Image

ബുറേവി കേരളത്തില്‍ എത്തിയേക്കില്ല

Published on 04 December, 2020
ബുറേവി കേരളത്തില്‍ എത്തിയേക്കില്ല

തിരുവനന്തപുരം: ഇന്ത്യന്‍ തീരത്തിനടുത്ത് എത്തിയ ബുറേവി ചുഴലിക്കാറ്റ് വീണ്ടും ദുര്‍ബലമായതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ വകുപ്പ്. രാമനാഥപുരത്തിന് അടുത്താണ് നിലവില്‍ ന്യൂനമര്‍ദ്ദമുളളത്. തമിഴ്നാട് തീരം തൊടുമ്ബോഴേയ്ക്ക് തന്നെ ബുറേവിയുടെ വേഗത കുറയും. 


തമിഴ്നാട്ടിലെത്തും മുമ്ബേ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റ‌ര്‍ വരെയായി കുറയുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കണക്കുകൂട്ടിയാല്‍ കേരളത്തിലേക്ക് ബുറേവി എത്താന്‍ സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.


ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ തന്നെ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. വീണ്ടും തീവ്രത കുറഞ്ഞ് ന്യൂനമര്‍ദ്ദമായാകും രാമനാഥപുരം വഴി തമിഴ്നാട്ടിലേക്ക് എത്താന്‍ സാദ്ധ്യതയെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. എന്നാല്‍ ബുറേവിയുടെ പ്രഭാവം കൊണ്ട് തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെളളക്കെട്ടുണ്ട്. പുതുച്ചേരി തീരത്തും കനത്ത മഴയാണ് പെയ്യുന്നത്.


 ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തി വച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വൈകിട്ട് നാലിന് തുറക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതായി ജില്ലാ കളക്‌ടര്‍ ഡോ നവ്‌ജ്യോത് ഖോസ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക