Image

കൊടിക്കുന്നില്‍ സുരേഷിന് മലയാളി സമൂഹത്തിന്റെ സ്‌നേഹാദരവുകള്‍

Published on 11 June, 2012
കൊടിക്കുന്നില്‍ സുരേഷിന് മലയാളി സമൂഹത്തിന്റെ സ്‌നേഹാദരവുകള്‍
ടീനെക് (ന്യൂജേഴ്‌സി): പാര്‍ട്ടി-സംഘടനാ വ്യത്യാസമില്ലാതെ ട്രൈസ്റ്റേറ്റിലെ മലയാളി സമൂഹം കൊടിക്കുന്നില്‍ സുരേഷ് എം.പിയ്ക്ക് സ്‌നേഹനിര്‍ഭരമായ സ്വീകരണം നല്‍കി.

ടേസ്റ്റ് ഓഫ് ഇന്ത്യാ റെസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തില്‍ മലയാളി സമൂഹം പരിവേദനങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചപ്പോള്‍ എം.പിയ്ക്കും അത്ഭുതം. കാക്കക്കൂട്ടില്‍ കല്ലെറിയുന്നതുപോലെ നാനാഭാഗത്തുനിന്നും ആവലാതികളുടെ പരമ്പര. ഒടുവില്‍ കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാരുടെ കണ്‍വീനര്‍ എന്ന നിലയിലും അഞ്ചുതവണയായി എം.പിയാകുന്ന വ്യക്തിയെന്ന നിലയിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്നാലാവുംവിധം ചെയ്യുമെദ്ദേഹം ഉറപ്പു നല്‍കി.

ഇടയ്ക്ക് ചോദ്യം ഇന്ത്യയിലെ കള്ളപ്പണത്തെക്കുറിച്ചായി. കള്ളപ്പണം നിക്ഷേപിക്കുന്നവരുടെ പേര് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്ത് എന്ന ചോദ്യത്തിനൊപ്പം എം.പിക്ക് സ്വിസ് ബാങ്കില്‍ നിക്ഷേപം ഉണ്ടോ എന്നും ചോദ്യം വന്നു. എം.പിയുടെ മറുപടി ഉള്ളില്‍തട്ടുന്നതായിരുന്നു. കൂലിപ്പണിക്കാരനും ദളിതനുമായ അച്ഛന്റെ മകനാണ് താന്‍. പട്ടിണി കിടുന്നു. പൈപ്പുവെള്ളം കുടിച്ചുമൊക്കെയാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എം.പി ആയിട്ട് ഇത്രയും വര്‍ഷമായെങ്കിലും തന്റെ കുടുംബം ഇപ്പോഴും വാടക വീട്ടിലാണ് കഴിയുന്നത്.

ഒ.സി.ഐ കാര്‍ഡ്, പാസ്‌പോര്‍ട്ട് സറണ്ടര്‍ മുതല്‍ ഇപ്പോള്‍ വിമാനത്താവളങ്ങളില്‍ ഒരു പവനിലേറെ സ്വര്‍ണം ധരിച്ചെത്തുന്ന സ്ത്രീകള്‍ നേരിടുന്ന പീഡനം വരെ പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി. അനാവശ്യമായ പരിഷ്കാരങ്ങള്‍ ജനത്തെ അറിയിക്കുക പോലും ചെയ്യാതെ നടപ്പിലാക്കുന്നു. 20,000 രൂപവരെക്കുള്ള സ്വര്‍ണം കൊണ്ടുവരാമെന്ന നിയമം കൊണ്ടുവന്നപ്പോള്‍ സ്വര്‍ണ്ണത്തിന് പവന് അഞ്ഞൂറോ, അറുനൂറോ രൂപമാത്രം വിലയുള്ളപ്പോഴായിരുന്നു. ഇപ്പോഴത് 20,000 കടന്നുവെന്നത് അധികൃതര്‍ മറന്നു.

സീനിയര്‍ എം.പി എന്ന നിലയില്‍ മന്ത്രിസ്ഥാനത്തിന് അര്‍ഹനായ വ്യക്തിയാണ് സുരേഷ് എന്ന് പലരും ചൂണ്ടിക്കാട്ടി. തങ്ങള്‍ മന്ത്രിയാകുമെന്ന് ആശംസിച്ച് രണ്ടാഴ്ചയ്ക്കകം കെ.സി. വേണുഗോപാല്‍ മന്ത്രിയായി. അതുപോലെ എംപിയുടെ കാര്യത്തിലും സംഭവിക്കട്ടെ എന്നും, അപ്പോള്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കുറച്ചെങ്കിലും പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും പലരും നിര്‍ദേശിച്ചു.

കേരളത്തെപ്പറ്റി ഉയര്‍ന്ന ചോദ്യങ്ങളില്‍ കേരളത്തിലെ മാലിന്യമാണ് മുഖ്യവിഷയമായത്. വ്യക്തികള്‍ തന്നെയാണ് മാലിന്യം ഉണ്ടാക്കുന്നതെന്നും അത് തോന്നിയപോലെ വലിച്ചെറിയരുതെന്നും എം.പി ചൂണ്ടിക്കാട്ടി. പഞ്ചായത്ത് തലം മുതല്‍ മാലിന്യത്തിനെതിരേ നടപടികള്‍ എടുത്തുവരുന്നു.

ന്യൂയോര്‍ക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം മുംബൈയിലെത്തുന്നതിനു മുമ്പ് കൊച്ചിക്കുള്ള ഫ്‌ളൈറ്റ് സ്ഥലംവിടുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാകുന്നുവെന്ന് വര്‍ഗീസ് പ്ലാമൂട്ടില്‍, എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പിന്നീട് 11 മണിക്കൂര്‍ മലയാളികള്‍ കാത്തിരിക്കണം. ഇതേസമയം തമിഴ്‌നാട്, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഉടന്‍ കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ഉണ്ട്.

ഇതു സംബന്ധിച്ച് വേറെയും പരാതികള്‍ ലഭിച്ചതായി എം.പി പറഞ്ഞു. ഇക്കാര്യം മറ്റ് എം.പിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി അധികൃതരെ കാണും.

മാവേലിക്കര ജംങ്ഷനില്‍ നിരന്തരം അപകടം വരുത്തുന്ന പോസ്റ്റ് കാലങ്ങളായിട്ടും മാറ്റാത്തത് രാജു പള്ളം എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അത് നീക്കം ചെയ്യാന്‍ എം.പി പ്രാദേശിക അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണം.

പ്രവാസികള്‍ പ്രതികരിക്കില്ലെന്ന പഴയ സ്ഥിതി അല്ല ഇപ്പോഴുള്ളതെന്ന്, കോണ്‍സുലേറ്റിനു മുന്‍പില്‍ സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ നടത്തിയ ധര്‍ണ അനുസ്മരിച്ച് തോമസ് ടി ഉമ്മന്‍ പറഞ്ഞു.

വൈദ്യുതിക്ക് കൂടുതലും നാം ജലവൈദ്യുത പദ്ധതികളെയാണ് ആശ്രയിക്കുന്നതെന്ന് എം.പി പറഞ്ഞു. പക്ഷെ പല പദ്ധികളും പാരിസ്ഥിതിക പ്രശ്‌നം മൂലവും എതിര്‍പ്പ് മൂലവും നടപ്പാക്കാനാവുന്നില്ല. വികസന കാര്യത്തില്‍ കേരളത്തില്‍ എടുപിടൂന്ന് മാറ്റം ഉണ്ടാക്കാനാവില്ല. കാരണം പ്രത്യേക സാമൂഹിക പശ്ചാത്തലമാണ് നമ്മുടേത്.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അടങ്ങിയ കുറിപ്പ് അലക്‌സ് വിളനിലം എം.പിക്ക് നല്‍കി. എം.പിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യാ പ്രസ് ക്ലബ് നാഷണല്‍ സെക്രട്ടറി മധു രാജന്‍ സ്വന്തമായ ഒരു തുക ഏല്‍പിച്ചു.

ടി.എസ്
ചാക്കോ, അനിയന്‍ ജോര്‍ജ് എന്നിവര്‍ മുന്‍കൈ എടുത്ത് സംഘടിപ്പിച്ച സ്വീകരണത്തില്‍ കേരള കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ദേവസി പാലാട്ടി, മധു കൊട്ടാരക്കര, രാജു പള്ളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഐ.എന്‍.ഒ.സി -ഐ പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, യു.എ. നസീര്‍, ജയചന്ദ്രന്‍, ഡോ. സോളിമോള്‍ കുരുവിള, റോയി എണ്ണച്ചേരില്‍, പോള്‍ കറുകപ്പള്ളില്‍, ഷാജി എഡ്വേര്‍ഡ്, ഗോപിനാഥ കുറുപ്പ്, ഡോ. ജോര്‍ജ് ജേക്കബ്, ലോണ എബ്രഹാം, ഷീല ശ്രീകുമാര്‍, തോമസ് ടി. ഉമ്മന്‍   ജിന്‍സ്‌മോന്‍ സഖറിയ, ഫിലിപ്പ് മാരേട്ട്, റവ. വര്‍ഗീസ് തോമസ് തുടങ്ങി ഒട്ടേറെപ്പേര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജോസ് ഏബ്രഹാം ആയിരുന്നു എം.സി.

ഈ സ്‌നേഹനിര്‍ഭരമായ സ്വീകരണം തന്നെ ഏറെ ആഹ്ലാദിപ്പിച്ചുവെന്ന് എം.പി മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. അമേരിക്കയില്‍ വന്നപ്പോള്‍ വിവിധ കാഴ്ചകള്‍ കാണാന്‍ പലരും ക്ഷണിച്ചതാണ്. എന്നാല്‍ വിനോദയാത്രകള്‍ക്കൊന്നും താന്‍ പോയില്ല. പകരം ഇവിടുത്തെ മനുഷ്യരെ നേരില്‍ കാണുകയും അവരുടെ പ്രശ്‌നങ്ങളും പരിഭവങ്ങളും നേരിട്ട് മനസിലാക്കുകയുമാണ് ചെയ്തത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവില്ലായിരിക്കാം. എന്നാല്‍ പരിഹരിക്കാന്‍ കഴിയുന്നവ പരിഹരിക്കാന്‍ താന്‍ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
കൊടിക്കുന്നില്‍ സുരേഷിന് മലയാളി സമൂഹത്തിന്റെ സ്‌നേഹാദരവുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക