Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 24

Published on 12 December, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ - 24
സ്വന്തമായിട്ടുള്ള വീടുകൾ സാലിക്കു നേരെ വാ പിളർത്തി നിന്നു. അപ്പൻ പണിയിപ്പിച്ച വീട്, അമ്മാളമ്മച്ചിയുടെ വീട്, അടച്ചിട്ടിരിക്കുന്ന ജോയിയുടെ നാട്ടിലെ വീട് . വാടകയ്ക്കു കൊടുത്തിരിക്കുന്ന കാനഡയിലെ അവരുടെ ആദ്യത്തെ രണ്ടു വീടുകൾ , ഇപ്പോൾ പാർക്കുന്ന നാലായിരം ചതുരശ്രയടി വിസ്താരമുള്ള പുതിയ വീട്. 
വീട്ടിലിരിക്കാൻ നേരം തികയാതെ സാലി ഓടിക്കൊണ്ടിരുന്നു. 
ജനറൽ ഹോസ്പിറ്റലിൽ നിന്നും വെസ്റ്റേണിലേക്കും 
അവിടെ നിന്നും വിമൺസിലേക്കും .....
കാനഡ മരത്തിൽ 
ഡോളർ പറിക്കാൻ പോയവരുടെ കഥ
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു.
         .....      .....    ......

അപ്പന്റെ എഴുത്തുപിടിച്ച് സാലി വെറുതെ ഇരുന്നു.
- ഇതെങ്ങനെ ജോയിച്ചായനോടു പറയും ?
സാലിയുടെ അപ്പൻ വീടു പുതുക്കി പണിയിക്കുന്നു. മുൻ വശത്തേക്ക് ഒരു വലിയ മുറിയും അതിനോടു ചേർന്ന് കുളിമുറിയും. അത്യാവശ്യമായി പണം അയയ്ക്കണം. നിനക്കു വേണ്ടിയാണു ഞാൻ വീടു പുതുക്കുന്നത് എന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്.
സാലി കാനഡയിൽ വന്നു കഴിഞ്ഞാണ് അപ്പൻ പുതിയ വീടു പണിയിച്ചത്. അന്ന് അപ്പൻ ഉറപ്പിച്ചു പറഞ്ഞു.
- വീടുപണി കഴിഞ്ഞിട്ടു കല്യാണം നടത്തിയാൽ മതി.
സാലി ജോയിയെ ഓർമ്മിച്ചിരുന്നു. ജോയി സാലിയെ ഓർമ്മിച്ചിരുന്നു. അതൊക്കെ പഴകിയ ഓർമ്മകൾ.
പഴയ ഇടുങ്ങിയ ഒറ്റമുറി വീട്ടിലേക്ക് ഉടുപ്പിട്ട കുട്ടിയായി സാലി ഓടിക്കയറി. ലക്കുകെട്ട് അമ്മച്ചി ചുറ്റിനടന്നിരുന്ന വീട്. സാലി ആകെ കൊതിച്ചിട്ടുള്ളത് ആ വീട്ടിലേക്കു പോകാനാണ്. അപ്പന്റെ കൂടെ ആ വീട്ടിൽ താമസിക്കുന്നതും അവിടെനിന്നും സ്കൂളിൽ പോകുന്നതുമൊക്കെ മനസ്സിൽ വരച്ചു മായ്ച്ച് വിള്ളലുള്ള പാടായി അവശേഷിച്ചതാണ്. ആ വീടിനു ചുറ്റുമായി കൂട്ടുകാരികളുടെ കൂടെ കളിച്ചുരസിച്ചു ചിരിച്ചുല്ലസിച്ച സങ്കല്പമണിക്കൂറുകളാണ് അവളുടെ ചെറുപ്രായം കടത്തിയത്.
- ഇനി എന്തിനാണ് എനിക്കു വീട്?
അവളുടെ ഓർമ്മകളെയൊക്കെ കണ്ണുനീരു വന്നങ്ങു നനച്ചു കളഞ്ഞു. ഒടുക്കം വിഷയം അവതരിപ്പിക്കാൻ സാലി ഒരു വഴി കണ്ടുപിടിച്ചു.
- ശനിയും ഞായറും ഞാൻ ജനറൽ ഹോസ്പിറ്റലിൽ പാർട്ട്ടൈം ചെയ്യട്ടെ ?
എഴുത്തു വായിച്ചിട്ട് ജോയി ഉത്തരമൊന്നും പറഞ്ഞില്ല. ശനിയും ഞായറും സാലി വീട്ടിൽ ഇല്ലാത്തത് ജോയിക്ക് ഇഷ്ടമില്ലാത്ത കാര്യമായിരുന്നു.
അപ്പന് പണത്തിന്റെ ഒപ്പം അയ്ക്കാനുള്ള എഴുത്ത് ജോയിയെ ഏൽപിച്ചപ്പോൾ അയാളുടെ മുഖം ഇരുണ്ടിരുന്നു. സാലി ജോയിക്കവകാശപ്പെട്ടതാണ്. അവളുടെ അധ്വാനം, വീട്ടിലേതാണെങ്കിലും പുറത്തേതാണെങ്കിലും അത് ജോയിയുടേതാണ്. അതിൽ മറ്റാർക്കും അവകാശം ഇല്ലതന്നെ. അയാളുടെ സ്വകാര്യ സ്വത്തിലേക്കാണു മറ്റൊരാളുടെ കൈ നീളുന്നത്. അത് കുളിമുറിയാണെങ്കിലും കിടപ്പുമുറിയാണെങ്കിലും അധിക ശമ്പളമാണെങ്കിലും ജോയി സഹിക്കാനോ പൊറുക്കാനോ തീരുമാനിച്ചിട്ടില്ല.
- ആ വീട് ജോയിച്ചായന്റെ പേരിൽ തന്നെ വരും.
സാലി സമാധാനമുണ്ടാക്കാൻ ശ്രമിച്ചു.
- എനിക്കു വേണ്ട അമ്മായപ്പന്റെ വീട്. എനിക്കു വേണ്ടിയ വീടൊക്കെ ഞാൻതന്നെ പണിയിപ്പിച്ചിട്ടുണ്ട്.
അയാൾ ധാർഷ്ട്യത്തോടെ പറഞു . സാലിക്കറിയാം. വേണ്ടതൊക്കെ സ്വയം നേടിയെടുക്കുന്ന ആളാണ് ജോയി. അതിന് ആരുടെയും സഹായം അയാൾക്കു വേണ്ട. കാനഡയിൽ അവർ ആദ്യം വാങ്ങിയ വീടു വാടകയ്ക്കു കൊടുത്തിട്ടാണ് ജോയി പുതിയൊരു വീട് വാങ്ങിയത്.
പണം പ്രതീക്ഷിക്കാതെ വഴിമാറിപ്പോകുമ്പോൾ ജോയിക്കു പുകഞ്ഞു കയറും. എന്നാലും സാലിയുടെ വാടിയ മുഖം കാണുമ്പോൾ അധികം പറയാൻ അയാൾക്കു തോന്നാറില്ല. ജോയി പറയുന്നതു വിട്ടൊന്നും സാലി ചെയ്യാറില്ല. വഴക്കു പിടിക്കാനും തന്നിഷ്ടം ചെയ്യാനും അറിയാത്ത പെണ്ണാണ് സാലി എന്ന് അയാൾക്ക് വ്യക്തമായി അറിയാം. സാമർത്ഥ്യക്കാരികളെ ജോയി ധാരാളം കണ്ടിട്ടുണ്ട്. ചില പെണ്ണുങ്ങളുടെ സ്വഭാവം കാണുമ്പോൾ ജോയിക്കു കലികയറും.
വീടുപണി തീർന്നതും സാലിക്ക് ആശ്വാസംതോന്നി. അപ്പോഴാണ് കൂദാശ നടത്തണമെന്നു പറഞ്ഞ് അപ്പൻ എഴുത്തയച്ചത്. സാലി എഴുത്തു ചുരുട്ടിക്കൂട്ടി എറിഞ്ഞു. അവൾക്കു വല്ലാത്ത പേടിതോന്നി.
- ദൈവമേ, എന്റെ തെറ്റു നീ എന്നോടു ക്ഷമിക്കേണമേ .
അവൾ എഴുത്തു നിവർത്തി വെച്ചു. എന്നാൽ അത് ജോയിയെ കാണിക്കാൻ പറ്റാത്ത വിധത്തിൽ ചുളുങ്ങിയിരുന്നു.
നേഴ്സിങ്സ്കൂളിൽ നീല ഇൻലൻഡിൽ കത്തുകൾ വരാത്ത കുട്ടിയെ അവൾ ഓർത്തു. കാനഡയിൽ നിന്നും യോഹന്നാൻ മാത്രമാണ് അവൾക്ക് എഴുത്തയ്യിരുന്നത്. അതിൽ പക്ഷേ, വായിക്കാൻ വിശേഷങ്ങളൊന്നും ഇല്ലായിരുന്നു. പണത്തിന്റെ കൂടെ വളരെ കുറച്ചു വരികൾ. അവിടെ നിനക്കു സുഖമല്ലേ. ഇവിടെ എല്ലാവർക്കും സുഖം. തണുപ്പു കുറയുന്നു. തണുപ്പു കൂടുന്നു. ഇപ്പോൾ നല്ല ചൂടാണ്. അല്ലെങ്കിൽ മഞ്ഞുപെയ്യുന്നു. അങ്ങനെയൊക്കെ ചങ്ങാത്തംകൂടാത്ത വരികൾ.
ഇന്ന് അവൾക്കു മനസിലാവുന്നുണ്ട് തണുപ്പിന്റെയും ചൂടിന്റെയും അളവിലാണ് കാനഡയിലെ ദിവസങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും എന്ന്. കാലാവസ്ഥയാണു തീരുമാനങ്ങളുടെ അച്ചുതണ്ട്.
ഓരോ ആഘോഷത്തിനു മുമ്പും ആകാംക്ഷയോടെ കാലാവസ്ഥ നോക്കുന്നു. ഭംഗിയായി നടക്കുമോ, ഒരുക്കങ്ങളെല്ലാം മഞ്ഞിൽ മരവിച്ചു പോകുമോ? കല്യാണങ്ങൾ മെയ് മാസത്തിനു സെപ്റ്റംബറിനും ഇടയിലായി നടത്തണം. ഒക്ടോബറിൽ മഞ്ഞു വീഴാം. നീളൻ ഉടുപ്പിട്ട് സിൻഡ്രല്ലയെപ്പോലെ ഒരുങ്ങിയ വധുവിന് മുത്തുപതിപ്പിച്ച ചെരുപ്പുമായി പുറത്തേക്കിറങ്ങാൻ പറ്റിയെന്നു വരില്ല. മഞ്ഞിന്റെ കൊടുങ്കാറ്റ് അതിഥികളെ പറത്തിക്കളയും. റോഡുകളും പ്ലെയിനും വൈദ്യുതിയും ചിലപ്പോൾ അടിയറവു പറയും. ഭംഗിയുള്ള കല്യാണച്ചിത്രങ്ങൾ വേനൽക്കാലത്തേ കിട്ടൂ.
ക്യാമ്പിങ്ങും പിക്നിക്കും ബന്ധുവീട് സന്ദർശനവും കളിയും ചിലപ്പോൾ ഷോപ്പിങ്ങു പോലും കാലാവസ്ഥയുടെ പിടിയിലാണ്. ഷൂസിടണോ ബൂട്ട്സിടണോ, ഏതു തരം സോക്സാണിടേണ്ടത് എന്നെല്ലാം തീരുമാനിക്കുന്നത് കാലാവസ്ഥയാണ്. പാന്റ്, അത് വൂൾ വേണോ. അടിപ്പാന്റു വേണോ, പാവാട അല്ലെങ്കിൽ ഷോട്സ് ? സ്കാർഫു വേണോ തൊപ്പി വേണോ, കൂളിങ് ഗ്ലാസ്സ് ഓർ അമ്പ്രല്ല ? സ്വെറ്റർ, ലോങ് സ്ളീവ്, സ്ലീവ് ലസ്?
- ടൂ കോൾഡ് ടു ഗോ ഔട്ട്
- പെർഫക്ട് ഡേ ഫോർ ഐസ് ക്രീം
ആദ്യത്തെ അമ്പരപ്പും കൗതുകവും കഴിയുമ്പോൾ പുറത്തെ ചൂടും തണുപ്പും മന:പാഠമാക്കുന്നത് അമേരിക്കൻജീവിതത്തിന്റെ ഭാഗമായി മാറും.
സ്വന്തമായിട്ടുള്ള വീടുകൾ സാലിക്കു നേരെ വാ പിളർത്തി നിന്നു. അപ്പൻ പണിയിപ്പിച്ച വീട്, അമ്മാളമ്മച്ചിയുടെ വീട്, അടച്ചിട്ടിരിക്കുന്ന ജോയിയുടെ നാട്ടിലെ വീട് . വാടകയ്ക്കു കൊടുത്തിരിക്കുന്ന കാനഡയിലെ അവരുടെ ആദ്യത്തെ രണ്ടു വീടുകൾ , ഇപ്പോൾ പാർക്കുന്ന നാലായിരം ചതുരശ്രയടി വിസ്താരമുള്ള പുതിയ വീട്. വീട്ടിലിരിക്കാൻ നേരം തികയാതെ സാലി ഓടിക്കൊണ്ടിരുന്നു. ജനറൽ ഹോസ്പിറ്റലിൽ നിന്നും വെസ്റ്റേണിലേക്കും അവിടെ നിന്നും വിമൺസിലേക്കും  ആശുപത്രികൾ കഴിഞ്ഞുള്ള സമയം പള്ളിയിലേക്കും പിന്നെ ജോയിയുടെ സൗഹൃദങ്ങളിലേക്കും.
                     തുടരും ...
പാമ്പും കോണിയും - നിർമ്മല - നോവൽ - 24
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക