Image

വരകൾ ; വീടുകൾ (കഥ: പുഷ്പമ്മ ചാണ്ടി )

Published on 09 December, 2020
വരകൾ ; വീടുകൾ (കഥ: പുഷ്പമ്മ ചാണ്ടി )
ഇതുപോലെ, ഒരു തിങ്കളാഴ്ച രാവിലെ  പതിനൊന്നുമണിക്കാണ് അയാൾ അവളിൽ  നിന്നും പടിയിറങ്ങിപ്പോയത്,  ഒരുവട്ടമെങ്കിലും ഒന്നു  തിരിഞ്ഞുനോക്കുമെന്ന് വെറുതെ ആഗ്രഹിച്ചു.. അഥവാ  തിരിഞ്ഞൊന്നു നോക്കിയാൽ, അയാളുടെ തിരിഞ്ഞുനോട്ടത്തിനുവേണ്ടി താൻ കാത്തുനിൽക്കുന്നുവെന്ന് അയാൾ  അറിയേണ്ടെന്നു കരുതി, ജനാല വിരിയുടെ വിടവിലൂടെ അയാളെ നോക്കി നിന്നത്..
ഒരിക്കൽ പോലും ഒന്നു തിരിഞ്ഞു നോക്കാതെ കാർ സ്റ്റാർട്ട് ചെയ്ത് വിദൂരതയിലേക്ക് അയാൾ ഓടിച്ചു പോയി.
അയാളുടെ പ്രയാണപഥം അവൾക്ക് അറിഞ്ഞുകൂടാ ...
തന്നെ സ്വപ്നങ്ങളിലിൽ നിന്നും ഉണർത്തി,  ജീവിതത്തിലേക്ക് പിടിച്ചുകയറ്റി.. 
അവസാനം, ചില്ലകളും പൂക്കളുമില്ലാത്ത ഒരു  ചെടിയാക്കി മാറ്റി,  തനിച്ചാക്കി  കടന്നു പോയി .

കുറെ നാളുകളായി, ആൾക്കൂട്ടത്തിൽ 
ഒറ്റപ്പെട്ടവളേപ്പോലെ  തോന്നിത്തുടങ്ങിയിരുന്നു..

രണ്ടുപേരും  തമ്മിലന്യോന്യം ഒരുപാടു മിണ്ടി, 
അവസാനം അയാൾ മിണ്ടാതെയായി.
അവൾ കേൾക്കാതെയുമായി. 
മൗനം രണ്ടുപേരെയും അകലേക്കു മാറ്റിനിർത്തി.

തന്നിലേക്ക് അയാൾ വന്നുകയറിയ നിമിഷവും, ഇറങ്ങിപ്പോയ  നിമിഷവും ഓർമ്മയുണ്ട്, 
ഇടയ്ക്കു സംഭവിച്ചതിനു മാത്രം കൃത്യതയില്ല..

"മൃണാളിനി, എന്ന മിനി, ചിത്രകാരിയിൽനിന്നും,  കുടുംബിനിയായപ്പോൾ കടമകൾ മറന്നത്രെ ..."

" എന്താണ് കടമ ?"

ഊണിലും,  ഉറക്കത്തിലും അയാളെ മാത്രം ധ്യാനിച്ചിരുന്ന് പടം വരയ്ക്കാൻ മറന്നു പോയിരുന്നു.
അടുക്കളയിലെ പാത്രം മാത്രം നിശ്ശബ്‌ദതയെ ഭേദിച്ച് എന്തൊക്കെയോ കലമ്പി.. ആ കലമ്പൽ ജീവിതത്തിലെ അപസ്വരമായി മാറി.

അയാളുടെ ഇഷ്ടത്തിനായി സ്വയം പാകപ്പെടുത്തി.. എന്നിട്ടും പാകമാകാതെ, പഴുത്ത കനിയുടെ മധുരം അയാളിൽ എത്തിയില്ലെന്ന്.. . 

" നീയോക്കെ ഒരു ഭാര്യാ പദവി അലങ്കരിക്കുന്നു "
അയാൾ നിലത്ത് ആഞ്ഞുചവിട്ടി,  
കാർക്കിച്ചു തുപ്പി.
ഭാര്യാപദവി ഒരു 
അലങ്കാരമാണെന്ന് അറിഞ്ഞിരുന്നില്ല.

" പടം വരക്കുന്നവൾക്കെവിടെ 
പാചകം അറിയാം ?" അമ്മായിയമ്മ ശബ്ദമടക്കി പറഞ്ഞു.
" നിന്നെ, പറഞ്ഞാൽ മതി. വരയും,  കുറിയും, മേനിയഴകും നോക്കിപ്പോയി,  ഇനി അനുഭവിക്ക്  ..."

നിറയെ പൂക്കൾ തരാമെന്നു പറഞ്ഞു വ്യാമോഹിപ്പിച്ച  പൂച്ചെടി,  ഇലകൾ പൊഴിച്ച്, കാണാത്ത ഭാവത്തിൽ, കേൾക്കാത്ത ഭാവത്തിൽ നിൽക്കുന്നു.

തൻ്റെ ഉപ്പും, മുളകും, പുളിയും സമാസമം ചേരാത്ത ചേരുവകൾ നിറഞ്ഞ 
പാചകമായി.  നേർത്ത മെലിഞ്ഞ കൈവിരലുകൾ വിണ്ടുകീറി. ബ്രഷ് പിടിച്ച, ചായം മാത്രം പുരണ്ട വിരലുകളിൽ രക്തം പൊടിഞ്ഞു.. 
എത്ര ശ്രമിച്ചിട്ടും പാചകം എന്ന കല, ആ ചിത്രകാരിക്ക് വഴങ്ങിയില്ല.. 
വട്ടം തെറ്റിയ ദോശയും, ചപ്പാത്തിയും, അപ്പവും അവളെ നോക്കി കൊഞ്ഞനം കുത്തി.. 
പരിപ്പ് വേകുന്നതിനു മുൻപേ പുളി ചേർത്താൽ പരിപ്പ്  വേകില്ലെന്നറിയാതെ,  വേകാതെ  പോയ പരിപ്പ് ചേർത്ത 
സാമ്പാർ കഷണങ്ങൾ പരിപ്പിനോട് പിണങ്ങി നിന്നു.. അരിയുടെ വേവ് അറിയാതെ, കൂടുതൽ വെന്തും വേകാതെയും, ചൂടുപിടിച്ച തലയുമായി അവൾ നെട്ടോട്ടം ഓടി.. 
അടുക്കള കല പഠിക്കാൻ ഒട്ടും സമയം കൊടുക്കാതെ, അയാൾ 
നേരാവണ്ണം പാചകം പഠിപ്പിക്കാതെ വളർത്തിയ തൻ്റെ  അമ്മയെ എന്തൊക്കെയോ പറഞ്ഞു.. അത് കേട്ട  അമ്മയുടെ ആത്മാവ് അവിടെയെല്ലാം ചുറ്റിത്തിരിഞ്ഞു നിന്നു നെടുവീർപ്പിട്ടു  കാണും..

അയാൾ പോയവഴിയേ നോക്കി അവൾ കാത്തിരുന്നു .
 സന്തോഷം  മാത്രം തരുമെന്ന് പ്രതീക്ഷിച്ച പ്രണയം ദുഃഖഭാരം തന്നു നടന്നു നീങ്ങി ..
അടുക്കളയിൽ 
ചിന്നിച്ചിതറിക്കിടന്ന പാത്രങ്ങൾക്കിടയിൽ അവൾ അവളെ തന്നെ തിരയാൻ ആരംഭിച്ചു .
എന്നെങ്കിലും ഈ അടുക്കള താൻ കീഴടക്കും..
അന്ന് അയാൾ അവളെ തേടി വരുമായിരിക്കും... 
അങ്ങനെ വിചാരിക്കാനാണ്
അവൾക്കിഷ്ടം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക