Image

ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി ബ്രിട്ടന്‍; അടുത്ത ആഴ്ച മുതല്‍ ജനങ്ങളിലേക്ക്

Published on 02 December, 2020
ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി ബ്രിട്ടന്‍; അടുത്ത ആഴ്ച മുതല്‍ ജനങ്ങളിലേക്ക്

ലണ്ടന്‍: പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്ബനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ, കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറി. 


ജര്‍മ്മന്‍ കമ്ബനി ബയോണ്‍ടെക്കുമായി ചേര്‍ന്ന് അമേരിക്കന്‍ മരുന്നു കമ്ബനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഡിസംബറില്‍ വിതരണത്തിന് എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്നാണ് കമ്ബനി അവകാശവാദം.


അതെ സമയം അമേരിക്കയിൽ  ഫൈസര്‍ വാക്‌സിനു അനുമതി വൈകുന്നതെന്തെന്നു വിശദീകരിക്കാന്‍ എഫ്.ഡി.എ. അഡിമിനിസ്റ്റ്രേറ്റര്‍ ഡോ. സ്റ്റീഫന്‍ ഹാഹനെ വൈറ്റ് ഹൗസ് വിളിച്ചു വരുത്തി. അമേരിക്കക്കു മുന്‍പ് ബ്രിട്ടന്‍ ഫൈസര്‍ വാക്‌സിനു അനുമതി നല്‍കുമെന്ന സ്ഥിതിയിലാണിത്. ബ്രിട്ടനില്‍ നിബന്ധനകള്‍ കുറച്ചു കൂടി ലളിതമാണ്.


ഫൈസറിന്റെയും മൊഡേണയുടെയും വാക്‌സിനുകള്‍ക്ക് എഫ്.ഡി.എ. അനുമതി ലഭിച്ചാല്‍ ഈ മാസം തന്നെ 22 മില്യന്‍ പേര്‍ക്ക് വാക്‌സിന്‍ നല്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. ഹെല്ത്ത്‌കെയര്‍ ജോലിക്കാര്‍, നഴ്‌സിംഗ് ഹോമിലുള്ളവര്‍, 65 പിന്നിട്ടവര്‍ തുടങ്ങി മുന്‍ ഗണനാ ക്രമത്തിലാണു വാക്‌സിന്‍ നല്‍കുകയെന്നു എഫ്.ഡി.എ  പറയുന്നു.


പത്ത് മാസത്തെ ശ്രമഫലമായിട്ടാണ് വാക്‌സിന്‍ തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടന്‍ വിതരണത്തിന് അനുമതി നല്‍കിയതോടെ കൂടുതല്‍ രാജ്യങ്ങള്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങിയാലും രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. സാമൂഹിക അകലം പാലിക്കുകയും മാസ്‌കും രോഗ പരിശോധനയും തുടരേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.


കൊറോണ വൈറസിനെതിരേ പോരാടുന്നതിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നകിനും ശരീരത്തെ പര്യാപ്തമാക്കുന്നതാണ് പുതിയ വാക്‌സിന്‍. 


ബ്രിട്ടനിൽ  ആദ്യം ആര്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത് എന്ന കാര്യത്തില്‍ മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാകും ആദ്യം കുത്തിവയ്ക്കുക. ക്രിസ്്മസിന് മുമ്ബ് ആദ്യ സ്‌റ്റോക്ക് മുഴുവനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 വയസിന് മുകളിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും കുത്തിവയ്ക്കും. ദിവസങ്ങളുടെ ഇടവേളകളില്‍ രണ്ട് വീതം ഇഞ്ചക്ഷനാണ് നല്‍കുക. 


40 ദശലക്ഷം ഡോസ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 20 ദശലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വീതമാണ് വിതരണം ചെയ്യുക. 10 മില്യണ്‍ ഡോസ് ഉടന്‍ ലഭ്യമാക്കും. അതിവേഗം എല്ലാ ജനങ്ങള്‍ക്കും കുത്തിവയ്പ്പ് നടത്താനാണ് ബ്രിട്ടന്റെ തീരുമാനം. 


 ഫൈസറിന്റെ  വാക്സിന്‍ ഇന്ത്യയില്‍ എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. 


ഇന്ത്യയില്‍ വാക്സിന്‍ വിതരണം നടത്തണമെങ്കില്‍ ആദ്യം ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തേണ്ടതുണ്ട്. എന്നാല്‍ ഫൈസറോ ഫൈസറിന്റെ പങ്കാളിത്ത കമ്ബനികളോ ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ അനുമതി തേടിയിട്ടില്ലെന്നാണ് വിവരം.


 ഓഗസ്റ്റില്‍ ഫൈസറുമായി ഇന്ത്യ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട പുരോഗതിയെപറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന ഓക്സ്ഫ‌ഡ് - ആസ്ട്രാസെനക വാക്സിന്‍ ഉള്‍പ്പെടെയുള്ള അഞ്ച് വാക്സിനുകളിലാണ് ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക