Image

ഫെബ്രുവരി അവസാനത്തോടെ മരണം 5 ലക്ഷം; പുതിയ വാക്സിനുകൾക്ക് അനുമതി ഉടനെ

മീട്ടു Published on 18 January, 2021
ഫെബ്രുവരി അവസാനത്തോടെ മരണം  5 ലക്ഷം; പുതിയ വാക്സിനുകൾക്ക് അനുമതി ഉടനെ
ബൈഡൻ ഭരണകൂടം അധികാരം ഏറ്റെടുക്കുന്നയുടൻ മുന്നിൽ വെല്ലുവിളികൾ ഏറെയുണ്ട്. നിയുക്ത പ്രസിഡന്റിന് നിയന്ത്രിക്കേണ്ടി വരുന്നത് പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയും അനുദിനം വർദ്ധിച്ചു വരുന്ന കോവിഡിന്റെ സങ്കീർണതകളിൽ പകച്ചുനിൽക്കുന്ന ജനതയെയുമാണ്. ഈ വിഷമസന്ധിയിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട്  അധികൃതർക്ക്  സ്വാഭാവികമായും ആശങ്കയുണ്ട്. 

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനാകുന്ന റോൺ ക്ലെയിൻ , പുതിയ ഭരണകൂടത്തിന്റെ ആദ്യ ആഴ്ചകളിൽ രോഗതോത് ഉയരുമെന്നും കോവിഡ് മരണനിരക്ക് ഫെബ്രുവരി അവസാനത്തോടെ 5 ലക്ഷം കടക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇപ്പോൾ തന്നെ മരണം 4 ലക്ഷം കടന്നു. 

'അണയുന്നതിന് മുൻപുള്ള ആളിക്കത്തൽ പോലെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിന് മുൻപായി രോഗികൾ കൂടുന്ന അവസ്ഥ ഉണ്ടാകും. ഇന്ന് രോഗിയുമായി സമ്പർക്കമുണ്ടായ ആൾക്കാണ്  അടുത്ത മാസം രോഗം സ്ഥിരീകരിക്കപ്പെടുകയും  ഫെബ്രുവരിയിലെ മരണങ്ങളിൽ പെടുകയും ചെയ്യുന്നത്. മാർച്ചിലും ഇത് തുടരാം. കാര്യങ്ങൾ വരുതിയിലാകാൻ അല്പം സമയം പിടിക്കും  ' അദ്ദേഹം പറഞ്ഞു.

പ്രതിദിന മരണനിരക്ക് 3,000 ഭേദിച്ചപ്പോൾ മുതൽ കൂടുതൽ വ്യാപനശേഷിയുള്ള വൈറസ് വകഭേദമാകാം മാർച്ചിൽ രോഗബാധയ്ക്ക് കാരണമാവുകയെന്ന് സി ഡി സി പ്രവചിച്ചിട്ടുണ്ട്. 
ട്രംപ് ഭരണകൂടം സംസ്ഥാനങ്ങൾക്ക് വാഗ്ദാനം ചെയ്ത അത്രയും വാക്സിൻ ഡോസുകൾ നിലവിൽ സ്റ്റോക്കില്ലെന്നും ക്ലെയിൻ വ്യക്തമാക്കി. ഉത്പാദനത്തിലും വിതരണത്തിലുമുള്ള   മുൻപത്തെ ടീമിന്റെ കെടുകാര്യസ്ഥതയാണ് ഇത്തരം സാഹചര്യം സൃഷ്ടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
' അതിനെ മറികടക്കാനുള്ള പദ്ധതി ഞങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. വാക്സിൻ വിതരണം ത്വരിതപ്പെടുത്താൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 65 വയസിന് മുകളിലുള്ളവരെ കൂടി വാക്സിനേറ്റ് ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ന്യൂയോർക് ഉൾപ്പെടെയുള്ള സ്റ്റേറ്റുകൾ വേഗം കാര്യങ്ങൾ പൂർത്തീകരിച്ചു വരുന്നതിനിടയിൽ അപ്പോയിന്റ്മെന്റ് നൽകുന്ന എല്ലാവര്‍ക്കും നൽകാൻ ഡോസുകൾ ലഭ്യമല്ലെന്നത് പ്രതിസന്ധി ഉളവാക്കുന്നു.

പുതിയ ആളുകൾക്ക് നൽകാൻ വാക്സിൻ സ്റ്റോക്ക് ഇല്ലെന്നും ലഭ്യമായവ ആദ്യ ഡോസ് സ്വീകരിച്ച വ്യക്തികൾക്ക് അടുത്ത ഡോസ് നൽകാൻ മാത്രം പര്യാപ്തമാണെന്നുമാണ് വിവരം.

കൗമാരക്കാരിയുടെ അവസരോചിതമായ ഇടപെടൽ, ടെക്സസിലുള്ള കോവിഡ്  ബാധിച്ച കുടുംബാംഗങ്ങളെ അഗ്നിക്കിരയാകാതെ രക്ഷപ്പെടുത്തി 

കോവിഡ് ബാധിതരായി ഗന്ധം അറിയാൻ  കഴിയാത്ത അവസ്ഥയിലായിരുന്നു ടെക്‌സാസിലെ ഒരു കുടുംബം. തീപടർന്ന് പുകമണം പരന്നിട്ടും അവർക്കത് തിരിച്ചറിയാൻ കഴിഞ്ഞില്ല. കുടുംബാംഗമായ പതിനേഴുകാരി ബിയാങ്ക  റിവേരയ്ക്ക് മാത്രം തീപടരുന്നതിന്റെയും പുകയുടെയും ഗന്ധം അനുഭവപ്പെട്ടത് മറ്റു മൂന്ന് പേരെക്കൂടി അഗ്നിക്കിരയാകാതെ വെള്ളിയാഴ്‌ച രക്ഷപ്പെടുത്തി.
' പ്ലാസ്റ്റിക് കത്തുന്നതിന്റെ മണം  അനുഭവപ്പെട്ട ഉടൻ ഞാൻ ജാഗ്രത പുലർത്തി. മുറിയിൽ നിന്ന് ഓടിയിറങ്ങി. അപ്പോഴേക്കും പുക നിറഞ്ഞിട്ട് മുന്നോട്ട് നീങ്ങാൻ കഴിയാത്ത  അവസ്ഥയായി. പിൻ വാതിൽ തുറന്ന് മറ്റു മൂന്നുപേരെയും വിളിച്ചുണർത്തി. ഓരോരുത്തരെയായി പുറത്തെത്തിച്ചു.' ബിയാങ്ക തന്റെ സാഹസികമായ അനുഭവം പങ്കുവച്ചു.

പുതിയ വാക്സിനുകൾക്ക് അനുമതി ഉടനെ: ഫൗച്ചി 

ജോൺസൺ ആൻഡ് ജോൺസണും ആസ്ട്രസിനിക്കയും തങ്ങളുടെ വാക്സിനുകൾ അനുമതി ലഭ്യമാകാൻ പഠനങ്ങൾ അയയ്ക്കാനിരിക്കെ, പുതിയ പ്രതിരോധ മരുന്നുകൾക്ക് ഫെഡറൽ അനുമതി ലഭിക്കാൻ ആഴ്ചകൾ പിടിക്കുമെന്ന് ഡോ. അന്റോണി ഫൗച്ചി ഞായറാഴ്‌ച വ്യക്തമാക്കി. കൂടുതൽ അപകടകരമായ കോവിഡ് വകഭേദങ്ങൾ ബ്രസീലിൽ നിന്നും ടാക്സിണാഫ്രിക്കയിൽ നിന്നും വരുന്നുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. കൂടുതൽ വേരിയന്റുകളെ സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നുണ്ടെന്നും ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ കാണണമെന്നും ഫൗച്ചി ഓർമ്മപ്പെടുത്തി.

' ഒരാഴ്ചയോ ചിലപ്പോൾ രണ്ടാഴ്ചകളോ  വേണ്ടിവരും വിവരങ്ങൾ വിശകലനം ചെയ്ത് എഫ് ഡി എ യ്ക്ക് കൈമാറാൻ. സുരക്ഷയെക്കുറിച്ച് ഉറപ്പുവരുത്തിയ ശേഷമേ അനുമതി നൽകാൻ സാധിക്കൂ. ഇതിന് ആഴ്ചകൾ വേണ്ടിവരും, മാസങ്ങൾ നീണ്ടുപോകില്ലെന്ന് ഉറപ്പ് തരാം.' ഫൗച്ചി വിശദീകരിച്ചു. 
സുരക്ഷിതവും ഫലപ്രദവുമെന്ന് തെളിഞ്ഞ് ഇരു വാക്സിനുകൾക്കും അടിയന്തര ഉപയോഗാനുമതി ലഭിച്ചാൽ, രാജ്യത്ത് നാല് പ്രതിരോധ മരുന്നുകൾ കോവിഡിനെതിരെ പൊരുതാൻ കരുത്ത് പകരും. 
ഒരു ഡോസ് കൊണ്ടുതന്നെ ദീർഘനാൾ പ്രതിരോധം തീർക്കാമെന്നാണ് ജോൺസൺ ആൻഡ് ജോൺസൺ പറഞ്ഞിരിക്കുന്നത്. ട്രയലുകളിൽ പങ്കെടുത്ത 90 ശതമാനം ആളുകളിലും കുറഞ്ഞത് 71 ദിവസംവരെ ആന്റിബോഡികൾ ഉണ്ടായിരുന്നു.
70.4 ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞ ആസ്ട്രസൈനികായുടെ വാക്സിന് യു കെ ഇതിനോടകം അടിയന്തര ഉപയോഗാനുമതി നൽകിക്കഴിഞ്ഞു.

വ്യാപനം കുറഞ്ഞു, ന്യൂയോർക്കിന് നേരിയ ആശ്വാസം 

വാക്സിൻ ഡോസുകൾ തീർന്നതിനാൽ, ന്യൂയോർക്കിലെ വാക്സിനേഷൻ സൈറ്റുകൾ അടച്ചുപൂറ്റുന്നതിന്റെ വിഷമത്തിനിടയിൽ ആശ്വാസമായി രോഗവ്യാപനത്തിൽ ശനിയാഴ്ച നേരിയ കുറവ് രേഖപ്പെടുത്തി. 
പോസിറ്റിവിറ്റി നിരക്ക്: 5.77 ശതമാനം.
157 പേർ മരണപ്പെട്ടു; 46 പേർ ന്യൂയോർക് സിറ്റിയിൽ.
 യു കെ വകഭേദംഒരാളിൽ  കൂടി സ്ഥിരീകരിക്കപ്പെട്ടതോടെ എണ്ണം 17 ആയി.
കൂടുതൽ വാക്സിൻ ഗവണ്മെന്റ് അനുവദിച്ചില്ലെങ്കിൽ അടച്ചുപൂട്ടേണ്ടി വരുമെന്നും ഡോസുകൾ ലഭിച്ചാൽ എത്രയും വേഗം പൂട്ടിയ സൈറ്റുകൾ തുറന്നു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും  മേയർ ഡി ബ്ലാസിയോ അഭിപ്രായപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക