Image

ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് പൊലീസ്; പിന്‍മാറില്ലെന്ന് കര്‍ഷകര്‍

Published on 21 January, 2021
ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് പൊലീസ്; പിന്‍മാറില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകരെ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ്. കര്‍ഷക നേതാക്കളുമായി രണ്ടാംവട്ടം നടത്തിയ ചര്‍ച്ചയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 


ട്രാക്ടര്‍ റാലി നടത്തുമെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഡല്‍ഹിയ്ക്ക് പുറത്ത് ട്രാക്ടര്‍ റാലി നടത്തുന്നതില്‍ തടസ്സമില്ലെന്ന് പൊലീസ് വ്യക്തമാക്കി.


'ഡല്‍ഹിയ്ക്കുള്ളില്‍ തന്നെ ഞങ്ങള്‍ സമാധാനപരമായി ട്രാക്ടര്‍ റാലി നടത്തും. ഡല്‍ഹിയ്ക്ക് പുറത്ത് റാലി നടത്താനാണ് പൊലീസ് ആവശ്യപ്പെടുന്നത്. അത് സാധ്യമല്ല' സ്വരാജ് ഇന്ത്യ അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.


കുണ്ഡലി-മനേസര്‍-പല്‍വാല്‍ എക്‌സ്പ്രസ് ഹൈവേയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കാമെന്നാണ് പൊലീസിന്റെ നിലപാട് എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹി നോര്‍ത്ത് റെയ്ഞ്ച് ജോയിന്റ് കമ്മീഷണര്‍ എസ് എസ് യാദവിന്റെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കര്‍ഷക സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക