Image

ഗുണത്രയം (ലേഖനം: വാസുദേവ് പുളിക്കല്‍)

Published on 04 December, 2020
ഗുണത്രയം (ലേഖനം: വാസുദേവ് പുളിക്കല്‍)
മനുഷ്യരില്‍ കാണുന്ന ഗുണങ്ങളാണ് സത്വഗുണം, രജോഗുണം, തമോഗുണം എന്നിവ. ഈ ഗുണങ്ങളുടെ പ്രഭാവമാണ് മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. "സത്വം രജസ്തമ ഇതി ഗുണഃ പ്രകൃതിസംഭവഃ''(ഗീത).പ്രകൃതിയുടെ ഗുണങ്ങളായിരിക്കുന്ന സത്വം, രജസ്സ്, തമസ്സ് എന്നിവ ഏതു തരത്തില്‍ അവയുടെ പ്രഭാവത്തെ പ്രത്യേകമായോ സമ്മിളിതമായോ പ്രകാശിപ്പിക്കുന്നു എന്നതനുസരിച്ച് ആളുകള്‍ക്ക് സ്വഭാവവൈജാത്യം ഉണ്ടാകുന്നു. നാരായണഗുരു പ്രകൃതിയെ ഇങ്ങനെ വിവരിക്കുന്നു, "കരോരീതി പ്രകര്‍ഷേണ പ്രകൃത്യവ പൃഥക് നിഗദ്യതേ അസൗ പ്രകൃതിരിതീഹ ത്രിഗുണാത്മിക'.സ്വാഭാവികമായിത്തന്നെ ത്രിഗുണങ്ങളെ അതിശയകരമാം വണ്ണം വേറെ വേറെ ആക്കിത്തീര്‍ക്കുന്നതുകാണ്ട്, ത്രിഗുണാത്മികമായ ഇതിനെ പ്രകൃതി എന്നു വിളിച്ചു പോരുന്നു.'സത്വം സുഖേ സംജയതി, രഹഃ കര്‍മ്മണി ഭാരത, ജ്ഞാനമാവൃത്യ തു തമഃ, പ്രമാദേ സംജയത്യുത'  (ഗീത). സത്വഗുണം സുഖത്തിലും രജോഗുണം കര്‍മ്മത്തിലും തമോഗുണം ജ്ഞനത്തെ മറച്ചിട്ട് പ്രമാദത്തിലും ചേര്‍ക്കുന്നു.ജീവിതത്തിന്റെ അനേകം മേഖലകളില്‍ സംഗതമായിരിക്കുന്ന ദാര്‍ശനിക സ്വഭാവമുള്ള ഗുണത്രയസിദ്ധാന്തം ഓരോ ഗുണത്തിന്റെയും സ്വതസിദ്ധമായ സവിശേഷത എടുത്തുകാണിച്ചുകൊണ്ട്  ഭാരതീയചിന്താശാസ്ര്തത്തില്‍ ഗണനീയമായ സ്ഥാനം പിടിച്ചിട്ടുണ്ട്.ഈ മൂന്നു ഗുണങ്ങളും പല അനുപാതത്തില്‍ അന്യോന്യം കലര്‍ന്നു നില്‍ക്കും.ഗുണത്രയങ്ങളുടെ ചാഞ്ചല്യംകൊണ്ട് ഒരിക്കല്‍ വലുതായിക്കണ്ടതിനെ പിന്നൊരിക്കല്‍ ചെറുതായും, സത്യമായിക്കണ്ടതിനെ അസത്യമായും മാറി മാറി ധരിക്കുന്നു. അയാളുടെ മനസ്സിന് ദൃഢതയുണ്ടാവില്ല. ഇത് സാധാരണ വ്യക്തികളെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായ ഒരു തത്വമാണ്.കര്‍മ്മങ്ങള്‍ ഗുണാനുസൃതമാണ്.തമസ്സിന് സ്‌ഥൈതികതയെ വളര്‍ത്താനും സത്യത്തെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കുന്ന ഇരുളിനെ ഉണ്ടാക്കാനും കഴിവുണ്ട്. രജസ്സാകട്ടെ, പൂര്‍വ്വവാസനകള്‍ക്ക് ബാഹ്യവിഷയങ്ങളുമായി സംബന്ധമുണ്ടാക്കിക്കൊടുക്കാന്‍ എപ്പോഴും താല്പര്യമുള്ളതാണ്. ഉറങ്ങിക്കിടക്കുന്ന വാസനകളെ പിടിച്ചുണര്‍ത്തി വിഷയങ്ങളിലേക്ക് വിട്ടുകൊടുക്കുന്നത് രജസ്സാണ്. അതുകൊണ്ട് കാമം, ക്രോധം, മദം, മാത്സര്യം, ഭയം, ഉദ്വേഗം എന്നിവക്കെല്ലാം പ്രസക്തിയുള്ള ഒട്ടേറെ കര്‍മ്മങ്ങളില്‍ രജസ്സ് ചാലകശക്തിയാണ്. ഉന്മയുടെ അടിസ്ഥാന ഘടകം ആനന്ദമാണ്.ആനന്ദദര്‍ശനത്തിന് സത്വബുദ്ധിയെപ്പോലെ സമര്‍ത്ഥമായ ഒരു ഉപകരണവും ജീവനില്ല.എന്നാല്‍, ആനന്ദത്തെ ദര്‍ശിക്കാന്‍ പഴുതുള്ളിടത്തെല്ലാം അപ്പോള്‍ത്തന്നെ രാജസ്സബുദ്ധിയും തമസ്സും കടന്നുകൂടുകയാല്‍ ആത്മാവിലിരിക്കുന്ന ആനന്ദത്തെ വിഷയത്തില്‍ ആരോപിച്ച് സത്വബുദ്ധിയെ തെറ്റും ശരിയും തിരിച്ചറിയാന്‍ പ്രയാസമുള്ളതാക്കിത്തീര്‍ക്കുന്നു.കര്‍മ്മണഃ സുകൃതസ്യാഹുഃ, സത്വികം നിര്‍മ്മലം ഫലം, രജസസ്തു ഫലമ ദുഃഖമജ്ഞാനം തമസഃ ഫലം' (ഗീത)
.ഈശ്വരാര്‍പ്പണബുദ്ധിയോടുകൂടിയ കര്‍മ്മത്തിന്റെ ഫലം സാത്വികവും രജോഗുണഫലം ദുഃഖവും തമോഗുണഫലം അജ്ഞാനവുമാണ്.

എല്ലാ മഹിമയും ഒന്നാമത് സത്വഗുണത്തിനും രണ്ടാമത് രജോഗുണത്തിനും കൊടുത്തുകൊണ്ട് പണ്ഡിതന്മാര്‍ സംസാരിക്കുന്നതിനാല്‍ തമസ്സ് ദുര്‍ബലമാണെന്നാണ് നമ്മള്‍ വിചാരിച്ചു പോരുന്നു. എന്നാല്‍, സത്വ-രജസ്-തമോഗുണ ദര്‍ശനത്തില്‍ തമസ്സിന്റെ പ്രാധാന്യം തള്ളിക്കളയാവുന്നതല്ല. കാണാന്‍ കഴിയാത്ത അമേയശക്തിയാണ് സകലസൃഷ്ടിക്കും ആധാരമായിരിക്കുന്നത്.ഭാരതീയ ജഗ്ജ്ജനനിയെ കാളി എന്നു വിളിക്കുമ്പോഴും പരമാത്മസ്വരൂപത്തെ കൃഷ്ണന്‍ എന്നു വിളിക്കുമ്പോഴും ഈ അമേയസത്യത്തെയാണ് ഉദ്ദേശിക്കുന്നത്. തമസ്സും അതിലെ സത്യമാണ്.ഭവദ്ഗീതയില്‍ എക്ലാറ്റിനേയും ചേര്‍ത്തു കെട്ടുന്ന നൂല്‍ച്ചരട് എന്ന് കൃഷ്ണന്‍ പറയുന്നതിനെത്തന്നെയാണ് സൂപ്പര്‍ ന്യുക്ലിയര്‍ ഫോര്‍സ് (super nulear force) എന്നും ക്ലു ഫോര്‍സ് (glue force) എന്നും ആധുനികര്‍ പറയുന്നത്.ഈ ആധുനിക ചിന്താഗതി മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍  ഏറെക്കുറെ ആലംങ്കാരികമായി പറഞ്ഞു പോരാറുള്ള ത്രിഗുണങ്ങള്‍ക്ക് ശാസ്ര്തീയമായ അടിസ്ഥാനമുണ്ടെന്ന് കൂടുതല്‍ ബോധ്യമാകും. തമസ്സ് എല്ലാ ദേഹികളുടേയും തെറ്റിദ്ധാരണക്കു കാരണവും അറിവില്ലായ്മയില്‍ നിന്നുണ്ടാകുന്നതും ആണ്. അതു പിഴവ്, മടി, അലസത, ഉറക്കം എന്നിവയെക്കൊണ്ട് ദേഹിയെ കെട്ടുന്നു.സ്‌ഥൈതികത, ജഡത, സ്തംഭനം മുതലായവ ഉണ്ടാക്കുന്നത് തമോഗുണമാണ്.'തമസ്ത്വജ്ഞാനജം വിദ്ധി, മോഹനം സര്‍വ്വദേഹിനാം, പ്രമാദാലസ്യനിദ്രാഭി, സ്തന്നിബദ്ധ്‌നാതി ഭാരത''(ഗീത).സത്ത്വരജസ്തമസ്സുകളില്‍ ജ്ഞാനത്തെ പ്രദാനം ചെയ്യുന്നത് എന്ന സവിശേഷത നോക്കുമ്പോള്‍ സത്ത്വത്തിന് ഒന്നാം സ്ഥനമുണ്ടെങ്കിലും, ജീവികളുടെ കേവലമായ ജന്തുസ്വഭാവംവച്ചു നോക്കുമ്പോള്‍ എല്ലാറ്റിലും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന സഹജമായ പ്രാകൃതിക തമസ്സാണ്. ബുദ്ധിവൃത്തി തീരെ മന്ദമായിരിക്കുന്നതും അപ്രകാശിതമായിരിക്കുന്നതും ആലസ്യം, നിദ്ര, മോഹം എന്നിവയുണ്ടായിരിക്കുമ്പോഴാണ്.തമോഗുണം എപ്പോഴും നിന്ദിക്കപ്പെടുന്നു.കാരണം ജാഡ്യത ഏറ്റവും അധികരിച്ചിരിക്കുന്നത് തമസ്സിലാണ്.

"കാമ ഏഷ ക്രോധ ഏഷ രജോഗുണസമുത്ഭവ:മഹാശനോ മഹാപാപ്മാ, വിദ്ധ്യേനമിഹ വൈരിണം'. രജോഗുണത്തി നിന്നുത്ഭവിക്കുന്ന ഈ കാമം തന്നെ ശത്രു.അതു തന്നെ, തടസ്സം നേരിടുമ്പോള്‍ ക്രോധമായും പരിണമിക്കുന്നു.അതിന് ഇരയായി എന്തു കിട്ടിയാലും മതിയാവുകയില്ല.രജസ്സ് കൈപ്പറ്റാത്തതിലുള്ള കൊതി കൈപ്പറ്റിയതിലുള്ള ലോഭം ഇവയില്‍ നിന്നുണ്ടായതാകുന്നു.കര്‍മ്മം ഗുണാനുസാരമായി വരുന്നതു കാണാം.ഗുണത്തിന്റെ പ്രസക്തികൊണ്ട് അനിവാര്യമായി വരുന്ന കര്‍മ്മം സഹജമെന്ന് കരുതി അംഗീകരുക്കുന്നു.ഒരു ഗുണത്തിന്റെ സ്വാധീനമുണ്ടായാല്‍ അതില്‍ നിന്നും സംജാതമാകുന്ന കര്‍മ്മം ഏതു തരത്തില്‍ ഇരിക്കും എന്നത് സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. പരസ്പരം യാതൊരു വിദ്വേഷവും ഇല്ലാതിരുന്ന അര്‍ജ്ജുനനും ഭീഷ്മരും യുദ്ധക്കളത്തില്‍ മുഖത്തോടു മുഖം നോക്കിനിന്ന് പരസ്പരം ഉന്നം വയ്ക്കാന്‍ ഇടയായത് ക്ഷത്രിയനായി രംഗപ്രവേശം ചെയ്താല്‍ അനുസരിക്കേണ്ടി വരുന്നതായ പെരുമാറ്റച്ചട്ടത്തിന്റെ നിര്‍ബന്ധത്താലാണ്. "ഞാന്‍ ക്ഷത്രിയന്‍'' എന്ന അഭിമാനം ഉണ്ടാകണമെങ്കില്‍ ക്ഷാത്രത്തെ ഉളവാക്കുന്ന രജോഗുണം അധികരിച്ചു നില്ക്കണം. ഏതു ഗുണത്തിന്റെ പ്രസക്തി എപ്രകാരമുള്ള കര്‍മ്മത്തെ ഉണ്ടാക്കുന്നു എന്നറിഞ്ഞാല്‍ സന്ദര്‍ഭത്തിന്റെ പൂര്‍ണ്ണമായ സ്വഭാവം മനസ്സിലാകും.രജോഗുണം എന്നു പറയാന്‍ തന്നെ കാരണം ആ ഗുണത്തിന്റെ രാഗവിശേഷതയാണ്.രാഗത്തില്‍ ഉദ്ദിപ്തമാകുന്ന കര്‍മ്മത്തിലും അറിവുണ്ട്. എന്നാല്‍ ആ അറിവാകട്ടെ വികലമായ അറിവാണ്.നിയമം നിഷേധിക്കുമ്പോഴും അതിന്റെ ഭവിഷ്യത്തിനെപ്പറ്റിയും, താന്‍ തെറ്റുചെയ്തുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ തെറ്റിലേക്കു നീങ്ങുന്നുവെന്നും ആരും അറിയാതിരിക്കുന്നില്ല.രജസ്സ് ഉദ്ദീപ്തമാകുമ്പോള്‍ അതു ശക്തിമത്തായി ഉണരുന്നതുകൊണ്ട് തെറ്റ് മനസ്സിലാക്കിയാലും പെട്ടെന്ന് അതില്‍ നിന്ന് പിന്‍വലിയാന്‍ കഴിയുന്നില്ല.'രജോ കര്‍മ്മസംഗേന ദേഹിനം''.രജോഗുണം കര്‍മ്മസംഗംകൊണ്ട് ജീവാത്മാവിനെ ബന്ധിക്കുന്നു.

ത്രിഗുണങ്ങളില്‍ വച്ച് സത്ത്വഗുണം ശുദ്ധമാകയാല്‍ വസ്തുക്കളെ പ്രകാശിപ്പിക്കുന്നതും ദുഃഖമിക്ലാത്തതുമാകുന്നു. ആ സത്ത്വഗുണം സുഖത്തിലുള്ള ആസക്തികൊണ്ടും ജ്ഞാനത്തിലുള്ള ആസക്തികൊണ്ടും ദേഹിയെ ദേഹത്തില്‍ കെട്ടിയിടുന്നു.'തത്ര സത്വം നിര്‍മ്മലത്വാല്‍, സുഖസംഗേന ബദ്ധ്‌നാതി, ജ്ഞാനസംഗേന ചാ അനഘ''.സുതാര്യമായിരിക്കുക, മനസ്സില്‍ സുഖാനുഭവമുണ്ടാക്കുക ഇവയെല്ലാം സത്ത്വവിശേഷമായി പറഞ്ഞു പോരുന്നു.കടലില്‍ ഒരു കുടമോ കലമോ താഴ്ത്തിവയ്ക്കുന്നുവെന്നിരിക്കട്ടെ. അപ്പോള്‍ കലത്തില്‍ (കുടത്തില്‍) ഉള്‍പ്പെട്ടിരിക്കുന്ന ജലം കടലിലേതാണെങ്കില്‍പോലും അതിനെ കലത്തിലെ വെള്ളം, അല്ലെങ്കില്‍ കുടത്തിലെ വെള്ളം എന്നാണു പറയുക. ഇവിടെ കലവും കുടവും ഉപാധികളാണ്. കടലില്‍ ജലത്തെ ഉപാധിയുടെ പരിമേയതുകൊണ്ട് ബന്ധിച്ചു കുടത്തിലെ ജലമാക്കുമ്പോള്‍ കുടം കടലിനെ ബന്ധിച്ചു എന്നു പറയാം. അതുപോലെ പ്രകൃതിയിലെ ഗുണവിശേഷമായ സത്ത്വം ഉളവാക്കുന്ന സുഖാസക്തികൊണ്ട് അഖണ്ഡവും അപരിമേയവുമായ സക്ലിദാനന്ദത്തെ ശരീരത്തില്‍ബന്ധിച്ചുനിര്‍ത്തുന്നു.സുഖകാംക്ഷിയായ മനുഷ്യന് പ്രയോജനപ്പെടുന്നത് സത്ത്വം പ്രബലമായിരിക്കുമ്പോഴാണ്.ഒരു സത്യാന്വേഷി വാസനാക്ഷയം ഉണ്ടാക്കണമെന്ന് തീരുമാനിക്കുകയും, മോക്ഷത്തില്‍ തന്റെ പൂര്‍ണ്ണമനസ്സ് വയ്ക്കുകയും ദൃഢബുദ്ധിയോടെ അതിനായി യത്‌നിക്കുകയും ചെയ്യുമ്പോള്‍ അവന് അതിന് സഹായമായി നില്‍ക്കേണ്ടത് സത്ത്വഗുണമാണ്.സത്ത്വത്തിന്റെ പ്രാബല്യം പ്രാപിച്ച് ജീവനു ജീവിതത്തെ പ്രസക്തിയുള്ളതാക്കുവാനും കഴിയുന്നു.പ്രകൃതിക്ക് സ്വയം ഒരു പ്രകാശമില്ല. ആത്മപ്രകാശമാണ് പ്രകൃതിഗുണങ്ങളായ സത്ത്വരജസ്തമസ്സുകള്‍ ഏറ്റുവാങ്ങി ജീവനു വ്യാഖ്യാനിച്ചു കൊടുക്കുന്നത്.പ്രതിഫലിപ്പിക്കക എന്ന ജോലിയെ അവയ്ക്കുള്ളൂ. ഇതില്‍ സത്ത്വത്തിന്റെ  ജോലി സത്യസന്ധമായ പ്രാധിനിധ്യം നല്‍കുക എന്നതു തന്നെ.

രണ്ടു ഗുണങ്ങള്‍ ഒരേ സമയത്ത് പൂര്‍ണ്ണപ്രഭാവമുള്ളതായിരിക്കുവാന്‍ കഴിയുന്നില്ല. ഗുണത്രയവിഭാഗത്തില്‍ ഒന്നു മാത്രമാണ് സ്വീകാര്യം എന്നു കരുതണ്ട."രജസ്തമശ്ചാഭിഭൂയ, സത്വം ഭവതി ഭാരത, രജസ്സത്വം തമശ്‌ചൈവ, തമസ്സത്വം രജസ്തഥാ'(ഗീത).രജോഗുണത്തേയും തമോഗുണത്തേയും കീഴടക്കി സത്വഗുണം പ്രത്യക്ഷമാകുന്നു.സത്വഗുണത്തേയും തമോഗുണത്തേയും കീഴടക്കി രജോഗുണം പ്രത്യക്ഷമാകുന്നു.അപ്രകാരം സത്വഗുണത്തേയും രജോഗുണത്തേയും കീഴടക്കി തമോഗുണം പ്രത്യക്ഷപ്പെടുന്നു.സത്ത്വഗുണത്തിനു പ്രഭാവമുണ്ടായിരിക്കുമ്പോള്‍ തമസ്സും രജസ്സും, രജസ്സിന് പ്രഭാവമുണ്ടാകുമ്പോള്‍ തമസ്സും സത്ത്വവും തമസ്സു പ്രഭാവമുള്ളതാകുമ്പോള്‍ രജസ്സും സത്ത്വവും അശക്തമായിത്തീരുന്നു.അങ്ങനെ ഓരോ ഗുണങ്ങളും അവയുടെ പ്രഭാവം കാണിക്കുന്നു.എന്നാല്‍ വളരെ വികാരതൃഷ്ണമായ ഒരവസ്ഥയില്‍പ്പെട്ട് വിവേകമില്ലാത്തവനെപ്പോലെ പെരുമാറിയതിനുശേഷം മൂല്യാധിഷ്ടിതമായി വിവേചനം ചെയ്ത് വിചാരവാനായി സൗമ്യതയോടെ പെരുമാറാനും ഒരാള്‍ക്ക് കഴിയുന്നുണ്ട്. ഇതിനെയൊക്കെ മനസ്സില്‍ വെച്ചുകൊണ്ടുവേണം നാം ഗുണത്രയത്തിന്റെ പ്രഭാവം വരുന്നതും പോവുന്നതും മനസ്സിലാക്കാന്‍.സാധാരണക്കാരന്റെ മനസ്സില്‍ ഗുണത്രയം ചാതുര്‍വര്‍ണ്ണ്യത്തോട് ഉല്‍ക്കടമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന്് വ്യാഖാനിക്കുന്നവരുണ്ട്.ചാതുര്‍വര്‍ണ്ണ്യത്തില്‍ ഗുണത്രയത്തെ നിവേശിപ്പിച്ചു പറയുന്നതില്‍ തത്ത്വവിരോധമുണ്ട്. അവ്യക്തമായ ധാരണകൊണ്ട് പണ്ടു തന്നെ സാമൂഹികജീവിതത്തെ നൈതികമായി വളരെ മുഷിപ്പിച്ചിട്ടുള്ള ചാതുര്‍വര്‍ണ്ണ്യവിവക്ഷയോടൊപ്പം വേഗത്തില്‍ തെറ്റിദ്ധരിക്കാവുന്ന ഗുണത്രയത്തെപ്പറ്റിയുള്ള ധാരണയും കൂടി ഏച്ചു കെട്ടിയാല്‍ അത് എത്ര ആപല്‍ക്കരമായിരിക്കുമെന്നു, ഭാരതീയരുരുടെ സാമൂഹികതയെ കുടിലമാക്കിയിരിക്കുന്ന അന്ധവിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും പടലങ്ങളിലേക്ക് ഒന്നു ദൃഷ്ടി തിരിക്ലാല്‍ മനസ്സിലാക്കാവുന്നതാണ്. ചിലരുടെ വര്‍ഗ്ഗീയമോ മതപരമോ ജാതീയമോ ആയ ഔല്‍ക്കൃഷ്ട്യം സ്ഥാപിച്ചുകിട്ടുന്നതിനും, മറ്റു ചിലരെ അപകൃഷ്ടതയുടെ പാഴ്ക്കുണ്ടിലേക്ക് അല്പം പോലും നീതിബോധമില്ലാതെ തള്ളിവിടുന്നതിനും ഗുണത്രയസിദ്ധാന്തത്തെ തെറ്റായി വ്യഖ്യാനിച്ച്, മര്‍ക്കടമുഷ്ടിയോടെ യുക്തിഹീനമായി അതില്‍ സര്‍വ്വവിശ്വാസവുമര്‍പ്പിച്ചു കഴിയുന്ന വളരെയേറെ ആളുകളുണ്ട്. അത് ഇന്‍ഡ്യയിലെ സാമൂഹികവും സാമ്പത്തികവുമായ മേഖലകളെ എത്രകണ്ട് വൈകൃതമാക്കിയിട്ടുണ്ട് എന്നു പറയാനാവില്ല. തികച്ചും യുക്തിയുക്തമായ രീതിയില്‍ ശാസ്ര്താനുസാരമായി പഠിക്കേണ്ടതായ ഗുണത്രയവിഭാഗത്തെ സാധാരണക്കാരന്റെ മുന്‍വിധികളുമായി കൂട്ടിക്കുഴച്ച് മനസ്സിലാക്കുന്നത് അത്യാപല്‍ക്കരമാണ്. ജാതിവ്യവസ്ഥസമൂഹത്തിന്റെ അസ്തിവാരമാക്കുവാന്‍ നടത്തിയ തെറ്റായ ശ്രമം "മനുസംഹിത'' മുതലിങ്ങോട്ട് ഇന്‍ഡ്യയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.ത്രിഗുണങ്ങളുടെ സവിശേഷതയെ സ്വഭാവപഠനത്തിനും സ്വധര്‍മ്മനിശ്ചയത്തിനും മുഖ്യകരുവായി മുമ്പില്‍ വച്ചുകൊണ്ട് ഈ മൂന്നു ഗുണങ്ങളേയും വസ്തുക്കളായോ, വസ്തുതകളായോ കണക്കാക്കാതെ ഗുണങ്ങളായിത്തന്നെ എടുത്തുകാണിക്കുകയാണു വേണ്ടത്.

രാജസവും താമസവും ആയ ശക്തികള്‍ ഉള്ളില്‍ കിടക്കുന്നുന്നെണ്ടെങ്കിലും അവ നമ്മെ ഗ്രസിക്കാതിരിക്കാന്‍ വേണ്ടി മുക്തപുരുഷനായ ജ്ഞാനിയുടെ സാമീപ്യവും അനുഗ്രഹവും സ്വീകരിച്ചു സാധനയെ ബലവത്താക്കിക്കൊണ്ടിരുന്നാല്‍ സത്ത്വത്തെ പ്രായേണ ശക്തമാക്കിക്കൊണ്ടിരിക്കാന്‍ കഴിയും. അജ്ഞാനം കൊണ്ട് മോഹം മൂല്യബോധത്തെ കെടുത്തുന്നു. അഭ്യാസംകൊണ്ട് ഏതും ശക്തിപ്രാപിക്കുന്നു.വിവേകം വര്‍ദ്ധിക്കുന്നതു പോലെയാണ് വിവേകം തളരുന്നതും.വസന്തകാലത്ത് വിരിയുന്ന താമരപ്പൂവിന്റെ സൗരഭ്യം സര്‍വ്വത്ര വ്യാപിക്കുന്നു. അതുപോലെ ശുദ്ധസത്ത്വത്തില്‍ നിന്ന് ഉളവാകുന്ന പ്രകാശം ആത്മജ്യോതിസ്സിനെ നാലുചൂഴവും പരത്തുന്നു. പാലും വെള്ളവും കലര്‍ന്നിരുന്നാലും ഹംസം പാലിനെ മാത്രം സ്വീകരിക്കുന്നു.അതുപോലെ വിദ്യയും അവിദ്യയും കലര്‍ന്നിരിക്കുന്ന വിഷയപ്രപഞ്ചത്തില്‍ നിന്നും ആത്മജ്യോതിസ്സിനെ മാത്രം പ്രകാശിപ്പിക്കാന്‍ ശുദ്ധസത്ത്വത്തിനു കഴിയുന്നു.പ്രാകൃതികമായ വിഷയവൃത്തികളിലേക്ക് വലിച്ചിഴക്കാതെ ആത്മസ്വരൂപത്തെ നിജാനന്ദസത്യമായി പ്രകാശിപ്പിപ്പിച്ചു കാണിക്കുകയാണ് സത്ത്വം ചെയ്യുന്നത്.അപ്പോള്‍ അത് വര്‍ദ്ധിപ്പിക്കുന്നത് വിഷയതാല്‍പര്യമല്ല, ആത്മബോധമാണ്.സത്ത്വം പ്രകാശിപ്പിക്കുന്ന അറിവ് ഹിതകരമായിരിക്കുമ്പോള്‍ പ്രകാശിതമായിത്തിരുന്നത് ആത്മപ്രകാശമാണ്.അതുകൊണ്ട്  തമസ്സില്‍നിന്നു സത്ത്വത്തിലേക്കുള്ള ആരോഹണമാണ് നാം ലക്ഷ്യമാക്കേണ്ടത്.തീരെ ബുദ്ധി കുറഞ്ഞതും ഭീമാകാരമായ ജഡത്തോടുകൂടിയതുമായ ആദ്യകാലജീവികളില്‍ നിന്നും തിളങ്ങുന്ന ബുദ്ധിയുള്ള മനുഷ്യനിലേക്ക് വരുന്ന പരിണാമം തമസ്സില്‍ നിന്ന് സത്ത്വത്തിലേക്കുള്ള വികാസമായി കണക്കാക്കാവുന്നതാണ്.മൂന്നു ഗുണങ്ങള്‍ തുല്യമായ പ്രസക്തിയോടുകൂടിയതാണെങ്കിലും സത്ത്വഗുണത്തിന് പ്രഥമസ്ഥാനം നല്‍കിയിരിക്കുന്നു.എന്നാല്‍, ഏതെങ്കിലും ഒരു ഗുണത്തിനുആധിപത്യം ഉണ്ടായിരിക്കും.

തമോഗുണത്തിന്റെ സ്വാധീനത്തില്‍ മദ്യപിച്ച് അടിപിടിയുണ്ടാക്കി നടക്കുന്ന ഒരാള്‍ ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും ക്ഷേത്രനടയില്‍ തൊഴുതുനിന്ന് ശബരിമലയില്‍ പോകാന്‍ രുദ്രാക്ഷമാല ധരിക്കുന്നെങ്കില്‍ അപ്പോള്‍ അയാളില്‍ സത്ത്വഗുണത്തിന്റെ പ്രഭാവമുണ്ടായി എന്നു കരുതാം. നോയ്മ്പ് കഴിയുന്നതുവരെ അയാളില്‍ പ്രതിഫലിക്കുന്നത് സത്വഗുണമായിരിക്കും. മലകയറി അയ്യപ്പസന്നിധിയില്‍ നിന്ന് താഴെയിറങ്ങിയാല്‍ അയാള്‍ ആദ്യംപോകുന്നത് മദ്യഷാപ്പിലേക്കായിരിക്കാം.ഭക്തനായി വീട്ടില്‍ നിന്ന് പോയആള്‍ മദ്യപാനിയായിതിരിച്ചെത്തിയപ്പോള്‍ അയാള്‍ വീണ്ടും തമോഗുണത്തിന്റെ അധീനതയിലായി.പ്രകൃതിയുടെ എപ്രകാരമുള്ള ഗുണദോഷവൈവിധ്യമാണ് ഒരു വ്യക്തിത്വത്തിന്റെ ഉടമക്കുള്ളതെന്ന് എടുത്തു കാട്ടിയിരിക്കുന്നത് ഒരാള്‍ക്കു മത്രമല്ല എല്ലാവര്‍ക്കും സ്വരൂപനിര്‍ണ്ണയം ചെയ്യാന്‍ സഹായകമായിത്തീരുമെന്നുള്ളതിനു സംശയമില്ല.ഇങ്ങനെ മാറി മാറി വരുന്ന സത്വരജസ്തമോഗുണങ്ങള്‍ മനുഷ്യരുടെ ജീവിതത്തെ സാരമായി സ്വാധീനിക്കുന്നു. ത്രിഗുണങ്ങളെപ്പറ്റിയുള്ള പ്രതിപാദ്യം വേദങ്ങളിലും കാണാം. "ത്രിഗുണവിഷയാ വേദാ നിസ്രൈ്ത ഗുണോ ഭാവാര്‍ജന'' എന്നു ഗീതയില്‍ പറഞ്ഞിരിക്കുന്നു.ഇതില്‍ നിന്ന് മനുഷ്യരില്‍ പ്രകൃതിസ്വഭാവമായ സത്വരജസ് തോമോഗുണങ്ങള്‍ ഉള്ളതിനാല്‍ ധര്‍മ്മത്തെ അധിഷ്ഠിതമാക്കി കര്‍മ്മം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന വേദം ത്രിഗുണാത്മകമാണെന്ന് സംശയമില്ല. ദേഹബുദ്ധികാരണം ദേഹാഭിമാനമുണ്ടായിരിക്കുമ്പോഴാണ് മൂന്നു ഗുണങ്ങളും പ്രവര്‍ത്തിക്കുന്നത്. സത്വാഭിമാനവും മറ്റുരണ്ടു ഗുണങ്ങളുടേയും അഭിമാനത്തെപ്പോലെതന്നെ വ്യഷ്ടിഗതമാണ്. വ്യഷ്ടിരൂപത്തില്‍ സങ്കോചിച്ചു നില്‍ക്കുന്ന അറിവിനെ സമഷ്ടിയിലേക്ക് നിവൃത്തിക്കണമെങ്കില്‍ മൂന്നു അഭിമാനത്തേയും ആത്മസാക്ഷാത്ക്കാരത്തിനുതകുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് നശിപ്പിക്കേണ്ടിയിരിക്കുന്നു. അതെങ്ങനെ സാധിക്കാമെന്ന് നാരായണഗുരു പറഞ്ഞു തരുന്നു.

ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലിരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തുണിഞ്ഞു കേവലത്തിന്‍-
മഹിമയുമറ്റുമഹസ്സിലാണിടേണം.

മൂന്നു ഗുണങ്ങളില്‍ നിന്നും മോചിതനാകണമെന്നും അതിന് മൂന്നു ഗുണങ്ങളേയും അതിജീവിച്ച് നില്‍ക്കുന്ന പരം പൊരുളായ ഈശ്വരനെ  അഭയം പ്രാപിക്കണമെന്നും പറഞ്ഞിരിക്കുന്നു. പരമ്പൊരുളിനെ സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളെ കരിച്ചെടുത്ത ഭസ്മം പൂശി നൃത്തം ചെയ്യുന്ന ഏകനായഇശ്വരനെന്ന് പ്രതീകാത്മകമായി സൂചിപ്പിച്ചിരിക്കുന്നു.എക്ലാ സങ്കല്പങ്ങളേയും കര്‍മ്മങ്ങളേയും എളിമയൊടുകൂടി ഈശ്വരനില്‍ സമര്‍പ്പിക്കുമ്പോള്‍ ഇന്ദ്രിയങ്ങളെ കീഴ്‌പ്പെടുത്തന്ന കാമനകളെ ഇല്ലാതാക്കാന്‍ കഴിയും. കാമനകളാണ് ലോകത്തില്‍ നമ്മേ ബന്ധിച്ചിരിക്കുന്നത്. ഈശ്വരാര്‍പ്പണത്താല്‍ സകല ബന്ധങ്ങളും അഴിഞ്ഞുമാറും.ആത്മജ്യോതിസ്സില്‍ ആണ്ടുപോയി അതായിത്തീരണം.ത്രിഗുണങ്ങളെ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അതുകൊണ്ടുതന്നെ ദൈ്വതഭാവങ്ങള്‍ക്കതീതനായി ശുദ്ധമായ സദ്വസ്തുവില്‍ സദാ സ്ഥിതി ചെയ്യാന്‍ സാധിക്കുന്നതാണ്.
****

Join WhatsApp News
anweshi 2020-12-04 15:08:05
സാറേ നമോവാകം!!. ഇത്തരം ലേഖനങ്ങൾക്ക് താഴെ bibliography കൊടുക്കണമെന്നില്ലേ? മഹാപണ്ഡിതന്മാരായ രാജു തോമസ് സാറും വിദ്യാധരൻ മാഷും ഇതിലേക്ക് വെളിച്ചം വീശുമെന്നു കാത്തിരിക്കാം.
വിദ്യാധരൻ 2020-12-06 05:33:18
ഞാനടക്കം ഇവിടെ എഴുതുന്നവരോ നമ്മൾക്ക് മുൻപേ നടന്നു പോയവരയോ പണ്ഡിതർ എന്ന് അഭിസംബോധന ചെയ്യുവാൻ കഴിയുമോ? ഒരു പക്വ മനസ്സിന് അത് സാധ്യമല്ല. കാരണം 'അറിവ്' 'അനന്തമജ്ഞാതം അവർണ്ണനീയം'' -മാണ്. 'അതിങ്കൽ എങ്ങാണ്ട് ഒരിടത്തിരിന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കാണ്മു ' എങ്കിലും ശ്രീനാരായണഗുരുവിന്റ ജീവിത ദർശനങ്ങൾ എന്നും എനിക്ക് ആകര്ഷകമായിരുന്നു. അദ്ദേഹം അറിവിനെക്കുറിച്ചു തന്നെ പതിനഞ്ചു പദ്യങ്ങൾടങ്ങിയ ഒരു അദ്വൈതവേദാന്ത കൃതി രചിച്ചിട്ടുണ്ട് . അതിൽ ഒരു പദ്യം ഇവിടെ കുറിയ്ക്കുന്നു . "അറിയുന്നുണ്ടില്ലെന്നി - ങ്ങറിയുന്നീലേതിലേഴുന്നീടും അറിയപ്പെടുമെങ്കിലുമ - ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടിൽ" (പദ്യം 7) നാം ആരാണെന്ന് അറിയാനുള്ള ഏക മാർഗ്ഗം അന്തർമുഖമായി അവനവന്റ രഹസ്യം ആരായുകയാണ്. അങ്ങനെ 'ഞാൻ ആരാണ് ' എന്ന വസ്തുത തിരഞ്ഞാൽ "ഞാൻ ഉണ്ട് ' എന്നറിയുന്നു . അങ്ങനെയാണെങ്കിൽ അറിവിൽ നിന്നാണോ അറിയപ്പെടുന്നതുണ്ടാകുന്നത് അതോ അറിയപ്പെടുന്നതിൽ നിന്ന് അറിവ് ഉണ്ടാകുന്നു . അപ്പോൾ ഒന്ന് മനസ്സിലാകും എല്ലാ അറിവും ഇരുട്ടിൽ നിന്ന് ഉണ്ടാകുന്നു അല്ലെങ്കിൽ 'തമസ്സിൽ' നിന്നും എല്ലാ ഗുണങ്ങളും ഉണ്ടാകുന്നു. അപ്പോൾ രാജുതോമസ്സിലും വിദ്യാധരനിലും കുടികൊള്ളുന്ന തമസ്സിനെ അകറ്റി ജ്ഞാനം അല്ലെങ്കിൽ ഉൾപ്രകാശം ലഭിക്കയാണ്. ഒരു പുരുഷായുസ്സ് ജീവിച്ചാലും ഈ പ്രകാശം അതിന്റെ പൂർണ്ണതയിൽ എത്തുന്നില്ല . സത്വരജതമസ്സ് അവസ്ഥകളിൽ കൂടി കടന്നു പോകുമ്പോൾ ഒരു ചെറിയ ദർശനം നമ്മൾക്ക് ലഭിക്കുന്നു. പക്ഷെ അതിനെ പരിപൂർണ്ണ അറിവെന്നോ പാണ്‌ഡിത്യംമോ എന്നൊക്ക വിളിച്‌ വല്ല അവാർഡും തരാനാണെങ്കിൽ അത് മുൻകൂറായി നിരസിച്ചിരുന്നു ഗുണത്രയങ്ങളെക്കുറിച്ച് ലേഖകൻ വളരെ വ്യക്തമായി എഴുതിയിരിക്കുന്നു . എങ്കിലും ലളിതമായ രീതിയിൽ സത്വഗുണം - സ്നേഹമാണ്, കരുണയാണ് , ദയയാണ് .രജോഗുണം -ഇത് മാനുഷികമാണ്. ആർഭാടങ്ങളിലും അഡംബരങ്ങളിലും ഇഷ്ടപ്പെടുക, ഇന്ദ്രിയസുഖങ്ങളിൽ ആകൃഷ്ടനാകുക തുടങ്ങിയവ . തമോഗുണം - ഇത് ജന്തുസഹജമാണ്. അജ്ഞാനമാണ്, ഇരുളാണ്, അലസതയാണ്, ക്രൂരതയാണ്. എന്തായാലും , നൈനാൻ മാത്തുള്ളയുടെ വെളിപാടും , സുധീർ പണിക്കവീട്ടിലിന്റെ റുബാ ഇയ്യാതും , അന്ദ്രുവിന്റെ മിസ്റ്റിസവും, എല്ലാം വാസുദേവ് പുളിക്കലിന്റെ 'ഗുണത്രയ' ങ്ങളും അറിവ് തേടുന്നവർക്ക് പല കോണുകളിൽ നിന്ന് ചിന്തിക്കാനും , കൊള്ളാനും തള്ളാനുമുള്ള അവസരം നൽകുന്നു എല്ലാ അറിവും അന്വേഷണത്തിൽ തുടങ്ങുന്നു . ഇതെന്ത് , എപ്പോൾ, എങ്ങനെ, എന്തുകൊണ്ട്, എന്നിത്യാദി "പ്രശ്നത്താൽ പ്രദ്യോതം ആലോക്യലനുഭൂതി വിക്ഷേപമൊഴിയുമ്പോൾ ദർശനാമം സദ്രൂപം " ഓരോ ചോദ്യത്തിലും ഉത്തരം ഇരിപ്പുണ്ട്. ആലോചിക്കണം എന്ന് മാത്രം.ആലോചിക്കുംമ്പോൾ ഉത്തരം അനുഭൂതിയായി വരും . തമസ്സിൽ പൊതിഞ്ഞു നിൽക്കുന്ന പരമാർത്ഥത്തിന്റെ മറ അനുഭൂതി എടുത്തു മാറ്റുന്നു. തത്വജ്ഞാനികളും തപ്സികളും ജീവിതത്തിന്റ അർഥം തിരഞ്ഞതുപോലെ നമ്മൾക്കും അന്വേഷണം തുടരാം . -വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക