കൊറോണയ്ക്ക് ഞാൻ ചരമക്കുറിപ്പ് രചിക്കട്ടെ (വിജയ് സി. എച്ച്)
kazhchapadu
03-Dec-2020
kazhchapadu
03-Dec-2020

മരപ്പണിയിൽ മനസ്സിലാകാത്ത സൂത്രപ്പണികളാൽ പണ്ട് പെരുന്തച്ചനെ അദ്ദേഹത്തിൻറെ പുത്രൻ തോൽപിച്ചതായി നാടോടിക്കഥകളിൽ പരാമർശങ്ങളുണ്ട്. എന്നാൽ, ആറങ്ങോട്ടുകരക്കാരൻ മനോ നിർമ്മിക്കുന്ന ഏടാകൂടം ഒന്നു കൂട്ടാൻ ആ രണ്ടു തച്ചന്മാരും കൂട്ടിയാൽ കൂടുമെന്നുതോന്നുന്നില്ല!
മരപ്പണി പരമ്പരാഗത തൊഴിലായി സ്വീകരിച്ച ഒരു കുടുംബത്തിലെ അംഗമല്ല മനോ എന്നുകൂടി അറിയുമ്പോൾ, അദ്ദേഹമുണ്ടാക്കുന്ന ഏടാകൂടങ്ങൾക്ക് വ്യക്തിഗതമായ കരകൗശലവിദ്യയുടെ പരമോന്നത സ്ഥാനമാണ് അതു കാണുന്നർ കൊടുക്കുക.
.jpg)
അകപ്പെട്ടുപോകുന്നൊരു വിഷമഘട്ടത്തെ വിശേഷിപ്പിക്കാനാണ് ഏടാകൂടമെന്ന പദം പണ്ടുകാലം മുതലെ നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെങ്കിൽ, വിദേശങ്ങളിൽനിന്നെത്തിയ ബ്ലോക്ക് പസ്സിലും റൂബിക്സ് ക്യൂബും തല പുകയുന്ന ഈ നാടൻ പ്രശ്നത്തിൻറെ കുഞ്ഞനിയന്മാർ!
ഹംഗറിയിലെ കൊത്തുപണി വിദഗ്‌ദ്ധൻ എർണോ റൂബിക് 1974-ൽ കണ്ടുപിടിച്ച Rubik's Cube-ഉം, 1880-ൽ അമേരിക്കക്കാരനായ സാം ലോയ്ഡ് രൂപകൽപ്പന ചെയ്ത Sliding Puzzle-ൽ നിന്ന് ജന്മമെടുത്ത വിവിധയിനം മേജിക് ബ്ലോക്കുകളും വിനോദത്തിന് കുട്ടികൾ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങളായിത്തന്നെ ഇന്നും നിലകൊള്ളുമ്പോൾ, ഏടാകൂടങ്ങൾ തുടക്കം മുതലേ കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ആകർഷണമാണ്.
പഴയകാലത്ത് നമ്മുടെ രാജകൊട്ടാരങ്ങളിലും പണ്ഡിതസദസ്സുകളിലും ഏടാകൂടം ഒരു ബൗദ്ധിക വ്യായാമമായി സ്ഥാനം പിടിച്ചിരുന്നു. തർക്കശാസ്ത്രത്തിൽ ഏർപ്പെടുന്നവരുടെ ധിഷണാ വിലാസം തെളിയിക്കേണ്ടത് എടാകൂടങ്ങൾ അഴിച്ചുമാറ്റി പഴയ രൂപത്തിൽ കൂട്ടിചേർത്തുകൊണ്ടുമായിരുന്നു. അതിനാൽ, ഏടാകൂടത്തിലെ തോൽവി ഏറെ അപമാനകരമായാണ് കരുതപ്പെട്ടിരുന്നത്.
"എൻറെ വർക്കുകൾ കൊള്ളാമോയെന്ന് നോക്കാനെത്തിയ ഒരാൾക്ക് 24 കട്ടകളുള്ള ഒരു ഏടാകൂടം ഞാൻ എടുത്തു കൊടുത്തു. അൽപനേരത്തെ പരിശോധനക്കൊടുവിൽ അദ്ദേഹം അതിലെ ലോക്ക് പീസ് കണ്ടുപിടിച്ചു. പിന്നെ താമസിച്ചില്ല, കഷ്ണങ്ങൾക്ക് നമ്പറുകൾ രേഖപ്പെടുത്തിക്കൊണ്ട് ഓരോന്നായി അഴിച്ചുമാറ്റി. എന്നാൽ, അന്നുമുഴുവനും, പിറ്റേന്ന് അസ്തമയം വരെയും അത് സംയോജിപ്പിക്കാൻ അദ്ദേഹം ലയിച്ചിരുന്നു മിനക്കെട്ടു. പക്ഷെ ഏടാകൂടം കൂടിയില്ല! പലകുറി അദ്ദേഹം 23 കഷ്ണങ്ങളെ കൂട്ടിച്ചേർത്തു, പക്ഷെ ലോക്ക് പീസ് മുഴുവനായി ഉള്ളിലേക്ക് കയറിയില്ല. ഓരോ തവണയും വ്യത്യസ്ത ദൂരങ്ങളിൽ ചെന്നു മുട്ടി നിന്നു. ഏതെങ്കിലും ഒരു കഷ്ണം അടുക്കുമ്പോൾ പറ്റിയ വളരെ സൂക്ഷ്മമായൊരു അലൈൻമെൻറ് പിശക് മതി ലോക്ക് പീസിന് തടസ്സം നിൽക്കാൻ," മനോ വിവരിച്ചു.
സംഭ്രമിച്ച്, ഇതെന്തൊരു ഏടാകൂടമെന്ന് അഭിപ്രായപ്പെട്ട് ഇറങ്ങിപ്പോകും മുന്നെ, ആ ഏടാകൂടം അദ്ദേഹത്തിനു മുന്നിൽ മനോ നിമിഷങ്ങൾക്കകം കൂട്ടിച്ചേർത്തു കാണിച്ചുകൊടുത്തു!
കഷ്ണങ്ങളുടെ എണ്ണം കൂടുന്നതിന് ആനുപാതികമായല്ല ഒരു ഏടാകൂടത്തിൻറെ സങ്കീർണ്ണത വർദ്ധിക്കുന്നതെന്ന് മനോ സ്പഷ്ടമാക്കുന്നു.
ഏറ്റവും ചെറിയ ഏടാകൂടത്തിൽ മൂന്നു ബ്ലോക്കുകളാണുള്ളത്. ഇതിൽ ലോക്ക് പീസ് ഇല്ല. രണ്ടെണ്ണം തുല്യമായ കോൺ അളവുകളിലും, മൂന്നാമത്തേത് മറ്റൊരു അളവിലും ഉള്ളതാണ്. ഇവ വെക്കേണ്ട രീതിയിൽ പിണച്ചുവച്ച് തിരിച്ചു മുറുക്കണം. പിന്നെയത് വേറിടണമെങ്കിൽ, അതിനു വിപരീത ദിശയിൽ അതേ കോണിലും അളവിലും തിരിച്ചു കറക്കണം.
"ലോക്ക് പീസ് ഇല്ലാത്ത ഏടാകൂടങ്ങൾ കൂട്ടുന്നതും അഴിക്കുന്നതും കൂടുതൽ ശ്രമകരമാണ്," ഏടാകൂട വിദഗ്‌ദ്ധൻ വ്യക്തമാക്കി.
നിർമ്മിതിയിലെ മികവാണ് ഒരു ഏടകൂടത്തിൻറെ സങ്കീര്‍ണ്ണത നിശ്ചയിക്കുന്നത്. "അതുണ്ടാക്കുമ്പോൾ പുലർത്തുന്ന കൃത്യതയും, സൂക്ഷ്‌മതയും, യുക്തികൗശലവുമാണ് ഒരു ഏടാകൂടത്തെ വലിയൊരു സമസ്യയാക്കുന്നത്," മനോ എടുത്തു പറഞ്ഞു.
"എത്ര കട്ടകളുണ്ട്, അവയുടെ വലിപ്പമെത്ര, ഏടാകൂടത്തിൻറെ രൂപമെന്താണ് എന്നുള്ളതൊക്കെ അത്ര നിർണ്ണായകമായ ഘടകങ്ങളല്ല."
ഇതുവരെ അമ്പതിലേറെ തരം ഏടാകൂടങ്ങൾക്കു രൂപം നൽകിയതിൽ, വിഭാവനം ചെയ്യാനും തേക്കുതടിയിൽ അവ പ്രാവർത്തികമാക്കാനും ഏറ്റവും ക്ലേശം അനുഭവപ്പെട്ടത് തോക്കും, കപ്പലും, വിമാനവും നിർമ്മിക്കുമ്പോഴായിരുവെന്ന് മനോ ഓർക്കുന്നു.
"ഒരിനം ഒരിക്കൽ നിർമ്മിച്ചാൽ, അത്തരത്തിൽപ്പെട്ടവ കൂടുതൽ എണ്ണം ചെത്തിമിനുക്കിയെടുക്കാൻ ബുദ്ധിമുട്ടില്ല," മനോ വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ ഏടാകൂടം സ്വിറ്റ്സർലാൻറിലാണ്. അതിന് 20 അടിയോളം ഉയരവും ഒരടി മൂന്നിഞ്ച് വീതിയുമുണ്ട്. എന്നാൽ, ഒരു ഏടാകൂടത്തെ വിലയിരുത്തേണ്ടത് അതിൻറെ നീളവും വീതിയും ഉയരവും നോക്കിയല്ല, മറിച്ച് അതിലടങ്ങിയിരിക്കുന്ന തന്ത്രം നോക്കിയാവണമെന്നാണ് മനോയുടെ പക്ഷം.
സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് പിതാവ് സമ്മാനമായി നൽകിയ ഒരു ഏടാകൂടത്തിൽനിന്നു ലഭിച്ച പരിജ്ഞാനമാണ്, വർഷങ്ങൾക്കുശേഷം അതുവരെ പഞ്ചവാദ്യത്തിലെ തിമില കലാകാരനായിരുന്ന മനോയെന്ന മുപ്പത്താറുകാരനെ എണ്ണം പറഞ്ഞൊരു ക്രാഫ്റ്റ്സ് മേനാക്കി മാറ്റിയത്.
"മുന്നെ ചിലത് ചെയ്തു നോക്കിയിരുന്നുവെങ്കിലും, ലോക്ക് ഡൗൺ കാലത്താണ് ഏടാകൂടം ഒരു രാപ്പകൽ ഏർപ്പാടായി മാറിയത്," ഏപ്പോഴും ചിരിക്കുന്ന മനോ അപ്പോഴും ചിരിച്ചു.
"സമ്മാനമായി കിട്ടിയ ആ ഏടാകൂടം അച്ഛന് തൻറെ സുഹൃത്തായിരുന്ന വയസ്സുമൂത്തൊരു മരപ്പണിക്കാരൻ ചെയ്തു കൊടുത്തതായിരുന്നു. അതിൻറെ നിർമ്മാണ മികവും, അത് കൂട്ടാനും അഴിക്കാനും ഉപയോഗിക്കേണ്ട സാങ്കേതികത്വവും എന്നെ അക്കാലത്തുതന്നെ വല്ലാതെ ആകർഷിച്ചിരുന്നു," മനോ ഉള്ളുതുറന്നു.
മേളങ്ങളും, പൂരങ്ങളും, എഴുന്നെൊള്ളിപ്പുമില്ലാത്ത കൊറോണക്കാലത്ത് തിമില തോളിൽനിന്ന് ഇറക്കേണ്ടിവന്നു. ഇക്കാലം മനോ ചിലവിട്ടത് ഏടാകൂട ഗവേഷണങ്ങളിലാണ്. എൻജിനീയറിങ് ഡ്രോവിങ്ങളുടെയോ, മാതൃകാരൂപങ്ങളുടെയോ യാതൊരുവിധ സഹായവുമില്ലാതെ വിഭിന്നമായ ഏടാകൂടങ്ങൾ മനോയുടെ പണിപ്പുരയിൽ പിറവികൊണ്ടു. നക്ഷത്രവും, ചിത്രശലഭവും, കുതിരയും, ഇരട്ട ത്രികോണവും മുതൽ കാളവണ്ടി ചക്രം വരെയുള്ളത്, പന്ത്രണ്ടുമുതൽ ഇരുപത്തിനാലുവരെയുള്ള കട്ടകളിൽ. ഓരോരോ ഏടാകൂടങ്ങളേ!
ജീവിതത്തിലേക്ക് അടുത്ത കാലത്തെത്തിയ പത്നി അനുവാണ് മനോ സൃഷ്ടിക്കുന്ന ഏടാകുടങ്ങളെ ആദ്യം വിലയിരുത്തുന്നത്. "ഒരു സാഹിത്യ നിരൂപകൻ ഒരു പുതിയ നോവൽ വിലയിരുത്തുന്നതുപോലെ, അനു കാര്യങ്ങൾ പറയും. ഒരു ആസ്വാദക എന്ന നിലയിൽ അവളുടെ കണ്ടെത്തലുകൾ ഏടാകൂടത്തിൻറെ ചന്തം വർദ്ധിപ്പിക്കാൻ എന്നെ സഹായിക്കുന്നു," മനോയുടെ വാക്കുകളിൽ ഹൃദ്യത.
"ഒരു ആനയുടെ പണി ഏകദേശം പൂർത്തിയായിട്ടുണ്ട്. അതിൻറെ രൂപലാവണ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെയുള്ളൊരു സ്ഥലത്ത് ലോക്ക് പീസ് കൊണ്ടുവരുന്നതിൻറെ ട്രയലുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഉടനെ പൂർത്തിയാകും," മനോ അറിയിച്ചു.
കൊറൊണയൊഴിഞ്ഞാൽ, പുതിയ തലമുറയുടെ മുന്നിൽ ഏടാകൂടം അവതരിപ്പിക്കാനായി സ്കൂൾ-കോളേജ് തലത്തിലുള്ള പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ മനോ ഉദ്ദേശിക്കുന്നു. "ക്രോസ്സ് വേഡ് പസ്സിലും, ബ്ലോക്ക് പസ്സിലും മാത്രം പരിചയമുള്ള ഇന്നത്തെ കുട്ടികൾക്ക് യഥാർത്ഥ 'പസ്സിൽ' എന്താണെന്ന് കാണിച്ചു കൊടുക്കണം," മനോ ഉത്സാസാഹഭരിതനായി.
നാടൻ കലാരൂപങ്ങൾക്കും കരകൗശല ശാഖകൾക്കും നവചൈതന്യം നൽകിക്കൊണ്ടിരിക്കുന്ന 'വയലി' എന്ന അവരുടെതന്നെ ഫോക് ലോർ കൂട്ടായ്മയിലുള്ള സജീവാംഗങ്ങളുടെ പ്രചോദനം വല്ലാത്തൊരു കുതിപ്പാണ് തനിക്ക് ഏടാകൂട സൃഷ്ടിയിൽ തന്നുകൊണ്ടിരിക്കുന്നതെന്ന് മനോ കൃതജ്ഞതയോടെ ഓർക്കുന്നു.
തൃശ്ശൂർ-പാലക്കാട് ജില്ലകളിലായി വിഭജിക്കപ്പെട്ടുകിടക്കുന്ന ആറങ്ങോട്ടുകരയെന്ന വിസ്‌തൃത ഗ്രാമത്തിൻറെ സമ്പന്നമായ നാട്ടുപൈതൃകം വീണ്ടെടുക്കണമെന്ന ലക്ഷ്യത്തോടെ, അവിടത്തെ കലാസ്നേഹികളായ ചെറുപ്പക്കാരാണ് ഏടാകൂടം, മുളസംഗീതം, മഴോത്സവം മുതലായ കര്‍മ്മോദ്യുക്തമായ പദ്ധതികൾക്ക് ചാലകശക്തിയായി പ്രവർത്തിക്കുന്നത്.
വയലിയുടെ ബേംബൂ മ്യൂസിക്കൽ ട്രൂപ്പിനാവശ്യമുള്ള മുളകൊണ്ടു നിർമ്മിക്കുന്ന സംഗീത ഉപകരണങ്ങൾക്കൊപ്പം, ട്രോഫികളും മറ്റു കീർത്തിസ്തംഭങ്ങളും മനോ മുളയിൽ നിർമ്മിക്കുന്നത് തികഞ്ഞ പാടവത്തോടെ.
മനോയുടെ പുതിയ പ്രോജക്ട് കൊറോണയാണ്. പല കട്ടകളെക്കൊണ്ട് ഒരു ഗോളവും അതിനുമേൽ നിരവധി കുറ്റികളും.
"കുറ്റികളിലൊന്ന് സൂത്രലോക്കായി ഞാൻ ഉപയോഗിക്കും. അത് അഴിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, കൊറോണ രൂപിയായ ഏടാകൂടം അന്നേരംതന്നെ തകർന്നു തരിപ്പണമായി നിലം പതിയ്ക്കും. അങ്കം കൊടുംപിരികൊണ്ടു നിൽക്കുമ്പോൾ, മരയാണി അടിച്ചുണ്ടാക്കിയ ചുരിക പിടിയിൽവച്ച് മുറിഞ്ഞു താഴെ വീഴുന്നതിനു സമാനമായിരിക്കും അത്!












Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments