Image

ചരിത്രത്താളില്‍ കയ്യൊപ്പിട്ട് (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 11 January, 2021
ചരിത്രത്താളില്‍ കയ്യൊപ്പിട്ട് (കവിത: മാര്‍ഗരറ്റ് ജോസഫ്)
കാലത്തിന്‍ ഘടികാരം തന്നില്‍-
സമയത്തിന്‍ കളി തുടരുമ്പോള്‍,
ലോകത്തിന്‍ വായ് മൂടിക്കെട്ടിയ,
വാര്‍ത്തകളെത്ര വിചിത്രം ഹാ!
മരണത്തിന്‍ കുപ്പായമണിഞ്ഞ,
മാരകവ്യാധി, മഹാമാരി,
മന്നിടമെങ്ങും പട്ടടയാക്കി,
സഞ്ചാരത്തിന് വഴിമുട്ടി,
ആശങ്കാകുലര്‍ മാനവരെല്ലാം,
അകലം പാലിക്കുന്നവരായ്,
സംഹാരത്തിന്‍ താണ്ഡവമാടി,
ഭീതിപരിത്തിടുമാണ്ടായി,
ചരിത്രത്താളില്‍ കയ്യൊപ്പിട്ട്,
'രണ്ടായിരത്തിയിരുപത്' പോയി,
സങ്കടമൊക്കെയുള്ളിലൊതുക്കി,
വീണ്ടും വീണ്ടും വിടപറയാം.
വീണ്ടും വീണ്ടും വിടപറയാം,
സഹനത്തിന്‍ തീച്ചുളയിലിന്ന്,
അഭയംകിട്ടാതുഴലുന്നോര്‍,
'രണ്ടായിരത്തിയിരുപത്തൊന്നേ'
നമസ്‌തേ ചൊല്ലി വരവേല്കാം;
പ്രത്യാശയുടെ സന്ദേശവുമായ്,
ജീവന് പ്രത്യൗഷധമാകാന്‍,
പ്രതിസന്ധികളില്‍ പതറാതെ,
ജീവിതവഴിയില്‍ മുന്നേറാന്‍;
കണ്ണീര്‍ക്കടലില്‍ നിന്നു കരേറാന്‍,
കണ്ണില്‍, കരളില്‍, കുളിരേകാന്‍,
തീരാനഷ്ടങ്ങളില്‍ നിന്നുണരാന്‍,
കഷ്ടപ്പാട് മറന്നിടുവാന്‍;
ശാന്തിവെളിച്ചം പകരാന്‍, പാരില്‍-
സൗഭഗതാരമുദിച്ചിടുവാന്‍;
നാളെ, നാളെ, നീളെ, നീളെ,
മംഗളമായി ഭവിക്കട്ടെ,
മനസ്സും കരവും സത്കര്‍മ്മങ്ങള്‍,
മടികൂടാതെ തുടരട്ടെ
സൃഷ്ടിയിലുത്തമനേ, മര്‍ത്ത്യാ-
എന്തിന് ദുര്‍വ്വിധിയീമട്ടില്‍?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക