Image

കേരളത്തിലെ യുവജനങ്ങള്‍ സമഗ്ര മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു: സാബു എം. ജേക്കബ്

ഫ്രാന്‍സിസ് തടത്തില്‍ Published on 18 January, 2021
കേരളത്തിലെ യുവജനങ്ങള്‍ സമഗ്ര മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു: സാബു എം. ജേക്കബ്
കേരളത്തില്‍ വ്യവസായം തുടങ്ങണമെന്ന നിര്‍ദ്ദേശവുമായി ഫൊക്കാന ബിസിനസ് മീറ്റ് 


ന്യൂജേഴ്സി:കേരളത്തിലെ യുവ തലമുറ സമസ്ത മേഖലകളിലും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രമുഖ വ്യവസായിയും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മാനേജിങ്ങ് ഡയറക്ടറും ട്വന്റി 20 എന്ന വികസന പുരോഗമന സംഘടനയുടെ സ്ഥാപകനും ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം.ജേക്കബ്. അതിന്റെ പ്രതിഫലനമാണ് ട്വന്റി 20 യുടെ വിജയത്തിന് നിദാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശനിയാഴ്ച്ച രാവിലെ വെര്‍ച്വല്‍ ആയി നടന്ന ഫൊക്കാനയുടെ ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിദ്യാഭ്യാസ - തൊഴില്‍- രാഷ്ട്രീയ മേഖലകളില്‍ സമസ്തമായ മാറ്റളാണ്  യുവജനത പ്രതീക്ഷിക്കുന്നത്. യുവജനങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മായാണ്. നമ്മുടെ യുവ തലമുറയ്ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ പോലും നമുക്ക് കഴിയുന്നില്ല. കേരളത്തില്‍ വേണ്ടത്ര മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊക്കയാണ് നമ്മുടെ യുവജനങ്ങള്‍ വിദ്യാഭ്യാസം തേടിപ്പോകുന്നത്. അന്യനാടുകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയയാക്കി മടങ്ങി വരുന്ന അവര്‍ക്ക് മാന്യമായ ഒരു ജോലി പോലും ലഭിക്കുന്നില്ല. - അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സംസ്‌കാരത്തിന്റെ ദുരന്തഫലമാണ് ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതിയില്‍ മാറ്റം വരണമെങ്കില്‍ ആരെങ്കിലുമൊക്കെ മുന്നിട്ടിറങ്ങണം. അത്തരമൊരു ചിന്തയില്‍ നിന്നാണ് ട്വന്റി 20 എന്ന ആശയം ഉരുത്തിരിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യവസായം നടത്തുന്നതിനൊപ്പം തന്നെ സാമൂഹികമായ ഇടപെടലുകള്‍ കൂടി നടത്താന്‍ തയാറായാല്‍ മാത്രമേ നാടിന്റ വികസനം സാധ്യമാകു. 8 വര്‍ഷം മുന്‍പ് തന്റെ ജന്മനാട്ടിലെ ചെറുപ്പക്കാരുടെ ആഗ്രഹം സഫലീകരിക്കാന്‍ വേണ്ടിയാണ് താന്‍ ട്വന്റി 20 എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. 5 വര്‍ഷം മുന്‍പ് ട്വന്റി 20 യെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രൂപീകരിച്ചുകൊണ്ട്  കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം ഏറ്റെടുത്തു. ഇത്തവണ കിഴക്കമ്പലം ഉള്‍പ്പെടെ അഞ്ച് പഞ്ചായത്തുകളുടെ ഭരണമാണ് ട്വന്റി 20 ഒറ്റയ്ക്ക് നേടിയത്.- അദ്ദേഹം പറഞ്ഞു.

ട്വന്റി 20 യിലൂടെ കിഴക്കമ്പലം പഞ്ചായത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കന്‍ കഴിഞ്ഞതാണ് മറ്റു പഞ്ചായത്തുകളിലും തങ്ങള്‍ക്ക് പൂര്‍ണമായ പിന്തുണ നേടാന്‍ കാരണമായത്.
 
കേരളത്തിലെ വ്യവസായികള്‍ക്ക് അമേരിക്കയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സഹായം നല്‍കുന്നതിനൊപ്പം അമേരിക്കന്‍ മലയാളികള്‍ ജന്മനാടായ കേരളത്തിലും വ്യവസായ സംരഭങ്ങള്‍ ആരംഭിച്ച് തൊഴില്‍ രഹിതരായ നമ്മുടെ യുവതലമുറയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ സന്മനസ് കാണിക്കണം. എങ്കില്‍ മാത്രമേ നാട് നന്നാവുകയുള്ളു.- സാബു ജേക്കബ് ചൂണ്ടിക്കാട്ടി.  

അഞ്ച് വര്‍ഷം മുന്‍പ് കേരളത്തിലേതിനു സമാനമായ ഒരു ബിസിനസ് നടത്താന്‍ അമേരിക്കയിലെത്തിയപ്പോള്‍ എവിടെ, എപ്പോള്‍, എങ്ങനെ എന്ത് ചെയ്യണമെന്ന ഒരു എത്തും പിടിയുമില്ലാതെയായിരുന്നു. എന്നാല്‍ ഫൊക്കാനയുടെ നേതാക്കന്മാരായ പോള്‍ കറുകപ്പള്ളിയെപ്പോലുള്ള അമേരിക്കന്‍ മലയാളികള്‍ എല്ലാ കാര്യങ്ങളിലും സഹായങ്ങള്‍ വാഗ്ദാനം ചെയ്തുതന്നതിനാല്‍  കാര്യങ്ങള്‍ എളുപ്പമായി.

ബിസിനസ്  ലൈസന്‍സ് എടുക്കാന്‍ എന്തു ചെയ്യണമെന്ന് യാതൊരു ഊഹവുമില്ലാതെയാണ് താന്‍ അമേരിക്കയില്‍ എത്തിയത്. വെറും രണ്ടു ദിവസംകൊണ്ട് ലൈസന്‍സ് ലഭിച്ചത് തന്നെ ആശ്ചര്യപ്പെടുത്തിക്കളഞ്ഞു. കേരളത്തിലാണെങ്കില്‍ മാസങ്ങള്‍ സമയമെടുക്കുന്ന കാര്യാമാണ് യാതൊരു കാലതാമസവുമില്ലാതെ ലഭിച്ചത്.

നല്ല സഹായമനസ്‌ക്കരാണ്  അമേരിക്കയിലെ മലയാളികളെന്നു താന്‍ അന്ന് അനുഭവിച്ചറിഞ്ഞതാണ്. നല്ലവരായ അമേരിക്കന്‍ മലയാളി ബിസിനസുകാര്‍ മനസുവച്ചാല്‍ കേരളത്തിലെ തൊഴില്‍ രഹിതരായ ഒട്ടനവധി മലയാളി യുവാക്കളുടെ പ്രശ്‌നങ്ങള്‍ അനായാസം പരിഹാരം കാണാന്‍ കഴിയും. ഡോ. അനിരുദ്ധനെപ്പോലുള്ളവര്‍ കേരളത്തില്‍ വ്യവസായ സംരഭം ആരംഭിച്ചത് അതിനുള്ള നല്ലൊരു തുടക്കമായി കാണുകയാണ്.അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് മറ്റുള്ളവരും കേരളത്തില്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങിയാല്‍ കേരളത്തിലെ യുവജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ നന്മയായിരിക്കും അത്.- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനായി ഫൊക്കാനയെപ്പോലുള്ള സംഘടനകള്‍ അതിനു നേതൃത്വം നല്‍കിയാല്‍ കേരളത്തിള്‍ ബിസിനസ് സംരംഭങ്ങള്‍ വര്‍ധിക്കുന്നതിനൊപ്പം ഒരു വലിയ തോതില്‍ സാമൂഹിക പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. ഇന്നത്തെ ഈ ബിസിനസ് മീറ്റിംഗില്‍ അതിനായുള്ള ചര്‍ച്ചകള്‍ കൂടിഉള്‍പ്പെടുത്തണമെന്നും താന്‍ ആഗ്രഹിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം ഗൗരവത്തിലെടുത്ത് 'കേരളം മാറണം, ആളുകള്‍ മാറണം, ഈ തലമുറ രക്ഷപ്പെടണം' എന്നീ  ലക്ഷ്യംകൂടി  മുന്‍ നിര്‍ത്തിയാകണം ഈ ചര്‍ച്ചകള്‍ നടക്കേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഫൊക്കാന ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍ ആണ് സാബു ജേക്കബിനെ പരിചയപ്പെടുത്തിയത്.

ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂറോപ്പിലും  ഗള്‍ഫ് രാജ്യങ്ങളിലും  അമേരിക്കയിലും കേരളത്തിലുമൊക്കെയായി നിരവധി രാജ്യങ്ങളില്‍ വ്യവസായങ്ങള്‍ നടത്തി വരുന്ന പ്രവാസി മലയാളി വ്യവസായികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

 അമേരിക്കയിലെ പ്രമുഖ ഐ.ടി. സംരംഭകന്‍ രാജി തോമസ് (സ്പ്രിംഗ്ലര്‍ സി ഇ ഒ), മറൈന്‍ കണ്‍സല്‍റ്റന്റ് ആന്റണി പ്രിന്‍സ് (ജി.വി .ആര്‍ ക്യാംപ്‌ബെല്‍) , സുനില്‍കുമാര്‍ വാസുദേവന്‍ പിള്ള (എം.ഡി ., അസറ്റ് ഹോംസ്) , പി.എം. മാത്യു (വൈസ് ചെയര്‍മാന്‍, പി.എം. മാത്യു (ലോറൈന്‍ സ്റ്റുവര്‍ട്ട് ഗ്രൂപ്പ് , ലണ്ടന്‍), തോമസ് കരിക്കിനേത്ത് (എം.ഡി.,കരിക്കിനേത്ത് ഗ്രൂപ്പ്), ബിജു മാത്യു (എം.ഡി.,ഹോട്ടല്‍ പ്രസിഡന്‍സി), സാജന്‍ വറുഗീസ് ( ഡയറക്ടര്‍, സാജ് ഹോള്‍ഡിങ്ങ്‌സ് പ്രൈവറ്റ് ലിമിറ്റഡ്), ഡോ എം. അനിരുദ്ധന്‍ ( സി.ഇ.ഒ., എസ്സന്‍ ന്യൂട്രിഷന്‍ ഗ്രൂപ്പ് ആന്‍ഡ് ഫൊക്കാന മുന്‍ പ്രസിഡണ്ട്),ജോണ്‍ ടൈറ്റ്സ് (പ്രസിഡന്റ് എയ്‌റോ സിസ്റ്റംസ് ഏവിയേഷന്‍സ്), ഡോ. വിന്‍സെന്റ് കുട്ടംപേരൂര്‍ (സി.ഇ.ഓ., വി.കെ.ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍സ്),ഡോ. സണ്ണി ഒറാത്തി (രാഗിണി ഹോസ്പിറ്റല്‍),അനു ടി. ജോര്‍ജ് (എം.ഡി. വടക്കേമുറിയില്‍ ഗ്രൂപ്പ്), വര്‍ക്കി എബ്രഹാം (ഫൗണ്ടിങ്ങ് ഡയറക്ടര്‍ , ഹാനോവര്‍ ബാങ്ക്), ഡോ.ബാബു സ്റ്റീഫന്‍ (സി.ഇ.ഒ, ഡി.സി ഹെല്‍ത്ത്‌കെയര്‍, പ്രസിഡണ്ട്, എസ്. എം.റിയാലിറ്റി, ഫൊക്കാന വാഷിംഗ്ടണ്‍ ഡി.സി. ആര്‍.വി.പി), ഫൊക്കാന മുന്‍ പ്രസിഡണ്ടുമാരായ ജോണ്‍ പി. ജോണ്‍, ജി.കെ. പിള്ള തുടങ്ങിയ പ്രമുഖര്‍  ബിസിനസ് മീറ്റില്‍ പങ്കെടുത്ത് സംസാരിച്ചു. 

ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് അവാര്‍ഡ് പ്രഖ്യാപനം നടത്തി. ഫൊക്കാന സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി സ്വാഗതവും ട്രഷറര്‍ സണ്ണി മറ്റമന നന്ദിയും പറഞ്ഞു.ട്രസ്റ്റി ബോര്‍ഡ്  മുന്‍ ചെയര്‍മാന്‍ ഡോ.മാമ്മന്‍ സി. ജേക്കബ് ആയിരുന്നു അവതാരകന്‍. വാഷിംഗ്ടണ്‍ ഡി.സി യില്‍ നിന്നുള്ള സുഷമ പ്രവീണ്‍ പ്രാര്‍ത്ഥന ഗാനമാലപിച്ചു. ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, വര്‍ഗീസ് ഉലഹന്നാന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

ഫൊക്കാന ടെക്നിക്കല്‍ ടീം കോര്‍ഡിനേറ്റര്‍ പ്രവീണ്‍ തോമസിന്റെ നേതൃത്വത്തില്‍ ഫൊക്കാന അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, ബിജു കൊട്ടാരക്കര, മഹേഷ് ഭട്ട് എന്നിവരാണ് മീറ്റിംഗ് നിയന്ത്രിച്ചത്.

കേരളത്തിലെ യുവജനങ്ങള്‍ സമഗ്ര മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു: സാബു എം. ജേക്കബ് കേരളത്തിലെ യുവജനങ്ങള്‍ സമഗ്ര മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു: സാബു എം. ജേക്കബ് കേരളത്തിലെ യുവജനങ്ങള്‍ സമഗ്ര മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു: സാബു എം. ജേക്കബ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക