നടിയെ ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷിയായി ജയില്‍ മോചിതനായ വിപിന്‍ ലാലിനെ ഹാജരാക്കാന്‍ നിര്‍ദേശിച്ച് വിചാരണക്കോടതി. വിപിന്‍ ലാലിനെ നാളെ ഹാജരാക്കാനാണ് നിര്‍ദേശം. ദിലീപ് നല്കിയ ഹര്‍ജിയിലാണ് വിചാരണക്കോടതിയുടെ നടപടി.
വിചാരണ പൂര്‍ത്തിയാകാതെ മാപ്പ് സാക്ഷി ജയില്‍ മോചിതനായത് ചോദ്യം ചെയ്തായിരുന്നു ദിലീപ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി വിപിന്‍ ലാലിനെ നാളെ തന്നെ ഹാജരാക്കാന്‍ പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.
വിപിന്‍ ലാലിനെ വിട്ടയച്ച രേഖകളുമായി ജയില്‍ സൂപ്രണ്ടും ഹാജരാകണമെന്നും കോടതി പറഞ്ഞു. ജാമ്യം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വിപിന്‍ ലാലിനെ വീണ്ടും ജയിലിലേക്ക് അയയ്ക്കാനാണ് സാധ്യത. രേഖകള്‍ പരിശോധിക്കാതെ വിപിന്‍ ലാലിനെ വിട്ടയച്ച ജയില്‍ സൂപ്രണ്ടിനെതിരെ നടപടിക്കും സാധ്യതയുണ്ട്.
വിപിന്‍ ലാലിന്റെ പരാതിയില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് കെ. ബി ഗണേഷ്കുമാര് എംഎല്‍എയുടെ പി.എ പ്രദീപിനെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് വിപിന്‍ ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയതിന്റെ രേഖകള്‍ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതില്‍ കോടതി നടത്തിയ പരിശോധനയിയില്‍ വിപിന്‍ ലാലിന് ജാമ്യം ലഭിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു.