Image

മകന്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ട പിതാവ് പട്ടിണി കിടന്ന് മരിച്ചു; മാനസികനില തെറ്റിയ മാതാവ് മെഡിക്കല്‍ കോളജില്‍

Published on 20 January, 2021
മകന്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ട പിതാവ് പട്ടിണി കിടന്ന് മരിച്ചു; മാനസികനില തെറ്റിയ മാതാവ് മെഡിക്കല്‍ കോളജില്‍

മകന്‍ മാസങ്ങളോളം വീട്ടിനുള്ളില്‍ പൂട്ടിയിട്ട പിതാവ് ഭക്ഷണവും വെള്ളവും കിട്ടാതെ മരണത്തിന് കീഴടങ്ങി. മാനസികനില തെറ്റിയ മാതാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുണ്ടക്കയം പഞ്ചായത്തിലെ അസംമ്ബനിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 


മുണ്ടക്കയം പഞ്ചായത്ത് അസം ബനിയനില്‍ തൊടിയില്‍ വീട്ടില്‍ 80 വയസ്സുള്ള പൊടിയന്‍ ആണ് നാളുകളായി ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണി കിടന്നത് മൂലം മരണത്തിന് കീഴടങ്ങിയത്. ഭര്‍ത്താവിന്റെ ദാരുണമായ സ്ഥിതി നോക്കി നിന്ന് ഭാര്യ 76 വയസ്സുള്ള അമ്മിണിക്ക് മാനസികനില തെറ്റി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.


 ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതെ മാസങ്ങളായി ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു സ്ഥിരം മദ്യപാനിയായ ഇളയമകന്‍ റെജി. വീട്ടില്‍ ഒരു പട്ടിയേയും കെട്ടിയിട്ടിരുന്നതുമൂലം ബന്ധുക്കള്‍ക്കു സമീപവാസികള്‍ക്ക് അടുത്തുപോലും വരാന്‍ പറ്റാത്ത സാഹചര്യം ആയിരുന്നു. 


 ആശാവര്‍ക്കര്‍മാരും പാലിയേറ്റീവ് കെയര്‍ അംഗങ്ങളും വീട്ടിലെത്തിയപ്പോഴാണ് ഇവരുടെ ദയനീയ സ്ഥിതി കണ്ടറിയുന്നത്.


തുടര്‍ന്ന് ഇവര്‍ പഞ്ചായത്ത് അംഗം സിനിമോള്‍ തടത്തിലിനെ വിവരം അറിയിക്കുകയും, സിനിമോള്‍ മുണ്ടക്കയം സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരായ സന്തോഷ് സി എ, പുഷ്പാംഗദന്‍ എന്നിവര്‍ ഉടന്‍തന്നെ സ്ഥലത്തെത്തുകയും, മറ്റ് പോലീസ് ഉദോഗസ്ഥരെയും ജനപ്രതിനിധികളെയും വിവരമറിയിക്കുകയും ചെയ്തു. 


 ഉടന്‍തന്നെ ഇരുവരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പൊടിയന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. 

പൊടിയന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്.  അമ്മിണി കൂലിപ്പണി ചെയ്താണ് വീട്ടിലെ നിത്യ ചെലവ് നടത്തിവന്നിരുന്നത്. പ്രായാധിക്യം മൂലം അമ്മിണിയ്ക്കും പൊടിയനും മറ്റ് ജോലികള്‍ ചെയ്യാനാകാതെ വന്നതോടെയാണ് ഇവര്‍ ഒറ്റപ്പെട്ടത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക