Image

ദില്ലി ചലോ..ദില്ലി ചലോ...(ഉയരുന്ന ശബ്ദം-19: ജോളി അടിമത്ര)

Published on 04 December, 2020
ദില്ലി ചലോ..ദില്ലി ചലോ...(ഉയരുന്ന ശബ്ദം-19: ജോളി അടിമത്ര)
ഏതു കൊമ്പന്റെ മുന്നിലും മടങ്ങാത്ത മുട്ടുമായി ജൈത്രയാത്ര നടത്തുന്ന കേന്ദ്ര സര്‍ക്കാറിന്റെ മുട്ടുകള്‍ ആടിത്തുടങ്ങിയോ? .പോയ വാരത്തിലെ കാഴ്ചകള്‍ നല്‍കുന്ന സൂചനകള്‍ അതാണ്. ഇന്നലെ വരെ വിലയില്ലാതിരുന്ന കര്‍ഷകന്റെ മുന്നില്‍ സര്‍ക്കാര്‍, ' ക്ഷ ,ണ്ണ ' പറഞ്ഞു തുടങ്ങിയതിന്റെ സൂചനകള്‍.

കര്‍ഷക സമരം വെള്ളിയാഴ്ച എട്ടാം ദിവസത്തിലെത്തിയിട്ടും സര്‍ക്കാര്‍ അയവു പ്രകടിപ്പിച്ചിട്ടും തെല്ലും വഴങ്ങാതെ ഈ പച്ച മനുഷ്യര്‍. മണ്ണിനോടു പടവെട്ടുന്നവന്റെ മുന്നില്‍ ചാണക്യതന്ത്രങ്ങള്‍ വിലപ്പോകുന്നില്ലെന്ന പരമ സത്യം നമ്മളെ അത്ഭുതപ്പെടുത്തുന്നു. തെല്ലും അയയാതെ ഉള്‍നാടന്‍ കര്‍ഷകരുടെ വന്‍പടയുടെ ഒഴുക്ക്. ഭൂമിദേവിയെ സ്തുതിക്കുന്ന പാട്ടുകള്‍, ഹം ഹോംഗേ കാമ്യാബ് (അതിജീവിക്കും നമ്മള്‍ ) എന്ന മുദ്രാവാക്യം മുഴക്കി രാത്രി പകലാക്കുന്ന ലക്ഷോപലക്ഷം കര്‍ഷകര്‍. ഉറക്കമില്ലാത്ത ദല്‍ഹി ..

ഒരു വശത്ത് രാജ്യത്തെ വന്‍കിട കോര്‍പറേറ്റ് കമ്പനികളും സര്‍ക്കാറും. മറുവശത്ത്  രാജ്യത്തിന് അന്നം വിളമ്പുന്ന നിസ്സഹായരായ കര്‍ഷകര്‍. ഏതു ഭാഗത്തിനാണ് തൂക്കക്കൂടുതലെന്ന് നമ്മള്‍ക്കറിയാം .പക്ഷേ മാറുകയാണ്, നമ്മുടെ കണക്കുകൂട്ടല്‍ തെറ്റുകയാണ്. മണ്ണില്‍ പടവെട്ടുന്നവന്റെ മനക്കരുത്ത് അധികാരത്തിന്റെ  മസില്‍ പവറിനെക്കാള്‍ ദൃഢതയുള്ളതാണെന്ന് ഇപ്പോള്‍ നാം കണ്ടറിയുകയാണ്.

രസകരമായ എന്തെന്തു കാഴ്ചകള്‍ ഇതിനിടയിലും. സമരക്കാരെ നേരിടാന്‍ ഇറക്കിയ പൊലിസിന് തങ്ങളുണ്ടാക്കിയ ഉച്ചഭക്ഷണം ബാരിക്കേഡിനു പുറത്തുകൂടി പങ്കുവയ്ക്കുന്ന കര്‍ഷരുടെ മനസ്സിലെ നന്‍മ . വിശപ്പിന് സമരം ഇല്ലല്ലോ. ഏഴര മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്കിടയില്‍ സര്‍ക്കാര്‍ നല്‍കിയ ഉച്ചവിരുന്ന് ബഹിഷ്‌കരിച്ച കര്‍ഷകനേതാക്കള്‍  ഗുരുദ്വാറയിൽ നിന്നു ആംബുലന്‍സില്‍ കൊണ്ടുവന്ന ഭക്ഷണം  വിജ്ഞാന്‍ ഭവനിലെ നിലത്തിരുന്നു കഴിച്ചു. വൈകുന്നേരം ചായയും സ്‌നാക്‌സും  ഗുരുദ്വാരയില്‍ നിന്നു കൊണ്ടുവന്നത് കഴിച്ചു. സര്‍ക്കാറിന്റെ ഒരു ഭക്ഷണവും തൊണ്ടയ്ക്കിറങ്ങില്ലെന്ന് മുഖത്തുനോക്കി പറയുന്നതിനു തുല്യം.

ഡല്‍ഹി വളഞ്ഞിരിക്കുന്നത് മൂന്നു ലക്ഷത്തിലധികം കര്‍ഷകര്‍. വീണ്ടും കര്‍ഷക ഒഴുക്ക് തുടരുന്നു. യുപിയില്‍നിന്ന് ആയിരങ്ങള്‍ എത്തുന്നു, പഞ്ചാബില്‍നിന്ന് പതിനായിരം കര്‍ഷക സ്ത്രീകള്‍ അണിചേരാനെത്തുന്ന കാഴ്ച. ഇതിനു പുറമേ ബംഗാളിലും പ്രക്ഷോഭം ആരംഭിക്കാന്‍ പോകുന്നു. പത്മഭൂഷണ്‍ തിരിച്ചുനല്‍കി പ്രകാശ്‌സിംങ് ബാദല്‍. 

ആറുമാസത്തേക്കു വേണ്ട ഭക്ഷണ വസ്തുക്കളും വിറകും ഉള്‍പ്പടെയാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്. രണ്ടു ചപ്പാത്തിയും ഒരു കഷണം സവാളയും തിന്നു വിശപ്പടക്കി മറ്റുള്ളവര്‍ക്കായി മരംകോച്ചുന്ന തണുപ്പിലും പൊള്ളുന്ന വെയിലിലും  ഭക്ഷണം വിളയിക്കുന്ന കര്‍ഷകരുടെ സങ്കടം കോര്‍പ്പറേറ്റുകളുടെ സ്വാധീനത്തില്‍ അറിയാതെ പോയതായി ഭാവിക്കുന്ന സര്‍ക്കാര്‍ നാണംകെട്ട് തോല്‍വി ഏറ്റു വാങ്ങുമോ? ഇതിനകം പ്രക്ഷോഭത്തില്‍ രണ്ടുപേര്‍ക്കു മരണം സംഭവിച്ചു കഴിഞ്ഞു.. പലര്‍ക്കും മര്‍ദ്ദനമേറ്റു. ലാത്തിച്ചാര്‍ജിനു കുതിരപ്പോലിസിനെ സജ്ജമാക്കിയാല്‍  നേരിടാന്‍ ട്രാക്ടര്‍ ശബ്ദം ഒരുക്കി യുവാക്കള്‍. ഡല്‍ഹിയിലെ മരംകോച്ചും തണുപ്പിനെ നേരിടാന്‍ കച്ചിയില്‍ കിടന്നുറക്കം.ഉള്ളിലെ തീയ്യ്ച്ചൂട് ആഴിയെ തോല്‍പ്പിക്കാന്‍ പോന്നതാണല്ലോ.  

പുതിയ മൂന്നു കാര്‍ഷികനിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ടു വയ്ക്കുന്നത്. പണം കൊടുക്കാതെ കര്‍ഷകനെ വഞ്ചിക്കുന്ന സമീപനം മാറണമെന്നതാണ് പ്രധാന ആവശ്യം.അതേസമയം നിയമങ്ങള്‍ കഷകര്‍ക്കു ഗുണം ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കര്‍ഷകരെ അമര്‍ഷം കൊള്ളിച്ചു. നിയമങ്ങള്‍  പിന്‍വലിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുടെ കോലം രാജ്യത്തുടനീളം കത്തിക്കുമെന്ന മുന്നറിയിപ്പില്‍നിന്ന് എല്ലാം കൂട്ടിവായിക്കുക.

കേരളത്തിലെ കര്‍ഷകര്‍ ഇതൊന്നും അറിഞ്ഞ മട്ടു കാണിക്കുന്നില്ല. ഇവിടെ നിന്നാരും പോയിട്ടില്ലെന്നു തോന്നുന്നു. ഇവിടെ ഇലക്ഷന്‍ ചൂടാണല്ലോ. വിളകള്‍ക്കു വിലകിട്ടാതായപ്പോള്‍ കൃഷി ചെയ്യാന്‍ മറന്ന നമ്മള്‍ക്ക് പാളത്തൊപ്പി ഓര്‍മ മാത്രമായി. ഞാറ്റു പാട്ടിന്റെയും കൊയ്ത്തുമെതി ഈരടികളുടെയും ഈണം പഴമക്കരാുടെ മനസ്സില്‍ മാത്രം പതിഞ്ഞുകിടപ്പുണ്ട്. ചേറിലിറങ്ങാന്‍ നമ്മള്‍ക്ക് മടിയായി. ഓണക്കാലത്ത് സദ്യ ഉണ്ണണമെങ്കില്‍ ഇലയുള്‍പ്പടെ തമിഴ്‌നാട്ടുകാര്‍ കനിഞ്ഞു തരണമെന്ന നിലയിലായി. കാര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ടിപ്പോള്‍. ടെറസ്സിലും കൃഷി തുടങ്ങിയിരിക്കുന്നു. പക്ഷേ തൊടിയില്‍ വിളയിക്കുന്നതിന് വിലയില്ലാത്ത സ്ഥിതിയില്‍ കര്‍ഷകന്‍ എന്നും തോല്‍ക്കുന്നു.

ഒരനുഭവം - എന്റെ ബന്ധുവിന്റെ മകള്‍ക്ക് കഴിഞ്ഞിടെ ഒരു വിവാഹാലോചനയുണ്ടായി.പെണ്‍കുട്ടി അദ്ധ്യാപികയാണ്. ചെക്കന്‍ കര്‍ഷക കുടുംബത്തില്‍പ്പെട്ടവന്‍. 22 ഏക്കര്‍ ഭൂമി. ഒറ്റ മകന്‍. കനകം വിളയിക്കുന്നവന്‍.. സുമുഖന്‍, ബിരുദാനന്തര ബിരുദധാരി. തറവാടി.

പക്ഷേ പെണ്‍കുട്ടി തീര്‍ത്തു പറഞ്ഞു,' സ്ഥിരവരുമാനം ഉള്ള ഒരാളെ മതി, കൃഷിക്കാരനെ വേണ്ട'.
ആ കല്യാണം നടന്നില്ല.

അതെ കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്നും ജീവനാഡിയാണെന്നും പറഞ്ഞിട്ട് കാര്യമില്ല. ആര്‍ക്കും അവരെ വിലയില്ല. അവരുല്‍പാദിപ്പിക്കുന്ന വിളകള്‍ക്കും വിലയില്ല.. ചേറില്‍ മുട്ടോളം പുതഞ്ഞു വിയര്‍ത്തു കുഴഞ്ഞ കര്‍ഷകനെ ബഹുമാനമില്ല പലര്‍ക്കും. വോട്ടു ചോദിക്കാന്‍ നേരം മാത്രമാണ് രാഷ്ട്രീയക്കാര്‍പ്പോലും അവരെ തേടിയെത്തുന്നത്. ഈ അവഗണന മനസ്സിലാക്കിയ കര്‍ഷകര്‍ ഭൂമി തരിശിട്ട് മക്കളെ എഞ്ചിനിയറും ഡോക്ടറും അദ്ധാപകരും ആക്കി. അവര്‍ക്കു കിട്ടുന്ന ശമ്പളം പച്ചക്കറി വാങ്ങാന്‍ തികയുന്നില്ലെന്ന സത്യം മനസ്സിലായപ്പോള്‍ ആ പഴയ തരിശുഭൂമിയിലേക്ക് തിരിഞ്ഞു നടക്കാന്‍  കാലം നമ്മെ പ്രേരിപ്പിക്കയാണിപ്പോള്‍.

***********************
വാല്‍ക്കഷണം-കര്‍ഷകസമരം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഡല്‍ഹിയുടെ അവസ്ഥ എന്താവും? ലക്ഷക്കണക്കിന് ജനങ്ങള്‍ തിന്നു കുടിച്ച് ദിവസങ്ങള്‍ .ഇവരെല്ലാം പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതെങ്ങനെ?. പൊതുനിരത്തുകള്‍ ടോയ്‌ലറ്റാകുന്ന സ്ഥിതി വിളിച്ചുവരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍.
സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരാരും കൊവിഡ്-19 നെ കാര്യമാക്കിയിട്ടില്ലെന്നു സ്പഷ്ടം. പതിനായിരങ്ങള്‍ മാസ്‌കു ധരിക്കാതെയാണ് തിങ്ങിയിരുന്ന് സമരത്തില്‍ പങ്കെടുക്കുന്നത്. 

വരാന്‍ പോകുന്ന വിപത്ത് അതിഭയങ്കരമാണെന്ന് സൂചന നല്‍കി ആരോഗ്യമന്ത്രാലയം ഇതുവരെ രംഗത്ത് എത്തിയിട്ടില്ലെന്നത് ചിന്തിപ്പിക്കുന്നു.


ദില്ലി ചലോ..ദില്ലി ചലോ...(ഉയരുന്ന ശബ്ദം-19: ജോളി അടിമത്ര)
Join WhatsApp News
S S Prakash 2020-12-05 07:17:43
Thanks 🙏🏽 Very good thought and written
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക