ഗജ കേസരി യോഗം (ശ്രീജ പ്രവീൺ)
EMALAYALEE SPECIAL
08-Jan-2021
EMALAYALEE SPECIAL
08-Jan-2021

പൊതുവെ മൃഗ സ്നേഹം ഇത്തിരി കുറഞ്ഞ വ്യക്തിയാണ് ഞാൻ . പണ്ട് കടിക്കാൻ ഓടിച്ച ശുനകശ്രീ കാരണം ആണോ അതോ ജന്മനാ ഉള്ള ഭയം കാരണം ആണോ എന്നറിയില്ല, നാൽക്കാലികളോട് ഞാൻ എന്നും ഒരു സാമൂഹിക അകലം പാലിച്ചു പോന്നു. പക്ഷെ, ആടിനെയും പട്ടിയേം കിളിയേം ഒക്കെ പിടിച്ചു നിർത്തി കുശലം ചോദിക്കുന്ന ടൈപ്പ് കെട്ടിയോൻ ആണ് കൂടെയുള്ളത്. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് ആദ്യം പുതു പെണ്ണിനെ കൊണ്ട് പോയി വീട്ടിലെ നായ കുട്ടിയെ പരിചയപ്പെടുത്തുന്ന ടൈപ്പ് മൃഗ സ്‌നേഹി. ആനന്ദ ലബ്ദിക്ക് ഇനിയെന്ത് വേണം?
മൃഗ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി തോന്നിയത് ശ്രീലങ്കയിൽ കണ്ട ആനകളുടെ അനാഥാലയം ആണ്.പരിക്കേറ്റ ആനകളെ പരിപാലിക്കുന്ന 'പിന്നാവാല' എന്ന ആന സങ്കേതം.ഇങ്ങനെയുള്ള ലോകത്തിലെ ഒരേ ഒരു അനാഥാലയം എന്നാണ് ഗൂഗിൾ മാമൻ പറയുന്നത്.
.jpg)
അവിടത്തെ പ്രധാന കാഴ്ച എന്ന് പറയുന്നത് ആനകൾ കുളിക്കാൻ പോകുന്നതാണ്.
രാവിലെ ഒരു പത്ത് പത്തര ഒക്കെ ആവുമ്പോൾ സ്കൂളിലെ പിള്ളേര് ലൈൻ ആയി അസംബ്ലിക്ക് പോകുന്ന പോലെ ആനകൾ എല്ലാം കൂടി നിര നിരയായി നടന്നു പോകും .റോഡിൻ്റെ ഒരു വശത്തെ സങ്കേതത്തിൽ നിന്നും മറു വശത്ത് ഒരു ചെറിയ വഴിയിലൂടെ നടന്ന് അങ്ങേ അറ്റത്തുളള പുഴയിൽ കുളിക്കാൻ പോകുന്നതാണ്. അവര് വരാൻ സമയം ആകുമ്പോൾ അവിടുത്തെ ജീവനക്കാർ വന്നു ഇടവഴിയുടെ ഇരു വശത്തും നിരന്ന് നിൽക്കും..കൂടെ നമ്മൾക്ക് നിർദ്ദേശവും തരും... ആന ചവിട്ടി ചമ്മന്തി ആവണ്ട എന്നുണ്ടെങ്കിൽ വഴിയുടെ അരികിലേക്ക് കയറി നിന്നോ എന്ന്. കേട്ട പാതി കേൾക്കാത്ത പാതി ഞാൻ ഓടി പോയി വശത്തെ മൺ തിട്ടയിൽ കയറി നിന്നു. പിള്ളേരെ ഒക്കെ പൊക്കി കൊണ്ട് വരാൻ അവരുടെ അച്ഛൻ ഉണ്ടല്ലോ. പിറകെ അവര് മൂന്നും എത്തി. "അമ്മ ആദ്യമേ ഓടിയോ" എന്ന മൂത്തവളുടെ ചോദ്യം ഞാൻ അവഗണിച്ചു. ആന കാര്യത്തിൻ്റെ ഇടയിലാ അവളുടെ ചോദ്യോത്തരം.
കുറച്ച് നേരം കഴിഞ്ഞപ്പോ ദൂരെ നിന്ന് വിസിൽ ശബ്ദം കേട്ട് തുടങ്ങി. കരി വീരന്മാരുടെ വരവായി. കൂട്ടം കൂട്ടമായി നൂറോളം ആനകൾ വഴി നിറഞ്ഞു വരുന്നു. ചങ്ങല ഒന്നും കൊണ്ട് ബന്ധിച്ചിട്ടില്ല അവരെ. സന്തോഷമായി തലയും ആട്ടി കുലുങ്ങി കുലുങ്ങി വരികയാണ് അവർ. കുട്ടി ആനകൾ മുതൽ തലയെടുപ്പുള്ള സീനിയർ സിറ്റിസൺസ് വരെ ഉണ്ട് കൂട്ടത്തിൽ. വഴി ചെറിയ ഇറക്കം ആയത് അവരെല്ലാം കൂടി കുളിക്കാൻ വേണ്ടി ഓടി പോകുന്ന പോലെ തോന്നും . കുറെ നേരത്തിനു ശേഷം പുഴയിലെ കുളി കഴിഞ്ഞ് ദേഹത്ത് പൊടി ഒക്കെ കളഞ്ഞു നല്ല കറു കറുത്ത ശരീരവുമായി അവർ തിരിച്ചു പയ്യെ നടന്നു പോക്ക് തുടങ്ങും . പോകുന്നത് വളരെ പതിയെ പതിയെ വഴിയുടെ അരികിൽ നിറഞ്ഞു നിൽക്കുന്ന ആളുകളെ ഒക്കെ നോക്കി അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടാണ്. പല ആനകളും നമ്മളെ നോക്കി ചിരിക്കുന്നു എന്ന് തോന്നും .
മൃഗ സ്നേഹം തൊട്ട് തീണ്ടിയിട്ടില്ലാത്ത എനിക്കും പോലും അവയോട് വാത്സല്യം തോന്നി ഈ കാഴ്ചകൾ കണ്ടപ്പോൾ.
പിന്നാവാലക്ക് ഉള്ളിലും ആനകളെ അടുത്ത് കാണാനും അവയ്ക്ക് പഴം കൊടുക്കാനും ആനപ്പുറത്ത് കയറാനും ഒക്കെ ഉള്ള അവസരം ഉണ്ട് . പഴം കൊടുക്കുന്നത് വരെ ഒക്കെ എനിക്ക് സഹിക്കാൻ പറ്റും. എന്നാലും ആന പ്പുറത്ത് കയറാൻ അത്ര ധൈര്യം പോര. പിള്ളേരും അച്ഛനും തയ്യാറായി നിൽക്കുന്നു.. ഞാൻ മാത്രം വേണ്ടെന്ന് പറഞാൽ പിന്നെ ആരും കയറേണ്ട എന്നാവും . രസം കൊല്ലി ആകാൻ താൽപര്യം ഇല്ലാത്ത കൊണ്ടും കുളി സീൻ കണ്ടപ്പോൾ ശ്രീലങ്കയിലെ ആനകൾ വെറും പാവങ്ങൾ ആണെന്ന് തോന്നിയത് കൊണ്ടും ഞാൻ ആ സാഹസത്തിന് മുതിർന്നു.
നല്ല ഗാംഭീര്യം ഉള്ള ആന. കൂടെ ഒരു കൊച്ചു ചെറുക്കൻ ആനക്കാരനും ഉണ്ട് . അവൻ മുകളിലേക്ക് കയറാനുള്ള വിദ്യ പറഞ്ഞു തരുന്നു. ആനയുടെ കാലിൽ ചവിട്ടി തോളിൽ ചവിട്ടി അങ്ങു കയറുക. സിമ്പിൾ! ആ ഭീമാകാരൻ്റെ അടുത്തേക്ക് എത്തിയതും എനിക്കാണേൽ കാലും കയ്യും വിറക്കുന്ന പോലെ. അത് ഞങ്ങളെയൊക്കെ നോക്കുന്ന പോലെ. കൂട്ടത്തിൽ കുറച്ചധികം ഭാരക്കൂടുതൽ ഉള്ള എന്നെ അൽപ്പം കൂടുതൽ നേരം നോക്കിയോ എന്നൊക്കെ ഒരു സംശയം.
എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി എൻ്റെ ചെറിയ മകൾ.
"ഞാൻ അമ്മയുടെ കൂടെ അല്ലേ ഇരിക്കുന്നത്?" .
അയ്യോ. ഞാൻ തന്നെ വിറച്ച് നിൽക്കുകയാണ്. കൊച്ചിനെ കൂടെ ഇരുത്തേണ്ടി വരുമോ? ഞാൻ കൂടുതൽ തളർന്നു.
ആനക്കാരൻ രക്ഷക്ക് എത്തി. ചെറിയ മകൾ ഏറ്റവും മുന്നിൽ, പിന്നെ ഭർത്താവ്, പുള്ളിയുടെ പിറകിൽ ഞാൻ ,പിന്നെ മൂത്ത മകൾ. ഇങ്ങനെ വേണം ഇരിക്കാൻ എന്ന് അവൻ.
നിമിഷ നേരത്തിനകം ഭർത്താവും ചെറിയ മോളും ചാടി കയറി ഇരിപ്പായി. എന്നിട്ട് എന്നോട് പറയുന്നു " കേറി വാ, എളുപ്പം ആണ് " എന്ന്. കൊച്ചിനെയും പിടിച്ച് ഇരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് എഴുന്നള്ളത്ത് സമയത്ത് വിഗ്രഹവും കൊണ്ട് ഇരിക്കുന്ന പൂജാരിയെ ഓർമ വന്നു. ചിരിച്ചില്ല, പേടി കൊണ്ട് വായ തുറക്കാൻ പോലും വയ്യല്ലോ.
പയ്യൻ്റെ കുറെ നേരത്തെ ഡെമോ ക്ലാസും മൂത്ത മോളുടെ ഉന്തും തള്ളും ഒക്കെ കൊണ്ട് ഒരു പത്ത് മിനുട്ട് നേരത്തെ അധ്വാനം കൊണ്ട് എങ്ങനെയൊക്കെയോ ഞാൻ അതിൻ്റെ പുറത്ത് പൊത്തി പിടിച്ചു കയറി. ഒറ്റ മിനുട്ട് കൊണ്ട് മൂത്തവളും ചാടി കയറി പറ്റി.
ഇത്രയും നേരം ഇതിൻ്റെ പുറത്ത് കയറുന്നത് ആണ് പാടെന്ന് വിചാരിച്ചിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ചെറുക്കൻ ആനയോട് നടക്കാൻ പറയുന്നു. അത് പയ്യെ അനങ്ങി തുടങ്ങി. ആന പതിയെ ആണ് നടക്കുന്നത് എന്ന് ഇനി മേലാൽ ഞാൻ പറയില്ല. നടക്കാൻ വേണ്ടി അതിൻ്റെ നട്ടെല്ലിലെ എത്ര കശേരുക്കൾ അനങ്ങും എന്ന് ഞാൻ അന്ന് പഠിച്ചു. മൊത്തത്തിൽ ഉള്ള കുലുക്കത്തിൽ ഞങ്ങൾ തെറിച്ച് താഴെ വീഴും എന്നെനിക്ക് തോന്നി.
"അയ്യോ...അവളെ മുറുകെ പിടിക്കണെ" എന്ന് ഭർത്താവിനോട് പറഞ്ഞു കരയുന്നുണ്ട്.
"നീ എന്തിലെങ്കിലും മുറുകെ പിടിക്കു" മൂത്ത മോളോട് ആണ്. പുറകിൽ ഇരിക്കുന്ന അവള് അറ്റത്ത് നിന്ന് ഊർന്നിറങ്ങി പോകുമോ എന്നാണ് മാതൃ ഹൃദയത്തിൻ്റെ ഭയം.
അവള് ചിരിച്ചു കൊണ്ട് " ഇതിൻ്റെ പുറത്ത് എന്തിൽ പിടിക്കാൻ ആണ് അമ്മേ? ഒന്ന് പേടിക്കാതെ ഇരിക്കൂ" . പന്ത്രണ്ട് വയസ്സിൽ എന്നെ ഉപദേശിക്കുന്ന സന്താനത്തിനോട് എന്ത് പറയാനാ ?
ഞാൻ കണ്ണ് മുറുക്കെ അടച്ചു പിടിച്ച് ഇരിപ്പായി. നിന്ന ഇടത്ത് നിന്ന് ഒരു പത്ത് മീറ്റർ ദൂരെ ഉള്ള മരം വരെയാണ് യാത്രയെന്ന് ഏകദേശം പിടി കിട്ടി. മരത്തിൻ്റെ അടുത്ത് എത്തിയോ എന്ന് ഞാൻ ഇടക്കിടെ ഒളിഞ്ഞു നോക്കും.
അങ്ങനെ ഒരു അഞ്ചാറ് മിനുട്ട് നീണ്ടു നിന്ന എൻ്റെ എഴുന്നള്ളത്ത് അവസാനിക്കാറായി. അപ്പോഴാണ് ചെറുക്കൻ അവൻ്റെ ഭാഷയിൽ എന്തോ പറഞ്ഞതും ഉടനെ നമ്മുടെ ഗജ രാജൻ തുമ്പി ക്കയ്യും മുൻ കാലുകളും ഉയർത്തി ഉറക്കെ ഒന്ന് ചിന്നം വിളിച്ചതും ഒപ്പം കഴിഞ്ഞു. ഞാനും കൂടെ ഉറക്കെ നിലവിളിച്ചു. എൻ്റെ ശബ്ദം ആവണം അവിടെ മൊത്തം മുഴങ്ങി കേട്ടത്.
എല്ലാവരും വരി വരിയായി പിറകിലേക്ക് വീഴും എന്നാണ് എനിക്ക് തോന്നിയത്.
ഒന്നും സംഭവിക്കാത്ത പോലെ ആന സാദാ സ്ഥിതിയിലേക്ക് തിരിച്ചെത്തി. ഞാൻ ഒറ്റ ചാട്ടത്തിൽ താഴെ ഇറങ്ങി എന്നാണ് തോന്നുന്നത്. ഇറങ്ങിയത് എങ്ങനെ ആണെന്ന് ഒരു ഓർമ്മയും ഇല്ല.
എൻ്റെ ഈ ബഹളവും വെപ്രാളവും ഒക്കെ കണ്ട് ആനക്കാരൻ പയ്യന് കുറെ നേരത്തേക്ക് ചിരി നിർത്താൻ വയ്യായിരുന്നു. എൻ്റെ വീട്ടുകാരൻ്റേം പിള്ളേരുടെയും കാര്യം പിന്നെ പറയേണ്ടല്ലോ.
"വാൽ" കഷ്ണം :
--------------------------
തിരിഞ്ഞ് നടക്കാൻ നേരം ഞാൻ ആനയുടെ മുഖത്തേക്ക് നോക്കി. അത് എന്നോട് ആന വാൽ എങ്ങാനും വേണോ ചേച്ചീ എന്ന് ചോദിക്കുന്ന പോലെ തോന്നി. എന്നോട് അത്രയും സ്നേഹം ആ ഗജ കേസരിക്ക് ഉണ്ടായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments