Image

പിണറായിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍;വേണമെങ്കില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കും, കാലു പിടിക്കും'

Published on 16 January, 2021
പിണറായിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍  നായര്‍;വേണമെങ്കില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കും, കാലു പിടിക്കും'

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെ പേരിലായിരുന്നു പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നതെന്നും പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ലെന്നും കുഞ്ഞനന്തന്‍ പറഞ്ഞു. 


പിണറായിയെ തീര്‍ച്ചയായും കാണണം. 

വേണമെങ്കില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കും, കാലു പിടിക്കും എന്നായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പ്രതികരണം.

പ്രത്യയശാസ്ത്ര തര്‍ക്കം വ്യക്തിപരമായി പോയി. പ്രത്യയശാസ്ത്രം മാത്രമായിരുന്നെങ്കില്‍ കാലു പിടിക്കേണ്ടതിന്റെയും മാപ്പു പറയേണ്ടതിന്റെയും കാര്യമില്ല. ഇത് വ്യക്തിപരമായി തിരിച്ചു കളഞ്ഞെന്നും അദ്ദേഹം ഒരു സ്വകാര്യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വാക്കുകള്‍

പിണറായി വിജയനുമായി എനിക്ക് വ്യക്തിപരമായ ഭിന്നതയൊന്നുമില്ല. പര‌സ്‌പരം ഒന്നും അറിയിക്കാറൊന്നുമില്ലെങ്കിലും പണ്ട് ഇവിടെ തന്നെയായിരുന്നല്ലോ. ക്യാമ്ബ് ചെയ്‌തിരുന്നതും. പിണറായിയെ കാണണമെന്ന് തോന്നുന്നുണ്ട്. കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കുമ്ബോള്‍ ഞാന്‍ ടി വി ശ്രദ്ധിക്കും. ഇന്നും കൂടിയുണ്ടായിരുന്നു, നിയമസഭയില്‍ മറുപടി പറയുന്നത്. ഇപ്പോള്‍ അസംബ്ലി നടന്നുകൊണ്ടിരിക്കുകയാണല്ലോ.


പിണറായിയെ കാണണം. തീര്‍ച്ചയായും കാണണം. ഞാന്‍ വേണമെങ്കില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കും, കാലു പിടിക്കും. പ്രത്യയശാസ്ത്രം തര്‍ക്കം വ്യക്തിപരമായി പോയിട്ടുണ്ട്. പ്രത്യയശാസ്ത്രം മാത്രമായിരുന്നെങ്കില്‍ കാലു പിടിക്കേണ്ടതിന്റെയും മാപ്പു പറയേണ്ടതിന്റെയും കാര്യമില്ല. ഇത് വ്യക്തിപരമായി തിരിച്ചു കളഞ്ഞു. എനിക്കു വേണ്ടി ഒരു കാര്യവും ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ല.


പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം ഒരിക്കല്‍ അദ്ദേഹത്തെ കണ്ടു. മുല്ലക്കൊടി ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന സമയത്താണത്. അന്ന് സംസാരിച്ചു. തളിപ്പറമ്ബിലേക്ക് പോകുകയാണ്, അല്ലെങ്കില്‍ വീട്ടിലേക്ക് വരാമായിരുന്നു എന്നൊക്കെ പറഞ്ഞ് വലിയ ലോഹ്യത്തോടെയായിരുന്നു സംസാരിച്ചത്. പിന്നെ മുഖ്യമന്ത്രിയാവുന്നതിന് മുമ്ബ് നടത്തിയ കേരള യാത്ര കണ്ണൂരിലെത്തിയപ്പോള്‍ കണ്ടു. അന്നൊരു ഗംഭീരസ്വീകരണമുണ്ടായിരുന്നു. അവിടെ വച്ച്‌ ഞാനൊരു പൊന്നാട അണിയിച്ചു. ആ ഫോട്ടോ ദേശാഭിമാനിയില്‍ വന്നു. അന്നാണ് അവസാനമായി നേരിട്ട് കണ്ടത്. അവിടെ വച്ച്‌ എന്നോട് ചോദിച്ചു, വല്ലാതെ ക്ഷീണിച്ചു പോയല്ലോ, കണ്ടാല്‍ മനസിലാവുന്നില്ലല്ലോ എന്ന്.


പിന്നീട് ഒരിക്കല്‍ ഞാന്‍ വീട്ടില്‍ വിളിച്ചിരുന്നു. അദ്ദേഹത്തിനൊരു സുഖമില്ലായ്‌മയുണ്ടായല്ലോ. തല ചുറ്റല്‍. ആ സമയത്ത്. അന്ന് ഫോണ്‍ എടുത്തത് ടീച്ചറാണ്, ഭാര്യ. അപ്പോള്‍ തന്നെ ഫോണ്‍ കൈയില്‍ കൊടുത്തു. കുറച്ചുനേരം വര്‍ത്തമാനം പറഞ്ഞു. കുറെ ആയി കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. ഞാന്‍ ചെയ്‌തത് എല്ലാം ശരിയാണെന്ന് തോന്നുന്നുണ്ട്. അതുകൊണ്ട് പാര്‍ട്ടിക്കകത്ത് അടിയുറച്ച ഒരു വിപ്ലവ വിഭാഗം നിലവില്‍ വന്നു. ആദര്‍ശ ശുദ്ധി, വിപ്ലവ വീര്യം, ത്യാഗ സന്നദ്ധത. ഇതു മൂന്നും ഒത്തു ചേര്‍ന്നിട്ടുളള ഒരു പാര്‍ട്ടി. വലതുപക്ഷ വ്യതിയാനത്തിന് സലാം പറഞ്ഞു പിരിഞ്ഞ ഒരു പാര്‍ട്ടി. എന്റെ ആത്മകഥ പൊളിച്ചെഴുത്ത്, അതില്‍ ഞാന്‍ എഴുതിയത് അമ്മേ, എനിക്ക് ഒരിക്കല്‍ കൂടി ജന്മം തരണം, എന്നാല്‍ ഞാന്‍ ഈ പാത തന്നെ സ്വീകരിക്കും. എന്നുളള വാചകം പറഞ്ഞിട്ടാണ് ആ പുസ്തകം അവസാനിക്കുന്നത്. അതുതന്നെയാണ് എനിക്ക് ഇപ്പോഴും പറയാന്‍ തോന്നുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക