Image

ലിംഗുസ്വാമിയുടെ കുറുങ്കവിതകൾ: മലയാള പരിഭാഷ: ഡോ. ടി.എം രഘുറാം

Published on 04 January, 2021
ലിംഗുസ്വാമിയുടെ കുറുങ്കവിതകൾ: മലയാള പരിഭാഷ: ഡോ. ടി.എം രഘുറാം
ലിംഗുസ്വാമിയുടെ കുറുങ്കവിതകൾ
1. എക്കിട്ടം വരുന്നേരം
അമ്മ പറയുന്നു
'ആരോ നിന്നെക്കുറിച്ചോർക്കുന്നു' വെന്നു.
എനിയ്ക്കാണെങ്കിൽ വല്ലാത്ത അരിശവും 
നീയെന്താ 'ആരോ' ആണോ?

2. നീ വടം കൈയിൽ പിടിക്കും
മുൻപേ
നീങ്ങാൻ തുടങ്ങന്നു ഉത്സവരഥം.

3. ഹാവൂ എന്റെ ഭാഗ്യം
എനിയ്ക്കുള്ള ശിക്ഷ കിട്ടിക്കഴിഞ്ഞിട്ടാണ്
നീ ക്ലാസ്സിൽ കയറി വന്നത്.

4. ഒരു കാര്യവുമില്ലാതെ
നീ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു
എല്ലാ വിവാഹവീടുകളിലും.

5. ഈ 
ഇടിവെട്ടുന്ന ശബ്ദത്തിൽ
അവളും ഭയന്നു കാണുമോ?

6. അതെന്താണാവോ
ആ മാടപ്രാവ്
ആരോ പറഞ്ഞു വച്ചത് പോലെ
എന്റെ വീടിനും  നിന്റെ വീടിനുമിടയ്ക്കു
പാറിപ്പറന്നു കൊണ്ടിരിക്കുന്നു!

7. ഇസ്തിരിയിടുന്ന തൊഴിലാളിയുടെ
വയറ്റിൽ ചുളിവുകൾ

8. ഇനിയും വേറെയെന്തു
നേർന്നാണു നീ
അമ്പലത്തിലേക്കു വരുന്നത്?


9. നീ നാട്ടിലില്ല
അതറിയാതെ
ഇവർ ഉത്സവമാഘോഷിക്കുന്നു!

10. ഞാൻ ഏറെ ആഗ്രഹിച്ചു
മേടിച്ചു
ബുദ്ധന്റെ പ്രതിമ.

11. എന്നും കുടചൂടിച്ചെല്ലുമായിരുന്ന
മുത്തച്ഛന്റെ അന്ത്യവിലാപ യാത്രയിൽ
നല്ല മഴ.

12. ഒരിയ്ക്കൽ
വണ്ടി നിർത്തി നീ
എന്നോടു വഴി ചോദിച്ചു
അതേപടി നീ എനിയ്ക്കും
ഒരു വഴി പറഞ്ഞു തരാമായിരുന്നു.

13. നീ ദിവസേന
മട്ടുപ്പാവിൽ തലങ്ങും വിലങ്ങും
നടന്നുകൊണ്ടു വായിക്കുമായിരുന്നില്ലേ
അതാണ് ചരിത്രപാഠം.

14.
ബഹുനിലപ്പാർപ്പിടത്തിൽ
നീ ഏതു വീട്ടിലാണെന്നു
വിളിച്ചോതുന്നു
നിന്റെ വയലറ്റ് ദുപ്പട്ട.

15. പാടമെമ്പാടും ചിത്രശലഭങ്ങൾ
എന്തു ചെയ്യാം
കളയെടുക്കണമല്ലോ!

16. കളം വരയ്‌ക്കേണ്ടതില്ല
മുറ്റത്തെങ്ങും
പൊഴിഞ്ഞു കിടപ്പൂ
പുഷ്പങ്ങൾ.

17. ഞാനും ശ്രദ്ധിച്ചിരുന്നു
ആ ആന
നിന്നെ ആശീർവദിക്കുമ്പോൾ മാത്രം
പുഷ്പം പോലെ
തുമ്പിക്കൈ ഉയർത്തുന്നു.

18. നീ 
മഴയിൽ
നനഞ്ഞുകൊണ്ടു വരുന്നു
ഇടിയൊച്ച ഒന്നു പതുക്കെയാവുന്നു.

19. മരണവീട്
പണ്ടെന്നോ കണ്ട കൂട്ടുകാരൻ
കരയണമോ
ചിരിക്കണമോ?

20. ഇനിയും അല്പ നേരം കൂടി 
കണ്ണും ചിമ്മി
പ്രാർത്ഥിക്കാമായിരുന്നില്ലേ നിനയ്ക്കു?

21. നീ കുളക്കടവിലേക്കു 
വന്നു കഴിഞ്ഞാൽ
എനിയ്ക്കു നീന്തൽ മറന്നു പോകുന്നു.

22. ഈയിടെയായി
റിംഗ്‌ടോണിൽ മാത്രമേ
കേൾക്കാൻ കഴിയുന്നുള്ളൂ
കുരുവികളുടെ ശബ്ദം.

23. കൃത്യസമയത്ത് നീ എത്താത്തതിന്
മുൻവച്ച
എല്ലാ കാരണങ്ങളെയും
ഞാൻ അംഗീകരിക്കാം
മഴയ്ക്കായി
ഒതുങ്ങിനിന്നു
എന്നതൊഴികെ.

24. ഓടുന്ന ബസ്സിലേക്കു
പറന്നു കയറി വന്ന 
ചിത്രശലഭം
ഇരിയ്ക്കാൻ
ഇടം തേടി
എവിടെയൊക്കെയോ
അലഞ്ഞു തിരിഞ്ഞു
എന്റെ തോളിൽ 
വന്നു ചേക്കേറി.
ഇറങ്ങേണ്ട സ്ഥലം
എത്തിയ ശേഷവും തുടരുന്നു യാത്ര.

25. ആൺ ദൈവങ്ങളുടെ കൈയിലുള്ള
സർവ്വ ആയുധങ്ങളും
ഒന്നിച്ചു കൈവശം വച്ചിരിക്കുന്നു കാളി.

26. ഏതു പെൻസിലും
പൂർണ്ണമായി
എഴുതിത്തീർത്തതായി
എന്റെ ഓർമ്മയിലില്ല.

27. ചെരുപ്പിൽ കയറി നോക്കി
കാലിന് പാകമല്ലെന്നു കണ്ടു ഇറങ്ങിച്ചെല്ലുന്നു
ഉറുമ്പു.

28. ഒരു വൃക്ഷത്തെ വീഴ്ത്തിയാണു
ഈ വീണ നിർമ്മിച്ചിരിക്കുന്നതു
ഒരു തവണ നീ മീട്ടു
ഒരു വനം രൂപപ്പെടട്ടെ.

29. ഒരു മരം നട്ടുവയ്ക്കുമ്പോൾ
നിങ്ങളൊരു
ബുദ്ധനെയും കൂടെ
സ്വീകരിക്കുന്നു.

30. റോസാപ്പൂ വിൽക്കുന്നവന്റെ
സ്വരത്തിൽ മുള്ള്.

31. കുട്ടികൾ കളിക്കുന്ന മരച്ചുവട്ടിൽ
പഴങ്ങളെ കൈപ്പിടിയിൽ നിന്നു വിട്ടുകൊടുക്കുന്നു
അണ്ണാരക്കണ്ണൻ.

32. ഇലയിൻ തുമ്പത്തു
ഇറ്റുന്ന മഴത്തുള്ളിയിൽ
സെൽഫിയെടുക്കുന്നു മരം.

33. ആത്മഹത്യ ചെയ്യാൻ മനസ്സ് വന്നില്ല
കിണറ്റിൽ
ചന്ദ്രനെ കണ്ടതിൽപ്പിന്നെ.

34. ഭാരം ചുമന്നു നടക്കുന്നു
യോദ്ധാവിനെ നഷ്ടപ്പെട്ട
കുതിര.

35. ചന്ദ്രനെ കാണിച്ചും കൊണ്ട്
ഉരുളച്ചോറു വാരിക്കൊടുത്തു കാണുമോ അമ്മ
ആംസ്‌ട്രോങ്ങിന്!

36. അല്പം കുഴങ്ങിയിരിയ്ക്കാം
പക്ഷി
ആദ്യത്തെ വിമാനത്തെക്കണ്ടപ്പോൾ.

37. ആദ്യം വെള്ളം ഇല്ല എന്നവർ പറഞ്ഞു
ഇന്നു
പുഴയും ഇല്ല എന്നാണു പറയുന്നത്.

38. നിലാവെളിച്ചത്തിൽ സ്മശാനം
ശാന്തനായ് കുഴിവെട്ടുകാരൻ
എവിടെയോ കൊഴിഞ്ഞുകൊണ്ടിരിക്കുന്നു ഒരു പൂവ്.

39. വീട്ടിൽ സംഭവിച്ച മരണമറിയാതെ
പതിവ് പോലെ കൂകിക്കൊണ്ടിരിക്കുന്നു
കുയിൽ.

40. അടുത്ത മഴക്കാലം
കാണുവാൻ പോകുന്നില്ല
ഈയാം പാറ്റകൾ.

41. അഗ്നിയെ പ്രദക്ഷിണം വച്ചതിന്റെ
അർത്ഥം മനസ്സിലായി
അടുക്കളയിലെത്തിയപ്പോൾ. 

42. മരച്ചുവട്ടിൽ
അധ്യാപനം നടത്തുന്നു ഗുരു
പഠിപ്പിച്ചുകൊടുക്കുന്നു
മരം.

43. ആരുടെ കണ്ണേറു കൊണ്ടുവോ
തെരുവിൽ ചതഞ്ഞു കിടക്കുന്നു
ദൃഷ്ടി കുമ്പളങ്ങ.

44. തൂക്കു കയറിനൂടെ
മുഖം കാണിക്കുന്നു
നിലാവ്.

45. മുറ്റത്തെ ഊഞ്ഞാലിൽ ഒരിയ്ക്കൽ പോലും
ഇരുന്നു കണ്ടിട്ടില്ല
അച്ഛനെ.

46. ആറ്റിലെ പെരുവെള്ളം
വാരിക്കൊണ്ടു ചെല്ലുന്നു
മണൽ ലോറികളെ.

47. അതിർത്തി കടന്നിട്ടും
കേട്ടുകൊണ്ടിരിക്കുന്നു
പ്രാർത്ഥന.

48. നീ പഞ്ചമുഖ വിളക്കു
കൈയിലേന്തി വരുമ്പോൾ
ഏഴു നാളങ്ങളാണു.

49. പതിച്ചുവച്ച എല്ലാ കാൽപാടുകളും
അടുത്ത തിരമാലവരെ മാത്രം.

50. നമ്മുടെ പേരുകൾ എഴുതിവച്ച
അതേ സ്ഥലത്തുതന്നെ കൊത്തിക്കൊണ്ടിരിക്കുന്നു
മരം കൊത്തിപ്പക്ഷി.

51. പൊടുന്നനവേ എന്തെങ്കിലും
തോന്നലുളവാക്കി ചെന്നകലുന്നു
പക്ഷിയിൻ നിഴൽ.

52. എന്റെ കവിതകളെ കീറി
മകൾ കപ്പലിറക്കിക്കളിക്കുന്നു
മറ്റുമൊരു കവിത.

53. മാൻ കുടിക്കുന്ന വെള്ളത്തിന്റെ മേൽ
പുലിയുടെ ബിംബം.


നമ്മാൾവാർ ലിംഗുസ്വാമി

ജനനം 1967 തമിഴ്‌നാട്ടിലെ കുംഭകോണത്തിൽ. ചെന്നൈയിലെ സുപ്രസിദ്ധ 
സിനിമാ സംവിധായകൻ, തിരക്കഥാ രചയിതാവ്, സിനിമാ നിർമ്മാതാവ്. 2001 ൽ
സൂപ്പർ താരം മമ്മൂട്ടി അഭിനയിച്ച 'ആനന്ദം' ആയിരുന്നു തുടക്കം. പിന്നീട് 'റൺ'(2002) 
'സണ്ടക്കോഴി' (2005) 'ഭീമാ'(2008) 'പൈയാ'(2010) 'വേട്ടൈ'(2012) 'അഞ്ചാൻ'(2014)
 മുതലായ പ്രധാനപ്പെട്ട ചിത്രങ്ങൾ സംവിധാനം ചെയ്തു.
സിനിമ കൂടാതെ സാഹിത്യമേഖലയിൽ അറിയപ്പെടുന്ന ഹൈക്കു കവിയാണ്.
 അദ്ദേഹത്തിന്റെ പ്രത്യേക രീതിയിലെ ഹൈക്കുവിന് 'ലിംഗു' എന്നു പേരിട്ടു.
രണ്ടു കുറുങ്കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു.
ഇംഗ്ലീഷിലും ഇപ്പോൾ മലയാളത്തിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
വിവാഹിതനാണ്. രണ്ടു പെൺമക്കളുണ്ടു.
ചൈന്നൈയിൽ സ്ഥിരതാമസം.
Email: lingoohaiku@gmail.com 
ലിംഗുസ്വാമിയുടെ കുറുങ്കവിതകൾ: മലയാള പരിഭാഷ: ഡോ. ടി.എം രഘുറാംലിംഗുസ്വാമിയുടെ കുറുങ്കവിതകൾ: മലയാള പരിഭാഷ: ഡോ. ടി.എം രഘുറാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക