Image

പ്രസിഡന്റിനെ രണ്ടാം തവണയും ഇമ്പീച്ച് ചെയ്തു; 10 റിപ്പബ്ലിക്കന്മാർ പിന്തുണച്ചു (232-197)

Published on 13 January, 2021
പ്രസിഡന്റിനെ രണ്ടാം  തവണയും ഇമ്പീച്ച് ചെയ്തു; 10  റിപ്പബ്ലിക്കന്മാർ പിന്തുണച്ചു (232-197)

പ്രസിഡന്റിനെ രണ്ടാം  തവണയും ഇമ്പീച്ച് ചെയ്തു; 10  റിപ്പബ്ലിക്കന്മാർ പിന്തുണച്ചു. 232  പേര്  ഇമ്പീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ചും 197  പേര് എതിർത്തും വോട്ട് ചെയ്തു.  ഇമ്പീച്ച് ചെയ്യപ്പെട്ട മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. രണ്ട് തവണ ഇമ്പീച്ച് ചെയ്തുവെന്ന റെക്കോർഡും സ്വന്തമായി. ഇതിനു മുൻപ് ആൻഡ്രൂ  ജോൺസൺ (1865) ബിൽ ക്ലിന്റൺ (1998) ട്രംപ് (2018) എന്നിവരാണ്  ഇമ്പീച്ച് ചെയ്യപ്പെട്ടത്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ  വിപ്പും മുൻ വൈസ് പ്രസിഡന്റ് ഡിക്ക്   ചെയ് നിയുടെ  പുത്രിയുമായ വയോമിംഗിലെ പ്രതിനിധി ലിസ് ചെയ്നി; വാഷിംഗ്ടണിൽ നിന്നുള്ള  ജെയിം ഹെരേര ബിയുട്ട്‌ലർ; ന്യൂയോർക്കിലെ ജോൺ കാറ്റ്‌കോ; ഇല്ലിനോയിയിൽ നിന്നുള്ള  ആദം കിൻ‌സിംഗർ; മിഷിഗനിലെ ഫ്രെഡ് ആപ്റ്റൺ; വാഷിംഗ്ടണിലെ ഡാൻ ന്യൂഹൌസ്; മിഷിഗനിലെ പീറ്റർ മൈജർ; ഒഹായോയിലെ ആന്റണി ഗോൺസാലസ്; കാലിഫോർണിയയിലെ ഡേവിഡ് വലഡാവോ; സൗത്ത് കരോലിനയിലെ ടോം റൈസ് എന്നിവരാണ് പ്രമേയത്തെ അനുകൂലിച്ച റിപ്പബ്ലിക്കൻ അംഗങ്ങൾ.

റിപ്പബ്ലിക്കൻമാരായ മേരിലാൻഡിലെ ആൻഡി ഹാരിസ്, ഫ്ലോറിഡയിലെ ഡാനിയൽ വെബ്സ്റ്റർ, നോർത്ത് കരോലിനയിലെ ഗ്രെഗ് മർഫി, ടെക്സസിലെ കേ ഗ്രേഞ്ചർ എന്നിവർ വോട്ട് ചെയ്തില്ല 

കാപിടോൾ അക്രമത്തിനു പ്രേരണ നൽകി എന്ന കുറ്റം ആരോപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇമ്പീച്ച് ചെയ്യാനുള്ള പ്രമേയത്തിൽ കോൺഗ്രസ്  രാവിലെ 9 -നു ആരംഭിച്ച ചർച്ച  ഉച്ച കഴിഞ്ഞു നാലരയോടെയാണ് വോട്ടെടുപ്പിലെത്തിയത്. 

അതെ സമയം പ്രസിഡന്റ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിചാരണ സെനറ്റ്  പരിഗണിക്കുക ജോ ബൈഡൻ പ്രസിഡന്റായ ശേഷമായിരിക്കുമെന്ന്  നിലവിലെ സെനറ്റ് മജോറിട്ടി  നേതാവ് മിച്ച് മക്കോണലിന്റെ വക്താവ് സ്ഥിരീകരിച്ചു.

ബൈഡന്റെ ഉദ്ഘാടനത്തിന് തലേദിവസമായ  ജനുവരി 19-നാണു ഇനി സെനറ്റ്  യോഗം. അത് നേരത്തെ ആക്കാൻ മൈനോറിറ്റി ലീഡർ ചക്ക് ഷുമർ ആവശ്യപ്പെട്ടുവെങ്കിലും അതിനു സാധ്യത കാണുന്നില്ല.

മക്കോണലിന്റെ ഓഫീസ് ഷുമറിനെ വിളിക്കുകയും അടിയന്തിര യോഗം  പറ്റില്ലെന്ന്  അറിയിക്കുകയും ചെയ്തു.

ഇതിനർത്ഥം ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിചാരണ ബൈഡെൻ പ്രസിഡൻസിയുടെ  ആദ്യ ദിവസങ്ങളിൽ മിക്കവാറും നടക്കുമെന്നാണ്.

പാർട്ടി അടിസ്ഥാനത്തിലാണ് ഇമ്പീച്ച്മെന്റ് ചർച്ച നടന്നത്. കാപിടോൾ  അക്രമം പ്രസിഡന്റ് ട്രംപിൻറെ താത്പര്യപ്രകാരമായിരുന്നു എന്നും അത് രാജ്യത്തിനെതിരായ അട്ടിമറി ശ്രമമായിരുന്നുവെന്നും ഡമോക്രാറ്റുകൾ വാദിച്ചു. രാജ്യത്തിന് അപകടകരമായ സ്ഥിതിയാണ് അതുണ്ടാക്കിയത്. തന്റെ നിലപാടിൽ  അദ്ദേഹം ഒരു ഖേദവും പ്രകടിപ്പിച്ചില്ല. ഈ കുറ്റത്തിനല്ലെങ്കിൽ മറ്റേത് കുറ്റത്തിനാണ് ഇമ്പീച്ച് ചെയ്യുക?

എന്നാൽ 167  മണിക്കൂറിനകം , (അടുത്ത ബുധനാഴ്ച) പ്രസിഡന്റ് സ്ഥാനമൊഴിയുമെന്നു റിപ്പബ്ലിക്കൻ അംഗങ്ങൾ വാദിച്ചു. പരാജയപ്പെട്ട  ഒരു പ്രസിഡന്റിനെ ഇമ്പീച്ച് ചെയ്യുന്നതിൽ അർത്ഥമില്ല. നാല് വര്ഷം ഭരിച്ച പ്രസിഡന്റ് രാഷ്ട്രത്തിനു ഒരു ഭീഷണിയല്ല. കാപിറ്റലിലേക്ക് സമാധാനപരമായും ദേശഭക്തിയോടെയും മാർച്ച് ചെയ്യാനാണ് പ്രസിഡന്റ് ആവശ്യപ്പെട്ടത്. അത് അക്രമത്തിനുള്ള ആഹ്വാനമല്ല , ഫ്രീ സ്പീച്ച് ആണ്, അവർ ചൂണ്ടിക്കാട്ടി. 

തന്റെ ഭാഗം പറയാൻ  പ്രസിഡഡന്റിനു അവസരം നൽകിയില്ല. ജുഡീഷ്യറി കമ്മിറ്റി  ഇക്കാര്യം ചർച്ച ചെയ്തില്ല. ഹൌസിൽ ഭൂരിപക്ഷമുള്ള പാർട്ടിക്ക് ഇഷ്ടാനുസരണം പ്രസിഡന്റിനെ ഇമ്പീച്ച് ചെയ്യാമെന്ന് വരുന്നത് അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കും. ഹൌസ്, സെനറ്റ് , പ്രസിഡന്റ് പദം  എല്ലാം ഇപ്പോൾ ഡമോക്രാറ്റുകളുടെ കയ്യിൽ വന്നിരിക്കുന്നു. അപ്പോൾ ദയാപൂര്വമായ നിലപാടാണ് ഡമോക്രാറ്റുകൾ സ്വീകരിക്കേണ്ടത്-റിപ്പബ്ലിക്കൻ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

എത്ര റിപ്പബ്ലിക്കൻ അംഗങ്ങൾ ഇമ്പീച്ച്ന്റിനു അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റു നോക്കിയത്. കഴിഞ്ഞ തവണ ആരും പ്രമേയത്തെ അനുകൂലിച്ചില്ല.

ട്രംപിന്റെ ഇമ്പീച്ച്മെന്റ് സെനറ്റിൽ ഭൂകമ്പം സൃഷ്ടിച്ചേക്കുമെന്ന് ഡെമോക്രാറ്റിക്‌ പ്രതിനിധി ആഡം ഷിഫ് അഭിപ്രായപ്പെട്ടു. നമ്പർ 3 ഹൗസ് റിപ്പബ്ലിക്കൻ ലിസ് ചേനിയെ പ്രശംസിച്ച ശേഷം കൂടുതൽ  റിപ്പബ്ലിക്കന്മാർ ലിസിനെ പിന്തുടർന്ന് ഇമ്പീച്ച്മെന്റിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും ഷിഫ് പറഞ്ഞു.
ഇതിനു മുൻപ് ട്രംപിനെ ഇമ്പീച്ച് ചെയ്യാനുള്ള നീക്കത്തിൽ ലീഡ് ഇന്വെസ്റ്റിഗേറ്റർ ആയിരുന്നു ഷിഫ്.

ട്രംപിസത്തിന് അന്ത്യം കുറിക്കുകയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് വേഗം ഇല്ലാതാക്കുന്നതിനും ഇമ്പീച്ച്മെന്റ് വഴിവെക്കുമെന്ന് മിച്ച് മക്കോനെൽ പറഞ്ഞതായി റിപ്പോർട്ടുണ്ട് .  

എങ്കിലും ഇമ്പീച്ച്ചെമെന്റിനു അനുകൂലമാണ് മക്കോനൽ എന്ന ധാരണ പരന്നിട്ടുണ്ട്.

Join WhatsApp News
ജീവിത സായാഹ്നം! 2021-01-14 01:39:27
ജീവിത സായാഹ്നം! ആർക്കും വേണ്ടാത്ത മാറാല ചുറ്റിയ; കിറുകിറക്കുന്ന പഴഞ്ചൻ ചാരു കസേരപോൽ- ആരും കേൾക്കുവാൻ ഇല്ലാതെ പിറുപിറ പ്രാകുന്നു പഴയ മൂപ്പിലാൻ. -andrew
CID Moosa 2021-01-14 03:32:51
ട്രംപിനെ പത്തു പ്രാവശ്യം ഇമ്പിച്ചു ചെയ്‍താലും അയാൾ നന്നാകില്ല. വളരെ ചെറുപ്പത്തിലേ ചതിച്ചും യാതൊരു സാന്മാർഗിക നിയന്ത്രണവും ഇല്ലാതെ സ്വാർത്ഥനും വർഗ്ഗീയവാദിയുമായി വളർന്നുവന്ന ഇവനെ പ്രസിഡണ്ടാക്കിയവന്മാരെ കണ്ടാൽ മാറിനടക്കുക. പ്രത്യേകിച്ച് ഇവനെ സപ്പോർട്ട് ചെയ്ത ക്രിസ്ത്യാനികളെ. ഏറ്റവും ദുര്ബലനായവനാണ് മതത്തിന്റെ പിന്നാലെ പോകുന്നത്. എവിടെ പോയി ഇവന്റെയൊക്കെ ഗുരുക്കന്മാർ ? ഫ്രാങ്കിളിൻ ഗ്രഹാമിന്റെ അനക്കം കേൾക്കുന്നില്ല. കഷ്ടം! കുറെ ചീഞ്ഞ മലയാളികളും ഉണ്ട് ഇവന്റെ പുറകെ. എല്ലാത്തിന്റെയും പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി അകത്താക്കണം . ന്യുയോർക്കിൽ കുറെ കപടഭക്തന്മാർ ഉണ്ട് . ഒരുത്തന്റേം അനക്കം കേൾക്കുന്നില്ല . നേതാവ് മിക്കവാറും അകത്താകും അതോടെ ഇവനൊക്കെ ചിതറും. ആ ആൻഡ്രുവിനെ പോലുള്ളവർ സത്യം വിളിച്ചുപറഞ്ഞപ്പോൾ , കിടന്നുണ്ടാക്കിയ ബഹളം ചില്ലറയാണോ ? ഒറ്റയെണ്ണത്തിനെ കാണാനില്ല . നിന്നെ എല്ലാം പൊക്കുന്നുണ്ട് സൂക്ഷിച്ചിരുന്നോ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക