Image

ക്യാപിറ്റോൾ: മിലിറ്ററി ജനറൽമാർ അപലപിച്ചു; മിച്ച് മക്കോണലിന്റെ നിലപാട്

Published on 13 January, 2021
ക്യാപിറ്റോൾ: മിലിറ്ററി ജനറൽമാർ  അപലപിച്ചു; മിച്ച് മക്കോണലിന്റെ നിലപാട്
യു എസ് ക്യാപിറ്റോൾ  മന്ദിരത്തിൽ കഴിഞ്ഞ ആഴ്‌ച ട്രംപ് അനുകൂലികൾ നടത്തിയ  ആക്രമണത്തെ അമേരിക്കയുടെ മുതിർന്ന മിലിറ്ററി നേതാക്കൾ അപലപിച്ചു. ഭരണഘടനയെ പിന്തുണയ്ക്കാനും പ്രതിരോധിക്കാനും തീവ്രവാദത്തെ നിരാകരിക്കാനും സേനയ്ക്കുള്ള ബാധ്യതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു അവരുടെ പ്രസ്താവന. 

'നിയമവാഴ്ചയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്കാണ് ക്യാപിറ്റോൾ മന്ദിരത്തിൽ നമ്മൾ  സാക്ഷ്യം വഹിച്ചത്. സംസാരത്തിനും സമ്മേളനത്തിനും ഭരണഘടന അവകാശം നൽകിയിരിക്കുന്നത് അക്രമത്തിലേക്കും രാജ്യദ്രോഹത്തിലേക്കും കലാപത്തിലേക്കും തിരിയാനല്ല. ' അമേരിക്കയിലെ സീനിയർ ജനറൽ മാർക്ക് മില്ലി ഉൾപ്പെടെ ഓരോ സൈനിക ശാഖാ തലവന്മാരും (ജോയിന്റ്സ് ചീഫ്‌സ് ഓഫ് സ്റ്റാഫ്) സംയുക്തമായി ഒപ്പിട്ട് ചൊവ്വാഴ്‌ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

അസാധാരണമായ ഈ പ്രസ്താവന തന്നെ വാഷിംഗ്ടണിലെ അനിശ്ചിതത്വത്തിന്റെയും ഉത്കണ്ഠയുടെയും ആഴവും വെല്ലുവിളികളുടെ വ്യാപ്തിയും അടിവരയിടുന്നു. 50 സ്റ്റേറ്റുകളിലും  ആക്രമണ സാധ്യത മുൻകൂട്ടിക്കണ്ട്  യു എസിലെ  എല്ലാ  സുരക്ഷാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ ക്യാപിറ്റോളിന്റെയും മുഴുവൻ രാജ്യത്തിന്റെയും നേർക്കുള്ള അരാജകത്വം നേരിടാൻ തയ്യാറെടുക്കുകയാണ്. ട്രംപിനെ നീക്കം ചെയ്യുന്നത് വലിയ പ്രക്ഷോഭത്തിലേക്കും സായുധ ആക്രമണത്തിലേക്കും വഴിവയ്ക്കുമെന്ന്  എഫ് ബി ഐ ബുള്ളറ്റിനിൽ മുന്നറിയിപ്പുണ്ട്. ബുള്ളറ്റിൻ പരസ്യമായി പുറത്തുവിട്ടിട്ടില്ലെങ്കിലും മാധ്യമങ്ങൾക്ക് വിവരം ചോർന്നുകിട്ടിയതാണ് ആശങ്ക സങ്കീര്ണമാകാൻ കാരണം. ജോ ബൈഡന്റെ ഉദ്ഘാടന ചടങ്ങിൽ ഒരുക്കുന്ന സുരക്ഷാക്രമീകരണങ്ങളും പദ്ധതികളും സൂചിപ്പിക്കുന്ന പത്രസമ്മേളനം ഫെഡറൽ നിയമപാലകർ പുറത്തു വിട്ടിട്ടില്ല. 

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഉദ്ഘാടനം  തടസപ്പെടുത്തുന്നതിന് ട്രംപിന്റെ അനുയായികളിൽ നിന്ന്  മറ്റൊരു ആക്രമണം നടന്നേക്കാമെന്ന് വിവരം ലഭിച്ചതുകൊണ്ട് അമേരിക്കൻ ജനാധിപത്യത്തിന്റെ പരിപാവനമന്ദിരത്തിലെ ഓരോ സഭാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് കടുത്ത ജാഗ്രതയാണ് ഫെഡറൽ അധികൃതർ ഒരുക്കുന്നതെന്ന് സൂചനയുണ്ട് . 

ഗോൾഫ് ക്ലബ് വിലക്ക് 

2022 ലെ ഗോൾഫ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ ന്യൂജേഴ്‌സിയിലെ ബെഡ്മിൻസ്റ്ററിലുള്ള ട്രംപ് നാഷണൽ ഗോൾഫ് ക്ലബ് ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, വേദി തങ്ങൾ മാറ്റാൻ തീരുമാനിച്ചിരിക്കുന്നു എന്ന് പ്രൊഫഷണൽ ഗോൾഫേർസ് അസോസിയേഷൻ (പി ജി എ) പ്രഖ്യാപിച്ചതായി ബി ബി സി റിപ്പോർട്ട് ചെയ്തു.

ട്രംപ് അനുകൂലികൾ  യു എസ് ക്യാപിറ്റോൾ മന്ദിരം ആക്രമിക്കുകയും പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചുപേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പി ജി എ യുടെ തീരുമാനം.

' പി ജി എ യുടെ ചാംപ്യൻഷിപ് ട്രംപ് ബെഡ്‌മിൻസ്റ്ററിൽ നടത്തുന്നത് ഞങ്ങളുടെ ബ്രാൻഡിനെ കളങ്കപ്പെടുത്തും. തുടർന്നുള്ള പരിപാടികൾക്കും ഞങ്ങളുടെ ദൗത്യത്തിന്റെ ദീർഘകാല നിലനിൽപ്പിനും ഈ മാറ്റം  അനിവാര്യമാണ്. ' പി ജി എ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ജിം റിച്ചർസൺ  വ്യക്തമാക്കി.
ഈ തീരുമാനം നിരാശാജനകമാണെന്ന് ട്രംപ് ഓർഗനൈസേഷന്റെ പ്രതിനിധി പ്രതികരിച്ചു.

സ്കോട്ലൻഡിൽ രണ്ടെണ്ണം ഉൾപ്പെടെ 17 ഗോൾഫ് കോഴ്‌സുകൾ ട്രംപിന് സ്വന്തമായുണ്ട്. 
പുരുഷന്മാരുടെ  പ്രമുഖ ഗോൾഫ് ടൂർണമെന്റുകളിൽ കാലങ്ങളായി സജീവമായ 'ആർ ആൻഡ് എ' യുടെ  ഓപ്പൺ ചാംപ്യൻഷിപ്പും വിമെൻസ് ബ്രിട്ടിഷ് ഓപ്പണും ഭാവിയിൽ  ട്രംപ് ടേൺബറി ഗോൾഫ് കോഴ്സിലും സ്കോട്ലൻഡിലെ റിസോർട്ടിലും  നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് തിങ്കളാഴ്ച അറിയിച്ചു.   

' ചാമ്പ്യൻഷിപ്പിലും കളിക്കാരിലും മാത്രമായിരിക്കും ശ്രദ്ധ എന്ന് ഉറപ്പുണ്ടാകും വരെ ഞങ്ങൾ തിരിച്ചുവരില്ല. ഇപ്പോഴത്തെ സാഹചര്യങ്ങളനുസരിച്ച്  അങ്ങനൊന്ന് സാധ്യമാകുമെന്ന് വിശ്വസിക്കുന്നില്ല' ആർ ആൻഡ് എ ചീഫ് എക്സിക്യൂട്ടീവ് മാർട്ടിൻ സ്ലംബേർസ് പ്രസ്താവിച്ചു . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക