Image

യു എസിലെ കോവിഡ് കേസുകളിൽ നേരിയ കുറവ്; ന്യു യോർക്ക് സിറ്റിയിൽ കൂടുന്നു

Published on 24 January, 2021
യു എസിലെ കോവിഡ് കേസുകളിൽ നേരിയ കുറവ്; ന്യു യോർക്ക് സിറ്റിയിൽ കൂടുന്നു
വാഷിംഗ്ടൺ, ജനുവരി 24: യു എസിൽ പുതിയ കോവിഡ് കേസുകൾ, ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾ, മരണങ്ങൾ തുടങ്ങിയ നിരക്കുകളിൽ കഴിഞ്ഞ ആഴ്‌ച നേരിയ കുറവ് രേഖപ്പെടുത്തി. 
പ്രതിവാര കേസുകളിൽ 20 ശതമാനം താഴ്ചയുണ്ട്. നവംബർ മധ്യത്തിനു ശേഷം ഇത്രയും കുറഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്.

16 ആഴ്ചകളിൽ തുടർച്ചയായ കുതിപ്പിനിടെ, ഓരോ ആഴ്ചയും ആശുപത്രിയിൽ പ്രവേശിതരാകുന്ന രോഗികളുടെ കണക്കിൽ ശരാശരി 4 ശതമാനം കുറവ് രേഖപ്പെടുത്തിയത് മികച്ച മാറ്റം അല്ലെങ്കിൽപോലും ശുഭ സൂചനയാണ്. 

24 സംസ്ഥാനങ്ങളിൽ കഴിഞ്ഞ ആഴ്‌ച ആശുപത്രിയിൽ പ്രവേശിച്ചവരുടെ  എണ്ണത്തെ  അപേക്ഷിച്ച് ഈ ആഴ്‌ച 10 ശതമാനം കുറവ് രേഖപ്പെടുത്തി. ഈ   ആഴ്ച 21,301 പേർ കോവിഡ് മൂലം മരണപ്പെട്ടു. മഹാമാരി തുടങ്ങിയത് മുതലുള്ള പ്രതിവാര മരണസംഖ്യ പരിശോധിക്കുമ്പോൾ രണ്ടാമത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

യു എസിന്റെ ദീർഘകാല പരിചരണ കേന്ദ്രങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്. കഴിഞ്ഞ മേയ്  മാസത്തിനു ശേഷം ഏറ്റവും കൂടുതൽ ആളുകൾ ഇത്തരം കേന്ദ്രങ്ങളിൽ തുടർച്ചയായ രണ്ടാം ആഴ്ചയും മരണമടഞ്ഞതായാണ് റിപ്പോർട്ട്. മേയ് മാസത്തിൽ 7000-ത്തിലധികം  അന്തേവാസികളും ജീവനക്കാരും മരണപ്പെട്ടിരുന്നു.

ആഴ്ചതോറും താരതമ്യം ചെയ്ത് യു എസ് ആരോഗ്യവകുപ്പ് തയ്യാറാക്കുന്ന മെമ്മോ പ്രകാരം, പുതിയ മരണങ്ങളും കേസുകളും കുറഞ്ഞുവരികയാണ്. 31 സംസ്ഥാനങ്ങളിലും ടെറിറ്ററികളിലും കേസുകളുടെ ദിശ  താഴേക്കാണ്. 20 സംസ്ഥാനങ്ങളിലും ടെറിറ്ററികളിലും മുന്നേറ്റമുണ്ട്. 5 സ്ഥലത്തു  മാറ്റമില്ലാതെ തുടരുന്നതായും കാണാം.

വെള്ളിയാഴ്ച  രാജ്യത്ത് 1,91,799 പുതിയ കോവിഡ് കേസുകളും 3,895 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഏറ്റവും ജനസാന്ദ്രതയുള്ള കാലിഫോർണിയയിൽ വെള്ളിയാഴ്‌ച 764 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പ്രതിദിനമരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമായി.
40 മില്യൺ ആളുകൾ താമസിക്കുന്ന കാലിഫോർണിയ, കഴിഞ്ഞ ആഴ്ച യു എസിൽ ആദ്യമായി 3 മില്യൺ കോവിഡ് കേസുകൾ കടന്ന സംസ്ഥാനമായും മാറിയിരുന്നു.

യു എസിൽ 24.95 മില്യൺ കോവിഡ് കേസുകളും 4,16,700 മരണങ്ങളുമാണ് ശനിയാഴ്‌ച ഉച്ചവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

ന്യൂയോർക് നഗരത്തിൽ  കോവിഡ് കുതിച്ചുയരുന്നു 

ന്യൂയോർക്ക് നഗരത്തിൽ കോവിഡ് കുതിച്ചുയരുകയാണ്. ഒക്ടോബറിലെ അടച്ചുപൂട്ടലും കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും ഏകൊണ്ട്   രോഗവ്യാപനം തടയാൻ കഴിഞ്ഞിട്ടില്ല. താങ്ക്സ്ഗിവിങ്ങിനെ തുടർന്നുള്ള ഓരോ ആഴ്ചയും കോവിഡ്  കേസുകളിൽ വർദ്ധനവ് തുടരുകയാണ്. 

സിറ്റി ഡാറ്റ അനുസരിച്ച് 54 സിപ് കോഡുകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനവും 47 സിപ് കോഡുകളിൽ 4 ശതമാനവും വർദ്ധനവ് കാണാം.

അവധിക്കാലത്ത് കേസുകൾ കൂടിയതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംസ്ഥാനത്തൊട്ടാകെ ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി സോൺ തിരിച്ച് പുതിയ നയം കൈക്കൊണ്ടിരുന്നു. കൂടുതൽ ജാഗ്രത വേണ്ട പ്രദേശങ്ങളെ റെഡ് സോൺ ആക്കി.

ഈ ആഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ, കോവിഡ് മരണങ്ങൾ എല്ലാം വർദ്ധിച്ചതായാണ് കാണുന്നത്. ഓരോ ദിവസവും ന്യൂയോർക്ക് നഗരത്തിൽ ശരാശരി 67 പേർ മരണപ്പെടുന്നു. ഒക്ടോബറിൽ ഗവർണർ ആൻഡ്രൂ കോമോ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നഗരത്തിൽ പ്രതിദിനം മരണപ്പെട്ടിരുന്നത് 6 പേർ മാത്രമായിരുന്നു.

കുതിക്കുന്ന പോസിറ്റിവിറ്റി നിരക്ക്, ബ്രൈറ്റൻ ബീച്ച്-മൻഹാട്ടൻ ബീച്ച്- ഷീപ്ഷെയ്ഡ് ബേ -എന്നിവ ഉൾക്കൊള്ളുന്ന സൗത്ത് ബ്രൂക്‌ലിനെ രൂക്ഷമായി ബാധിച്ചു. കഴിഞ്ഞ ആഴ്‌ച ഇവിടെ നടത്തിയ കോവിഡ് പരിശോധനയിൽ 17.6 ശതമാനം ആളുകളുടെ ഫലവും പോസിറ്റീവായി. 

സൺസെറ്റ് പാർക്ക് മുതൽ ബോറോ പാർക്ക് വരെയുള്ള എട്ട് സിപ് കോഡുകളിലും  നിരക്ക് കൂടുതലാണ്.
ബ്രോങ്ക്‌സിൽ  ഹണ്ട്സ് പോയിന്റിൽ    ശതമാനം ഏറ്റവും മോശമാണ്- 12.2 ശതമാനം .

കോൺകോഴ്സ് മുതൽ സൗണ്ട്വ്യൂ വരെയും യോങ്കേഴ്‌സ് ബോർഡർ മുതൽ സിറ്റി ഐലൻഡ് വരെയും ഉൾപ്പെടുന്ന  12 -ലധികം സിപ് കോഡുകളിൽ പരിശോധന നിരക്ക്  10 ശതമാനത്തിൽ കൂടുതലാണ്.

ക്വീൻസിൽ റിച്ച്മണ്ട് ഹില്ലിലും സൗത്ത് ഓസോൺ പാർക്കിലും പോസിറ്റിവിറ്റി നിരക്ക്  15.2 ശതമാനമാണ്.  

സ്റ്റാറ്റൻ ഐലൻഡിൽ ന്യൂ ഡോർപ്പിലും ടോട്ടൻവില്ലയിലും പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. 

മൻഹാട്ടനിൽ ഏറ്റവും ഉയർന്ന നിരക്കുള്ള സിപ് കോഡ് ഇൻവുഡിന്റേതാണ്. പോസിറ്റിവിറ്റി നിരക്ക്: 10.3 ശതമാനം.

സംസ്ഥാനത്തെ ഡാറ്റ പ്രകാരം, ഏറ്റവും ഉയർന്ന പോസിറ്റീവ് നിരക്ക് നടത്തിയ കൗണ്ടികൾ  റോക്‌ലൻഡും ഓറഞ്ചുമാണ്. മറ്റേതൊരു കൗണ്ടിയേക്കാളും  ഉയർന്ന ശതമാനത്തിൽ ഇവിടെ രോഗവ്യാപനം കുതിക്കുന്നതായി  കാണാം. 

സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, 33,763-ലധികം ആളുകളാണ് ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക