Image

'അടുക്കളപ്പണി ഒരു പണിയാണോ?' എന്ന് ചോദിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ (സൂരജ് കെ ആര്‍)

Published on 18 January, 2021
'അടുക്കളപ്പണി ഒരു പണിയാണോ?' എന്ന് ചോദിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ (സൂരജ് കെ ആര്‍)
ജീവിതകാലമത്രയും ജോലിക്ക് പോകാതെ, സ്വന്തം താല്‍പര്യങ്ങള്‍ മൂടിവച്ച്, അടുക്കളയിലെ പുകയിലും വിയര്‍പ്പിലും എരിഞ്ഞടങ്ങപ്പെടുന്ന ഭാരതീയ സ്ത്രീകളുടെ നേര്‍ചിത്രമാണ് ഒറ്റ വാചകത്തില്‍ ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' അഥവാ 'മഹത്തായ ഭാരതീയ അടുക്കള' എന്ന മലയാള സിനിമ. ജനുവരി 15-ന് OTT പ്ലാറ്റ്‌ഫോമായ Neestream-ല്‍ എക്‌സ്‌ക്ലുസീവായി റിലീസ് ചെയ്ത ചിത്രം, ഇന്നത്തെ കേരളത്തിന്റെയും, ഇന്ത്യയുടെ ആകെയും സമൂഹത്തിലെ ഭൂരിപക്ഷം സ്ത്രീകളുടെയും അനുഭവം തന്നെയാണ്. പൊതുവില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളില്‍ കാണുന്ന പോലെ മദ്യപാനിയോ, വ്യഭിചാരിയോ, ഭാര്യയെ മര്‍ദ്ദിക്കുന്നവനോ ആയ ഭര്‍ത്താവിനെയോ, കുറ്റം പറയുന്ന അമ്മായിയമ്മയെയോ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ കാണാന്‍ കഴിയില്ല. മറിച്ച് 'passive aggression' അനുഭവിക്കുന്നവരെയും, അത് സാധാരണവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധികളായ സ്ത്രീ-പുരുഷന്മാരെയും തുറന്നുകാട്ടുകയാണ് ചിത്രം. ഒപ്പം ഈയിടെ വിവാദം സൃഷ്ടിച്ച ശബരിമല സ്ത്രീ പ്രവേശനം അടക്കം വിപ്ലവത്തിന്റെ പാതയിലേയ്ക്കും ചെറിയ യാത്രകള്‍ നടത്തുന്നുണ്ട് തിരക്കഥാകൃത്തും സംവിധായകനും.

ചിത്രത്തില്‍ ആര്‍ക്കും തന്നെ പേരുകളില്ല. എടീ, എടാ, അച്ഛാ, അമ്മേ, ചെറിയച്ഛാ തുടങ്ങിയ സര്‍വ്വനാമങ്ങളായാണ് കഥാപാത്രങ്ങള്‍ പരസ്പരം അഭിസംബോധന ചെയ്യുന്നത്. റിവ്യൂവിന്റെ സൗകര്യത്തിനായി നമുക്ക് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ യഥാര്‍ത്ഥ പേരുകള്‍ ഉപയോഗിക്കാം.

സ്‌കൂള്‍ മാഷായ സുരാജിന്റെ കഥാപാത്രം നിമിഷയുടെ കഥാപാത്രത്തെ വിവാഹം കഴിക്കുകയാണ്. വളരെ പേരുകേട്ട തറവാട്ടുകാരും, ഇപ്പോഴും പഴയ അതേ തറവാട് വീട്ടില്‍ തന്നെ ജീവിക്കുകയും ചെയ്യുന്ന സുരാജിന് അമ്മയും അച്ഛനുമുണ്ട്. പ്രത്യേക ശീലങ്ങളും ചിട്ടകളമെല്ലാം ഉള്ളയാളാണ് അച്ഛന്‍. അതില്‍ രാവിലെ പത്രം വായിച്ച് ഇരിക്കുന്നിടത്ത് ഭാര്യ ബ്രഷും പേസ്റ്റും കൊണ്ടുകൊടുക്കുന്നത് മുതല്‍, പുറത്തിറങ്ങാന്‍ നേരം കാലില്‍ ഭാര്യ ചെരിപ്പിട്ട് കൊടുക്കുന്നത് വരെ പെടും. അത് കഴിഞ്ഞ തലമുറ. പക്ഷേ സുരാജിന് ഇത്തരം ശീലങ്ങളൊന്നും തന്നെയില്ല. തലമുറകളായി ശീലിച്ച് വരുന്ന ചില അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമാണ് അയാള്‍ക്കുള്ളത്. കഷ്ടപ്പെട്ട് പുരോഗമനവാദിയെന്ന് സ്വയം നടിക്കുന്ന അയാള്‍ പക്ഷേ അച്ഛന്റെ വാക്ക് ധിക്കരിക്കാത്ത, ആണധികാരം ഊട്ടിയുറപ്പിക്കുന്ന സമൂഹത്തിന്റെ പ്രതിനിധി തന്നെയാണ്.

അമ്മ മൂത്ത മകളുടെ പ്രസവം കാരണം അവളുടെ വീട്ടിലേയ്ക്ക് പോകുന്നതോടെ നിമിഷയ്ക്ക് വീട്ടിലെ അടുക്കളക്കാര്യം ഏറ്റെടുക്കേണ്ടിവരുന്നു. രാവിലെ തൊട്ട് രാത്രി വരെ പാചകം, വൃത്തിയാക്കല്‍, അടിച്ചുവാരല്‍ എന്നിങ്ങനെ അടുക്കളയ്ക്കകത്ത് പെട്ടുപോകുന്ന പുതുതലമുറയിലെ പെണ്‍കുട്ടിയുടെ ജീവിതമാണ് ശേഷം സിനിമ. ദൈര്‍ഘ്യമേറിയ അടുക്കളപ്പണികള്‍, അതേപടി ദൈര്‍ഘ്യമേറിയ ഷോട്ടുകളിലൂടെയും സീനുകളിലൂടെയുമാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സ്ത്രീ അടുക്കള ജോലി ചെയ്യുന്നത് പതിവ് രീതിയാണെങ്കിലും, അതിനുള്ളില്‍ അവരനുഭവിക്കുന്ന ശാരീരിക-മാനസിക-സാമൂഹിക ബുദ്ധിമുട്ടുകള്‍ കൃത്യമായി വരച്ചിടാനും, അടുക്കളപ്പണി സ്ത്രീകള്‍ക്ക് മാത്രം എന്ന് വിധിച്ച ആണ്‍ മനസ്സാക്ഷി കൃത്യമായ ലിംഗവിവേചനവും, പാസീവ് ആയ വയലന്‍സും തന്നെയാണ് മുന്നോട്ട് വയ്ക്കുന്നതെന്നും വെടിപ്പായി പറയാന്‍ കഴിഞ്ഞത് തന്നെയാണ് തിരക്കഥയുടെയും, സംവിധായകന്റെയും വിജയം.

ഒരു സ്ത്രീ രാപകല്‍ അടുക്കള ജോലി ചെയ്യുന്നിനെ അവളുടെ ജോലിയായും ഉത്തരവാദിത്തമായും കാണുന്ന, അവളുടെ സ്വപ്‌നങ്ങളത്രയും കരിച്ചുകളയുന്ന സ്ഥിതിവിശേഷത്തെ അത്രമേല്‍ നോര്‍മലൈസ് ചെയ്ത ഒരു സമൂഹമാണ് ഇന്ത്യയുടേത്. സ്വന്തമായി ജോലിയെടുക്കാനോ, സമ്പാദിക്കാനോ, എന്തിന് ലൈംഗിക കാര്യങ്ങള്‍ ഭര്‍ത്താവിനോട് പോലും തുറന്ന് സംസാരിക്കാനോ ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും കഴിയുന്നില്ല എന്നത് സത്യമാണ്. ഭര്‍ത്താവിന്റെയും, മാതാപിതാക്കളുടെയും, കുട്ടികളുണ്ടെങ്കില്‍ അവരുടെയും ക്ഷേമത്തിനായി ഉരുകിത്തീരുന്ന സ്ത്രീ ജീവിതങ്ങള്‍ കെട്ടുകഥയല്ല. അവര്‍ ഇതെല്ലാം ചെയ്യുന്നത് നൂറ് ശതമാനം ആഗ്രഹിച്ചിട്ടുമല്ല.

'പെണ്‍കുട്ടി ജോലിക്ക് പോകുന്നത് നമ്മുടെ കുടുംബത്തിന് ചേരില്ല, സാരമില്ല ട്ടോ' എന്ന് വളരെ ശാന്തതയോടെയും, സ്‌നേഹത്തോടെയും പറയുന്ന സിനിമയിലെ അച്ഛന്‍ കഥാപാത്രം യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഭരണഘടന അനുവദിച്ച അവകാശം നിഷേധിക്കുകയാണ്. സൗമ്യമായി ഒരു കാര്യം പറയുന്നു എന്നതിനാല്‍ അത് വയലന്‍സ് അല്ലാതാകുന്നു എന്ന് അര്‍ത്ഥമില്ലെന്നും വ്യക്തമാക്കുന്ന സീനാണ് ഇത്. 'ആണുങ്ങളായ ഞങ്ങള്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് സമ്പാദിക്കുന്നു, പെണ്ണുങ്ങള്‍ക്ക് ചുമ്മാ വീട്ടിലിരുന്ന് ഭക്ഷണമുണ്ടാക്കിയാല്‍പ്പോരേ' എന്ന് ചോദിക്കുന്ന നിരവധി ആണുങ്ങളെ നമുക്കറിയാം. സ്വയം അനുഭവിക്കാത്തത് കൊണ്ട് തന്നെ അടുക്കളപ്പണി തീരെ അധ്വാനമില്ലാത്തതാണെന്ന് പറഞ്ഞ് തള്ളുന്ന അത്തരക്കാരുടെ കരണം നോക്കിയുള്ള അടിയുമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ആ അഭിപ്രായത്തോട് യോജിക്കുന്ന, 'ഇതെല്ലാം ഞങ്ങളുടെ പണിയാണ്, അതില്‍ ഞങ്ങള്‍ക്ക് പരാതിയൊന്നുമില്ലല്ലോ' എന്ന് പറയുന്ന 'കുലസ്ത്രീകളായ'വരോടും പുച്ഛം ഭാവിക്കുന്നുണ്ട് സിനിമ.

എല്ലാം സഹിക്കുന്ന നിമിഷ ഒരു ഘട്ടത്തില്‍ നിര്‍ണ്ണായകമായ തീരുമാനമെടുക്കുന്നുണ്ടെങ്കിലും, ഈ സാമൂഹികസ്ഥിതി പല വീടുകളിലും ഇങ്ങനെ തന്നെ തുടരുമെന്നും അവസാന ഭാഗങ്ങളില്‍ സിനിമ വ്യക്തമാക്കുന്നുണ്ട്. അടുക്കളപ്പണി എന്ന ഒറ്റ കാര്യത്തിലൂന്നി ഒരുപിടി പുരോഗമനമായ രാഷ്ടീയം ജിയോ ബേബി മുന്നോട്ടു വയ്ക്കുന്നുണ്ട്. സ്ത്രീകളുടെ അസ്വാതന്ത്ര്യത്തിന്റെയും, ലിംഗവിവേചനത്തിന്റെയും, അവകാശ ലംഘനത്തിന്റെയും ഒരു ഉദാഹരണം മാത്രമാണ് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഈ അടുക്കള ജോലി. ഇത്തരം അവകാശ നിഷേധങ്ങളോട് പൊരുതി ജയിക്കുന്നവര്‍ക്ക് സ്വച്ഛന്ദം പറക്കാനായി വിശാലമായ ആകാശം കാത്തിരിക്കുന്നുവെന്നും സിനിമ ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യക്കാരായ സ്്രതീ പുരുഷന്മാര്‍ തീര്‍ച്ചയായും കാണേണ്ടതും, ശേഷം സ്വന്തം ജീവിതവുമായി ചേര്‍ത്ത് നിര്‍ത്തി വിലയിരുത്തേണ്ടതുമായ സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.
'അടുക്കളപ്പണി ഒരു പണിയാണോ?' എന്ന് ചോദിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ (സൂരജ് കെ ആര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക