
ഹാജരുബുക്കില്‍  നിന്റെ
കയ്യൊപ്പു പതിഞ്ഞുകാണുമ്പോള്‍
ഉള്ളിലെ ചെറുനീരസങ്ങളുടെ
പുളിച്ചുതികട്ടലുകള്‍ക്ക്
തണുത്ത പഴങ്കഞ്ഞിയുടെ
രുചിത്തെളിമയായിരുന്നു...
ഇന്ന് രണ്ടുദിവസമാകുന്നു,
ഒഴിഞ്ഞിരിപ്പിടത്തിലേക്ക്
കണ്ണു പോകുമ്പോള്‍, ഇടനെഞ്ചില്‍
ഒരു നീറ്റല്‍പോലെ
നീയറിയുന്നില്ലല്ലോ,
ശമ്പളമില്ലാത്ത അവധിയായാലും
കാരണമറിയിച്ചിരുന്നെങ്കില്‍
ആകുലതയ്‌ക്കൊരു ശമന -
മുണ്ടാകുമായിരുന്നെന്ന യാഥാര്‍ഥ്യം...

അവധി ( കവിത:  അനിൽ  ബാബു  കോടന്നൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക