Image

സംസ്ഥാനത്ത് ആള്‍ക്കൂട്ടവും രാത്രിയാത്രയും ഒഴിവാക്കണം മുഖ്യമന്ത്രി

Published on 28 January, 2021
സംസ്ഥാനത്ത് ആള്‍ക്കൂട്ടവും രാത്രിയാത്രയും ഒഴിവാക്കണം മുഖ്യമന്ത്രി
തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് മഹാമാരി ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടവും രാത്രിയാത്രയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നേരത്തെയുള്ള അത്രത്തോളം രോഗവ്യാപനമില്ലെങ്കിലും കേരളത്തില്‍ രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്ഥിതി കോവിഡ് വ്യാപന രീതിയിലെ സ്വാഭാവിക പരിണാമമാണ്. തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണിതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

പൊതുസ്ഥലങ്ങളില്‍ നാളെ മുതല്‍ ഫെബ്രുവരി 10 വരെ 25,000 പോലീസ് ഉദ്യോഗസ്ഥരെ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ വിന്യസിക്കും. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങള്‍ കൂട്ടം ചേരുന്ന ഷോപ്പിങ് മാളുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കും. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഒരുലക്ഷമാക്കി ഉയര്‍ത്തും. ഇതില്‍ 75000 ടെസ്റ്റുകളും ആര്‍ടിപിസിആര്‍ ടെസ്റ്റുകളായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടച്ചിട്ട ഹാളുകളില്‍ പരിപാടി നടത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യമുണ്ട്. അതിനാല്‍ പരിപാടികള്‍ അടച്ചിട്ട ഹാളുകള്‍ക്ക് പകരം തുറന്ന സ്ഥലങ്ങളിലും വേദിയിലും നടത്തണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. വിവാഹ ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. രാത്രി 10 മണിക്ക് ശേഷമുള്ള യാത്ര പരമാവധി ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. അത്യാവശ്യത്തിന് മാത്രമായി യാത്ര പരിമിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക