നീലച്ചിറകേറിയ വജ്രമൂക്കുത്തി : വിജയമ്മ സി എൻ , ആലപ്പുഴ
SAHITHYAM
22-Jan-2021
SAHITHYAM
22-Jan-2021
ഇ മലയാളിയിൽ വാരാന്ത്യങ്ങളിൽ പ്രസിദ്ധീകരിച്ചു വരുന്ന 'നീലച്ചിറകുള്ള മൂക്കുത്തികൾ' അവസാനിക്കുവാൻ ഏതാനും ഭാഗങ്ങൾ മാത്രം. സന റബ്സ് എഴുതിയ ഈ നോവൽ വായനക്കാർക്ക് ഹൃദയഹാരിയായി തുടരുന്നു. ആകാംക്ഷയും ഉദ്വേഗവും വളർത്തുകയും പ്രണയമുണർത്തുകയും ചെയ്യുന്ന ശൈലിയാണ് സനയുടേത്. നായകനും നായികയും സ്വപ്ന സദൃശമായ പരിസരങ്ങളും സിനിമയിലെന്നപോലെ തെളിയുകയാണ്. നാട്ടിലും അമേരിക്കയിലും മറ്റിടങ്ങളിലുമുള്ള മലയാളികളുടെ പ്രതികരണങ്ങൾ നീലച്ചിറകുള്ള മൂക്കുത്തിയുടെ പ്രിയങ്കരത വെളിപ്പെടുത്തുന്നു. നോവലിന്റെ ജനപ്രീതി അത്രയധികമാണ്.
വായനക്കാരെ കഥയുടെ അഭൗമലോകത്തേക്ക് അനായാസം കൊണ്ടുപോകുന്നിടത്താണ് ഒരു കൃതിയുടെ പരമമായ വിജയം. നീലച്ചിറകുള്ള മൂക്കുത്തി അത്തരത്തിൽ വൻ വിജയമാകുന്നു.സെലിബ്രിറ്റികൾ എന്നു വിളിക്കാവുന്ന ഏതാനും വ്യക്തികളുടെ ജീവിതവും ജീവിതസംഘട്ടനങ്ങളും വ്യത്യസ്തമായ പ്രണയവും, കൊൽക്കത്ത മുംബൈ ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലെ സമ്പന്നരുടെ ജീവിതശൈലിയും ആവിഷ്കരിച്ചുകൊണ്ട് നോവൽ തുടങ്ങുന്നു.
സോനാഗച്ചി, കാളിഘട്ട് എന്നിവിടങ്ങളിലെ ലൈംഗികതൊഴിലാളികളുടെയും ട്രാൻസ്ജെന്ടെർമാരുടെയും ദയനീയവും അപരിചിതവുമായ ജീവിതചിത്രങ്ങളും നോവലിന്റെ മറുപുറത്തു നിറയുന്നു. സിനിമയും മോഡലിങ്ങും ഫാഷൻലോകവും കഥാപാത്രങ്ങളായിത്തന്നെ നമുക്കുമുന്നിൽ വരുന്ന വിസ്മയവും ഉടനീളമുണ്ട്.
എപ്പോഴും വെള്ളിവെളിച്ചത്തിൽ നിൽക്കേണ്ടി വരുന്നവരുടെ ജീവിതം സുതാര്യമാണെന്നു തോന്നുമെങ്കിലും ഗോസ്സിപ്പുകൾ അവരുടെ കൂടപ്പിറപ്പാണ്. അതിൽ നേരും നേരുകേടുമുണ്ടാവാം. സംഘർഷങ്ങളിൽപ്പെട്ട് ചിലപ്പോൾ ജീവിതം തന്നെ ഒലിച്ചുപോകുന്നവരുമുണ്ടാകാം.
സ്വന്തം കർമ്മരംഗത്ത് സമർപ്പണബുദ്ധിയോടെ ഇടപെടുന്ന റായ് വിദേതൻ ദാസ് എന്ന വ്യവസായിയും, നടിയും സോഷ്യൽ ആക്ടിവിസ്റ്റുമായ മിലാൻ പ്രണോതിയും, ഉന്നതപദവിയിൽ ജീവിക്കുമ്പോഴും സമൂഹത്തിനോടുള്ള കടപ്പാടു മറക്കുന്നില്ല. അതേസമയം കാര്യസാധ്യത്തിനായി ഏതറ്റംവരെയും പോകുന്ന സ്വാർത്ഥതയും ക്രൂരതയും നിറഞ്ഞ സ്ത്രീമുഖമാണ് തനൂജാതിവാരി എന്ന തെന്നിന്ത്യൻ നടി! റായിയുടെ അമ്മയായ താരാദേവിയാകട്ടെ വിവേകിയും ശക്തയുമായ ഒരു സ്ത്രീ കഥാപാത്രമാണ്.
റായിയുടെ മകളായ മൈത്രേയിയുടെ അമ്മയും റായിയുടെ ആദ്യഭാര്യയുമായ മേനക ഭൂമിയെ നോവിക്കാനിഷ്ടപ്പെടാത്ത പൂപോലെ ശുദ്ധയായ ഒരു സ്ത്രീയാണ്! അവർക്ക് പരമ്പരാഗതസ്ത്രീയായി ജീവിക്കുവാനാണിഷ്ടം. ഉത്തരവാദിത്വങ്ങളുടെ ഭാരം വഹിക്കുവാനുള്ള താല്പര്യമില്ലായ്മയും ആ 'ഒതുക്കത്തിൽ' ഉൾക്കൊള്ളുന്നു.
കരോലിൻ ഭട്ട്നാഗർ എന്ന ബിസിനസ് മാഗ്നെറ്റിന്റെ കഥാപാത്രത്തിലേക്ക് എത്തുമ്പോൾ ധിഷണാശാലിയായ ആധുനിക പെൺകുട്ടിയുടെ മുഖം കാണാം. കൊൽക്കൊത്ത നഗരത്തിന്റെ പതുപതുപ്പേറിയ തലോടലും പരുപരുത്ത പ്രഹരവും ഒരേസമയം ഏറ്റുവാങ്ങുന്ന ജീവിതങ്ങളാണ് എല്ലായിടത്തും.
സോനാഗച്ചിയിൽ ജീവിക്കുന്ന കുട്ടികളുടെ പ്രത്യാശ നിറഞ്ഞ കണ്ണുകളെ ജ്വലിപ്പിക്കാനും അവിടുത്തെ സ്ത്രീകളും മറ്റുമനുഷ്യരും വെറും ഉപഭോഗവസ്തുക്കളല്ലെന്നു ഉറക്കെ പ്പറയാനും അവരിൽത്തന്നെ നടാഷയെപ്പോലുള്ള ശ്കതരായ സ്ത്രീകളുണ്ട്.
മിലാൻറെ അച്ഛൻ സഞ്ജയ് പ്രണോതി നിലപാടുകൾ ഉറക്കെപ്പറയുന്ന പത്രപ്രവർത്തകനാണ്. തന്റെ മകളുടെ ജീവിതത്തിനു മേലെ കുടവിരിച്ചു നിൽക്കുന്ന ആകാശമാണ് ആ അച്ഛൻ. ഇങ്ങനെ നിറമുള്ള മനുഷ്യരും ബ്ലാക്ക് ആൻഡ് വൈറ്റ് ജീവിതങ്ങളും നോവലിൽ ഇരുളും നിലാവും പടർത്തുന്നു. അവരവരുടെ ശരികൾക്കൊപ്പം ജീവിക്കുമ്പോൾ ഉണ്ടാകുന്ന പല സംത്രാസങ്ങളും അതിന്‍റെ സങ്കീർണ്ണതകളും ഇവിടെയുണ്ട്. പ്രതികാരദാഹത്താൽ അന്ധമായിത്തീരുന്ന ചില മനസ്സുകളുടെ വൈകല്യങ്ങൾ നോവലിൽ ഉടനീളം നമ്മെ അസ്വസ്ഥരാക്കുന്നു. എങ്കിലും 'ലൈഫ് വിൽ ബി റീലോഡഡ്' എന്നതാണ് നോവലും അതിലെ ജീവിതങ്ങളും പറയുന്നത്.
സാധാരണക്കാർക്കു പരിചിതമല്ലാത്ത ഒരു ലോകമാണിവിടെ തുറക്കപ്പെടുന്നത്. രത്നവ്യാപാരരംഗത്തു നടമാടുന്ന കിടമത്സരങ്ങളും ദുർഗ്രാഹ്യമായ ചതികളും നമ്മെ മനസ്സിലാക്കിത്തരുന്ന ഈ പുസ്തകം മലയാളനോവൽ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളതിൽനിന്നും ഏറെ വ്യത്യസ്തമായ പ്രമേയമാണ് അവതരിപ്പിക്കുന്നത്. അതിസങ്കീർണ്ണമായ ഇതിവൃത്തം വളരെ ലളിതമായി മനോഹരമായ ഭാഷയില്‍, മനസ്സിലേക്കരിച്ചിറങ്ങുന്ന ശൈലിയിൽ എഴുതിയിരിക്കുന്നു.
ഒരു മൂക്കുത്തിയാണ് ഇതിലെ പ്രധാനകഥാപാത്രമായി വരുന്നത് എന്നതാണ് ഏറ്റവും അദ്ഭുതകരമായ കാര്യം.
നോവലിന്റെ അവസാന ഭാഗങ്ങൾ വലിയ ആകാംക്ഷയും അതിശയങ്ങളുമുണർത്തുന്നു. അപ്രതീക്ഷിതവും ഉജ്ജ്വലവുമായ ക്ലൈമാക്സ് വായനക്കാർ കുറച്ചു കാലത്തെക്കെങ്കിലും മറക്കാനിടയില്ല.
ഇ മലയാളിയിലെ പ്രസിദ്ധീകരണത്തിനു ശേഷം നീലച്ചിറകുള്ള മുക്കുത്തികൾ പുസ്തകമായി ആസ്വാദകർക്ക് മുന്നിലെത്തും എന്നതും വളരെ സന്തോഷം പകരുന്നു. സന റബ്സിന്റെ
ഹൃദയംഗമമായ എഴുത്തിന്
അഭിനന്ദനങ്ങൾ...!
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments