Image

മോദിക്കെതിരെ വിമർശനം ഉയർത്തുന്ന വില്യം ബേൺസ് സി ഐ എ ഡയറക്ടർ

Published on 12 January, 2021
മോദിക്കെതിരെ വിമർശനം ഉയർത്തുന്ന വില്യം ബേൺസ് സി ഐ എ ഡയറക്ടർ
നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സി ഐ എ) ഡയറക്ടറായി വില്യം ബേൺസിന്റെ പേര്  പ്രഖ്യാപിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാറിന് വഴികാട്ടിയായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമർശനം ഉയർത്താറുള്ളയാണ് ബേൺസ്. പൗരത്വ ബില്ലിന്റെ കാര്യത്തിലും കാശ്മീർ വിഷയത്തിലും മോദിയെ വിമർശിച്ച ബേൺസ്, കാർണെഗി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസിന്റെ പ്രസിഡന്റ്  ആണ്. ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നു .  ഏഷ്യയുടെ കിഴക്കൻ മേഖലയുടെയും ദക്ഷിണ പ്രദേശത്തെയും ദേശീയ സുരക്ഷ കൗൺസിലിന്റെ മുതിർന്ന ഡയറക്ടറും ആയിട്ടുണ്ട്. മോസ്കോയിലെ യു എസ് എംബസിയിൽ മിനിസ്റ്റർ കൗൺസലറായും സേവനം അനുഷ്ടിച്ചു.

ഇന്ത്യയുമായി ഊഷ്മളബന്ധം സൂക്ഷിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ഊന്നൽ നൽകി പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമവും കാശ്മീർ വിഷയവും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളായതുകൊണ്ട് പുറത്തുനിന്നുള്ളവർക്ക് അവ പരിഹരിക്കാൻ സാധിക്കില്ലെന്നും ബേൺസ് വ്യക്തമാക്കി.
' രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യയും അമേരിക്കയും ഇരുരാജ്യങ്ങളുടെയും നേട്ടത്തിനായി  നടത്തുന്ന തന്ത്രപരമായ നിക്ഷേപങ്ങളുടെ നൈപുണ്യത്തിൽ , തുടർന്നും ഞാൻ ശക്തമായ വിശ്വാസം അർപ്പിക്കുന്നു. ' ബേൺസ് കഴിഞ്ഞ വര്‍ഷം' ദി അറ്റ്ലാന്റ മാസികയ്ക്കുവേണ്ടി'  ഒരു ലേഖനത്തിൽ ഇങ്ങനെയാണ് കുറിച്ചത്. 
'ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ 2008 ൽ ആണവ കരാർ സാധ്യമാക്കിയതിൽ ഞാൻ പ്രധാന പങ്ക് വഹിച്ചിരുന്നു.' എന്നും അദ്ദേഹം എഴുതി.

മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയും ജോർജ് ഡബ്ലിയു ബുഷ് അമേരിക്കൻ പ്രസിഡന്റും ആയിരിക്കെയാണ് ആണവ കരാറിൽ ഒപ്പുവയ്ക്കുന്നത്. അതോടെയാണ് ആണവ സാങ്കേതിക വിദ്യയിലേക്കും സാമഗ്രികളിലേക്കും ഇന്ത്യ വ്യാപകമായി കടക്കാൻ പ്രാപ്തരായത്. 
അമേരിക്കയുടെ പ്രതിബദ്ധതയുടെ കരുത്ത് ഇന്ത്യയ്ക്ക് ബോധ്യപ്പെടുത്തിക്കൊടുത്താണ് കരാർ സാധ്യമാക്കിയത്. 
ചൈനയുടെ ഉയർച്ച അമേരിക്കയ്ക്ക് വെല്ലുവിളി ഉയർത്തുമ്പോൾ മോദിയോടുള്ള വ്യക്തിപരമായ തർക്കങ്ങൾക്കപ്പുറം ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിന്റെ സന്തുലനത്തിനാകും  ബേൺസ് മുൻതൂക്കം കൊടുക്കുന്നത്. 

ബൈഡൻ ബേൺസിന്റെ നിയമനം പ്രഖ്യാപിച്ചപ്പോൾ ചൈനയിൽ നിന്നുള്ള ഭീഷണി പരാമർശിച്ചിരുന്നു.

' മോസ്കോയിൽ നിന്ന് പുറപ്പെടുന്ന സൈബർ ആക്രമണമായാലും, ചൈനയുടെ വെല്ലുവിളികൾ ആയാലും, തീവ്രവാദികളിൽ നിന്ന് അഭിമുഖീകരിക്കേണ്ടി വരുന്ന ഭീഷണി ആയാലും - ലോകത്തിന്റെ പല കോണുകളിലെ  പ്രവർത്തന പരിചയം കൊണ്ട് ബേൺസ്  ആർജ്ജിച്ച  നൈപുണ്യവും കഴിവും, അമേരിക്കയിലെ ജനങ്ങളുടെ സംരക്ഷണത്തിനാണ് സി ഐ എ നിലകൊള്ളുന്നത് എന്ന വിശ്വാസം ഊട്ടി ഉറപ്പിക്കും.' ബൈഡൻ വ്യക്തമാക്കി.  

ന്യൂഡൽഹിയിൽ പ്രവർത്തിച്ചതിനെക്കുറിച്ചുള്ള  അദ്ദേഹത്തിന്റെ  അനുഭവത്തിൽ,  ഡൽഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തിന്റെ റൂട്ട് മാപ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും  പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ബന്ധത്തേക്കാൾ വളരെ വലുതായിരുന്നെന്ന് കുറിച്ചിട്ടുണ്ട്. 

' ഇന്ത്യയും യു എസും അവരവരുടെ നിക്ഷേപങ്ങളിൽ നിന്നു  പരമാവധി വരുമാനം നേടിയെടുക്കണമെങ്കിൽ ചില കാര്യങ്ങളിൽ ദീർഘ വീക്ഷണം ഉണ്ടായിരിക്കണം. 
ജനാധിപത്യ മൂല്യങ്ങൾ, സാമ്പത്തിക സാരള്യത്തെക്കുറിച്ചുള്ള ദീർഘകാല കാഴ്ചപ്പാട്, പാരസ്പര്യത്തിൽ  നിന്ന്  വർധിച്ചുവരുന്ന വിശ്വാസം എന്നിങ്ങനെ ഒരുപാട് സമാനതകൾ ഇരുരാജ്യങ്ങൾക്കുമുണ്ട്- 'കഴിഞ്ഞ വര്‍ഷം ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ ബേൺസ് എഴുതിയ ലേഖനത്തിൽ പറയുന്നു.

' ഇരു സമൂഹങ്ങളിലും അസഹിഷ്ണുതയും ഭിന്നിപ്പും ജനാധിപത്യത്തെ കാർന്നുതിന്നുമ്പോൾ , രണ്ടുനേതാക്കളും തങ്ങളുടെ തെറ്റുകുറ്റങ്ങൾക്കുമേൽ പരസ്പരം വെള്ളപൂശി മുഖം മിനുക്കുമോ എന്നെനിക്ക് ആശങ്കയുണ്ട്.' ട്രംപിനെയും മോദിയെയും കുറ്റപ്പെടുത്തിക്കൊണ്ട് ബേൺസ് ഇങ്ങനെ പ്രസ്താവിച്ചിരുന്നു. 

എന്നാൽ, അടുത്തയാഴ്‌ച ട്രംപ് യുഗം കഴിയുകയാണ്.  അന്താരാഷ്‌ട്ര -ആഭ്യന്തര വിഷയങ്ങൾ പുനഃസജ്ജമാക്കി ബൈഡൻ അധികാരമേൽക്കും. 

' സഹിഷ്ണുതാപരവും ഭരണഘടനാപരവുമായ മൂല്യങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇന്ത്യയെന്ന മഹാരാജ്യം വാർത്തെടുത്തത്. അത്തരം മൂല്യങ്ങളും തീവ്ര ഹിന്ദുത്വവാദവും തമ്മിലുള്ള ആശയപരമായ യുദ്ധമാണ് ഇന്ത്യയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.' ബേൺസ് അഭിപ്രായപ്പെട്ടു.

കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370, ഇന്ത്യയോട് അഭയം ചോദിച്ചെത്തുന്ന മുസ്ലീങ്ങളോടു വിവേചനം പുലർത്തുന്നു എന്നും മതപരമായി തർക്കങ്ങൾ നിലനിൽക്കുന്ന ഭൂമികയിൽ  ഇത് കൂടുതൽ പിരിമുറുക്കം സൃഷ്ടിക്കും എന്നും  ബേൺസ് വിലയിരുത്തിയിരുന്നു. 

' ട്രംപിനെപ്പോലെ തന്നെ മോദിയും രാഷ്ട്രീയത്തിന്റെ കച്ചവടതന്ത്രങ്ങളിൽ നിപുണനാണ്. സ്ഥാപിത വരേണ്യവർഗ്ഗത്തെ ചേർത്തു  പിടിക്കുകയും  ദേശീയതയുടെ പേരിൽ തീപടർത്തിക്കൊണ്ട് മറഞ്ഞിരുന്ന് കളിക്കാനുമുള്ള വൈദഗ്ധ്യവുമുണ്ട്. ട്രംപിന്റെ യുഗം അമേരിക്കൻ ജനതയെ എപ്രകാരം പരീക്ഷിക്കുന്നോ അതേരീതിയിലാണ് മോദിയുടെ ഭരണം ഇന്ത്യക്കാരെ പരീക്ഷിക്കുന്നത്. പുറത്തുനിന്നുള്ളവർക്ക് ഈ പോരാട്ടത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ, വരും വർഷങ്ങളിലെ ഇന്ത്യൻ-അമേരിക്കൻ പങ്കാളിത്തത്തിന്റെ സ്വഭാവം രൂപീകൃതമാവുന്നത് ഇതിൽ നിന്നായിരിക്കും.' ബേൺസ് കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക