മകനെ ഞങ്ങൾക്ക് മനസിലാകുന്നില്ല- ഡോ. നറുമാൻജിയുടെ മാതാപിതാക്കൾ

ഓസ്റ്റിൻ, ടെക്സസ്: മകന്റെ ഉദ്ദേശം എന്തായിരുന്നെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല- ഓസ്റ്റിനിൽ വനിത ഡോക്ടറെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത ഇന്ത്യൻ-അമേരിക്കൻ ശിശുരോഗവിദഗ്ധൻ ഡോ. ഭാരത് കുമാർ നറുമാൻജിയുടെ മാതാപിതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
'ഈ പ്രവൃത്തിയുടെ അനന്തരഫലങ്ങൾ ഞങ്ങളെ ഒരു കാലത്തും വിട്ടൊഴിയില്ല. ഇരുൾ നിറഞ്ഞ ഈ വേളയിൽ ദൈവം വെളിച്ചം പകരുമെന്നും ആത്മശാന്തി നൽകുമെന്നും പ്രതീക്ഷിക്കാൻ മാത്രമേ കഴിയുന്നുള്ളു.
'എന്നിരുന്നാലും, ഡോ. കാതറിൻ ലിൻ ഡ്ലി ഡോഡ്സൺ ലോകത്തിന് നൽകിയ സംഭാവനകൾ ഞങ്ങൾ ഈ നിമിഷം ഓർമ്മിക്കുന്നു. അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനവും പ്രാർത്ഥനയും- നറുമാഞ്ചിയുടെ കുടുംബം പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്ന് ഭരതിന്റെ മാതാപിതാക്കൾ വ്യക്തമാക്കി.
ചൊവ്വാഴ്ച നാലരയോടെയാണ് ചിൽഡ്രൻസ് മെഡിക്കൽ ഗ്രുപ്പിൽ നറുമാഞ്ചി, 43, തോക്കുമായി കടന്നുകയറിയത്. പോലീസ് എത്തുമ്പോൾ അഞ്ച് പേരെ ബന്ദികളാക്കിയിരുന്നു. ഡോ. കാതറിൻ ലിന്ഡലി ഡോഡ്സൺ (43) ഒഴികെയുള്ളവർ രക്ഷപ്പെട്ടു, അഥവാ രക്ഷപ്പെടാൻ അനുവദിച്ചു.
ആറു മണിക്കൂറിനു ശേഷം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച പോലീസ് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. അതിനു മുൻപ് നറുമാന്ജിയുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അയാൾ സംസാരിക്കാൻ വിസമ്മതിച്ചു.
ഡോഡ്‌സണെ മാത്രം കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നോ ബന്ദിനാടകം എന്നു സംശയമുണ്ട്. മറ്റുള്ളവരെ രക്ഷപ്പെടാൻ അനുവദിച്ചതാണ് ഈ സംശയം ബലപ്പെടുത്തുന്നത്.
വനിത ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം നറുമാഞ്ചി ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പോലീസ് നിഗമനം. നറുമാഞ്ചിയും ഡോഡ്സണും തമ്മിൽ മുൻപരിചയം ഉള്ളതായി അറിവില്ലെന്നു പോലീസ് വ്യക്തമാക്കി. ഡോഡ്സൺ മൂന്ന് കുട്ടികളുടെ അമ്മയാണ്.
മരണാസന്നമായ കാൻസർ ബാധിതനായ നറുമാഞ്ചി കാലിഫോർണിയയിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്. ഏതാനും ആഴ്ച്ച കൂടിയേ ജീവിക്കു എന്ന് വിദഗ്‌ധർ വിധി എഴുതിയിരുന്നതായി പറയുന്നു. അതാണോ ഇത്തരം ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
രണ്ടാഴ്ച മുൻപ് ചിൽഡ്രൻസ് മെഡിക്കൽ ഗ്രൂപ്പിൽ നറുമാന്ജി വോളന്റിയറായി സേവനമനുഷ്ഠിക്കാൻ അപേക്ഷിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടതായി പോലീസ് പറയുന്നു. ഇതിന്റെ പകയാണോ കൊലപാതകത്തിൽ കലാശിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.
ഗാർഹിക പീഡനത്തിന് നറുമാഞ്ചിക്കെതിരെ ഹവായിയിൽ കേസ് എടുത്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചതായി റിപ്പോർട്ടുണ്ട്. വിവാഹബന്ധം വേർപ്പെടുത്തിയ നറുമാഞ്ചി, കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമയുദ്ധം നടത്തി വരികയായിരുന്നു.
ന്യു യോർക്കിൽ ഒരു ആശുപത്രിയിൽ ഒന്നര വർഷത്തിന് ശേഷം പിരിച്ച് വിട്ടതിനെതിരെയും നറുമാൻജി കേസ് കൊടുത്തിരുന്നു.
Facebook Comments