Image

ഫൈസർ വാക്സിൻ തടയണമെന്ന് ചൈനീസ് മാധ്യമം; ഫ്ലോറിഡയിലേക്ക് പറന്നാൽ വേഗം വാക്സിൻ

മീട്ടു Published on 16 January, 2021
ഫൈസർ വാക്സിൻ തടയണമെന്ന് ചൈനീസ് മാധ്യമം; ഫ്ലോറിഡയിലേക്ക് പറന്നാൽ വേഗം വാക്സിൻ

ഇന്ത്യയിൽ ശനിയാഴ്‌ച വാക്സിൻ പ്രോഗ്രാം തുടക്കം കുറിക്കുന്നതിനിടയിൽ ഫൈസർ വാക്സിന്റെ ഉപയോഗം തടഞ്ഞുവെക്കണമെന്ന അസ്വസ്ഥകരമായ വാർത്തയാണ് ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫൈസർ വാക്സിൻ സ്വീകരിച്ച് നോർവേയിൽ 23 പേർ മരണപ്പെട്ടതുകൊണ്ടു നോർവേയിലും മറ്റു രാജ്യങ്ങളിലും ഇതിന്റെ ഉപയോഗം തടയണമെന്ന് ആരോഗ്യ അധികൃതർ ആവശ്യപ്പെട്ടതായി ചൈനീസ് പ്രസിദ്ധീകരണമായ ഗ്ലോബൽ ടൈംസിൽ വെള്ളിയാഴ്‌ച റിപ്പോർട്ട് വന്നു.

80 നും 90 നും ഇടയിൽ പ്രായമുള്ള നഴ്സിംഗ് ഹോം അന്തേവാസികളാണ് വാക്സിൻ സ്വീകരിച്ചതിന്റെ ഗുരുതരപാർശ്വഫലം നിമിത്തം മരണപ്പെട്ടത്. 65 വയസ്സ് പിന്നിട്ടവരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് വിലയിരുത്തപ്പെടുന്നു.

ഉപയോഗാനുമതി നൽകുന്നതിനായി സമർപ്പിച്ച പഠനത്തിൽ 85 വയസ്സ് കഴിഞ്ഞവരിലും വാക്സിൻ ഫലപ്രദമാണെന്ന് കണ്ടതായി നോർവെജിയൻ മെഡിസിൻസ് ഏജൻസി പറയുന്നു. നിലവിൽ നോർവെയിൽ ഉപയോഗിച്ചുവരുന്ന ഫൈസറിന്റെയും മോഡേർണയുടെയും വാക്സിനുകൾ എം ആർ എൻ എ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

 എം ആർ എൻ എ വാക്സിൻ ധൃതിയിൽ വികസിപ്പിച്ചതുകൊണ്ട് പോരായ്മകൾ ഉണ്ടാകുമെന്നും അതിന്റെ ഫലപ്രാപ്തിയും സുരക്ഷയും ഒന്നുകൂടി ഉറപ്പുവരുത്തിയ ശേഷം മാത്രമേ വലിയ തോതിൽ ആളുകൾക്ക് നൽകാവൂ എന്നും ചൈനീസ് ഇമ്മ്യൂണോളജിസ്റ്റ് അഭിപ്രായപ്പെട്ടു. 

ഫ്ലോറിഡയിലേക്ക് പറന്നാൽ വേഗം വാക്സിൻ 

ഡിസംബർ 23 മുതൽ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ  ഫ്ലോറിഡ‌യിൽ 65 ന് മുകളിൽ പ്രായമായവർക്ക് വാക്സിൻ നൽകുന്നുണ്ട്. ഇതറിഞ്ഞ് മറ്റു സ്റ്റേറ്റുകളിൽ നിന്നുള്ള ആളുകൾ ഫ്ലോറിഡയിലേക്ക് പറന്നെത്തുന്നതായി റിപ്പോർട്ട്. ക്ഷമ നശിച്ച അമേരിക്കക്കാർ മാത്രമല്ല ധനികരായ കനേഡിയൻ പൗരന്മാരും ഇത്തരത്തിൽ വരുന്നുണ്ട്.  ഒരേദിവസം അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാനടിക്കറ്റിന്  25000 മുതൽ 80000 ഡോളർ വരെ മുടക്കിയാണ് സൗജന്യ വാക്സിൻ എടുക്കാൻ എത്തുന്നത്.  

ഇത് അനുവദിക്കില്ലെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് വ്യക്തമാക്കി.

അടുത്ത ആഴ്ച ന്യൂയോർക്കിൽ വിതരണം ചെയ്യാൻ വാക്സിൻ ഇല്ല- മേയർ  ഡിബ്ലാസിയോ 

ഗവർണർ ആൻഡ്രൂ കോമോ വ്യക്തമാക്കിയിരുന്നതുപോലെ ന്യൂയോർക്കിൽ അതിവേഗം വാക്സിൻ വിതരണം നടക്കുന്നുണ്ടെങ്കിലും ഫെഡറൽ ഗവൺമെന്റിൽ നിന്ന് പര്യാപ്തമായ ഡോസുകൾ ലഭിക്കുന്നില്ലെന്ന ബുദ്ധിമുട്ട് മേയർ ബിൽ ഡി ബ്ലാസിയോയും വെള്ളിയാഴ്‌ച തുറന്നടിച്ചു.

' അടുത്ത ആഴ്‌ച വിതരണം ചെയ്യാൻ ഡോസ് ഇല്ല. ഒരു ദിവസം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യാൻ ശ്രമിക്കുന്നതുകൊണ്ട് ഒരാഴ്‌ച അനുവദിക്കുന്ന ഡോസ് നാലു ദിവസംകൊണ്ട് തീരുന്നു. ബുധനാഴ്ച മാത്രം 34,000 പേരെ വാക്സിനേറ്റ് ചെയ്തു. ലഭ്യത കൂട്ടിയില്ലെങ്കിൽ അപ്പോയ്ന്റ്മെന്റ് നൽകുന്നത് നിർത്തിവയ്‌ക്കേണ്ടി വരും. ' അദ്ദേഹം പറഞ്ഞു.

ലോസ് ആഞ്ചലസിൽ മൂന്നിൽ ഒന്ന് വീതം ആളുകൾക്ക് കോവിഡ് 

മഹാമാരിയുടെ തുടക്കം മുതൽ ഇതുവരെ, ലോസ് ആഞ്ചലസിൽ മൂന്നിൽ ഒന്ന് വീതം ആളുകൾ കോവിഡ് രോഗബാധിതരായിട്ടുണ്ട് എന്ന് കൗണ്ടി ഹെൽത്ത് സർവീസസ് ഈയാഴ്‌ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 

പ്രസ്തുത നിഗമനം വിരൽചൂണ്ടുന്നത് 10 മില്യൺ ആളുകളുള്ള ലോസ് ആഞ്ചലസിൽ 3 മില്യണിൽ അധികം ജനങ്ങളെ വൈറസ് ബാധിച്ചിരിക്കാം എന്നാണ്. ഇത് പരിശോധനയിലൂടെ സ്ഥിരീകരിച്ചതിന്റെ  മൂന്നിരട്ടിയിലധികം വരും. കൂടാതെ, കൗണ്ടിയിലെ 115 പേരിൽ ഒരാൾക്ക് വീതം വൈറസ് വകഭേദം ഉണ്ടെന്നും റിപ്പോർട്ടിൽ കാണുന്നു. കഴിഞ്ഞ ആഴ്ച്ചയിലിത് 125 ൽ ഒന്ന് എന്ന തോതിലായിരുന്നു. 

' നിങ്ങളെ രോഗം ബാധിച്ചാൽ അതിലൂടെ ഡസൻ കണക്കിനാളുകളിലേക്കത് പടരും. അവരിൽ ചിലർ മരണപ്പെടും. കാര്യങ്ങൾ പഴയതുപോലെയല്ല. ഒന്നും സംഭവിച്ചിട്ടില്ലെന്ന രീതിയിൽ മുന്നോട്ട് പോകാൻ കഴിയില്ല. .' ലോസ് ആഞ്ചലസ്‌ കൗണ്ടി പൊതു ആരോഗ്യ ഡയറക്ടർ ബാർബറ ഫെറർ അഭിപ്രായപ്പെട്ടു. 

ഓരോ എട്ടു മിനിറ്റിലും ഒരാൾ വീതം കോവിഡ് ബാധിച്ച് മരണപ്പെടുന്നു എന്ന് ആരോഗ്യ അധികൃതർ പറഞ്ഞ്  ഒരാഴ്ചയ്ക്ക് ശേഷമാണ്  ഈ വാർത്ത വരുന്നത്. ഇതുവരെ ലോസ് ആഞ്ചലസിൽ കോവിഡ് മരണങ്ങൾ 13,000 കടന്നു. കഴിഞ്ഞ ആഴ്ച മാത്രം, 15,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചാലും രക്ഷിക്കാൻ സാധിക്കാത്ത രോഗികളെ കൊണ്ടുവരേണ്ടതില്ലെന്നാണ് ആംബുലൻസ് ഡ്രൈവർമാർക്ക് കൊടുത്തിരിക്കുന്ന നിർദ്ദേശം.

ഇന്ത്യൻ- അമേരിക്കൻ  വിദുർ   ശർമ്മ   കോവിഡ് ടെസ്റ്റിംഗ് അഡ്വൈസർ 

ആരോഗ്യ വിദഗ്ദ്ധൻ വിദുർ ശർമ്മയെ കോവിഡ് ടെസ്റ്റിംഗ് അഡ്വൈസറായി നിയമിക്കുന്നതാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു. ശർമ്മയുടെ 
ബൈഡൻ  ഭരണകൂടത്തിന്റെ കോവിഡ് യജ്ഞത്തിലെ  സുപ്രധാന സ്ഥാനത്തേക്ക് ഒരു  ഇന്ത്യൻ സാന്നിധ്യം  കൂടി എത്തുകയാണ്. സർജൻ ജനറൽ വിവേക് മൂർത്തിയും കോവിഡ് ടാസ്ക് ഫോഴ്സ് അംഗങ്ങളായ അതുൽ ഗവണ്ടേയും സെലിൻ ഗൗണ്ടറുമാണ് മറ്റു പ്രധാനികൾ.  ബാരാക് ഒബാമയുടെ കാലയളവിൽ ബൈഡൻ വൈസ് പ്രെസിഡെന്റ് ആയിരിക്കെ വൈറ്റ് ഹൗസിൽ പ്രവർത്തിച്ച് പരിചയമുള്ള ആളാണ് ശർമ്മയും. ഡൊമസ്റ്റിക് പോളിസി കൗണ്സിലിന്റെ ഹെൽത്ത് പോളിസി അഡ്വൈസർ ആയിരുന്ന ശർമ്മ,   ഒബാമ കെയർ എന്ന പേരിലെ  ആരോഗ്യ പരിരക്ഷയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 

വ്യാഴാഴ്‌ച 2 ഇന്ത്യൻ-അമേരിക്കൻ നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. ക്ലൈമറ്റ് പോളിസി അഡ്വൈസർ തസ്തികയിലേക്ക് സോണിയ അഗർവാളും ജിൽ ബൈഡന്റെ (നിയുക്ത പ്രഥമ വനിത) ഡിജിറ്റൽ ഡയറക്ടറായി ഗരിമ വർമയും. 

സുപ്രധാന സ്ഥാനങ്ങളിലും ഇന്ത്യൻ സാന്നിധ്യമുണ്ട്. ബജറ്റ് ഡയറക്ടർ -നീര ടണ്ടൻ, വേദാന്ത് പട്ടേൽ- അസിസ്റ്റന്റ് പ്രസ് സെക്രട്ടറി, വിനയ് റെഡ്‌ഡി-സ്പീച് റൈറ്റിംഗ് സെക്രട്ടറി, ഗൗതം രാഘവൻ -ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ദി ഓഫീസ്  ഓഫ് പ്രെസിഡൻഷ്യൽ പേർസണൽ.

ഭരത് രാമമൂർത്തി- ഡെപ്യൂട്ടി ഡയറക്ടർ ഓഫ് നാഷണൽ ഇക്കണോമിക് കൌൺസിൽ,സബ്രീന സിങ്- ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഓഫ് ഹാരിസ്, മജു വർഗീസ്- ഉദ്ഘാടന ചടങ്ങിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ.

ദേശീയ സുരക്ഷാ കൗൺസിലിലെ നാമനിർദ്ദേശങ്ങൾ: തരുൺ ഛാബ്രാ- സീനിയർ ഡയറക്ടർ ഫോർ ടെക്നോളജി ആൻഡ് നാഷണൽ സെക്യൂരിറ്റി, സുമോന ഗുഹ-  സീനിയർ ഡയറക്ടർ ഫോർ സൗത്ത് ഏഷ്യ , ശാന്തി കത്തിൽ-കോഓർഡിനേറ്റർ ഫോർ ഡെമോക്രസി ആൻഡ് ഹ്യൂമൻ റൈറ്റ്സ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക