Image

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം ഉയര്‍ത്താന്‍ പര്യാപ്തമാണെന്ന് ഗീത ഗോപിനാഥ്

Published on 27 January, 2021
 കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം ഉയര്‍ത്താന്‍ പര്യാപ്തമാണെന്ന് ഗീത ഗോപിനാഥ്
വാഷിങ്ടണ്‍: ഇന്ത്യയിലെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം ഉയര്‍ത്താന്‍ പര്യാപ്തമാണെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. അതേസമയം കര്‍ഷകരെ സാമൂഹ്യ സുരക്ഷാ ശൃംഖലയില്‍ കൊണ്ടുവരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

ഇന്ത്യയുടെ കാര്‍ഷിക രംഗത്ത് പരിഷ്‌കരണം ആവശ്യമാണെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ കൃഷിയുമായി ബന്ധപ്പെട്ട പല മേഖലയിലും പരിഷ്‌കരണം വേണം. ഇപ്പോഴത്തെ കാര്‍ഷിക നിയമങ്ങള്‍ വിപണനവുമായി ബന്ധപ്പെട്ടതാണ്. കര്‍ഷകരുടെ വിപണി വിശാലമാക്കുന്നതാണ് അത്. 

മണ്ഡികള്‍ക്കു പുറത്തും വിളകള്‍ വില്‍ക്കാന്‍ ഇതിലൂടെ കഴിയും. അതുകൊണ്ടുതന്നെ കര്‍ഷകരുടെ വരുമാനം ഉയര്‍ത്താന്‍ പര്യാപ്തമാണ്, പുതിയ നിയമങ്ങളെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. ഓരോ പുതിയ പരിഷ്‌കരണം വരുമ്ബോഴും 'മാറ്റത്തിന്റെ വിലകള്‍' കൊടുക്കേണ്ടിവരാറുണ്ട്. അതുകൊണ്ട് എളുപ്പം നഷ്ടത്തിലേക്കു വീണുപോവാവുന്ന കൃഷിക്കാരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. 

അവര്‍ സാമൂഹ്യ സുരക്ഷാ ശൃംഖലയില്‍ വരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക