Image

ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം പ്രൗഡോജ്വലമായി

ജോര്‍ജ് പണിക്കര്‍ Published on 16 January, 2021
ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം പ്രൗഡോജ്വലമായി
ചിക്കാഗോ: ലോകം മുഴുവന്‍ കോവിഡില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പ്രത്യാശയുടെ നിറദീപം തെളിക്കുവാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഇല്ലിനോയി മലയാളി അസോസിയേഷന്റെ 2021- 23 -ലെ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. കഴിഞ്ഞ 30 വര്‍ഷമായി ചിക്കാഗോയിലേയും കേരളത്തിലേയും ജനങ്ങള്‍ക്ക് നല്‍കിവരുന്ന ബഹൃത്തായ സേവനമാണ് ഐഎംഎ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സംഘടനയെ ചിക്കാഗോയിലെ ജനങ്ങള്‍ നെഞ്ചിലേറ്റിയത്.

മുന്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ സത്യപ്രതിജ്ഞാ വാചകങ്ങള്‍ ചൊല്ലിക്കൊടുക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. കുട്ടികള്‍ക്കുവേണ്ടി നടത്തിവരുന്ന യൂത്ത് ഫെസ്റ്റിവല്‍ അമേരിക്യില്‍ ആദ്യമായി നടത്തിയ സംഘടനയാണ് ഐഎംഎ എന്നും അതിന്റെ ഫലമായി കുട്ടികളുടെ കലാപരമായ കഴിവുകള്‍ക്ക് ഔന്നിത്യം പകരുവാനും, നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാനും ഐഎംഎയ്ക്ക് സാധിച്ചുവെന്നും, കേരളത്തില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അദ്ദേഗം പരാമര്‍ശിക്കുകയുണ്ടായി.

സംഘടനയുടെ 2021- 23 വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സിബു മാത്യു അടുത്ത രണ്ടു വര്‍ഷം നടത്താന്‍പോകുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ഒരു കരട് രേഖ അവതരിപ്പിച്ചു. അടുത്തമാസം നടത്താന്‍ പോകുന്ന ചെസ് ചാമ്പ്യന്‍ഷിപ്പ്, ഐ.എം.എയുടെ ചിരകാല അഭിലാഷമായ ഓഫീസ്, മറ്റ് നിരവധി പരിപാടികള്‍ എന്നിവയെപ്പറ്റിയുള്ള ഒരു അവലോകനം അദ്ദേഹം നടത്തുകയുണ്ടായി.

തുടര്‍ന്ന് പ്രവര്‍ത്തനപരിപാടികളുടെ ഉദ്ഘാടനം സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി, നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ റീജിയന്‍ ഡയറക്ടര്‍, വികാരി ജനറാള്‍ എന്നീ നിലകളില്‍ ആത്മീയ നേതൃത്വം നല്‍കുന്ന ഫാ. തോമസ് മുളവനാല്‍ സംഘടനയ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളും അര്‍പ്പിച്ചുകൊണ്ട് നിര്‍വഹിച്ചു.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമായി മാറിയ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ചിക്കാഗോയില്‍ താന്‍ ഉണ്ടായിരുന്ന കാലത്ത് ഐഎംഎയില്‍ പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയും തന്റെ പ്രവര്‍ത്തനപന്ഥാവില്‍ ചിക്കാഗോയിലെ ജനങ്ങളുടെ പങ്കാളിത്തത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഐ.എംഎയുടെ അടുത്ത രണ്ടു വര്‍ഷങ്ങളിലേക്കുള്ള കര്‍മ്മപദ്ധതികള്‍ക്ക് ആശംസകളും പിന്തുണയും പ്രഖ്യാപിച്ചു. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ചിക്കാഗോയുമായും ഐ.എം.എയുമായുള്ള തന്റെ ആത്മബന്ധത്തെപ്പറ്റി സൂചിപ്പിക്കുകയുണ്ടായി.

തുടര്‍ന്ന് ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു കുളങ്ങര, ഫോമ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ഫോമ നാഷണല്‍ കമ്മിറ്റി അംഗവും സി.എം.എ പ്രസിഡന്റുമായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഫോമ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, പ്രസ്ക്ലബ് നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, പ്രസ്ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സഖറിയ, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ബെഞ്ചമിന്‍ തോമസ്, ഹോളിവുഡ് ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍ റോമിയോ കാട്ടൂക്കാരന്‍ എന്നിവരും ആശംസാ പ്രസംഗങ്ങള്‍ നടത്തി.

തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കലാവിഭാഗം ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ജെയിന്‍ മാക്കിലും, സെക്രട്ടറി സുനൈന ചാക്കോയും എംസിമാരായി പ്രവര്‍ത്തിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് ജോയി പീറ്റര്‍ ഇണ്ടിക്കുഴി നന്ദി രേഖപ്പെടുത്തി.

സ്റ്റേജിലും സൂമിലുമായി പ്രത്യേകം നടത്തിയ പരിപാടികള്‍ക്ക് ഐ.എം.എ പ്രവര്‍ത്തകരായ വൈസ് പ്രസിഡന്റ് ഷാനി ഏബ്രഹാം, ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ്, വെബ് മാസ്റ്റര്‍ മനോജ് വഞ്ചിയില്‍ എന്നിവരുടെ സാങ്കേതികമികവ് സ്തുത്യര്‍ഹമാണ്.

ട്രഷറര്‍ ജോസി കുരിശിങ്കല്‍, ജോയിന്റ് സെക്രട്ടറി ശോഭാ നായര്‍, അഡൈ്വസറി ബോര്‍ഡ് അംഗം അനില്‍കുമാര്‍ പിള്ള, സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി ജോര്‍ജ് മാത്യു, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജയിംസ് വെട്ടിക്കാട്ട്, റോയി മുളകുന്നം എന്നിവര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റി പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് എല്ലാ പരിപാടികളും നടത്തിയത്.

ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം പ്രൗഡോജ്വലമായിഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം പ്രൗഡോജ്വലമായിഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം പ്രൗഡോജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക