Image

കുവൈറ്റില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന തൊഴിലാളികളുടെ വേതനം കുറയ്ക്കാന്‍ തീരുമാനം

Published on 05 February, 2021
 കുവൈറ്റില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന തൊഴിലാളികളുടെ വേതനം കുറയ്ക്കാന്‍ തീരുമാനം

കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധവിനെതുടര്‍ന്നു അധികൃകര്‍ കര്‍ശന നടപടികളുമായി രംഗത്തുവന്നു. ജോലി സ്ഥലങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ജീവനക്കാരുടെ ശബളം കുറയ്ക്കുമെന്നും പിഴ ചുമത്തുമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 അനുസരിച്ച് നിയമ ലംഘനത്തിനെതിരെ ശക്തമായ നടപടികള്‍ ജീവനക്കാര്‍ക്കെതിരെ സ്ഥാപനങ്ങള്‍ക്ക് സ്വീകരിക്കാം. നിയമം ലംഘിക്കുന്ന തൊഴിലാളിക്ക് ആദ്യ തവണ മുന്നറിയിപ്പ് നല്കാനും തുടര്‍ന്നും ലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ ഒരു ദിവസത്തെ വേതനം കുറക്കണമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

സിഎസ്സി പുറപ്പെടുവിച്ച പുതിയ സര്‍ക്കുലര്‍ പ്രകാരം ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത തൊഴിലാളിയുടെ 15 ദിവസത്തെ വേതനം വരെ പരമാവധി വെട്ടിക്കുറയ്ക്കുവാന്‍ സ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍ദേശം വഴി അധികാരമുണ്ടായിരിക്കും. അതോടൊപ്പം ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ഏജന്‍സികളോടും വിവിധ മന്ത്രാലയങ്ങളോടും സിവില്‍ സര്‍വീസ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക