Image

വേലക്ക് മുൻപ് (കഥ: പി രഘുനാഥ്)

Published on 03 December, 2020
 വേലക്ക് മുൻപ് (കഥ: പി രഘുനാഥ്)
വേല നാളെയാണ്.
വേലക്ക് അമ്പലം ദീപവിതാനങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കും. വൈദ്യുതിശോഭയില്‍ വേലപ്പറമ്പും പരിസരവും നാഗാരാഡംബരം പോലെ അണിഞ്ഞൊരുങ്ങിയിരിക്കും.

ഗാനമേള ഇന്നാണ്. നാടകം നാളെ. ഗാനമേളക്കുള്ള സ്റ്റേജില്‍ വിവിധ വര്‍ണ്ണത്തിലുള്ള ഡെക്കറേഷന്‍ ബള്‍ബുകള്‍ ക്രമീകരിക്കുകകയായിരുന്നു. ഭഗവതിയുടെ വീരാളിപ്പാട്ടിന് കടും ചെമപ്പുനിറമാണ്. ഭഗവതിയുടെ മഞ്ഞ ലോഹനിറമാര്‍ന്ന മേനി വീരാളിപ്പാട്ടിന്‍റെ ചുമപ്പില്‍ പൊതിഞ്ഞ്.

പൂവുകള്‍ നിറഞ്ഞ ചില്ലിന്‍റെ സുതാര്യതയിലൂടെ കാണുന്ന റമ്മിന് ഒരുതരം ചെമപ്പ് നിറമാണ്. ഭഗവതിയ്ക്കും സുതാര്യതയ്ക്കും അപ്പുറം ഒരേ നിറം; ചെമപ്പ്

ഇലക്ട്രിസിറ്റി ബോര്‍ഡിലെ കാഷ്വല്‍ തൊഴിലാളിയാണ് നാരായണന്‍ നായരും അരവിന്ദനും ഗണേഷും.

ഇന്ന് പൊതു അവധിയാണ്. പത്രങ്ങള്‍ക്കുപോലും ഒരു മുടക്കു ദിനം. മറ്റന്നാളത്തെ ദിനപത്രത്തില്‍ ചരമകോളത്തില്‍ ഒരിടത്ത്,

ഷോക്കേറ്റു മരിച്ചു.

ചാക്കാഞ്ചേരി: വൈദ്യുതലൈനില്‍ പണിയെടുത്തുകൊണ്ടിരിക്കെ. കാഷ്വല്‍ തൊഴിലാളിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.

ഇരുപത്തൊന്നുകാരനായ ഗണേഷിന് ഷോക്കേല്‍ക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് ഒരു ഹൃസ്വ വിവരണം ഇതില്‍ത്തന്നെ രണ്ടിടത്ത് കാഷ്വല്‍ എന്ന വിശേഷണത്തിന്‍റെ ആവര്‍ത്തനം.

ശങ്കരന്‍ നായര്‍ക്ക് മദ്യപാനത്തെക്കുറിച്ച് വലിയ അറിവോ സങ്കല്പങ്ങളോ ഉണ്ടായിരുന്നില്ല. വേലക്കോ എന്തെങ്കിലും വിശേഷങ്ങള്‍ക്കോ കഴിക്കണം. അതും തന്‍റെ ഏറ്റവും അടുത്ത ചങ്ങാതിയായ ഔസെഫ് ഒന്നിച്ച്, ഔസേഫിന്‍റെ ഷോപ്പിലിരുന്ന്, ഫ്രിഡ്ജിലെ തണുത്ത വെള്ളമൊഴിച്ച്........

കിങ് ജോര്‍ജിന്‍റെ ഒരു ഫുള്‍ബോട്ടില്‍ ഉച്ചക്കു തന്നെ ശങ്കരന്‍ നായരുടെ ഇളയ മകന്‍ പെരിഞ്ചേരിയില്‍ നിന്ന് വാങ്ങി കൊണ്ടുവന്നിരുന്നു.

അലങ്കാര ബള്‍ബുകള്‍ ക്രമീകരിച്ച് കഴിഞ്ഞു. ഇനി സ്വിച്ചിട്ട് കളര്‍ കോമ്പിനേഷന്‍ ഒന്ന് കാണുകയേ വേണ്ടു.
സന്ധ്യയ്ക്ക് ഒന്നാം പാലത്തിനപ്പുറം കൊയ്തതൊഴിഞ്ഞ പാടത്ത് നിഴല്‍രൂപങ്ങള്‍ നാല്. ഗണേഷ്, ദിലീപ്, ചന്ദ്രന്‍, സുരേഷ്. പൊരിച്ച മുട്ടയും മാങ്ങാ അച്ചാറും വെവ്വേറെ ഇലകളില്‍.

ഒരു ഹാഫ് ബോട്ടില്‍ ഓള്‍ഡ് കാസ്കിന്‍റെ അടപ്പ് തിരിച്ചു തുറക്കപ്പെട്ടു. ഗ്ലാസിലെ ചെമപ്പിലേക്ക് സോഡാ നുരഞ്ഞുപൊന്തി. നാല് ഗ്ലാസ്സുകള്‍ ഒന്നാകും വേളയില്‍:

"ചിയേര്‍സ്ڈ"

ദിലീപ് പറഞ്ഞു:

"ഒരു തുടക്കം മാത്രമാകുന്നു ഇത്. വേല തുടങ്ങുന്നു എന്നതിന്‍റെ സൂചന."
ഗ്ലാസിന്‍റെ ചെമപ്പും നുരയും പിന്നെയും നുരഞ്ഞുയര്‍ന്നു.

ചന്ദ്രന്‍ പറഞ്ഞു:

"ദേ നോക്ക് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും, ഇന്നേക്ക് കൃത്യം രണ്ടു കൊല്ലം തികയാ ന്‍റെ ചിട്ടിക്കമ്പനിക്ക്. കഴിഞ്ഞേന്നു മുമ്പിലത്തെ തറേപറളാണ് പഞ്ചായത്ത് പ്രസിഡണ്ട് ഉത്ഘാടനം ചെയ്തത്......."

ചൂണ്ടുവിരല്‍കൊണ്ട് അച്ചാര്‍ ഇലയില്‍നിന്ന് വടിച്ചെടുത്ത്,

"ഇത്രനാളായിട്ടും ഒരുത്തനോടും ഞാന്‍ കണക്കു പറഞ്ഞിട്ടില്ല എന്താ കാരണം? എനിക്കതിന്‍റെ ആവശ്യമില്ല. ഒരുത്തനേം എനിക്ക് ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല"

ചൂണ്ടുവിരല്‍ വായില്‍ കടത്തി നാവില്‍തേച്ചു

"നോക്ക് പരുന്തിന് പോലും പറക്കാന്‍ കഴിയില്ല്യ എന്‍റെ കാശിനു മീതെ. ഇഷ്ടംപോലെ വാരിവിതറി കളിക്കാനുണ്ട് എന്‍റെല്."

കൈവിരലുകള്‍ക്കിടയില്‍ ഗ്ലാസ് വായുവില്‍ ഉയര്‍ന്നുതാണു.

ദിലീപ് പറഞ്ഞു:

"എനിക്കകെയുള്ളത് ഒരോട്ടയാണ്. പറയാന്‍ മാത്രമൊന്നും എനിക്കതില്‍നിന്നു ഉണ്ടാക്കാനായിട്ടില്ല. ഓടി കിട്ടണ കാശ് അതേപടി അമ്മയെ ഏല്പിക്കും. കാശടക്കുന്നതു പോലും അമ്മയാണ്. എന്നാലും എന്‍റെ ആവശ്യം, അത് കഴിഞ്ഞേ ഉള്ളു എന്തും."

ഇലയില്‍നിന്ന് മഞ്ഞ നിറത്തിലുള്ള ഓംലെറ്റിന്‍റെ ഒരു വലിയ കഷണം പൊട്ടിച്ചെടുത്ത്, വായില്‍ വെച്ച് സുരേഷ് തുടങ്ങി:

"എനിക്ക് തുടങ്ങേണ്ടത് എന്‍റെ തണ്ടല്ലില്‍ നിന്നാണ്. വിറക് ഏറ്റിയേറ്റി നാട് നിവരാതെയായി. നടുവേദന മാറാനായിട്ടാണ് ഞാനിത് കഴിച്ചുതുടങ്ങിയതും നിങ്ങടെ കമ്പനിയില്‍ ചേര്‍ന്നതും. ചന്ദനമുട്ടിപോലെ ആളിക്കത്തുന്ന, മണ്ണെണ്ണയോ,എണ്ണയോ ചകിരിയോ പോലും ആവശ്യമില്ലാത്തതാണ് എന്‍റെ വിറക്. ചിത കത്തിക്കുന്നവരോട് ചോദിച്ചാല്‍ പറയും എന്‍റെ വിറകിന്‍റെ മെച്ചമെന്താണെന്ന്"..ڇ                 ബുള്‍സൈല്‍ നിന്ന് മുട്ടയുടെഉണ്ണി അടര്‍ത്തിയെടുത്ത് അച്ചാറിലിട്ട് ഉരുട്ടി ഗണേഷ് നാവില്‍ വെച്ചു. ഒന്ന് ചവക്കുക പോലും ചെയ്യാതെ അവനത് വിഴുങ്ങി. ഗ്ലാസ്സിലെ വീര്യം  മൊത്തിക്കുടിച്ച് അവന്‍ പറഞ്ഞു:

"ഞാന്‍ എവിടെ നിന്നാണ് തുടങ്ങുക? ഇന്നലെ വാങ്ങിയ  ടി.വി.യില്‍ നിന്നോ? അതോ മിനിഞ്ഞാന്ന് വലിയ ലാഭത്തില്‍ കിട്ടിയ പതിനായിരത്തിന്‍റെ കുറിയില്‍ നിന്നോ? "

കുപ്പി ഒന്നാകെ ഗ്ലാസ്സിലേക്ക് കമഴ്ത്തി ഗണേഷ് തന്‍റെ തടിച്ചുരുണ്ട ദേഹമൊന്നു വെട്ടിച്ചു.

"ഞാന്‍ പിന്നിട്ട വഴികളെ കുറിച്ച് എനിക്കും നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും പകല്‍ പോലെ ധാരണകളുണ്ട്. ഇതിനിടയില്‍ വളഞ്ഞ ഒരു വഴി പോലും ഞാന്‍ തെരഞ്ഞെടുത്തിട്ടില്ല. ഇനി എന്‍റെ സമ്പാദ്യത്തെക്കുറിച്ചാണെങ്കില്‍."ڇ

ഒന്നാം പാലം കടന്നു കൊയ്തൊഴിഞ്ഞ പാടത്തേക്ക് നാരായണന്‍ നായരും അരവിന്ദനും കാലെടുത്തുവെച്ചു.

സ്റ്റേജിനു പുറകില്‍ കണ്‍ട്രോള്‍റൂമില്‍ നിന്ന് പണിക്കാരന്‍  പയ്യന്‍ സ്വിച്ചിട്ടു. പൂരത്തിന്‍റെ സുവര്‍ണ്ണതയിലേക്ക് കടുംവര്‍ണ്ണങ്ങളൊഴുക്കേണ്ട ഡെക്കറേഷന്‍ ബള്‍ബുകള്‍ മിഴി തുറന്നില്ല. പയ്യന്‍ കുറച്ച് നേരംകൂടി കാത്തുനിന്ന് പൂരകമ്മറ്റിക്കാര്‍ക്കടുത്തേയ്ക്ക് നടന്നു.
അടഞ്ഞ നിരപ്പലകയ്ക്കിപ്പുറം ശങ്കരന്‍നായരും ഔസേപ്പുമിരുന്ന് മുറിഞ്ഞുപോയ തങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. കറണ്ട് വന്നത് ഇപ്പോഴാണ്. കഴിഞ്ഞ രണ്ടു മൂന്ന് മണിക്കൂറുകള്‍ക്ക് ഇരുള്‍നിറമായിരുന്നു. സന്ധ്യയ്ക്ക് തൊട്ടു മുമ്പ് വരെ കറണ്ടുണ്ടായിരുന്നു. കിങ് ജോര്‍ജിന്‍റെ ഫുള്‍ബോട്ടില്‍ തുറന്ന് ആദ്യ പെഗ്ഗിലേക്ക് ഫ്രിഡ്ജില്‍ നിന്നും തണുത്ത വെള്ളം എടുത്ത് ഒഴിക്കുന്നതിനിടയിലാണ് കറന്‍റ് പോയത്. പിന്നെ മെഴുകുതിരി കത്തിക്കാനൊന്നും മെനക്കെട്ടില്ല. വായിലേക്കുള്ള വഴിയറിയാന്‍ വെളിച്ചമൊന്നും വേണ്ടല്ലോ.

അകത്ത് ചെന്ന പെഗ്ഗിന്‍റെ കിക്കില്‍ അവര്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ പിടിപ്പുകേടിനെക്കുറിച്ചും ജീവനക്കാരുടെ നെറിവില്ലായ്മയെക്കുറിച്ചും അവജ്ഞതയോടെ സംസാരിച്ചു. പുറത്ത് ചെറിയൊരു ബഹളം വളര്‍ന്നു വരുന്നുണ്ടായിരുന്നു. കറണ്ട് വരുന്നത് വരെയുള്ള സമയം പോക്കാമെന്ന് കരുതി അവര്‍ ചീറി തുടച്ച് നിരപ്പലക തുറന്ന് പുറത്ത് കടന്നു.

നാരായണന്‍ നായരും അരവിന്ദനും കുറച്ച് നേരത്തെ അന്വേഷണങ്ങളില്‍ നിന്ന് ഒന്നറിഞ്ഞിരുന്നു. പവര്‍ലൂമിന് മുന്നിലെ ട്രാന്‍സ്ഫോര്‍മറില്‍ ആണ് പ്രശ്നം. ഒന്നാം പാലത്തിനപ്പുറത്ത് നിന്നും ഗണേഷിനും വിളിച്ച്  പവര്‍ലൂമിന് മുന്നിലേക്ക് നടക്കുമ്പോള്‍ ചാരായഷാപ്പില്‍നിന്ന്  ഓവർസ്സിയരും ചേര്‍ന്നിരുന്നു, സംഘത്തില്‍.

സിനിമാക്കൊട്ടയി കഴിഞ്ഞ കൊല്ലന്മാരുടെ പടിയെത്തിയപ്പോള്‍ നാരായണന്‍ നായര്‍ കുഴഞ്ഞ നാവുകൊണ്ട് ഗണേഷിനോട് ചോദിച്ചു.             "എത്ര പറയാടാ വീട്ടില്.."

"പതിനൊന്ന്."
" എന്തൊക്കേണ്ട്?
അരവിന്ദന്‍ ആശ്ചര്യം മറച്ചു പിടിച്ചില്ല.

"നെല്ലും അരീം ശര്‍ക്കരേം ആയിട്ടെങ്ങനെ...ڈ"
"ഇപ്രാവശ്യം കേമത്തത്തില്‍ തന്നാണല്ലോڈ
"അതേ. ചേച്ചീടെ കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യ വേലയല്ലേ. പിന്നെ അമ്മയ്ക്ക് എന്തോ നേര്‍ച്ചയുണ്ടായിരുന്നു. വരുമാനമുള്ളത് എനിക്ക് മാത്രമല്ല. ആള്‍ സഹായത്തിനു ഏട്ടനും ഉണ്ടല്ലോ." ڇ
ട്രാന്‍സ്ഫോമറിന്‍റെ ആകാശ ശാഖകളിലേക്ക് തല ചെരിച്ച് അരവിന്ദന്‍ പിന്‍വലിഞ്ഞു.
"എനിക്ക് മുട്ടൊറക്കണില്ല ഗണേശാ. നീ തന്നെ കേറ്. നിനക്കണ്ണെങ്കില്‍ ഒന്നും രണ്ടുമൊന്നും എവിടേക്കും എത്തില്ലല്ലോڈ"

വാറുചെരിപ്പുകള്‍ അഴിച്ചുവെച്ച് ഗണേശ് ട്രാൻസ്‌ഫോര്‍മറില്‍ കയറി. പ്രധാനപ്പെട്ട മൂന്നു ഫ്യുസുകള്‍ ഊരി ഇരുമ്പുകമ്പിയ്ക്കിടയിലൂടെ താഴേക്ക്, അരവിന്ദന്‍റെ കയ്യിലേയ്ക്കിട്ടു. ഇനിയൊന്ന് കിഴക്കേ കരയിലെ സ്ട്രീറ്റ് ലൈറ്റിന്‍റെതാണ്. അവിടെ സ്ട്രീറ്റ് ലൈറ്റ്  മിക്കവാറും ആരും കുത്താറില്ല. അത് ഊരുന്നതും കണക്കുതന്നെ.

കിഴക്കേ കരയില്‍ റേഷന്‍ കടയ്ക്കു മുന്നിലെത്തുമ്പോള്‍ ദാമോദരന്‍ നായര്‍ക്ക് ചില തോന്നലുകള്‍ ഉണ്ടാകാറുണ്ട്. തറേപറാളായിട്ട് ആള്‍ക്കാര്‍ വെളിച്ചത്തിലൂടെ നടക്കട്ടെ. ആറര കഴിഞ്ഞപ്പോള്‍ റേഷന്‍ കടയില്‍നിന്ന് ഫ്യുസ് വാങ്ങി ദാമോദരന്‍ നായര്‍ തന്‍റെ തോന്നല്‍ പ്രയോഗികമാക്കി.

കിഴക്കുനിന്ന് ഒരു കാറ്റു വീശിയോ എന്ന് ഗണേശിനു സംശയം, വീഴാന്‍പോകുന്നു എന്നൊരു തോന്നല്‍. ഗണേശന്‍ സ്ട്രീറ്റ് ലൈനില്‍ പിടിച്ചാണ് തന്‍റെ.....

മെഡിക്കല്‍ഷോപ്പിന്‍റെ നിരപ്പലക തുറന്ന് ശങ്കരന്‍ നായരും ഔസേപ്പും ഇരുള്‍ രൂപങ്ങളില്‍ ഉത്കണ്ഠകൂലരായി.
അടുത്ത നാളില്‍ ദിനപ്പത്രത്തില്‍ മൂന്നാം  പേജില്‍ :
ഭക്തിയുടെ നിറവില്‍ പനങ്കാട് വേല  കൊണ്ടാടി.
ചാക്കാഞ്ചേരി: ഭക്തിയുടെ നിറവില്‍ കെട്ടുകുതിരകളെ മാനത്തേക്ക് മത്സരിച്ച് എറിഞ്ഞുകളിച്ച രുധിരളി സന്നിധിയിലെ മാമാങ്കം കാഴ്ച പനങ്കാടിനു പുളകമായി....
പന്ത്രണ്ടു പേജ് വരുന്ന ദിനപത്രത്തില്‍ മാമാങ്കാവിശേഷം താല്പര്യത്തോടെ വായിച്ച് തീര്‍ത്ത ഓട്ടുപാറയിലെ ഒരു യൂണിയൻക്കാരന്‍ ചരമകോളത്തിലൂടെയും ഒന്ന് പാറിപ്പറന്നു.

മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കറന്‍റ് വന്നു. ടോര്‍ച്ച് തെളിച്ചു കൊയ്തൊഴിഞ്ഞ പാടത്തൂടെ ആരൊക്കെയോ വന്ന് ചന്ദ്രനും കൂട്ടരെയും വിളിച്ചുണര്‍ത്തി. പാതിബോധത്തില്‍ ദിലീപന്‍ ഒഴിഞ്ഞ ഓട്ടോയെടുത്ത് കുതിച്ചു. ചന്ദ്രന്‍ എങ്ങുനിന്നൊക്കെയോ കാശു തപ്പിയെടുത്ത് ടാക്സി വിളിച്ചു. കത്തുന്ന ചന്ദനമുട്ടിയോളം പാളുന്നു തീകാഴ്ചയില്‍ സുരേഷിന്‍റെ തല കവിഞ്ഞു. ഇന്നലത്തെ സപ്ലിമെന്‍റില്‍ കഥാകാരനായ ഒരു പത്രലേഖകന്‍  മാമാങ്കത്തെ പറ്റി എഴുതിയിരിക്കുന്നു.

...ഉച്ചക്ക് രണ്ടു മണിയോടുകൂടി വിവിധ ദേശങ്ങളില്‍ നിന്ന് കുതിരകള്‍ ക്ഷേത്രസന്നിധിയില്‍ നെല്‍പ്പാടത്ത് ഒന്നിക്കുന്നു. വിരുട്ടാന്‍ തറ ദേശത്തെ കുതിരകള്‍ക്കൊപ്പം അകമ്പടിയായി കുംഭക്കൂടത്തിന്‍റെ മനോഹാരിത ഉണ്ടാകും. തുടര്‍ന്ന് കോരണങ്ങാട്ടുകര  ക്ഷേത്രത്തില്‍ വച്ച് കുതിരകളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കലാണ്. പിന്നെ രുധിരളി ഭഗവതി സന്നിധിയിലേക്ക് തങ്ങളുടെ കാലുകളിലൂടെ കുതിച്ചോടുന്നു...ڈ

കുപ്പിയിലെ തണുത്ത വെള്ളം തീര്‍ന്നപ്പോള്‍ അടുത്ത കുപ്പിയെടുക്കാനായി ഔസേപ്പ് ഫ്രിഡ്ജ് തുറന്ന്. ഫ്രിഡ്ജിന്‍റെ തട്ടില്‍ നിന്നും ഒരാപ്പിള്‍ ഫ്ളൂറസെന്‍റ് വെളിച്ചത്തിലേക്ക് ഉരുണ്ടു. ഗ്ലാസ്സിലേക്ക് കമഴ്ത്തിയ കുപ്പിയില്‍ നിന്നും വെള്ളം വീണില്ല.അത് ഉറഞ്ഞ കട്ടയായിരുന്നു.

"ശങ്കരന്‍ നായരേ ഒരു മെഴുകുതിരി കത്തിക്ക് ഈ ഐസൊന്നു ഉരുക്ക്."

തറയില്‍ നിശ്ചലമായി കിടക്കുന്ന ആപ്പിളെടുത്ത് ഔസേപ്പ് കടിച്ചു. ഔസേപ്പിന്‍റെ പല്ലുകള്‍ക്കിടയിലൂടെ മരവിപ്പ് അരിച്ചരിച്ചു കയറി. പലകയ്ക്കിടയിലൂടെ റോഡില്‍ വന്നുവീണ ആപ്പിള്‍ സ്ട്രീറ്റ് ലൈറ്റിന്‍റെ പ്രകാശത്തില്‍ പൊടിപുരണ്ടുകിടന്നു.

കിങ് ജോര്‍ജിന്‍റെ ഫുള്‍ബോട്ടില്‍ ഗ്ലാസ്സിലേക്ക്നിറഞ്ഞു. ഗണേശന്‍റെ വീട്ടില്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ഒരു ബന്ധു തളര്‍ന്നു കിടക്കുന്ന  അമ്മയുടെ മുഖത്തൂടെ, ചാണകം മെഴുകിയ മുറ്റത്ത് അണിഞ്ഞിരിക്കുന്ന കളങ്ങളില്‍ നിന്ന് പറകള്‍ ചായ്പ്പിലേക്കെടുത്ത് വച്ചു.

ഫീച്ചറില്‍ കഥാകാരന്‍ തുടരുന്നു.

...കാണാന്‍ രസമുള്ള കാഴ്ചകളിലൊന്നാണ് ഹരിജന്‍ വേല. ക്ഷേത്രസന്നിധിയിലെ കാറൊഴിഞ്ഞ ആകാശത്തേക്ക് തിറയും പൂതവും നെഞ്ചു വിരിച്ച് വിഹരിക്കുന്നു. കുതിരകള്‍ മത്സരച്ചട്ടത്തിനും ശേഷം തളര്‍ന്നു കമ്പിവേലിക്കിപ്പുറം കിതപ്പടക്കി നില്‍ക്കുന്നു. പൊടിപടലങ്ങള്‍ക്കിടയില്‍ പകല്‍പ്പൂരം ഒടുങ്ങുന്ന കാഴ്ചയിതാണ്...

രാവേറെ ചെന്നപ്പോള്‍ കിംഗ് ജോര്‍ജിന്‍റെ ഒഴിഞ്ഞ ഫുള്‍ ബോട്ടിലിനു കീഴെ തറയില്‍ ശങ്കരന്നായരും ഔസേപ്പും കൈകോര്‍ത്ത് കിടന്നിരുന്നു.

വേല നാളെ തുടങ്ങാനിരിക്കുന്നതേയുള്ളു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക