Image

ഗുരുവന്ദനം(കവിത: ദീപ ബിബീഷ് നായര്‍ ( അമ്മു))

ദീപ ബിബീഷ് നായര്‍ ( അമ്മു) Published on 09 December, 2020
ഗുരുവന്ദനം(കവിത:  ദീപ ബിബീഷ് നായര്‍ ( അമ്മു))
ഗുരുവന്ദനമഭിവന്ദ്യമിതറിയുന്നൊരു കാലം
ഗുരുപൂജയിലുണരും മനമതിലുണ്ടൊരു സ്‌നേഹം

ഗുരുവെന്നാലമൃതിന്‍ നിറകുംഭം ഉലകത്തില്‍
ഗുരുവെന്നാല്‍ തമസിന്നെയകറ്റുന്നൊരു ദീപം

അറിവാകും അമൃതേകാനക്ഷരമുറ്റത്തായ്
അണിചേര്‍ന്നു നില്‍ക്കാമാ ഗുരുവിന്‍ ചരണത്തില്‍

അറിവല്ലോ സമ്പത്തീയവനിയിലൊന്നുയരാന്‍
അതിനായിട്ടനസ്യൂതമിവിടറിവിന്‍ വഴി തേടാം

ആദ്യംമുതലന്ത്യംവരെയല്ലോ നുകരാമീ
അനശ്വരമീധരയില്‍ കൈമുതലായറിവെന്നും

അജ്ഞാനമകറ്റാമൊരു ജനനന്മയ്ക്കായി
അറിവെന്നൊരു ക്ഷരമില്ലാത്തോരത്ഭുത ഭൈഷജ്യം

അറിവല്ലോ സംസ്‌കാരച്യുതിയില്‍ നിന്നുയരാന്‍
അതിവേഗം ബഹുദൂരം താണ്ടാനീ മഹിയില്‍

അല്പന്മാരാകാതെ അമരത്വം നേടാം
അറിവാകും സംസാരസാഗരമിതു പുണ്യം

ഗുരുവന്ദനമഭിവന്ദ്യമിതറിയുന്നൊരു കാലം
ഗുരുപൂജയിലുണരും മനമതിലുണ്ടൊരു സ്‌നേഹം......

ഗുരുവന്ദനം(കവിത:  ദീപ ബിബീഷ് നായര്‍ ( അമ്മു))
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക