Image

വൃദ്ധരിലെ പ്രമേഹം- പുതിയ കണ്ടെത്തല്‍

Published on 13 June, 2012
വൃദ്ധരിലെ പ്രമേഹം- പുതിയ കണ്ടെത്തല്‍
കേരളത്തില്‍ നടത്തിയ മൂന്നു ഗവേഷണങ്ങള്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ നടന്നുകൊണ്ടിരിക്കുന്ന അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ അമേരിക്കന്‍ ഡയബറ്റിസ്‌ അസോസിയേഷന്‍ കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കുകയുണ്ടായി.

15 വര്‍ഷത്തിലേറെ പ്രമേഹമുള്ള 60 വയസ്സിലധികം പ്രായമുള്ള പ്രമേഹ രോഗികളിലെ പുതിയ കണ്ടെത്തല്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്‌. DYMO എന്നു നാമകരണം ചെയ്യപ്പെട്ട ഈ പ്രതിഭാസം രാവിലെയും, വൈകുന്നേരവും ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുക്കുന്ന രോഗികളില്‍ നടത്തിയ പത്തുവര്‍ഷത്തിലേറെയായുള്ള ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്‌. രാത്രി ഉറങ്ങുന്നതിനു മുമ്പ്‌ രക്തത്തിലെ പഞ്ചസാര ക്രമാതീതമായി വര്‍ദ്ധിക്കുകയാണെങ്കില്‍ കൂടിയും, അതിരാവിലെ പഞ്ചസാര കുറഞ്ഞുപോകുന്ന പ്രതിഭാസമാണ്‌ ഡൈമോ (DYMO). അതിരാവിലെ പഞ്ചസാര തീരെ കുറയുകയാണെങ്കില്‍ കൂടിയും ദീര്‍ഘകാലം പ്രമേഹരോഗം ഉള്ള പല രോഗികള്‍ക്കും പ്രത്യേകിച്ചും, ഉറക്കത്തിലാണെങ്കില്‍ അത്‌ തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കാവുന്നതാണ്‌. ഈ നിരീക്ഷണത്തിന്റെ പ്രാധാന്യവും അതുതന്നെയാണ്‌. അതു കണക്കിലെടുത്ത്‌ ചികിത്സയില്‍ വ്യതിയാനങ്ങള്‍ വരുത്തണമെന്ന്‌ ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

ജ്യോതിദേവ്‌സ്‌ ഡയബറ്റിസ്‌ റിസര്‍ച്ച്‌ സെന്ററില്‍ നടന്ന ഗവേഷണങ്ങളില്‍ ഡോ. ജ്യോതിദേവിനെ കൂടാതെ ഡോ. അരുണ്‍ ശങ്കര്‍, ഗോപിക കൃഷ്‌ണന്‍, സുനിത ജ്യോതിദേവ്‌, ഡോ. പ്രദീപ്‌ ബാബു, ഗീതു സനല്‍, ജയശ്രീലാലി എന്നിവര്‍ പങ്കെടുത്തിരുന്നു.

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും, 15,000 -ത്തിലേറെ പ്രമേഹ ചികിത്സകരും, ഗവേഷകരും പങ്കെടുക്കുകയും, ചെയ്യുന്ന ശാസ്‌ത്രസമ്മേളനമാണ്‌ അമേരിക്കന്‍ ഐക്യനാടുകളില്‍ വെച്ച്‌ മാത്രം എല്ലാവര്‍ഷവും നടത്തപ്പെടുന്ന അമേരിക്കന്‍ ഡയബറ്റിസ്‌ അസോസിയേഷന്‍ കണ്‍വെന്‍ഷന്‍. 72-മത്‌ കണ്‍വെന്‍ഷനാണ്‌ ജൂണ്‍ എട്ടാം തീയതി അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ നടന്നത്‌.
വൃദ്ധരിലെ പ്രമേഹം- പുതിയ കണ്ടെത്തല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക