Image

ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമാ സെക്രട്ടറി സ്ഥാനത്തേക്ക്‌ നോമിനേഷന്‍ സമര്‍പ്പിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 June, 2012
ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമാ സെക്രട്ടറി സ്ഥാനത്തേക്ക്‌ നോമിനേഷന്‍ സമര്‍പ്പിച്ചു
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ വിവിധ സാമൂഹിക-സാംസ്‌കാരിക-രാഷ്‌ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ നോമിനേഷന്‍ സമര്‍പ്പിച്ചു. കാര്‍ണിവല്‍ ഗ്ലോറി എന്ന ആഢംബര കപ്പലില്‍ ഓഗസ്റ്റ്‌ ഒന്നു മുതല്‍ ആറുവരെ നടക്കുന്ന ഫോമയുടെ മൂന്നാമത്‌ കണ്‍വെന്‍ഷനില്‍ വെച്ചാണ്‌ ഇലക്ഷന്‍ നടക്കുന്നത്‌.

ഇന്‍ഡോ-അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ നാഷണല്‍ ട്രഷറര്‍, മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌, ഇല്ലിനോയിസ്‌ മലയാളി അസോസിയേഷന്‍ സെക്രട്ടറി, ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍, ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രിസിഗ്‌റ്റ്‌ കമ്മിറ്റിമാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്‌ നേതൃപാടവം തെളിയിച്ച വ്യക്തിയാണ്‌ ഗ്ലാഡ്‌സണ്‍.

ഷിക്കാഗോയില്‍ വെച്ച്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം നിര്‍വഹിച്ച ഫോമയുടെ `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌' സമ്മിറ്റ്‌, എ.കെ.എം.ജി, എ.എ.പി.ഐ, മീന, നൈന തുടങ്ങി 12 പ്രൊഫഷണല്‍ സംഘടനകളെ ഒന്നിച്ചണിനിരത്തി നടത്തിയ സമ്മേളനം വന്‍ വിജയമാക്കിത്തീര്‍ത്തതിന്റെ കോ- ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ആയിരുന്നു. അമേരിക്കയിലെ ബിസിനസുകള്‍ക്ക്‌ പ്രയോജനം ലഭിക്കുന്ന രീതിയിലുള്ള ബില്ലുകള്‍ക്ക്‌ രൂപം നല്‍കാന്‍ ചിക്കാഗോ ബിസിനസ്‌ കൗണ്‍സില്‍, വൈറ്റ്‌ ഹൗസ്‌ സന്ദര്‍ശിച്ച സംഘത്തിലും ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അംഗമായിരുന്നു. പ്രസിഡന്റ്‌ ഒബാമയുടെ ഇലക്ഷന്‍ കാമ്പയിനിലും ഗ്ലാഡ്‌സണ്‍ അംഗമാണ്‌.

ഫോമയെ അമേരിക്കയിലുള്ള മറ്റ്‌ മലയാളി സംഘടനകളുടെ സഹകരണത്തോടുകൂടി അംഗബലത്തിലും സാമ്പത്തികപരമായും ശക്തിപ്പെടുത്തുകയും, ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അമേരിക്കന്‍ മലയാളികള്‍ക്ക്‌ പ്രയോജനപ്പെടുന്ന നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നിവയ്‌ക്കായിരിക്കും കൂടുതല്‍ ഊന്നല്‍നല്‍കുകയെന്ന്‌ ഗ്ലാഡ്‌സണ്‍ പറഞ്ഞു.

ഗ്ലാഡ്‌സണ്‍ എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്റെ പ്രസിഡന്റ്‌ ആയിരുന്നപ്പോഴാണ്‌ കേരളത്തിലുള്ള നിര്‍ധനരായ നൂറ്‌ കുട്ടികള്‍ക്ക്‌ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ്‌ നല്‍കുകയും, ഫ്‌ളോറിഡ, വാഷിംഗ്‌ടണ്‍ ഡി.സി എന്നീ സ്ഥലങ്ങളില്‍ ചാപ്‌റ്ററുകള്‍ രൂപീകരിക്കുകയും, കേരളത്തില്‍ മാലിന്യനിര്‍മ്മാജനത്തിന്‌ ഉമ്മന്‍ചാണ്ടിയുമൊത്ത്‌ പുതുപ്പള്ളിയില്‍ മാലിന്യ പ്ലാന്റിനുള്ള പ്ലാന്‍ ഉണ്ടാക്കുകയും അന്നത്തെ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മോന്‍സ്‌ ജോസഫുമൊത്ത്‌ കേരളത്തില്‍ റബറൈസ്‌ഡ്‌ റോഡുകള്‍ക്ക്‌ അമേരിക്കന്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള പ്രപ്പോസല്‍ സമര്‍പ്പിക്കുകയും ചെയ്‌തത്‌.

ഇന്ത്യാനയിലുള്ള പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും, എം.ബി.എ ബിരുദവും നേടിയശേഷം വെസ്റ്റിംഗ്‌ ഹൗസ്‌ കോര്‍പ്പറേഷനില്‍ ഡിവിഷണല്‍ ഡയറ്‌കടറായി ജോലി ചെയ്യുന്നു. ഷിക്കാഗോയിലെ ലിങ്കണ്‍ഷെയറിലാണ്‌ താമസം. ഭാര്യ: ഡോ. മറീന ഗ്ലാഡ്‌സണ്‍ വിസ്റ്റ ആശുപത്രിയില്‍ ഫിസിഷ്യനാണ്‌. ആല്‍വിനും, ആബേലുമാണ്‌ മക്കള്‍.
ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമാ സെക്രട്ടറി സ്ഥാനത്തേക്ക്‌ നോമിനേഷന്‍ സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക