Image

പരിസമാപ്തി (കവിത: വേണുനമ്പ്യാർ)

Published on 27 December, 2020
പരിസമാപ്തി  (കവിത:  വേണുനമ്പ്യാർ)
ഒതുങ്ങുന്നു നിമിഷത്തിൽ
പരക്കുന്നു  കാലത്തിൽ  
വരക്കുന്നു മൃതിയിലും    നീ
സനാതനത്തിൻ   മഹാമുദ്ര!

ക്ഷണികത  തിരുനെറ്റിയിൽ  നീ
ചാർത്തിടും  സുവർണബിന്ദി
അശ്രാന്തഗതിയിലും   നീ
വരിക്കുന്നു  ജാഗരൂകവിശ്രാന്തി

ചിമ്മി ചിമ്മി പ്രകാശിക്കും
നിൻ മുഖമൊന്നു മുകരുവാൻ
നിത്യകന്യകേ,യിരുളിലേകനാ-
യെത്ര കാലമായലയുന്നു  ഞാൻ!

2

വീടുപേക്ഷിച്ചും നാടുപേക്ഷിച്ചും
പിതാവിട്ട  പേർ  വെടിഞ്ഞും
വേഷഭൂഷാദികൾ   മാറ്റിയും
പഞ്ചാഗ്നിയിൽ തപം ചെയ്തും
മൃതഭാഷയിൽ ജപിച്ചും മന്ത്രിച്ചും
വനഗുഹയിലഹോരാത്രം
ശിരസ്സേകപാദമാക്കി   നിൽ പ്പുറപ്പിച്ചും
ഇലയുംകായ്കനിയും  തിന്നുപവസിച്ചും
കള്ളഗുരുവിന്റെ കാൽ കഴുകിയ പുണ്യജലം മോന്തിയും  
കപടസാധകരിലൊരുവനായി തെക്കും വടക്കും  താണ്ടി
ഹരിദ്വാറിലെത്തി  ചരസ്സിന്റെ  സൈക്കഡലിക്
വർണസ്വപ്നങ്ങളിൽ   മലർന്നു പറന്നതും  മറ്റും
വ്യർത്ഥം വ്യർത്ഥം വ്യർത്ഥം!
നിരർത്ഥം  നിരർത്ഥം  നിരർത്ഥം!!

3

ഇന്നലെയോളമുള്ളോരലച്ചിലുകൾക്കിന്ന്
കുറിക്കട്ടെ      ഞാൻ  പരിസമാപ്തി!

കരിയിലകളെപ്പോൽ  കാലഭൂതത്തെ
കത്തിച്ചു ചാരമാക്കി കുളിച്ചു
പൂകട്ടെ  ജാഗരൂകവിശ്രാന്തി.
ഗഹനമൗനത്തിൻ  തുരങ്കം   കുഴിച്ചു
വാഗ്ദത്ത  വിസ്തൃതിയിലേക്കൊരു  
വ്യോമപാത  വെട്ടാതെ പണിയട്ടെ   ഞാൻ.

വിശക്കുമ്പോൾ മാത്രമിനി,യൂണ്
ഉറക്കം തൂക്കുമ്പോൾ മാത്രമിനി,യുറക്കം
വിരഹത്തിനും സമാഗമത്തിനുമതീതമാം
മഹാസംഭോഗവനികയിൽ     മാത്രകൾ  പാഴാക്കാതെ
നിത്യതേ,   ഞാൻ ഞാനല്ലാതെ നിന്നോടൊപ്പം
നീയായി   നീ മാത്രമായി വാഴും ചിരകാലം.

4

ഒക്കത്തുള്ളതിനെ വിട്ടി, ല്ലാ,യകലങ്ങളിലേക്കു    
കണ്ണും പൂട്ടിയൊരു ശരത്തെപ്പോൽ  
കുതിച്ചു   പോയതാണെന്റെ ജീവിതപരാജയം.
പരാജയത്തിലും ഒരു ജയ ജയനാമമുണ്ടെന്നു കണ്ടു
പരയുടെ പാൽ നുകർന്നൊന്നുറങ്ങട്ടെ ഞാനിനി.
ഉറങ്ങുമ്പോഴും നിന്റെ മടിത്തട്ടിലുണർന്നിരിക്കാൻ
നിറുകയിൽ  കൈവച്ചനുഗ്രഹിക്ക, നിത്യകന്യകേ, നീ!  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക