Image

ഹിജഡകള്‍ (കൊച്ചേച്ചി)

Published on 14 June, 2012
ഹിജഡകള്‍ (കൊച്ചേച്ചി)
മനുഷ്യസൃഷ്‌ടിയുടെ മഹത്വമോര്‍ത്ത്‌ സന്തോഷിക്കുന്നവര്‍ ധാരാളമുണ്ട്‌. എന്നാല്‍ ആ സൃഷ്‌ടിയുടെ പാകപ്പിഴയോര്‍ത്ത്‌ ദുഖിക്കുന്നവരും ഉണ്ട്‌. ആണും പെണ്ണും അല്ലാത്ത ഹിജഡകള്‍ എന്നു നാം വിളിക്കുന്ന കുറെ ജന്മങ്ങള്‍! അവരെ ഈശ്വരന്‍ മനപ്പൂര്‍വ്വം സൃഷിക്കുന്നതോ അതോ പറ്റിപ്പോകുന്ന പാകപ്പിഴയോ? ആര്‍ക്കറിയാം.

ഹിജഡകളെപ്പറ്റിയുള്ള ലേഖനങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്‌. എന്നാല്‍ ആരെയും കണ്ടതായി ഓര്‍ക്കുന്നില്ല. അവന്‍ ഒറ്റയായോ കൂട്ടമായോ തങ്ങളുടെ പാഴ്‌ജന്മങ്ങളെ പലതരത്തില്‍ തൃപ്‌തിപ്പെടുത്തിയും അല്ലാതെയും ജീവിക്കുന്നുണ്ടെന്നത്‌ വാസ്‌തവമാണ്‌. സമൂഹത്തിന്റെ വെറുപ്പും അവജ്ഞയും സഹതാപവും ഏറ്റുവാങ്ങുന്ന നികൃഷ്‌ടജന്മങ്ങള്‍ എന്നു മുദ്രകുത്തപ്പെടുന്ന ഇവരും മനുഷ്യജന്മങ്ങള്‍ തന്നെയാണെന്ന കാര്യം നാം മറന്നുകൂടാ. അവര്‍ അത്തരത്തിലായത്‌ അവരുടെ കുറ്റംകൊണ്ടല്ലല്ലോ? അതറിയാതെയാണ്‌ അവരെ സമൂഹം പഴിക്കുന്നതും ഒറ്റപ്പെടുത്തുന്നതും. അക്കാരണം കൊണ്ടുതന്നെയാണ്‌ അവര്‍ വേശ്യാവൃത്തിയിലോ പിടിച്ചുപറിയിലോ ഭിക്ഷാടനത്തിലോ ചെന്നുപെടുന്നതും.

ആണ്‍ ശരീരത്തിലെ പെണ്‍മനസും, പെണ്‍ശരീരത്തിലെ ആണ്‍ മനസും ആണ്‌ ഇവര്‍ക്ക്‌ വിനയായിത്തീരുന്നത്‌. മസ്‌തിഷ്‌കം സ്‌ത്രീയുടേതായിരുന്നാല്‍ ഭാവങ്ങളും വികാരങ്ങളുമെല്ലാം സ്‌ത്രീയുടേതായിരിക്കും. കൗമാരം വരെ ആണ്‍കുട്ടിയായിരുന്നവന്‍ തന്നിലെ സ്‌ത്രീയെ തിരിച്ചറിയുമ്പോഴുണ്ടാകുന്ന പിരിമുറുക്കം ഏതു കയത്തിലാകും കൊണ്ടു താഴ്‌ത്താനാകുക. ഈ വിധി വൈപരീത്യം അറിയുന്ന മാതാപിതാക്കള്‍ ലോകത്തിന്റെ ഏതു കോണിലേക്കായിരിക്കും ഓടാനാഗ്രഹിക്കുക. രണ്ടും കെട്ടവനെ, രണ്ടും കെട്ടവളെ വീട്ടില്‍ നിന്നുതന്നെ പുറത്താക്കിയെന്നിരിക്കും. ഒറ്റയ്‌ക്കായി പോകുന്ന ആ നിമിഷങ്ങളുടെ തീവ്രത അവരെ എവിടെയായിരിക്കും കൊണ്ടെത്തിക്കുക. ഒറ്റയ്‌ക്കായിപ്പോയ ദിവസങ്ങളില്‍ കടുത്ത പനി അനുഭവപ്പെട്ടപ്പോള്‍ ഒരിറ്റുവെള്ളം തരാന്‍ ആരുമില്ലാതെ വേദനിച്ചുപോയതും തന്റെ അമ്മയുടുത്തുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോയതും, ശസ്‌ത്രക്രിയയിലൂടെ തന്റെ ശരീരത്തെ പെണ്ണാക്കി മാറ്റിയ എയ്‌ഞ്ചല്‍ ഗ്ലാഡി ദുഖത്തോടെ ഓര്‍ക്കുന്നു.

വെറുക്കപ്പെട്ടവരുടെയല്ലാതെ സമൂഹത്തില്‍ മാന്യമായി ജീവിക്കാമെന്ന്‌ തങ്ങളുടെ ജീവിതംകൊണ്ട്‌ തെളിയിച്ച അനേകരുണ്ട്‌. സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയര്‍ എയ്‌ഞ്ചല്‍ ഗ്ലാഡി, ഹിജഡയുടെ ആദ്യ ആണ്‍കഥയെഴുതിയ എ. രേവതി, പത്രപ്രവര്‍ത്തകയായ കല്‍ക്കി തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.

ഹിജഡകളെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ അതൊരു വശക്കേടായി തോന്നാമെങ്കിലും അവരേയും മനുഷ്യരായി പരിഗണിക്കുയാണെങ്കില്‍ അവര്‍ക്കും നല്ല മനുഷ്യരായി ജീവിക്കുവാന്‍ സാധിക്കും എന്നു മനസിലാക്കാം. സത്യത്തില്‍ അവരും ഈ ഭൂമിയുടെ അവകാശികള്‍ത്തന്നെയല്ലേ. മാതാപിതാക്കള്‍ അത്തരത്തിലുള്ള കുട്ടികളെ ശരിക്കു മനസിലാക്കുകയും നിത്യരോഗികളായ കുട്ടികളെ കരുതുന്നതുപോലെ ഒരു കരുതല്‍ കൊടുക്കുകയും, ആധുനിക ചികിത്സാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്‌താല്‍ അതിനു കുറച്ചൊക്കെ പരിഹാരം ഉണ്ടാകും. പൂര്‍ണ്ണമായും പ്രയോജനം ഉണ്ടാകുമോ എന്നത്‌ അനുഭവസ്ഥര്‍ക്കെ പറയാന്‍ പറ്റുകയുള്ളൂ. എങ്കിലും തങ്ങളും സമൂഹത്തിലെ അംഗങ്ങളായി അംഗീകരിക്കപ്പെടുന്നത്‌ എത്രയോ സന്തോഷപ്രദമായിരിക്കും എന്ന്‌ എടുത്തുപറയേണ്ടല്ലോ.

വൈദ്യശാസ്‌ത്രം ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുവന്നിട്ടുണ്ടെന്നും ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ പുരുഷനേയും സ്‌ത്രീയേയും വേര്‍തിരിച്ചെടുക്കാമെന്നും ചെന്നൈയിലെ ഡോ. ശാലിനി (സൈക്യാട്രിസ്റ്റും, സെക്‌ച്വല്‍ ആന്‍ഡ്‌ എയ്‌ഡ്‌സ്‌ സെപ്‌ഷ്യാലിറ്റി സെക്ഷന്‍) പറയുന്നു.

ഫോട്ടോഗ്രാഫറായ അഭിജിത്തിന്റെ ക്യാമറക്കണ്ണുകളിലൂടെ ധാരാളം ഹിജഡകളെ പരിചയപ്പെടുത്തുകയും ആക്‌ടിവിസ്റ്റായ സിവിക്‌ ചന്ദ്രന്‍ 'ഗിജഡ' എന്ന പുസ്‌തകം പ്രസിദ്ധീകരിക്കുകയും ചെയ്യുക വഴി പാഴ്‌ജന്മങ്ങളെന്നു നാം കരുതുന്നവര്‍ക്ക്‌ പൊതുസമൂഹത്തില്‍ ഒരിടം ഉണ്ടാകുമെന്ന്‌ സ്വപ്‌നം കാണാന്‍ സാധിക്കുന്നു.
ഹിജഡകള്‍ (കൊച്ചേച്ചി)
Join WhatsApp News
Sandeepkumar 2014-05-16 11:04:39
നല്ല പോസ്റ്റ്‌. എനിക്ക് ഒത്തിരി ഇസ്ടപെട്ടു. ഞാൻ അറിഞ്ഞിടത്തോളം ഹിജ്ടകൾ ജനിക്കുന്നതല്ല.പ്രാകൃതമായ രീതിയിൽ വൃഷണങ്ങൾ നസിപ്പിക്കപെട്ട ആണുങ്ങൾ ആണ് ഹിജടകൾ ആയി മാറുന്നത് എന്ന്. പണ്ട് കൊട്ടാരത്തിലും മറ്റും ഇങ്ങനെയുളവരെ ജോലിക്ക് വച്ചിരിന്നു എന്ന് കലക്കുന്നു. ആണുങ്ങളുടെ സക്തിയുണ്ട് പക്ഷെ പ്രശ്നക്കാരല്ല. അന്തപുഅരങ്ങലിലും മറ്റും ജോലി എടുപ്പിച്ചരുന്നവർ ഇത്തരക്കരനത്രേ. ഉധതിൽ തോക്കുന്ന പടയളികൌല്ടെ ഗതി ഇതയിര്ന്നു എന്ന് കലക്കുന്നു.
വിദ്യാധരൻ 2014-05-16 13:51:34
വ്യത്യസ്തമായ ഒരു വിഷയം അവതരിപ്പിച്ചുകൊണ്ട് നല്ല ഒരു എഴുത്തുകാരിയും കവിയിത്രിയുമായ ലേഖികയെ വീണ്ടും ഈ-മലയാളിയിൽ കണ്ടതിൽ സന്തോഷം. സാമൂഹിയ ജീവിതവും സാഹിത്യവും രണ്ടാണെന്ന് ഒരാൾ കഴിഞ്ഞ ദിവസം ഈ-മലയാളിയുടെ അഭിപ്രായ പംക്തിയിൽ കിടന്നു കാരുന്നത് കണ്ടു. ഇന്ന് ലോകത്തിൽ സാമൂഹ്യജീവിതത്തെയും കുടുംബമെന്ന സങ്കല്പ്പങ്ങളെയും പിടിച്ചു ഉലയ്ക്കുന്ന ഒരു വിഷയമാണ് സ്ത്രീയുടെ ശരീരത്തിൽ കുണ്ടുങ്ങിപോയ പുരുഷനും പുരുഷ ശരീരത്തിൽ കുണ്ടുങ്ങി പോയ സ്ത്രീയും. ജീവിതത്തിന്റെ ഏതു തകർന്ന അവസ്തകളെയും പുനരതിവസിപ്പിക്കാൻ കഴിവുള്ള സുകുമാര ഗുണങ്ങൾ ആണ് സ്നേഹവും ആര്ദ്രതയും. സെന്ഹിക്കാനും സ്നേഹിക്കപെടാനും ആഗ്രഹിക്കാത്ത മനുഷ്യനും മൃഗങ്ങളും ഭൂമിയിൽ ഉണ്ടോ എന്ന് സംശയിക്കുന്നു. അവരില ഹിജടകളും ഉള്പ്പെടും എന്നതിൽ സംശയം ഇല്ല. ഒരു വായനക്കാരന എന്ന നിലക്ക് എനിക്ക് എന്റേതായ വീക്ഷണങ്ങൾ ഇതിനെക്കുരിച്ചുണ്ടാന്കിലും, സ്നേഹത്തോടെയും ആര്ദ്രതയോടും ഈ പ്രശ്നത്തെ കാണാൻ കഴിയുമെങ്കിൽ ഐവർക്കും "ഈ മനോഹര ഭൂമിയിൽ ജീവിച്ചു മരിക്കാൻ' അവസരം ഉണ്ടാക്കി കൊടുക്കാം എന്ന സന്ദേശം ഈ ലേഖനത്തിലൂടെ എഴുത്തുകാരി നല്കുന്നു. കൂടാതെ സാഹിത്യത്തിനു സാമൂഹിയ ജീവിതവുമായുള്ള ബന്ധത്തെയും എടുത്തു കാണിക്കുന്നു. നല്ലൊരു ലേഖനം. അഭിനന്ദനം! "സ്നേഹമാണ് അഖിലസാരമൂഴിയിൽ"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക