Image

വിശപ്പിൻറെ വിളിയോ  ദേശസ്നേഹമോ (ബിനു ചിലമ്പത്ത്, സൗത്ത് ഫ്ലോറിഡ)

Published on 26 January, 2021
വിശപ്പിൻറെ വിളിയോ  ദേശസ്നേഹമോ (ബിനു ചിലമ്പത്ത്, സൗത്ത് ഫ്ലോറിഡ)

മനസിനെ കുറെ കാലങ്ങളായി ചിന്തിപ്പിച്ചുകൊണ്ടിരിക്കുന്ന  ഒരു വാചകമാണ് ഞാൻ തലക്കെട്ടിൽ കൊടുത്തിരിക്കുന്നത് .
ഐ.എൻ.ഓ.സി ഫ്ലോറിഡ ചാപ്റ്റർ സംഘടിപ്പിച്ച ഒരു ചർച്ചയിൽ  കേട്ട കാതലായ ഒരു വാചകം ആയിരുന്നു ഇത് .ഇപ്പോൾ ഇതെഴുതുന്ന  സമയത്ത് ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ നമ്മുടെ  ഭരണകൂടം വേട്ടയാടുകയാണ് .കർഷകർക്ക് നേരെ നിറയൊഴിക്കുകയാണ് .എന്നിട്ടും ലോകം കയ്യും കെട്ടി നോക്കി നിൽക്കുന്നു .നമുക്ക് നാവുകൾ നഷ്ട്ടപ്പെട്ടു.കാതുകൾ നഷ്ട്ടപ്പെട്ടു .നമ്മുടെ ഓർമ്മതന്നെ നഷ്ട്ടപ്പെടുന്ന അവസ്ഥയിൽ റിപ്പബ്ലിക് ദിനത്തിന്റെ പ്രസക്തി തന്നെ നഷ്ട്ടപ്പെട്ടു കഴിഞ്ഞു.

ഒരു ബന്ധനങ്ങളും ഇല്ലാത്തതാണ് സ്വാതന്ത്ര്യമെന്ന് ഒരിക്കലും കരുതരുത് .മാനത്ത്  പറക്കുന്ന പട്ടത്തെ നിയന്ത്രിക്കുന്ന നൂല് ഒരു ബന്ധനമായി പട്ടത്തിന് തോന്നിയാൽ പിന്നീട് അതിന്റെ ജീവിതം അവസാനിക്കുന്നത് ചെളിക്കുണ്ടിൽ ആയിരിക്കും .മാനത്ത് പാറി നടക്കുന്ന പട്ടത്തിന് ,അതിനെ നിയന്ത്രിക്കുന്ന വ്യക്തിയുടെ നിയന്ത്രണം ഒരു ബന്ധനമായി തോന്നാത്തതാണ് പാറി നടക്കാൻ പട്ടത്തെ സഹായിക്കുന്ന ഘടകം  .യഥാർത്ഥ സ്വാതന്ത്ര്യം എന്ന് പറയുന്നത് ചില നിയന്ത്രണങ്ങളിൽ നമ്മൾ  നിന്നുകൊണ്ട് സന്തോഷിക്കുന്നതു  തന്നെയാണെന്ന്  ഫാ.ബിൻസ് ചേത്തലിൽ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞത് എത്ര വലിയൊരു വസ്തുതയാണ് .

ഒരു തത്തയുടെ അടുക്കൽ ഒരു കാക്ക എത്തിയിട്ട് പറഞ്ഞു "എനിക്ക് സ്വാതന്ത്ര്യമുണ്ട് .എന്തുകൊണ്ടാണ് നീ കൂട്ടിൽ കിടക്കുന്നത് " .'ഞാൻ സംസാരിക്കുന്നത് കൊണ്ടാണ് കൂട്ടിൽ കിടക്കുന്നത് 'എന്ന് തത്ത ഉത്തരം പറഞ്ഞു .ഇതിൽ നിന്ന് മനസിലാക്കേണ്ട ഒരു കാര്യം രാജാവ് നഗ്നനാണെന്ന്  പറയാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ട് എന്ന് തന്നെയാണ്  .പക്ഷെ ഇന്ന് അത് വിളിച്ചു പറയുന്നവന്റെ അവസ്ഥ ഈ തത്തയുടെതിന് സമാനമാണ് എന്ന്  ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ .

ഇതുകൊണ്ടാണ് സ്വാതന്ത്ര്യത്തെ നമ്മൾ ഭയക്കുവാനും പലതുംവിളിച്ചു പറയാൻ മടിക്കുന്നതിനും കാരണം . "ജയ് ഭാരത മാതാ "എന്ന് ഉന്തിത്തള്ളി പറയുന്നതല്ല ദേശ സ്നേഹം  .ഉള്ളിൽ തട്ടി 'ജയ് ഭാരത് മാതാ "എന്ന് പറയുന്നതാണ് യഥാർത്ഥ ദേശ സ്നേഹം  .അത്തപ്പൂക്കളം  വ്യത്യസ്തമായ പൂക്കൾ കൊണ്ടാണ് നിർമ്മിക്കുക .അതാണ് പൂക്കളത്തെ  കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നത്  .നമ്മുടെ ഭാരതത്തെ ഒരു അത്തപ്പൂക്കളമാക്കി കാണുക .വ്യത്യസ്തതയാർന്ന പൂക്കൾ കൊണ്ട് നമുക്ക് അതിനെ ഒരുക്കേണ്ടതുണ്ട് .എങ്കിൽ ലോകത്തിന്റെ മുന്നിൽ ഭാരതത്തിന്റെ പൂക്കളം പരിലസിച്ചു നിൽക്കും .

പക്ഷെ ഇപ്പോഴത്തെ ഭാരതം ,ഇന്ന് നാം കണ്ട ഭാരതം അത്തപ്പൂക്കളത്തിന്റെ ഭംഗിയുള്ള ഭാരതം അല്ല .അതിന്റെ നിറം രക്തത്തിന്റേതായി മാറി .ലോക ചരിത്രത്തിൽ ഇന്നത്തെ റിപ്പബ്ലിക് ദിനചിത്രം .രക്തം പുരണ്ടതാണ് ...

ഒരു ആശംസയും നൽകാൻ എനിക്കാവുന്നില്ലല്ലോ ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക