Image

കര്‍ഷക പ്രതിഷേധത്തില്‍ വിറച്ച്‌ ഡല്‍ഹി

Published on 26 January, 2021
കര്‍ഷക പ്രതിഷേധത്തില്‍ വിറച്ച്‌ ഡല്‍ഹി

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യം ഇതുവരെ കാണാത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച്‌ ഡല്‍ഹി. പതിനായിരക്കണക്കിന് കര്‍ഷകരും ട്രാക്ടറുകളും മറ്റ് വാഹനങ്ങളും അടങ്ങിയ കൂറ്റന്‍ പ്രതിഷേധ റാലി ഡല്‍ഹിയെ വിറപ്പിച്ചിരിക്കുകയാണ്.


 സിംഘു അതിര്‍ത്തിയില്‍ നിന്ന് പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് തുടക്കമായത്. 


പലയിടത്തും പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ഗാസിപൂരിലടക്കം കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു. കല്ലെറിഞ്ഞും പോലീസ് വാഹനങ്ങള്‍ ആക്രമിച്ചും കര്‍ഷകര്‍ തിരിച്ചടിച്ചു. 


നിരവധി പേര്‍ക്ക് വിവിധ സംഘര്‍ഷങ്ങളിലായി പരിക്കേറ്റിട്ടുണ്ട്. പോലീസ് നേരത്തെ നിശ്ചയിച്ച റൂട്ടിലൂടെ യാത്ര അനുവദിക്കുന്നില്ലെന്നും തങ്ങളെ തടയുന്നുവെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.


സമാധാനപരമായി തുടങ്ങിയ ട്രാക്ടര്‍ റാലി ഡല്‍ഹിയില്‍ എത്തിയതോടെ പലയിടത്തും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റിപ്പബ്ലിക് റാലിക്ക് സമാന്തരമായി കര്‍ഷകര്‍ കുതിരപ്പടയും ക്രെയിനുകളും അടക്കം തങ്ങളുടെ റാലിയില്‍ അണി നിരത്തിയിട്ടുണ്ട്. 


നോയിഡ അതിര്‍ത്തിയില്‍ പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. ദില്‍ഷാദ് ഗാര്‍ഡനില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ച്‌ വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപേക്ഷിച്ച്‌ പിന്‍വാങ്ങി.


ഗാസിപ്പൂരില്‍ നിന്നുളള കര്‍ഷക റാലി സെന്‍ട്രല്‍ ഡല്‍ഹിയില്‍ എത്തി  ഐടിഒ ജംഗ്ഷനിലെ പോലീസ് ആസ്ഥാനം ഉപരോധിച്ചു. സെന്‍ട്രല്‍ ദില്ലിയില്‍ എത്തിയ കര്‍ഷകര്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായുളളവരല്ലെന്നാണ് നേതാക്കള്‍ പറയുന്നത്. 


ഡല്‍ഹി നഗര ഹൃദയത്തില്‍ എത്തിയ കര്‍ഷകരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചും ലാത്തിച്ചാര്‍ജ്ജ് നടത്തിയുമാണ് പോലീസ് നേരിട്ടത്. ഐടിഒയില്‍ കര്‍ഷകര്‍ക്ക് നേരെ പോലീസ് വ്യാപകമായി ലാത്തിച്ചാര്‍ജ്ജ് നടത്തി. കര്‍ഷകര്‍ എത്തിയ പല വാഹനങ്ങളും പോലീസ് തല്ലിത്തകര്‍ത്തു. നിരവധി കര്‍ഷകരാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക